കപട വിശ്വാസി – കഥ

Malayalam blog story

വിശ്വാസികള്‍ പലതരമുണ്ട്.

വിശ്വസിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍.

വിശ്വസിച്ചുകൊണ്ട് കള്ളം പറയുന്നവര്‍.

വിശ്വാസമേ ഇല്ലാത്തവര്‍.

രണ്ടാമത്തെ കൂട്ടരാണ് ഇതില്‍ ഏറ്റവും അപകടകാരികള്‍. അവര്‍ ദൈവമുണ്ടെന്ന് ഭാവിക്കുകയും മറ്റുള്ളവരെ അങ്ങനെ വിശ്വസിപ്പിക്കുകയും ചെയ്യും. എന്നിട്ട് നേരെ വിരുദ്ധമായി പ്രവര്‍ത്തിക്കും.

അവര്‍ പറയും, ഞാന്‍ ഈശ്വര വിശ്വാസിയാ. ആ ശക്തിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ഈശ്വര ചിന്തയില്ലാത്ത ഒരു നിമിഷം പോലും എനിക്ക് സങ്കല്‍പ്പിക്കാന്‍ പറ്റില്ല.

അതേ വ്യക്തികള്‍ മറ്റുള്ളവരെ കബളിപ്പിക്കാനും ദ്രോഹിക്കാനും ശ്രമിക്കുന്നത് പിന്നീട് നമ്മള്‍ കാണുകയും ചെയ്യും. എല്ലാം കണ്ടുകൊണ്ട് മുകളില്‍ ഒരാളുണ്ടെന്ന് പറയുന്ന അവരുടെ പതിവ് വിശ്വാസം അപ്പോള്‍ എവിടെ പോയി? അങ്ങനെയുള്ള ഒരു കൂട്ടം കപട വിശ്വാസികളുടെ കഥയാണ് ഇവിടെ പറയാന്‍ പോകുന്നത്.

ആലപ്പുഴ ജില്ലയിലെ ഒരു തീരദേശ പോലിസ് സ്റ്റേഷനിലേക്കാണ് ആ മൂന്നു സാമുദായിക നേതാക്കളെ കൊണ്ടു വന്നത്. കഴിഞ്ഞ ഏതാനും നാളുകളായി പ്രശ്ന ബാധിതമായ പ്രദേശത്ത് പോലിസ് നിരീക്ഷണം ശക്തമായിരുന്നു. അതിനിടയിലാണ് നേരത്തെ തന്നെ പോലിസിന്‍റെ ലിസ്റ്റിലുണ്ടായിരുന്ന നേതാക്കള്‍ പതിവ് രഹസ്യ സന്ദര്‍ശനത്തിന് വന്നപ്പോള്‍ സംശയാസ്പദമായി പിടിയിലായത്.

രണ്ടു വ്യക്തികള്‍ തമ്മിലുള്ള വഴക്ക് സാമുദായിക സംഘര്‍ഷമായി വളര്‍ന്നതിന് പിന്നില്‍ ബാഹ്യ ശക്തികളുടെ ഇടപെടലാണെന്ന് ആദ്യമേ വ്യക്തമായതാണ്. അന്വേഷണ സംഘത്തിന്‍റെ നിഗമനം ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളുമൊക്കെ പിന്നീട് ശരി വയ്ക്കുകയും ചെയ്തു. പ്രദേശവാസികളുടെ അറിവില്ലായ്മ ചൂഷണം ചെയ്യാനും കപട വാഗ്ദാനങ്ങള്‍ നല്‍കി അവരെ വശത്താക്കാനും പുറത്തു നിന്നുള്ള ചിലര്‍ പതിവായി എത്താറുണ്ടായിരുന്നുവെന്ന വിവരം ചില സന്നദ്ധ സംഘടനകളുടെ അമരക്കാര്‍ എസ്.ഐ ബെന്നി ചെറിയാന് കൈമാറുകയും ചെയ്തു. അങ്ങനെ കിട്ടിയ രഹസ്യ വിവരമാണ് ആ ദിവസം പോലിസിനെ കൂടുതല്‍ ജാഗരൂകമാക്കാനും രാവിന്‍റെ മറ പറ്റി വന്ന നേതാക്കളെ കുടുക്കിലാക്കാനും സഹായിച്ചത്.

