ചുങ്കക്കാരും പാപികളും – കഥ

malayalam bloggers

അല്ലറ ചില്ലറ മണിച്ചെയിന്‍ തട്ടിപ്പുകളിലൂടെയാണ് സൈമണ്‍ കളി തുടങ്ങിയത്. 

ഓണ്‍ലൈന്‍ ലോട്ടറി, നാഗമാണിക്യം, സ്വര്‍ണ്ണ ചേന, ഗജ മുത്ത് എന്നിങ്ങനെ എളുപ്പ വഴിയില്‍ പണമുണ്ടാക്കാനായി സകല തട്ടിപ്പിനും തല വച്ച് കൊടുക്കുന്ന മലയാളി കൂട്ടം കൂടിയതോടെ അയാള്‍ക്ക് കരയിലും ചാകര കൊയ്ത്ത് കിട്ടി.

അയാളുടെ ഭാഷയില്‍ പറഞ്ഞാല്‍, 

” ഭാഗ്യദേവത വന്ന് വാതിലില്‍ മുട്ടി വിളിക്കുമ്പോള്‍ വേണ്ട എന്ന് പറയുന്നത് ഒരു വിശ്വാസിക്ക് ചേര്‍ന്ന പണിയല്ല. യേത് ? ഒന്നുമല്ലെങ്കിലും നമ്മുടെ സമ്പത്ത് വല്ല ലോട്ടറിയുടെയും പേരില്‍ കണ്ട വിദേശികള് കടത്തുന്നതിലും ഭേദമല്ലേ ഇത് ? ഞാനാകുമ്പോ ഇന്ത്യന്‍ മണി പുറത്തേക്കൊന്നും പോകുന്നില്ല. ഇവിടെ തന്നെ കിടന്ന് കറങ്ങത്തേയുള്ളൂ. അപ്പോ ഞാന്‍ ചെയ്യുന്നതും ഒരര്‍ത്ഥത്തില്‍ രാജ്യ സേവനമല്ലേ ? പിന്നെ ഈ പറ്റിക്കപ്പെടുന്നവരുടെ കാര്യം. പാമ്പിന്‍റെ വായിലും ആനയുടെ തലയ്ക്കകത്തും നിധിയുണ്ട്, ബിബിസിയുടെ ലോട്ടറി അടിച്ചു എന്നൊക്കെ കേട്ട്‌ ചാടിപ്പുറപ്പെടുന്നവരെ ഒന്നു പറ്റിക്കണമെന്നു ദൈവം തമ്പുരാന് മാത്രമല്ല, അങ്ങ് ചൊവ്വയില്‍ ഇരിക്കുന്നവര്‍ക്ക് വരെ തോന്നും. യേത് ? “

സൈമണ്‍ പറഞ്ഞപ്പോള്‍ അയാളുടെ സന്തത സഹചാരിയായ ലോനപ്പന്‍ തലയാട്ടി. കണ്ടാല്‍ മണ്ടനാണെന്ന് തോന്നുമെങ്കിലും പലപ്പോഴും സൈമണ് ബുദ്ധി ഉപദേശിച്ച് കൊടുക്കുന്നത് ഈ ലോനപ്പനാണ്. അതില്‍ പലതും കുരുട്ടായിരിക്കുമെന്ന് മാത്രം. 

മണി ചെയിന്‍ വഴി നാട്ടിലെ അംഗികൃതവും അല്ലാത്തതുമായ ബാങ്കുകളിലെ നിക്ഷേപം കനത്തതോടെ സൈമണ്‍ ഒറ്റ മുങ്ങലായിരുന്നു, പൊന്മാനെ പോലെ. കുറച്ചുകാലം ബെല്ലാരിയിലും മൈസൂരുവിലുമായി ഒളിവില്‍ കഴിഞ്ഞു. അപ്പോഴാണ്‌ ലോനപ്പന്‍ അടുത്ത ബുദ്ധി ഉപദേശിച്ചത്. 

” നമുക്ക് നാട്ടിലേക്ക് വിട്ടാലോ ? അവിടെ ഇപ്പൊ നല്ല സീസണാണെന്നാ കേട്ടത്. ”

അയാള്‍ പറഞ്ഞു.

