മാന്യന്‍

Gentleman

എസ് ഐ കൈ ചൂണ്ടി കാണിച്ചപ്പോള്‍ അജിത്ത് എതിര്‍വശത്തുള്ള കസേരയില്‍ ഇരുന്നു.

ഏറിയാല്‍ മുപ്പത്-മുപ്പത്തഞ്ച് വയസ്. മഹേഷ്‌ ചന്ദ്രനെ കണ്ടാല്‍ അതിനപ്പുറം തോന്നില്ല. ഇരു നിറം. കട്ടി മീശ. മൊബൈലില്‍ കാര്യമായെന്തോ നോക്കുകയായിരുന്ന അദ്ദേഹം അവസാനം അത് മേശപ്പുറത്ത് വച്ച് കസേരയില്‍ മുന്നോട്ടാഞ്ഞിരുന്നു.

പേരെന്താ പറഞ്ഞത്, അജിത്ത് അല്ലെ ? : മഹേഷ്‌ ചന്ദ്രന്‍ പതിഞ്ഞതും എന്നാല്‍ ഗാംഭിര്യം നിറഞ്ഞതുമായ ശബ്ദത്തില്‍ ചോദിച്ചു.

അതേ സര്‍ : അജിത്ത് ഭവ്യതയോടെ മറുപടി നല്‍കി. അദ്ദേഹം എന്താണ് പറയാന്‍ പോകുന്നതെന്ന ആകാംക്ഷ അവനെ വേട്ടയാടി.

ജയകൃഷ്ണന്‍ പറഞ്ഞില്ലേ ? : എസ് ഐ വീണ്ടും ചോദിച്ചു.

ഇല്ല സര്‍. സര്‍ എല്ലാം പറയുമെന്നാ പറഞ്ഞത്.

ഓകെ. നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ വച്ച് ഞങ്ങള്‍ ചിലതൊക്കെ അന്വേഷിച്ചു. ബാങ്ക് സ്റ്റേറ്റ്മെന്റും തോമസുകുട്ടി എന്ന് പറയുന്ന ആളുടെ ഫോണ്‍ നമ്പറുമൊക്കെ തന്നിരുന്നല്ലോ. ഈ പറഞ്ഞ ആള് വലിയൊരു കള്ളനാണ്. ജോലി ശരിയാക്കാമെന്ന് പറഞ്ഞ് വാങ്ങിയ പണം അയാള്‍ അന്നേ ദിവസമോ അല്ലെങ്കില്‍ അടുത്തുള്ള ദിവസങ്ങളിലോ ആര്‍ക്കും കൈമാറിയിട്ടില്ല. നിങ്ങളെ വളരെ വിദഗ്ധമായി അയാള്‍ കബളിപ്പിച്ചതാണ്.

: മഹേഷ്‌ ചന്ദ്രന്‍ നിസാര ഭാവത്തിലാണ് പറഞ്ഞതെങ്കിലും അജിത്തിന് ശരീരം തളരുന്നത് പോലെ തോന്നി. എത്ര പ്രതിക്ഷയോടെയാണ് സുഹൃത്തിന് പണം കൈമാറിയതെന്ന് അവനോര്‍ത്തു. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ വച്ച് ഗത്യന്തരമില്ലാതെയാണ് അവന് അന്നങ്ങനെ ചെയ്യേണ്ടി വന്നത്. അജിത്തിന്‍റെ മുഖത്തെ പ്രയാസവും ഭാവമാറ്റവും ശ്രദ്ധിച്ച എസ് ഐ മുന്നില്‍ അടച്ചുവച്ചിരുന്ന ഗ്ലാസിലെ വെള്ളമെടുത്ത് അവന്‍റെ മുന്നിലേക്ക് നീക്കി വച്ചു. ഒന്നും ആലോചിക്കാതെ അജിത്ത് പെട്ടെന്ന് അതെടുത്ത് കുടിച്ചു.