അറസ്റ്റിനെ കുറിച്ച് കേട്ടപാടെ സി ഐ ഇബ്രാഹിം സ്ഥലത്തെത്തി. ജീപ്പില്‍ നിന്ന് ഇറങ്ങിയ പാടെ അദ്ദേഹം പോലിസ് ബന്ധവസ്സില്‍ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന മുറിയിലേക്കാണ് നേരെ പോയത്. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് സമ്മര്‍ദ്ദമുണ്ടെന്നും ഇതിനകം ഉന്നതങ്ങളില്‍ നിന്ന് വരെ വിളി വന്നിട്ടുണ്ടെന്നും ആ മുഖ ഭാവവും ചലനങ്ങളും സൂചിപ്പിച്ചു.

പ്രതികളെ ചോദ്യം ചെയ്യുന്ന മുറിയില്‍ താരതമ്യേന വെളിച്ചം കുറവാണ്. അങ്ങിങ്ങായി ഇരിക്കുന്ന മൂവരുടെയും അടുത്ത് അടിയന്തിര സാഹചര്യം നേരിടാനെന്നോണം കോണ്‍സ്റ്റബിള്‍മാരും നിലയുറപ്പിച്ചിട്ടുണ്ട്. നേതാക്കളുടെ സമുദായം അവരുടെ വേഷത്തില്‍ നിന്ന് തന്നെ തിരിച്ചറിയാം. അവര്‍ ഇടയ്ക്കിടെ പരസ്പരം നോക്കുന്നുണ്ടെങ്കിലും ഒന്നും പറയുന്നില്ല. സിഐയും തൊട്ടു പിന്നാലെ എസ്ഐയും അകത്തേയ്ക്ക് വന്നു.

ഇത്രയും സമയം ബലം പിടിച്ചിരിക്കുകയായിരുന്ന നേതാക്കള്‍ ഇരുവരെയും കണ്ടപ്പോള്‍ ചെറുതായി അയഞ്ഞു. ഇബ്രാഹിം അവരെ മാറി മാറി നോക്കി.

സര്‍, ഇത് രാഘവേന്ദ്ര. കാസര്‍ഗോഡുകാരനാണ് : ശരാശരി ആരോഗ്യമുള്ള ഒരു നരച്ച താടിക്കാരനെ നോക്കി എസ് ഐ ബെന്നി പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ സാമുദായിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഇയാള്‍. ഒരേ സമയം വിവിധ സംഘടനകളില്‍ ഭാരവാഹിത്വവും വഹിക്കുന്നുണ്ട്. ഇതുവരെ പന്ത്രണ്ടോളം കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാം കമ്മ്യുണല്‍ വയലന്‍സുമായി ബന്ധപ്പെട്ടവ. കഴിഞ്ഞയാഴ്ച്ച ഷിമോഗയിലെ ഒരു കോടതി തോക്ക് കാണിച്ച് ആളുകളെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു. ഇവിടെ രണ്ടു വ്യക്തികള്‍ തമ്മിലുണ്ടായ ഒരു ചെറിയ പ്രശ്നം സാമുദായിക സംഘര്‍ഷമായി ആളിക്കത്തിക്കാന്‍ തുടക്കം മുതലേ ഇയാളുടെ പ്രേരണയുണ്ടായിരുന്നു എന്നാണ് മനസിലാക്കാന്‍ സാധിച്ചത് : ബെന്നിയുടെ പരിചയപ്പെടുത്തല്‍ കൂസാക്കാതെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചുകൊണ്ട് ഇരിക്കുകയാണ് രാഘവേന്ദ്ര. കല്ല്‌ പതിപ്പിച്ച മോതിരം മിക്ക വിരലിലുമുണ്ട്. ഏതൊക്കെയോ പൂജകള്‍ ചെയ്തതോ അല്ലെങ്കില്‍ ജ്യോത്സ്യന്മാര്‍ നിര്‍ദേശിച്ചതോ ആയ വിലകുറഞ്ഞ മോതിരങ്ങളാണ് അവയെന്ന് ഒറ്റനോട്ടത്തില്‍ തന്നെ അറിയാം.

ഇബ്രാഹിം രാഘവേന്ദ്രയെ വിട്ട് അടുത്ത ആളിലേക്ക് തിരിഞ്ഞു.