“അതെങ്ങനെയാ ലോനാ ശരിയാകുന്നത് ? ആള്‍ക്കാര്‍ കണ്ടാല്‍ പ്രശ്നമാകില്ലേ ? കേസും കൂട്ടവുമൊന്നും കഴിഞ്ഞിട്ടുമില്ല. ഒന്നും രണ്ടുമല്ല അറുപത് ലക്ഷമാ നമ്മള്‍ അവിടെ നിന്ന് അടിച്ചു മാറ്റിയത്. ”

സൈമണ്‍ ആദ്യം എതിര്‍ത്തു.

“അത് നിങ്ങളുടെ നാട്ടില്‍. ഞാന്‍ എന്‍റെ നാട്ടിലെ കാര്യമാ പറഞ്ഞത്. പൊട്ടന്‍ക്കാടില്‍ നമ്മുടെ കൃഷിക്ക് പറ്റിയ സമയമാണെന്ന അവിടെ എന്‍റെ കൂട്ടുകാരനെ വിളിച്ചപ്പോള്‍ പറഞ്ഞത്. ” ലോനപ്പന്‍ തുടര്‍ന്നു.

“പൊട്ടന്‍ക്കാടോ ? ” ലോനപ്പന്‍ ഇടുക്കിക്കാരനാണെന്ന് അറിയാമെങ്കിലും ആ സ്ഥലപ്പേര് സൈമണ്‍ അതിനു മുമ്പ് കേട്ടിട്ടില്ല.

“അത് വിട്. ബൈസന്‍ വാലിക്ക് അടുത്തുള്ള സ്ഥലമാ. കുറച്ച് ബന്ധുക്കള്‍ അവിടെയുണ്ടെങ്കിലും ഞാന്‍ ആരുമായും അത്ര ലോഹ്യത്തിലല്ല. പക്ഷേ എന്‍റെ ഈ ചങ്ങാതി സുശീലനുണ്ടല്ലോ, മുത്താണ്. ദേവികുളത്തും പീരുമേട്ടിലുമൊക്കെ കുറെ കാലം കിടന്നിട്ടുണ്ട്. അവസാനം ഓന്‍ അവിടെ സ്ഥിര താമസമാക്കാനുള്ള പരിപാടിയാണെന്ന് മനസിലാക്കിയപ്പോള്‍ പോലീസുകാര് തന്നെ ഇറക്കി വിട്ടു. ” ലോനപ്പന് കൂട്ടുകാരനെ കുറിച്ച് പറയാന്‍ നൂറു നാവായിരുന്നു. 

“അവിടെ ചെന്നിട്ട് നമ്മള്‍ എന്ത് ചെയ്യാനാടാ ഉവ്വേ ? ആകപ്പാടെ കുറെ കാടും മലയും കാണും. ആള്‍ക്കാരാണെങ്കില്‍ നയാ പൈസ കയ്യിലില്ലാത്തവരും. ” സൈമണ്‍ അത്ര താല്പര്യം കാണിച്ചില്ല. 

“അത് തന്നെയാണല്ലോ നമുക്ക് വേണ്ടത്. ഇപ്പോഴത്തെ നമ്മുടെ അവസ്ഥയ്ക്ക് ജനവാസം കുറഞ്ഞ, ഉണ്ടെങ്കില്‍ തന്നെ പുറം ലോകവുമായി അധികം ബന്ധമില്ലാത്ത ആളുകളാണ് നല്ലത്. ” 

സഹായി പറഞ്ഞത് ശരിയാണെന്ന് ഒന്നാലോചിച്ചപ്പോള്‍ സൈമണും തോന്നി.

“നീ പറഞ്ഞത് ശരിയാ. പക്ഷേ അവിടെ ചെന്ന് പണിയെടുത്ത് കഴിയണമല്ലോ എന്നോര്‍ക്കുമ്പോള്‍………….” അയാള്‍ തന്‍റെ താല്പര്യക്കുറവിന്‍റെ കാരണം വ്യക്തമാക്കി.