നിങ്ങള്‍ തന്ന നാല് നമ്പറും ഞങ്ങള്‍ പരിശോധിച്ചു. ബാംഗ്ലൂരിലാണെന്നും ചെന്നെയിലാണെന്നുമൊക്കെ പറഞ്ഞ് അയാള്‍ നിങ്ങളെ കഴിഞ്ഞ ദിവസം വിളിച്ച സമയത്ത് യഥാര്‍ത്ഥത്തില്‍ അയാള്‍ നാട്ടില്‍ തന്നെയുണ്ടായിരുന്നു. ഇതൊക്കെ വച്ച് നോക്കുമ്പോള്‍ അയാള്‍ സമാനമായ തട്ടിപ്പുകള്‍ വേറെയും നടത്തിയിരിക്കാനാണ് സാധ്യത.

: എസ് ഐ പറഞ്ഞു. ഒരു പോലീസുകാരന്‍ അകത്തേയ്ക്ക് വന്ന് പരാതിയെന്ന് തോന്നിപ്പിക്കുന്ന ഒരു കടലാസ് അദ്ദേഹത്തിന്‍റെ മുന്നിലെ പേപ്പര്‍ വെയ്റ്റിനടിയില്‍ വച്ചിട്ട് പുറത്തേയ്ക്ക് പോയി. മഹേഷ്‌ കടലാസിലേക്ക് ഒന്നു നോക്കിയതിന് ശേഷം വീണ്ടും അജിത്തിന് നേരെ തിരിഞ്ഞു.

തോമസുകുട്ടിയെ പരിചയമുള്ള ചില സുഹൃത്തുക്കളെ ഞാന്‍ അടുത്തിടെ വിളിച്ചിരുന്നു. എപ്പോള്‍ വിളിച്ചാലും അവരോടും ചെന്നെയിലാണ്, മൈസൂരിലാണ് എന്നൊക്കെ തന്നെയാണ് അയാള്‍ പറയുന്നത്. അയാള്‍ സാമ്പത്തികമായും അല്ലാതെയും കബളിപ്പിച്ചതായി അവരില്‍ ചിലര്‍ എന്നോട് പറയുകയും ചെയ്തു. എനിക്ക് പക്ഷെ എന്താ ചെയ്യേണ്ടതെന്ന്………….. : ഓരോന്ന് ആലോചിച്ചപ്പോള്‍ അജിത്തിന് ഒരെത്തും പിടിയും കിട്ടിയില്ല. അമ്മയുടെയും സഹോദരിമാരുടെയും മുഖം അവന്‍റെ മുന്നില്‍ തെളിഞ്ഞു.

ഞങ്ങള്‍ അന്വേഷിക്കാം. നിങ്ങള്‍ക്കെതിരെ പരാതി തന്ന വിജയനും അത് തന്നെയാ പറഞ്ഞത്. കഴിയുന്ന സഹായം ചെയ്തു കൊടുക്കാന്‍. നിങ്ങള്‍ അപ്പുറത്ത് ചെന്ന് ജയകൃഷ്ണനെ കണ്ട് പരാതി എഴുതിക്കൊടുക്ക്. എന്നിട്ട് ഞങ്ങള്‍ ബാക്കി കാര്യങ്ങള്‍ ചെയ്യാം. നിങ്ങള്‍ക്ക് പണി തരാമെന്ന് പറഞ്ഞ് പറ്റിച്ച ആളെ വിളിച്ച് നമുക്കങ്ങോട്ട് പണി കൊടുക്കാം. എന്താ ? : എസ് ഐ മഹേഷ്‌ ചന്ദ്രന്‍ ചിരിച്ചു.

അയാളെ ഇങ്ങോട്ട് വിളിക്ക് : വാതില്‍ക്കല്‍ നിന്ന പോലീസുകാരനെ നോക്കി അദ്ദേഹം അങ്ങനെ പറഞ്ഞപ്പോള്‍ അജിത്ത് പതുക്കെ എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു.