സര്‍, ഇത് അഹമ്മദ് തങ്ങള്‍. കുറ്റിപ്പുറമാണ് സ്വദേശം. ഇസ്ലാമിന് പുറത്തുള്ളവര്‍ കാഫിറുകളാണെന്നും സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ അവര്‍ മത പരിവര്‍ത്തനം ചെയ്യണമെന്നുമൊക്കെയാണ് ഇയാള്‍ ആളുകളെ പഠിപ്പിക്കുന്നത്. അതിനായി ഇയാള്‍ സന്നദ്ധ പ്രവര്‍ത്തനത്തിന്‍റെ മറവില്‍ നാട്ടില്‍ ഒരു സ്ഥാപനവും തുടങ്ങിയിട്ടുണ്ട്. അത് വിശ്വസിച്ചാണ് ഇവിടെയുള്ള കുറച്ചു പേര്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മതം മാറിയത്. അങ്ങനെ ഇസ്ലാമിലേക്ക് മാറിയ ഒരു കുടുംബവും തൊട്ടയല്‍പക്കത്തുള്ള ഹിന്ദുക്കളും തമ്മില്‍ ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായപ്പോള്‍ ഇവര്‍ നടത്തിയ ഇടപെടലാണ് പ്രശ്നം ഇവിടം വരെയെത്തിച്ചത്. ഇതില്‍ രസകരമായ കാര്യം എന്താണെന്ന് വച്ചാല്‍, അടി കൂടിയ രണ്ടു വീട്ടുകാരും ജേഷ്ടാനുജന്മാരുടെ മക്കളാണ് എന്നതാണ് : എസ്.ഐ ചിരിച്ചു.

അപ്പോള്‍ ഇയാളുടെ റോളെന്താണ് ? : മൂന്നാമനെ നോക്കി സിഐ ഇബ്രാഹിം ചോദിച്ചു. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥമായി അയാള്‍ തന്‍റെ കയ്യിലുണ്ടായിരുന്ന തടിച്ച പുസ്തകം നെഞ്ചോടു ചേര്‍ത്തു പിടിച്ചിരുന്നു.

സാര്‍, രണ്ടു പേരെ തമ്മിലടിപ്പിച്ച് അവരുടെ ചോര കുടിക്കാന്‍ തക്കം പാര്‍ത്തിരുന്ന കുറുക്കന്‍റെ കഥ വായിച്ചിട്ടില്ലേ ? നമ്മുടെ ഈ കഥയില്‍ ആ റോളാണ് ഇദ്ദേഹത്തിന്. പേര് ജോണ്‍സണ്‍. ഒരു പ്രാര്‍ത്ഥന സംഘത്തിലെ അംഗമായിട്ടായിരുന്നു തുടക്കം. പിന്നീട് ചെയ്യാത്ത പണിയൊന്നുമില്ല. കോട്ടയത്തെ ഒരു പള്ളിയില്‍ നിന്ന് ഫണ്ട് വെട്ടിച്ച കഥയും കുറച്ചു മുമ്പ് ഞാന്‍ ചെറുതായൊന്നു ചോദ്യം ചെയ്തപ്പോള്‍ അറിയാതെ വീണു കിട്ടി.  അധികമൊന്നുമില്ല, ഒരു മൂന്നര ലക്ഷം രൂപ. അല്ലേടാ ? : ബെന്നി ചോദിച്ചപ്പോള്‍ ജോണ്‍സണ്‍ മുഖം കുനിച്ചു.

സാഹചര്യം മുതലാക്കാനായി അടുത്ത മത പരിവര്‍ത്തനവുമായി ഇറങ്ങിയതായിരുന്നു കക്ഷി. ആളൊപ്പിച്ചാല്‍ തലയെണ്ണമനുസരിച്ച് കമ്മിഷനും തരുമേ അച്ചന്മാര്. പക്ഷെ ഇര ചൂണ്ടേ കൊത്തുന്നതിന് മുന്നേ നമ്മളീ കുഞ്ഞാടിനെയങ്ങ് പൊക്കി. : എല്ലാം കേട്ടപ്പോള്‍ ഇബ്രാഹിമും ചിരിച്ചു.

