ഗാന്ധിയന്‍ – കഥ

malayalam stories

അന്നു മുതല്‍ അയാള്‍ സാത്ത്വികനാകാന്‍ തീരുമാനിച്ചു. ഗാന്ധിത്തൊപ്പിയും വച്ച് കണ്ണാടിയുടെ മുന്നില്‍ നിന്ന്‍ അയാള്‍ എല്ലാം ഒന്നുകൂടി ഉറപ്പു വരുത്തി.

കൊള്ളാം. ഗാന്ധിജിയുടെ ഒരു ലുക്കുണ്ട്. മുന്നിലുള്ള കുറച്ചു മുടി കൂടി വടിച്ചാല്‍ എല്ലാമായി. സന്തോഷം കൊണ്ട് അയാളുടെ മനസ് നിറഞ്ഞു.

നീ ഗാന്ധിയാകുകയാണോ ? : കണ്ണാടിയിലെ പ്രതിരൂപം അയാളോട് ചോദിച്ചു.

അതേ : തൊപ്പി ഒന്നുകൂടി ഉറപ്പിച്ച് സംശയലേശമെന്യേ അയാള്‍ പറഞ്ഞു.

നിനക്ക് ഗാന്ധിജിയെ പോലെ ജീവിക്കാന്‍ കഴിയുമോ ? : അപരന്‍ പരിഹാസത്തോടെ ചോദിച്ചു.

പിന്നെന്താ ?

അദ്ദേഹം ഒരുപാട് സമരങ്ങള്‍ ചെയ്തിരുന്നു പ്രതിരൂപം ഓര്‍മിപ്പിച്ചു.

അതിനെന്താ ? നാളെ മുതല്‍ ഞാനും സമരം ചെയ്യും. ജയിലിലും കിടക്കും. : അയാള്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.

കൊള്ളാം. പക്ഷേ അദ്ദേഹം ഒരു സസ്യഭുക്കും മദ്യ വിരോധിയുമായിരുന്നു : പ്രതിരൂപം പറഞ്ഞപ്പോള്‍ അയാള്‍ നിസാരമായി ചിരിച്ചു.

ഞാന്‍ ഇപ്പോള്‍ മല്‍സ്യ മാംസാദികള്‍ തൊടാറു കൂടിയില്ല. മദ്യം വര്‍ജ്ജിക്കുകയും ചെയ്തു. : അയാള്‍ പറഞ്ഞു.

ശരി. അപ്പോള്‍ അദ്ദേഹത്തെ പോലെ കാല്‍നടയായി രാജ്യം മുഴുവന്‍ സഞ്ചരിക്കാനും കൂടി നീ തയാറായിരിക്കുമല്ലോ അല്ലേ ? : പ്രതിരൂപം സംശയത്തോടെ ചോദിച്ചു.

തീര്‍ച്ചയായും…………. : അഭിനവ ഗാന്ധിയന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു. അയാള്‍ ഒരു പേനയെടുത്ത് പോക്കറ്റില്‍ കുത്തി വച്ചു,വാച്ച് കയ്യില്‍ കെട്ടി, ഷര്‍ട്ടിലെ ചുളിവുകള്‍ നേരെയാക്കി.

എങ്കില്‍ മുറ്റത്ത് കിടക്കുന്ന ആ ബെന്‍സ് കാര്‍ എനിക്കു തരൂ : അപരന്‍ ആവശ്യപ്പെട്ടു.

അത്………………. : അയാളൊന്നു പരുങ്ങി. ആ ഭാവമാറ്റം കണ്ട് കണ്ണാടിയിലെ രൂപത്തിന് ചിരിവന്നു.

അതെന്‍റെ ഭാര്യയുടെ പേരിലാണ്. അവരോടു ചോദിക്കാതെ………………

ശരി. പോട്ടെ. നമ്മുടെ രാഷ്ട്രപിതാവിനെ പോലെ ആഴ്ചകളോളം നിരാഹാരം കിടക്കാന്‍ നിനക്കു പറ്റുമോ ? : എതിരാളിക്കു തന്‍റെ കഴിവ് ഇനിയും മനസിലായിട്ടില്ലെന്ന് അഭിനവ ഗാന്ധിക്ക് തോന്നി.

നിസാരം : അയാള്‍ പുച്ഛിച്ചു ചിരിച്ചു.

തിങ്കളാഴ്ച മുതല്‍ ഞാനും നിരാഹാരം കിടക്കുകയാണ് നാട്ടിലെ അഴിമതിക്കെതിരായിട്ട്……………….. : നേതാവിന്‍റെ അഹങ്കാരം വര്‍ദ്ധിച്ചു.

മഹത്തരം : എതിരാളി കയ്യടിച്ച് അയാളെ അഭിനന്ദിച്ചു.

എന്നിട്ടാണോ കോഴ കൊടുത്ത് നീ മകള്‍ക്കു വേണ്ടി എഞ്ചിനീയറിങ് കോളേജില്‍ സീറ്റ് വാങ്ങിയത് അത് അഴിമതിയല്ലേ ?

ശത്രുവിന്‍റെ ചോദ്യത്തിന് മുന്നില്‍ അയാളൊന്നു പകച്ചു.

അത്……….. അത് നാട്ടുനടപ്പല്ലേ ? എന്‍റെ കുട്ടിക്ക് വേണ്ടിയല്ലേ ഞാനതൊക്കെ ചെയ്തത് ? അല്ല, ഇതൊക്കെ ചോദിക്കാന്‍ നീയാരാ ?

ഞാന്‍ എനിക്കു തോന്നിയത് പോലെ ജീവിക്കുംഅഴിമതിക്കും കൊള്ളരുതായ്മക്കുമെതിരെ സമരവും നടത്തും. അതിനിടയില്‍ എന്‍റെ സ്വകാര്യ വിഷയങ്ങള്‍ പൊതുജനം എന്ന കഴുതകള്‍ അറിയുക കൂടിയില്ല.

: അയാള്‍ കണ്ണാടിയിലെ കാഴ്ച  വിട്ട് പുറത്തേക്ക് തിരിഞ്ഞു.

പക്ഷേ ഞാന്‍ നിന്‍റെ പ്രതിരൂപമാണെന്ന കാര്യം മറക്കണ്ട : വെല്ലുവിളിയുടെ സ്വരത്തില്‍ എതിരാളി പറഞ്ഞു.

നീ പോകുന്നിടത്തെല്ലാം ഞാനുമുണ്ടാകും. നിന്‍റെ വാക്കും പ്രവൃത്തിയും വെവ്വേറെയാണെന്ന് ഞാന്‍ ജനങ്ങളോട് വിളിച്ചു പറയും. പ്രതിരൂപമായതുകൊണ്ട് ഞാന്‍ പറയുന്നതെല്ലാം അവര്‍ വിശ്വസിക്കും.

ശത്രുവിന്‍റെ ഉറച്ച ഭീഷണിക്ക് മുന്നില്‍ പതറിപ്പോയ അയാള്‍ ഗാന്ധിത്തൊപ്പി ഉപേക്ഷിക്കാനും വെറുമൊരു സാധാരണക്കാരനായി ജീവിക്കാനും തീരുമാനിച്ചു.

The End

Leave a Comment

Your email address will not be published. Required fields are marked *