പിന്നെയും കുറേ ആഴ്ചകള്‍ കഴിഞ്ഞു തോമസുകുട്ടി എന്ന തട്ടിപ്പുകാരന്‍ പോലിസ് വലയിലാവാന്‍. പള്‍സര്‍ സുനി പറഞ്ഞ അത്ര വമ്പനല്ലെങ്കിലും ഇയാളും ഒരു സ്രാവാണെന്ന് തുടരന്വേഷണത്തില്‍ തെളിഞ്ഞു.

എല്ലാവരോടും മധുരമായി സംസാരിക്കുന്ന തോമസുകുട്ടി അതുവഴി പലരെയും വലയില്‍ വീഴ്ത്തുകയും കബളിപ്പിക്കുകയും ചെയ്തിരുന്നു. അജിത്തിന് ജോലിയാണ് വാഗ്ദാനം ചെയ്തതെങ്കില്‍ മറ്റു ചിലര്‍ക്ക് വിസ, സിനിമയില്‍ അവസരം, റിയല്‍ എസ്റ്റേറ്റ് എന്നിങ്ങനെ പലതുമാണ് അയാള്‍ നല്‍കാമെന്നേറ്റതും പിന്നീട് മുങ്ങിയതും. അയാള്‍ പിടിയിലായെന്ന് പത്ര മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ പരാതിക്കാര്‍ ഓരോന്നായി പ്രത്യക്ഷപ്പെട്ടു.

അജിത്ത്, ദിലീപിന്‍റെ കിംഗ്‌ ലയര്‍ സിനിമ കണ്ടിട്ടുണ്ടോ ? അതിലെ നായകന്‍ സത്യനാരായണന്‍ ഒരു പെട്ടിക്കട പോലെയുള്ള കുടുസ്സു മുറിയിലിരുന്ന് വലിയ വലിയ യൂണിവേഴ്സിറ്റികളുടെ സര്‍ട്ടിഫിക്കറ്റ് അടിച്ചിറക്കുന്നുണ്ട്. അതുപോലെയാണ് ഇവന്‍റെ കാര്യവും. മഹാബലിപുരത്തെ ചെട്ടിയാരുടെ വീടിന്‍റെ മട്ടുപ്പാവിലെ താമസവും അംബാനിയുടെ പോസും. നിങ്ങളെ പോലുള്ളവരെ പറ്റിച്ചുണ്ടാക്കുന്ന കാശ് കൊണ്ടാ ഇവന്‍ ഇത്ര നാള് ഷോ കാണിച്ചു നടന്നത്. കുറേ ബുദ്ധിമുട്ടി ഈ മൊതലിനെയൊന്നു കയ്യില്‍ കിട്ടാന്‍. സത്യം നിന്‍റെ കൂടെയായത് കൊണ്ട് വലയില്‍ വീണല്ലേ പറ്റൂ………… : എസ് ഐ മഹേഷ്‌ ചന്ദ്രന്‍ അടുത്തുണ്ടായിരുന്ന മേശയിലെ ഫയലുകള്‍ ഒതുക്കി വച്ച് അതിനടുത്ത് ഇരുന്നു. അജിത്ത് നോക്കിയപ്പോള്‍ തോമസുകുട്ടി മുഖം കുനിച്ചു.

ഒട്ടോയുടെ പരസ്യത്തിലെ ദുല്‍ഖര്‍ സല്‍മാനെ അനുസ്മരിപ്പിക്കുന്ന വിലകൂടിയ പതിവ് ഷര്‍ട്ടോ ജീന്‍സോ അല്ല. അവസാനം കണ്ടപ്പോഴും സന്തത സഹചാരിയെ പോലെ കൂടെയുണ്ടായിരുന്ന റെയ്ബാന്‍ ഗ്ലാസും കാണാനില്ല. ആകപ്പാടെ കോലം കെട്ട രൂപത്തിലാണ് തോമസുകുട്ടി. രണ്ടു ദിവസമായി ഷേവ് ചെയ്തിട്ടില്ലെന്ന് വ്യക്തം.