“അതിനാര് പണിയെടുക്കുന്നു ? ദേ, മുതലാളി ഇങ്ങോട്ട് നോക്കിയേ. എന്‍റെ ഈ കൈ കണ്ടോ ? കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ നിന്ന് ഇവിടെ വരെ അരിയും സാമാനങ്ങളും ചുമന്നതാ. അതിന്‍റെ നീരാ ഇത്. സഹിക്കാന്‍ പാടില്ലാത്ത വേദനയാ. ” ലോനപ്പന്‍ തന്‍റെ കൈ നിവര്‍ത്തിക്കാണിച്ചുകൊണ്ട് പറഞ്ഞു. 

“പിന്നെ അവിടെ ചെന്നിട്ട് നമ്മള്‍ എന്തെടുക്കുമെന്നാ നീ പറയുന്നത് ? ” സൈമണ്‍ സംശയ നിവൃത്തിക്കായി ചോദിച്ചു. 

“ങാ, അത് മറന്നു. നാട്ടില്‍ പട്ടയം കിട്ടാന്‍ എളുപ്പമാണെന്നാ ഈ സുശീലന്‍ പറഞ്ഞത്. അവിടെ പുതിയ ഒരു ആപ്പീസറ് വന്നിട്ടുണ്ടത്രേ. രവീന്ദ്രനെന്നോ കുമാരനെന്നോ മറ്റോ ആണ് പേര്. അദ്ദേഹം ചോദിക്കുന്നവര്‍ക്കൊക്കെ പട്ടയം കൊടുക്കുണ്ടെന്നാ ഓന്‍ പറയുന്നത്. പക്ഷേ തുട്ട് ഇറക്കണമെന്ന് മാത്രം. കുറച്ചു കാലം കൂടി കഴിഞ്ഞാല്‍ മൂന്നാര്‍ എവിടെയെത്തുമെന്നാ വിചാരം ? പിടിച്ചാല്‍ കിട്ടില്ല. അന്ന് ചോദിക്കുന്ന കാശ് ഈ സ്ഥലത്തിന് കിട്ടും. ” അത് നല്ലൊരു ആശയമാണെന്ന് സൈമണിന്‍റെ മനസ് മന്ത്രിച്ചു. 

“അത് കൊള്ളാടാ ഉവ്വേ ? പക്ഷേ നിന്‍റെ കൂട്ടുകാരന്‍ പറഞ്ഞത് പോലെ സ്ഥലം കിട്ടുമോ ? ” അയാള്‍ ചോദിച്ചു. 

“കിട്ടും. പോരാത്തതിന് അവന് അവിടത്തെ രാഷ്രീയക്കാരിലും നല്ല പിടിപാടാ. ചുമ്മാതാണോ അവന്‍ കുറേക്കാലം ജയിലില്‍ കിടന്നത് ? ” ലോനപ്പന്‍ ചിരിച്ചു. 

Read  അച്ഛനും മകളും (കഥ) 

അധികം വൈകാതെ രണ്ടുപേരും ബൈസന്‍ വാലിയിലേക്കുള്ള വണ്ടി പിടിച്ചു. യാത്രയുടെ അവസാനം സുശീലനും കൂടെ കൂടിയതോടെ അത് മൂവര്‍ സംഘമായി മാറി. 

കാടും മേടും മനോഹരമായ ഭൂപ്രകൃതിയും നിറഞ്ഞ നല്ല പ്രദേശം. തമിഴന്മാരാണ് കൂടുതലും. മഴക്കാലമാകുമ്പോള്‍ ടൂറിസ്റ്റുകള്‍ കൂടുതലായെത്തുമെന്നും ഭാവിയില്‍ മൂന്നാറായിരിക്കും കേരളത്തിലെ ടൂറിസം വരുമാനത്തിന്‍റെ ഹബ്ബെന്നുമൊക്കെ സുശീലന്‍ തനിക്കറിയാവുന്ന ഭാഷയില്‍ പറഞ്ഞപ്പോള്‍ ശരിയാണെന്ന് സൈമണും തോന്നി.