എന്താ കയ്യില് ? : അദ്ദേഹം ജോണ്‍സന്റെ കയ്യിലെ പുസ്തകം നോക്കിക്കൊണ്ട് ചോദിച്ചു.

ബൈബിളാ, സര്‍. : ജോണ്‍സണ്‍ പുസ്തകം തിരിച്ച് മുന്‍ഭാഗം കാണിച്ചുകൊണ്ട് പറഞ്ഞു.

അതില്‍ എത്ര പേജുണ്ടെന്ന് പറയാമോ ? : സിഐ വീണ്ടും ചോദിച്ചു. ജോണ്‍സണ്‍ ഒന്നു പരുങ്ങി. തുറന്നു നോക്കാതെ ഉത്തരം പറയാന്‍ കഴിയില്ലെന്ന് അയാളുടെ മുഖഭാവം തെളിയിച്ചു. ഓര്‍ത്തെടുക്കാന്‍ വിഫല ശ്രമം നടത്തിയ അയാള്‍ അവസാനം ബൈബിള്‍ തുറക്കുന്നത് കണ്ട് ഇബ്രാഹിമും ബെന്നിയും ചിരിച്ചുകൊണ്ട് പുറം തിരിഞ്ഞു നടന്നു.

എവിടന്ന് ? ഇവനൊക്കെ ജീവിതത്തിലാദ്യമായിട്ടായിരിക്കും അതൊന്ന് തുറക്കുന്നത് : മേലുദ്യോഗസ്ഥന്‍റെ പിന്നാലെ നടക്കുന്നതിനിടയില്‍ എസ് ഐ പറഞ്ഞു. അതിനിടയില്‍ ജോണ്‍സണ്‍ പുറകില്‍ നിന്നെന്തോ വിളിച്ചു പറഞ്ഞെങ്കിലും അവരത് ശ്രദ്ധിച്ചില്ല.

സര്‍, ഞാന്‍ ഏതായാലും ഇന്ന് ഇവിടെ തന്നെയുണ്ടാകും. ആള് കുറവായത് കൊണ്ട് അടുത്ത സ്റ്റേഷനില്‍ നിന്ന് കുറച്ചു പോലീസുകാരെ വിടാനും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. സാമുദായിക വിഷയമായത് കൊണ്ട് റിസ്ക്ക് എടുക്കാന്‍ പറ്റില്ലല്ലോ : തൊട്ടടുത്ത് എസ്ഐയുടെ മുറിയാണ്. അങ്ങോട്ട്‌ നടന്ന സിഐയെ അനുഗമിച്ചുകൊണ്ട് ബെന്നി പറഞ്ഞു.

അത് നന്നായി : കസേരയില്‍ ഇരിക്കുന്നതിനിടയില്‍ ഇബ്രാഹിം അഭിനന്ദന സൂചകമായി തലയാട്ടി.

അവരില്‍ നിന്ന് കുറേ കാര്യങ്ങള്‍ കൂടി അറിയാനുണ്ട്. അത് ഞാനേറ്റു. സാര്‍ വെയ്റ്റ് ചെയ്യണമെന്നില്ല. ഞാന്‍ രാവിലെ വിളിച്ചോളാം.

അതൊന്നും വേണ്ടെടോ. ധൃതി പിടിക്കണ്ട. നാളെ അവധിയല്ലേ. വേണ്ടുവോളം സമയമുണ്ട്. താനും റസ്റ്റ്‌ എടുക്ക്. കുറേ ദിവസമായില്ലേ തന്‍റെയീ അലച്ചില്‍ തുടങ്ങിയിട്ട്. : ഇബ്രാഹിം പോക്കറ്റില്‍ നിന്ന് സിഗരറ്റ് പാക്കറ്റ് പുറത്തേയ്ക്ക് എടുത്തുകൊണ്ട് പറഞ്ഞു.

അത് ശരിയാ. പക്ഷെ……….. : ബെന്നി മടിച്ചു.

ഒരു പക്ഷേയുമില്ല. താന്‍ ഒരു കാര്യം ചെയ്യ്‌. ഇവിടെ സെല്‍ ഒഴിവില്ലേ ? : ഒരു സിഗരറ്റ് വിരലിനിടയില്‍ പിടിച്ചുകൊണ്ട് സിഐ ചോദിച്ചു.