ഇവന്‍ ഇതുപോലെ എത്ര പേരെ പറ്റിച്ചെന്ന് കൂടുതല്‍ ചോദ്യം ചെയ്താലേ അറിയൂ. കണ്ടുപിടിക്കും ഞാന്‍. ഇനിയിപ്പോ പത്രത്തിലൊക്കെ വരുമല്ലോ. പക്ഷെ നിന്‍റെ പൈസ കിട്ടാന്‍ കുറച്ചു കൂടി കാത്തിരിക്കണം. കേസ് കോടതിയിലെത്തണമല്ലോ. സംഗതി സിവിലാണ്. എന്നാല്‍ ക്രിമിനല്‍ കേസ് കൂടി ചാര്‍ജ് ചെയ്യാനുള്ള വകുപ്പ് ഇതിലുണ്ട് : എസ് ഐ പറഞ്ഞപ്പോള്‍ അത് ശരി വയ്ക്കുന്ന മട്ടില്‍ ജയകൃഷ്ണന്‍ തലയാട്ടി.

അത് കുഴപ്പമില്ല, സര്‍. പണമല്ല, കുറ്റം ചെയ്തയാളെ ശിക്ഷിക്കാനാണ് ഞാന്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. വിജയേട്ടന്‍റെ കടം ഞാന്‍ എങ്ങനെയും കൊടുക്കും. നാട്ടിലുള്ള ചിലര്‍ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇവനെ ഞാന്‍ മറക്കില്ല. കൊടുത്ത ഫീസിനേക്കാള്‍ വലിയ പാഠമാണ് ഇവന്‍ എന്നെ പഠിപ്പിച്ചത്. പണത്തിന് വേണ്ടി ആരും ആരെയും ചതിക്കാമെന്ന പാഠം. പഠിച്ച പരീക്ഷയില്‍ പാസാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാ എന്ത് വന്നാലും പരാതി പിന്‍വലിക്കില്ലെന്ന് ഞാന്‍ അന്ന് സാറിന് വാക്ക് തന്നത്, കേസ് സ്പീഡപ്പ് ആക്കാന്‍ വീട്ടില്‍ പോലും വന്ന് ശല്യപ്പെടുത്തിയത്, ഓരോരോ സാറമ്മാരെയും വലിയ വലിയ ആളുകളെയുമൊക്കെ ബന്ധപ്പെട്ടത്. ഈ കോഴ്സിന് ഞാന്‍ കൊടുത്ത പണത്തേക്കാള്‍ മൂല്യമില്ലേ സാര്‍ ? : അജിത്ത് ചോദിച്ചപ്പോള്‍ മഹേഷ്‌ മേശയില്‍ നിന്നിറങ്ങി അവനെ അഭിനന്ദിക്കുന്ന മട്ടില്‍ തോളില്‍ തട്ടി.

അജിത്തിന് വേണമെങ്കില്‍ പഴയ കൂട്ടുകാരനോട് നന്ദി പറയാം : ഇക്ബാല്‍ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോള്‍ അജിത്ത് അദ്ദേഹത്തെ ഒന്നു നോക്കി.