“നിങ്ങള്‍ കരുതുന്നത് പോലെയല്ല കാര്യങ്ങള്‍. പ്രസ്തുത സ്ഥലത്തിന് നിയമപരമായ മറ്റ് അവകാശികള്‍ ഇല്ലെന്നും പരമ്പരയായി നിങ്ങളാണ് അത് കൈവശം വച്ച് അനുഭവിച്ചു പോരുന്നതെന്നും സര്‍ക്കാരിന് ബോധ്യപ്പെടണം. എന്നാലെ പട്ടയം കിട്ടൂ. ” വൈകുന്നേരം ക്വാര്‍ട്ടെഴ്സില്‍ വച്ച് കണ്ടപ്പോള്‍ ആപ്പീസര്‍ അറുത്ത് മുറിച്ച് കാര്യം പറഞ്ഞു.

അതെങ്ങനെ തെളിയിക്കും എന്നതായിരുന്നു സൈമണിന്‍റെ മുന്നിലുള്ള അടുത്ത പ്രശ്നം. കൂടിയാലോചനകളും പരിശ്രമങ്ങളും പലവഴിക്ക് നീങ്ങി. അതിനിടയിലും അയാള്‍ അടുത്തുള്ള പള്ളിയിലേക്കുള്ള പോക്ക് മുടക്കിയില്ല. പറയാന്‍ മറന്നു, സൈമണ്‍ പണ്ട് മുതലേ ഞായറാഴ്ചകളിലെ ആദ്യ കുര്‍ബാന മുടക്കാത്ത നല്ല കുഞ്ഞാടാണെങ്കിലും നേരെ തിരിച്ചാണ് ലോനപ്പന്‍റെ കാര്യം. 

ആരെങ്കിലും പള്ളിയിലേക്കുള്ള വഴി ചോദിച്ചാല്‍ പോലും അയാള്‍ പറയും, 

” അതേ, ഞാന്‍ ഒരു കമ്മ്യുണിസ്റ്റാ. എന്‍റെയപ്പനും ഒരു കമ്മ്യുണിസ്റ്റായിരുന്നു. മരിച്ചപ്പോള്‍ പോലും അദ്ദേഹം പള്ളിയില്‍ പോയിട്ടില്ല അറിയാമോ ? ഒരു മാല മോഷണക്കേസില്‍ പിടിച്ചപ്പോള്‍ നാട്ടുകാര് തല്ലിക്കൊന്ന് കായലില്‍ താഴ്ത്തുകയായിരുന്നു. അങ്ങനെയുള്ള എന്നോടാണോ നിങ്ങള് പള്ളിയിലേക്കുള്ള വഴി ചോദിക്കുന്നത് ? നല്ല കാര്യായി. ” 

“ഒരു മാല മോഷ്ടിച്ചതിന് തല്ലിക്കൊന്നോ ? ” ഒരിക്കല്‍ ആ മാല മോഷണക്കേസിന്‍റെ കഥ സൈമണ്‍ നേരിട്ട് ചോദിച്ചു. 

“അതേ, പിന്നെ ദേവിയുടെ തിരുവാഭരണം മോഷ്ടിച്ചാ ആള്‍ക്കാര് വെറുതെ വിടുമോ ? മോഷണം മാത്രമല്ല, ക്രിസ്ത്യാനിയായ അപ്പന്‍ അമ്പലത്തില്‍ കയറി അശുദ്ധി വരുത്തിയെന്നും അതിനു പുണ്യാഹം തളിക്കണമെന്നുമൊക്കെ പറഞ്ഞാ അവന്മാര് കെട്ടിയിട്ട് തല്ലിയത്. ” ലോനപ്പന്‍ വിഷമത്തോടെ പറഞ്ഞു. 

ഒരു ക്രിസ്തുമസ് പിറ്റേന്ന് കല്‍പറ്റയില്‍ ധ്യാനം കൂടി തിരിച്ചു വന്ന സൈമണ്‍ പറഞ്ഞ കാര്യം സന്തത സഹചാരിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. 