ഒരു സെല്ലുണ്ട്, സര്‍.

അതുമതി. താന്‍ മൂന്നു പേരെയും അതിനകത്തിട്. ബാക്കി രാവിലെ നോക്കാം : ഇബ്രാഹിം സിഗരറ്റ് കത്തിച്ചു കൊണ്ട് നിസ്സാര ഭാവത്തില്‍ പറഞ്ഞു.

മൂന്നു പേരെയും ഒരു സെല്ലിനകത്തോ ? സര്‍ അത് റിസ്ക്കാണ്. ഒന്നാമത് അവര്, :  ബെന്നി പറഞ്ഞു മുഴുമിപ്പിക്കും മുമ്പേ സി ഐ ഇടപെട്ടു.

താന്‍ പേടിക്കാതിരി. എന്ത് റിസ്ക്കും ഞാന്‍ ഏറ്റോളാം. അടക്കുന്നതിന്‌ മുമ്പായി അവരവരുടെ മത ഗ്രന്ഥങ്ങളും വായിക്കാന്‍ കൊടുക്ക്. വെളുക്കുവോളം വായിക്കാന്‍ പറയണം. പറഞ്ഞത് മനസിലായോ തനിക്ക് ?

യെസ്, സര്‍ : ബെന്നിക്ക് കാര്യങ്ങള്‍ ഏറെക്കുറെ പിടികിട്ടി തുടങ്ങിയെന്ന് വ്യക്തം.

Read കൊച്ചി മെട്രോ

രാത്രിയുടെ രണ്ടാം യാമത്തില്‍ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ഖുറാനുമായി അഹമ്മദ് തങ്ങള്‍ സെല്ലിന്‍റെ അകത്തു നിന്ന് വാതിലില്‍ തട്ടി വിളിച്ചു.

സാറേ……… :

പുറത്ത് കസേരയിലിരുന്ന് കാര്യമായി എന്തോ എഴുതുകയായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ തല ചരിച്ചു നോക്കി. എന്താടാ ?

സാര്‍, പുസ്തകം മാറിപ്പോയി. ഇത് ഖുറാനല്ല. എന്‍റെ ഖുറാന്‍ ഇങ്ങനെയൊന്നുമല്ല : പുസ്തകം കാണിച്ചുകൊണ്ട് അയാള്‍ വിളിച്ചു പറഞ്ഞു.

അതേ സാര്‍. എന്‍റെ ഗീതയും ഇങ്ങനെയല്ല. ഇതില്‍ എന്തൊക്കെയോ പറയുന്നു. ഒന്നും മനസിലാകുന്നില്ല : തൊട്ടു പിന്നാലെ വന്ന രാഘവേന്ദ്രയുടെ ശബ്ദവും ഉയര്‍ന്നു കേട്ടു. മേശയില്‍ കാലുകള്‍ രണ്ടും കേറ്റി വച്ച് കസേരയില്‍ ഇരുന്നുറങ്ങുകയായിരുന്ന ബെന്നി ആദ്യ ശബ്ധത്തില്‍ തന്നെ ഞെട്ടിയുണര്‍ന്നിരുന്നു. രണ്ടാമന്‍ പറഞ്ഞു തീരും മുമ്പേ അയാള്‍ കുതിച്ച് സെല്ലിന്‍റെ മുന്നിലെത്തി.

മിണ്ടാതിരിയെടാ അവിടെ. അപ്പോള്‍ നീയൊക്കെ ആള്‍ക്കാരെ തമ്മില്‍ തല്ലിപ്പിക്കാനായി ഇതിന്‍റെ വ്യാജനും അടിച്ചിറക്കിയോ ? അവിടെ അടങ്ങിയൊതുങ്ങിയിരുന്ന് എല്ലാം വായിച്ചു പഠിച്ചോണം. നിന്നെയൊക്കെ നന്നാക്കാന്‍ പറ്റുമോയെന്ന് ഞാനൊന്ന് നോക്കട്ടെ. ആള്‍ക്കാരെ തമ്മില്‍ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നതാടാ മതം, അല്ലാതെ നിന്നെ പോലെ തമ്മില്‍ തല്ലിപ്പിക്കാനുള്ളതല്ല. : ബെന്നി ശബ്ദമുയര്‍ത്തിയതോടെ ഇരുവരും പിന്നോക്കം വലിഞ്ഞു. അപ്പോഴാണ്‌ ചുറ്റും നടക്കുന്നതൊന്നും അറിയാത്ത മട്ടില്‍ ബൈബിള്‍ വായനയില്‍ മുഴുകിയ ജോണ്‍സണെ അദ്ദേഹം ശ്രദ്ധിച്ചത്.