അതേ, അത് ശരിയാണ് : അയാളുടെ അഭിപ്രായം ജയകൃഷ്ണനും ശരിവച്ചു. അജിത്ത് പതുക്കെ അടുത്തേയ്ക്ക് വരുന്നത് അറിഞ്ഞപ്പോള്‍ തോമസുകുട്ടി മുഖമുയര്‍ത്തി നോക്കി. പൊടുന്നനേയാണ് ചെറുപ്പക്കാരന്റെ കൈ അയാളുടെ കവിളില്‍ പതിഞ്ഞത്. അപ്രതിക്ഷിതമായ പ്രഹരമായിരുന്നെങ്കിലും പിന്നീട് തോമസുകുട്ടി അറിയാതെ പോലും മുഖമുയര്‍ത്തിയില്ല. അജിത്തിന്‍റെ മുഖത്ത് നോക്കാനുള്ള ധൈര്യം അയാള്‍ക്ക് എന്നേ നഷ്ടപ്പെട്ടതാണ്. അവന്‍റെ മനസിലെ കനല്‍ നിന്ന നില്‍പ്പില്‍ തന്നെ ദഹിപ്പിച്ചു കളയുമെന്ന് തോമസുകുട്ടിക്ക് തോന്നി.

ജോലിയുടെ പേരില്‍ അജിത്തിനെ കബളിപ്പിച്ചത്, പിന്നീട് തിരിച്ചു കൊടുക്കാനുള്ള പണത്തിന് വേണ്ടി ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള കപട വാഗ്ദാനങ്ങള്‍ നല്‍കി ആ കുടുംബത്തെ കൂടുതല്‍ വലയ്ക്കാന്‍ നോക്കിയത്- അതെല്ലാം ഓരോന്നോരോന്നായി അയാളുടെ മുന്നില്‍ തെളിഞ്ഞു. അജിത്ത് പോലീസില്‍ പരാതി കൊടുക്കുമെന്നോ അതിന്‍റെ പേരില്‍ പലരെയും ബന്ധപ്പെടുമെന്നോ തോമസുകുട്ടി ഒരിക്കലും പ്രതിക്ഷിച്ചിരുന്നില്ല. നേരത്തെ സമാനമായ ചില കബളിപ്പിക്കലുകള്‍ അയാള്‍ നടത്തിയിരുന്നെങ്കിലും അവരാരും പോലിസിനെ സമിപിക്കാതിരുന്നതാണ് തോമസുകുട്ടിയെ ആ കുടുംബത്തിലെത്തിച്ചത്. അവരെ സഹായിക്കാന്‍ വലിയ ആളുകള്‍ ആരുമില്ലെന്നും പോലിസിനെ സമീപിക്കാന്‍ സാധ്യതയില്ലെന്നും ആ കുടുംബത്തിന്‍റെ പൂര്‍വ്വകാല കഥകള്‍ ചോദിച്ചറിഞ്ഞ് അയാള്‍ തന്ത്രപൂര്‍വ്വം ഉറപ്പ് വരുത്തുകയും ചെയ്തു. പക്ഷെ ആ കണക്കു കൂട്ടല്‍ തെറ്റി.

എന്തിനും ഏതിനും ഒരു കാരണമുണ്ടെന്ന് പറയുന്നത് ഇതുകൊണ്ടാണ്. തോമസുകുട്ടിയെ കുടുക്കാന്‍ അയാള്‍ കൂടി വിശ്വസിക്കുന്ന ദൈവം നിയോഗിച്ച ഒരായുധമായിരുന്നു അജിത്ത്. തങ്ങള്‍ ചെയ്തിട്ടുള്ള നന്മകളുടെ ഫലം കിട്ടുന്നില്ലെന്ന് പറഞ്ഞ് കഷ്ടപ്പാടിന്റെ സമയത്ത് പലരും ദൈവത്തെ പഴിക്കുമെങ്കിലും ആ താല്‍ക്കാലിക പ്രശ്നങ്ങള്‍ക്ക് ഒരു പ്രത്യേക കാരണമോ ഉദ്ദേശമോ ഉണ്ടാകും. ഇവിടെ തോമസുകുട്ടിയുടെ തിന്മകള്‍ക്ക് അറുതി വരുത്താനാണ് ദൈവം അജിത്തിനെ ഉപയോഗിച്ചത്. അവന്‍റെ പരിശ്രമ ഫലമായി ഒരു മാന്യന്റെ കൂടി മുഖം മൂടി അഴിഞ്ഞു വീണു.