” നമ്മള്‍ ഒരു പ്രാര്‍ഥനാ കൂട്ടായ്മ തുടങ്ങാന്‍ പോകുന്നു. അച്ഛനോട് ഞാന്‍ സംസാരിച്ചു. അദ്ദേഹം സമ്മതിച്ചു. പേരും ഇട്ടു, ലവ് ഓഫ് ഗോഡ്. എങ്ങനെയുണ്ട് ? ” 

” മുതലാളി, നിങ്ങള്‍ വല്ലാത്ത ചെയ്ത്താ ചെയ്തത്. നിങ്ങള്‍ക്കിത് എന്നാ പറ്റി ? എല്ലാം വിട്ട് നല്ലവനാകാന്‍ തിരുമാനിച്ചോ ? ” ഞെട്ടല്‍ വിട്ടുമാറാതെ ലോനപ്പന്‍ ചോദിച്ചു. 

“ദൈവത്തിന്‍റെ മഹത്വം അറിയാത്തത് കൊണ്ടാ നീ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. നീ നമ്മുടെ വട്ടേലച്ചന്‍റെ പ്രസംഗം ഒന്നു കേള്‍ക്കണം. എന്തൊക്കെ കാര്യങ്ങളാ അദ്ദേഹം പറയുന്നത് ? കര്‍ത്താവറിയാതെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ കുറ്റബോധം കൊണ്ട് അറിയാതെ എന്‍റെ തല കുനിഞ്ഞു. പാപമോചനത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് അപ്പോഴാ എനിക്ക് തോന്നിയത്. ഇപ്പൊ ധ്യാനം കഴിഞ്ഞപ്പോള്‍ അതിനുള്ള മാര്‍ഗ്ഗം കര്‍ത്താവ് തന്നെ കാണിച്ചു തരുകയും ചെയ്തു. ” സൈമണ്‍ സുവിശേഷകനെ പോലെ പറഞ്ഞു. അയാളുടെ ബന്ധുക്കളില്‍ ചിലര്‍ സുവിശേഷക രംഗത്തുള്ള കാര്യം ലോനപ്പന്‍ പെട്ടെന്നോര്‍ത്തു. 

“എന്നാലും ഇത് കുറച്ച് കൂടിപ്പോയി. ഒരു കമ്മ്യുണിസ്റ്റായ ഞാന്‍ ഇതിനൊക്കെ ഇറങ്ങിത്തിരിക്കുക എന്ന് വച്ചാല്‍…………” ലോനപ്പന്‍ വൈക്ലബ്യത്തോടെ മുഖം തിരിച്ചു. 

“വിട്ടു കള ലോനാ, അതൊന്നും ശാശ്വതമല്ല. കര്‍ത്താവായിട്ട് വഴി കാണിച്ചു തരുമ്പോള്‍ തട്ടിക്കളയുന്നത് ഒരു സത്യക്രിസ്ത്യാനിക്ക് ചേര്‍ന്നതല്ല. ” സൈമണ്‍ മുന്നിട്ടിറങ്ങിയതോടെ മനസ്സില്ലാ മനസ്സോടെയാണെങ്കിലും ലോനപ്പനും കൂടെ കൂടി. 

വൈദികരുടെയും ഇടവകയുടെയും പിന്തുണ കിട്ടിയതോടെ കൂട്ടായ്മയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമായി. ഉന്നത ഉദ്യോഗസ്ഥരും പ്രമാണിമാരും മുതല്‍ വന്‍കിട നേതാക്കള്‍ വരെ സൈമണിന്‍റെ സുഹൃദ് വലയത്തിന്‍റെ ഭാഗമായി. പല പല ദേശങ്ങള്‍. പുതിയ പുതിയ ബന്ധങ്ങള്‍. സൈമണ്‍ അക്ഷരാര്‍ത്ഥത്തില്‍ പുതിയ മേഖലയില്‍ നിലയുറപ്പിക്കുകയായിരുന്നു. അതിനിടയില്‍ എന്തോ കാരണത്താല്‍ സഭയുമായി അയാള്‍ തെറ്റുകയും ചെയ്തു. പക്ഷേ അതൊന്നും സംഘത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല. 

Read  കന്യാദാനം (കഥ)

ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ദിവസമായിരുന്നു അത്. ലോനപ്പനെ അടുത്തിരുത്തി സൈമണ്‍ കാര്‍ സ്വയം ഡ്രൈവ് ചെയ്ത് ഒരു മലയുടെ താഴെ കൊണ്ടു നിര്‍ത്തി. 