അല്ല സാറിനൊന്നും ചോദിക്കാനില്ലേ ? അതില്‍ എന്തെങ്കിലും തെറ്റു കുറ്റങ്ങളുണ്ടോ ആവോ ? : ബെന്നി പരിഹാസ രൂപേണ ചോദിച്ചപ്പോള്‍ ജോണ്‍സണ്‍ പെട്ടെന്ന് എഴുന്നേറ്റു.

ഇല്ല അങ്ങനെ വലിയ തെറ്റുകളൊന്നും ഞാന്‍ ഇതുവരെ കണ്ടില്ല : അയാള്‍ നടന്ന് വാതിലിന്‍റെ അടുത്ത് വന്നു. : പക്ഷെ സാര്‍, എനിക്കൊരു സംശയം. യേശു ജനിച്ചത് ബെത്ലഹേമിലാണല്ലോ. പക്ഷെ അവിടെയിപ്പോ കൂടുതല്‍ ഉള്ളത് മുസ്ലീങ്ങളും. എല്ലാം ഇവര് മത പരിവര്‍ത്തനം നടത്തിയതായിരിക്കും അല്ലെ ?

അത്രയും പറഞ്ഞ് അയാള്‍ അഹമ്മദ് തങ്ങളെ നോക്കി. തങ്ങള്‍ മറുപടിയായി ദേഷ്യത്തോടെ അയാളെ നോക്കുക മാത്രം ചെയ്തു.

ആന്റണീ, യേശു കുരിശുമരണം വരിച്ചത്‌ വെറുതെയായല്ലോ…………. : എസ് ഐ കോണ്‍സ്റ്റബിളിനെ നോക്കി പറഞ്ഞു.

ഇപ്പൊ എനിക്കും അങ്ങനെ തോന്നുന്നുണ്ട്, സര്‍ : സെല്ലിനടുത്തേക്ക് വരുന്നതിടയില്‍ ആന്റണിയും അത് ശരി വച്ചു.

അപ്പോള്‍ യേശു ശരിക്ക് കുരിച്ചുമരണം വരിച്ചതാ ? അല്ലാതെ രാജാവ് കുരിശില്‍ തറയ്ക്കാന്‍ വിധിച്ചതല്ല അല്ലെ ? : ജോണ്‍സന്‍റെ അടുത്ത കമന്റ് കൂടി കേട്ടപ്പോള്‍ ബെന്നിയുടെ നിയന്ത്രണം വിട്ടു.

ആന്റണീ, ആ സെല്‍ തുറക്ക്. നാളെ ഇതുംകൂടി ചേര്‍ത്ത് ഞാന്‍ കുമ്പസാരിച്ചോളാം : ഏമാന്റെ ഉത്തരവ് കിട്ടാത്ത താമസം കോണ്‍സ്റ്റബിള്‍ താക്കോലുമായി സെല്ലിനടുത്തേക്ക് നീങ്ങി. സംഗതി പന്തിയല്ലെന്ന് കണ്ട ജോണ്‍സണ്‍ പതുക്കെ പിന്നോട്ട് മാറുകയും ചെയ്തു.

പഴയൊരു ചവിട്ടു നാടകം കലാകാരനായ ഗര്‍വാസിസ് ആശാന്‍റെ ഇളയ മകന്‍റെ പ്രഥമ നാടകാവതരണമാണ് പിന്നീട് അവിടെ നടന്നത്. ബൈബിള്‍ കേന്ദ്രീകരിച്ചാണ് നാടകം അവതരിപ്പിച്ചതെങ്കിലും അതിലെ ഏത് കഥയാണ് എസ് ഐ ഏമാന്‍ അവതരിപ്പിച്ചതെന്ന് ജോണ്‍സണ് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയതുമില്ല.

The End

 

Leave a Comment

Your email address will not be published. Required fields are marked *