പോലീസുകാരും അജിത്തിന്‍റെ ഭാഗത്ത് നിന്ന് അത്രയും പ്രതിക്ഷിച്ചിരുന്നില്ല.

വരട്ടേടാ…………..

മറ്റുള്ളവരാരും കേള്‍ക്കാതെ പതിഞ്ഞ ശബ്ധത്തിലാണ് പറഞ്ഞതെങ്കിലും അജിത്തിന്‍റെ ആ വാക്കുകള്‍ക്ക് കാരിരുമ്പിന്റെ മൂര്‍ച്ചയുണ്ടെന്ന് തോമസുകുട്ടിക്ക് തോന്നി. അത് അയാളുടെ ഹൃദയത്തില്‍ തുളച്ചു കയറി ചോര പൊടിയാന്‍ തുടങ്ങി.

പിന്നെ ഒന്നും സംഭവിക്കാത്ത മട്ടില്‍ അജിത്ത് സ്റ്റേഷന്റെ പുറത്തേയ്ക്ക് നടന്നു. മനസ് എവിടെയോ കൈമോശം വന്ന അയാള്‍ ചുറ്റുമുള്ള ആരെയും നോക്കുക പോലും ചെയ്തില്ല.

മഹേഷ്‌ ചന്ദ്രന്‍ ചെറു ചിരിയോടെ ആ പോക്ക് നോക്കി നിന്നു. അജിത്തിന്‍റെ ശരീരമല്ല മനസ്സാണ് പ്രതികരിച്ചത്. അയാള്‍ സ്വയം പറഞ്ഞു.

പുറത്ത് മഴ തിമിര്‍ത്തു പെയ്യുകയായിരുന്നു. സന്ധ്യാ സമയമായത് കൊണ്ട് മുന്നിലുള്ള മാര്‍ക്കറ്റിലും നല്ല തിരക്കുണ്ട്. ആളുകള്‍ എത്രയും പെട്ടെന്ന് വീട് പറ്റാന്‍ തിരക്ക് കൂട്ടുന്നു. ഇടുങ്ങിയ റോഡും പെട്ടെന്നുള്ള മഴയും കൂടിയായപ്പോള്‍ വാഹനങ്ങള്‍ ഇടം വലം തിരിയാനാകാതെ വിഷമിച്ചു. അവയെ നിയന്ത്രിക്കാനായി രണ്ടു പോലീസുകാര്‍ റോഡിലിറങ്ങി. സ്ഥലകാല ബോധം നഷ്ടപ്പെട്ട് മഴ നനഞ്ഞ് എങ്ങോട്ടെന്നില്ലാതെ ഒഴുകി നടന്ന അവന്‍ വാഹനങ്ങളുടെ ബഹളവും ഹോണ്‍ ശബ്ദവും കേട്ടപ്പോഴാണ് ഉറക്കത്തില്‍ നിന്നെന്ന പോലെ ഞെട്ടിയുണര്‍ന്നത്. അതോടെ മുന്നില്‍ ആദ്യം കണ്ട ഓട്ടോയില്‍ ചാടിക്കയറി.

താണാവ്…………… യാന്ത്രികമായി അവന്‍ പറഞ്ഞപ്പോള്‍ ഡ്രൈവര്‍ മീറ്റര്‍ തിരിച്ചു വച്ചു.

അജിത്തിനെയും വഹിച്ചുകൊണ്ട് നീങ്ങിയ ഓട്ടോ ആ മഴയിലും ആള്‍ക്കൂട്ടത്തിലും അലിഞ്ഞു ചേര്‍ന്ന് അവസാനം പൊട്ടു പോലെ അപ്രത്യക്ഷമായി.

The End

Read മിനിക്കഥകളുടെ സമാഹാരം- ഭാഗം ആറ് 

Leave a Comment

Your email address will not be published. Required fields are marked *