മുകളില്‍ ഒരു വലിയ കുരിശും അതിനടുത്തായി ചില ആളുകളെയും കണ്ട് ലോനപ്പന്‍ വാ പൊളിച്ചു. 

“ഇതേതാ സ്ഥലം ? ആരൊക്കെയാ ഇവര് ? നമ്മുടെ സുശീലനല്ലേ ആ വരുന്നത് ? ” കാറില്‍ നിന്ന് പുറത്തിറങ്ങിയ ലോനപ്പന്‍ അവരെ കണ്ട് താഴേക്ക് ഇറങ്ങി വരുന്ന സുശീലനെ കണ്ട് ചോദിച്ചു. 

“എടാ മണ്ടാ. സ്വന്തം സ്ഥലം കണ്ടിട്ട് നിനക്ക് മനസിലാകുന്നില്ല എന്ന് വച്ചാല്‍………. ” അയാളുടെ ഭാവം കണ്ട് സൈമണ്‍ പൊട്ടിച്ചിരിച്ചു. 

“എന്‍റെ സ്ഥലമോ ? എന്ന് മുതല് ? ” പകപ്പ് വിട്ടു മാറാതെ ചുറ്റും നോക്കിക്കൊണ്ട് ലോനപ്പന്‍ വീണ്ടും ചോദിച്ചു. 

“പരമ്പര പരമ്പരയായി നിന്‍റെ അപ്പനപ്പൂപ്പന്മാര്‍ അനുഭവിച്ചു വരുന്ന സ്ഥലമാ ഇത്. അവര് സ്ഥാപിച്ച കുരിശ് കാലപ്പഴക്കം വന്ന് നശിക്കാന്‍ തുടങ്ങിയപ്പോള്‍ നമ്മള്‍ പുനര്‍ നിര്‍മ്മിച്ചു. അത്രേയുള്ളൂ. ഈ കാണുന്ന നൂറ്റമ്പത് ഏക്കര്‍ സ്ഥലം പൂര്‍വിക സ്വത്തായത് കൊണ്ട് സര്‍ക്കാര്‍ പട്ടയം തരുകയും ചെയ്യും. ഇപ്പൊ മനസിലായോ ? ” സൈമണ്‍ ചോദിച്ചു.

“ഏതാണ്ടൊക്കെ. മുതലാളി, നിങ്ങള്‍ കാണുന്നത് പോലൊന്നുമല്ല കാഞ്ഞ ബുദ്ധിയാ കേട്ടോ. പക്ഷേ സത്യമറിയാവുന്ന ആരെങ്കിലും ഇടങ്കോലിടാന്‍ വന്നാലോ ? ” തലയാട്ടിക്കൊണ്ട് സൈമണ്‍ ചിരിച്ചു. 

“അതിന് കാണേണ്ടവരെയൊക്കെ കണ്ടിട്ടാ ഞാന്‍ വരുന്നത്. റവന്യു ഭൂമിയാണെങ്കിലും അവരൊന്നും ഉടക്കിന് വരില്ല. പിന്നെ നാട്ടുകാരുടെ കാര്യം നോക്കാന്‍ ഇവിടെ സുശീലനുണ്ടല്ലോ. ” അടുത്തെത്തിയ സുശീലനെ നോക്കി സൈമണ്‍ പറഞ്ഞപ്പോള്‍ അത് ശരി വയ്ക്കുന്ന മട്ടില്‍ അയാള്‍ ചിരിച്ചു. 

“എന്നാലും മുതലാളിക്ക് എന്നോടൊരു വാക്ക് നേരത്തെ പറയാമായിരുന്നു. അല്ല, അതിനെന്തിനാ നിങ്ങളെല്ലാവരും കൂടി ഈ മണ്ടയിന്മേല്‍ വലിഞ്ഞു കേറിയത് ? ഈ കുരിശെന്തിനാ അവിടെ കൊണ്ടു വച്ചിരിക്കുന്നതെന്ന് എനിക്കിനിയും മനസിലായില്ല. ” സംശയം വിട്ടുമാറാതെ ലോനപ്പന്‍ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. 

“എടാ മണ്ടാ, ഇന്നത്തെ ഏറ്റവും വലിയ ബിസിനസ് എന്താണെന്ന് അറിയാമോ ? ” സൈമണ്‍ പെട്ടെന്ന് ചോദിച്ചു. 

“ബാറല്ലേ ? ” സുശീലനെ നോക്കിക്കൊണ്ട് ലോനപ്പന്‍ ചോദിച്ചു. അയാളില്‍ നിന്ന് പ്രതികരണമൊന്നും കാണാത്തത് കൊണ്ട് ലോനപ്പന്‍ സൈമണെ നോക്കിക്കൊണ്ട് വീണ്ടും ചോദിച്ചു : “സിനിമാ പിടിത്തമാണോ ?”

“അല്ലടാ, ആത്മീയത. അതിനാ ഇന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ്. കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് കാറും വലിയ വീടും പത്രാസുമൊക്കെ നമ്മുക്ക് വന്നത് അതുകൊണ്ടല്ലേ ? പിന്നെ കുരിശ്. അത് ഒരു ആയുധമാണ്. സാത്താനെ ഓടിക്കാന്‍ വേണ്ടി പണ്ട് കര്‍ത്താവ് ഉപയോഗിച്ചത് പോലെയല്ല. ഇത് നിയമത്തെയും സര്‍ക്കാരിനെയും നേരിടാന്‍ വേണ്ടി നമ്മള്‍ ഒരുക്കുന്ന രക്ഷാ കവചമാണ്. അത് കണ്ട് പേടിച്ച് ആരും നമ്മുടെ അടുത്തേയ്ക്ക് വരില്ല. ഇനി വന്നാല്‍, ഇവിടെ വര്‍ഗ്ഗീയ കലാപമുണ്ടാകും. ആ തീ അണയ്ക്കാന്‍ ദൈവം തമ്പുരാന് പോലും കഴിയില്ല. ” 

സൈമണ്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആകാശത്ത് അയാള്‍ക്ക് ചുറ്റും കരിമേഘങ്ങള്‍ വട്ടമിട്ട് പറന്നു. അധികം വൈകാതെ എങ്ങും ഇരുട്ട് വ്യാപിച്ചു. 

സൈമണ്‍ പറഞ്ഞത് പോലെ സംഭവിച്ചു. കുരിശിനെ പേടിച്ച് അധികാരികള്‍ ആരും ആ വഴിക്ക് വന്നില്ല. വന്നവരെ രായ്ക്കു രാമാനം അതിര്‍ത്തി കടത്തുകയും ചെയ്തു. നോട്ടുകെട്ടുകളുടെയും ആത്മീയതയുടെയും പേരില്‍ ഉത്തരവാദപ്പെട്ടവര്‍ സഹായം വാരിക്കോരി ചൊരിഞ്ഞപ്പോള്‍ സത്യത്തിന് കണ്ണടക്കേണ്ടി വന്നു. 

മലമുകളിലെ അത്ഭുതം കാണാന്‍ ദൂര ദേശങ്ങളില്‍ നിന്ന് വരെ തീര്‍ഥാടകര്‍ ഒഴുകിയെത്തിയപ്പോള്‍ പാപ്പാത്തി ചോലയിലെ കുരിശ് ഒരു വലിയ സംഭവമായി മാറി. 

സൈമണ്‍ ആര്‍ക്കും പിടിച്ചാല്‍ കിട്ടാത്ത വിധം കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കാന്‍ തുടങ്ങി എന്നതാണ് ഈ കഥയുടെ ബാക്കി പത്രം. കുരിശുച്ചോലയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചില സമുദായ സംഘടനകള്‍ ആള്‍ വാസമില്ലാത്ത മലകളിലും കുന്നുകളിലും ശൂലം കുത്താന്‍ ശ്രമങ്ങള്‍ നടത്തുന്നതായും കേള്‍ക്കുന്നു. 

The End

Leave a Comment

Your email address will not be published. Required fields are marked *