സന്ന്യാസി – കഥ

സന്ന്യാസി - കഥ 1

   

 സന്ന്യാസം സ്വീകരിക്കാനാണ് അയാള്‍ ആശ്രമത്തിലെത്തിയത്. എന്നാല്‍ അകത്തു കണ്ട കാഴ്ചകള്‍ അയാളെ അത്ഭുതങ്ങളുടെ മറ്റൊരു ലോകത്തെത്തിച്ചു.

ശീതീകരിച്ച സംവിധാനമുള്ള ഹാളില്‍ ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ വരെ ഘടിപ്പിച്ചിട്ടുണ്ട്. അകത്തെ ഏതോ മുറിയില്‍ നിന്ന്‍ പഴയ ഏതോ ഹിന്ദി നൃത്ത ഗാനത്തിന്‍റെ ശബ്ദം പുറത്തെയ്ക്കൊഴുകുന്നത് കേള്‍ക്കാം.

കാര്യാലയത്തിലെ അലമാരയില്‍ നിന്ന്‍ കെട്ടുകണക്കിന് ഡോളറുകള്‍ കയ്യിലുള്ള ബാഗില്‍ വാരി നിറച്ച് ഒരു സന്ന്യാസിനി പുറത്തേയ്ക്ക് പോയി. അതോടെ ആശ്രമത്തിന്‍റെ ചുമതലക്കാരനായ സ്വാമി ദിഗംബരാനന്ദ സായിപ്പിനെ അകത്തേയ്ക്ക് വിളിച്ചു.

വാട്ട് ഈസ് യുവര്‍ നെയിം ? : മുന്നിലുള്ള കസേര ചൂണ്ടിക്കാണിച്ചുകൊണ്ട് സ്വാമി ചോദിച്ചു.

റിച്ചി……….. റിച്ചാര്‍ഡ് : ആഗതന്‍ പറഞ്ഞു. വെളുത്തു ചെമ്പിച്ച മുടി. മുഷിഞ്ഞ ജീന്‍സും ഷര്‍ട്ടുമാണ് വേഷം. ഷര്‍ട്ടിനു മുകളില്‍ ഓവര്‍ക്കോട്ട് ഇട്ടിരിക്കുന്നു. ഫിലാഡല്‍ഫിയയാണ് സ്വദേശം.

ആന്‍റ് യൂ ആര്‍ ഇന്‍ററസ്റ്റഡ് ഇന്‍ സന്ന്യാസം ? : വെളുക്കനെ ചിരിച്ചുകൊണ്ട്, തന്‍റെ നരച്ച താടി തടവിക്കൊണ്ട് ദിഗംബരാനന്ദ ചോദിച്ചു.

യെസ്………………ഐ ആം ഫോണ്ട് ഓഫ് ഇന്ത്യന്‍ പ്രീസ്റ്റ്സ് ആന്‍റ് സ്പിരിച്വാലിറ്റി ഫ്രം ദി വെരി ബിഗിനിങ് : കസേരയില്‍ ചാഞ്ഞിരുന്നുകൊണ്ട് റിച്ചാര്‍ഡ് പറഞ്ഞു.

അമേരിക്കയില്‍ വച്ച് പലവട്ടം മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട കാര്യം പക്ഷേ അയാള്‍ പറഞ്ഞില്ല. ആശ്രമത്തിന്‍റെ ഏതോ കോണില്‍ നിന്ന്‍ ഒഴുകിവന്ന കഞ്ചാവ് പുകയുടെ ഗന്ധം അയാളുടെ സിരകളെ ചൂട് പിടിപ്പിച്ചു.

യാതൊരു തടസവും കൂടാതെ കഞ്ചാവും വ്യാജനും സേവിക്കാന്‍ പറ്റുന്ന, യഥേഷ്ടം പെണ്ണ്‍ പിടിക്കാവുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം ഇന്ത്യയിലെ ചില ആശ്രമങ്ങളാണെന്ന് മാന്‍ഹാട്ടനില്‍ വച്ച് പരിചയപ്പെട്ട യോഗി സത്യദേവാണ് അയാളോട് ആദ്യം പറഞ്ഞത്. ജന്മം കൊണ്ട് ഇറ്റാലിയനായ യോഗി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പേരും നാടും ഉപേക്ഷിച്ച് ഉത്തരേന്ത്യയിലെ ഒരു ആശ്രമത്തിലേക്ക് കുടിയേറിയത്.

Also Read  സൂപ്പര്‍സ്റ്റാര്‍ 

ഇന്ത്യയില്‍ ആശ്രമങ്ങളിലെ രണ്ടാമന്‍ സ്ഥാനം വിദേശികള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണെന്നും അതുകൊണ്ട് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ താന്‍ മഠത്തിന്‍റെ ഉപമേധാവിയായെന്നും സത്യദേവ് റിച്ചാര്‍ഡിനോട് പറഞ്ഞു.

സ്വാമി വിവേകാനന്ദനെയും ശങ്കരാചാര്യരെയും പോലുള്ള വിജ്ഞാനികളുടെ നാടാണ് ഇന്ത്യ എന്നു ധരിച്ചു വച്ചിരുന്ന റിച്ചാര്‍ഡിന് അതൊരു പുതിയ അറിവായിരുന്നു. വിശുദ്ധിയുടെ മറവില്‍ കോടികള്‍ സമ്പാദിക്കുന്ന കപട ആത്മീയത ഇന്ത്യയില്‍ വ്യാപകമാണെന്നും അത്തരക്കാരെ ഭരണാധികാരികള്‍ പോലും ഭയപ്പെടുമെന്നും കൂടി അറിഞ്ഞപ്പോള്‍ ഒട്ടും വൈകാതെ വിമാനം കയറി അയാള്‍ കൊച്ചിയിലെത്തി.

മഠാധിപതിയുടെ കല്‍പന പ്രകാരം ഏറ്റവുമടുത്ത ചാന്ദ്ര പൌര്‍ണമി നാളില്‍ സന്ന്യാസ ദീക്ഷ സ്വീകരിച്ച് റിച്ചാര്‍ഡ് സ്വാമി വേദ പ്രകാശായി. മാസങ്ങള്‍ക്കുള്ളില്‍ മഠത്തിന്‍റെ വിദേശ കാര്യ മേധാവിയായി സ്ഥാനക്കയറ്റം കിട്ടിയ അയാള്‍ ലോകമെങ്ങും തന്‍റെ അപഥ സഞ്ചാരം തുടങ്ങി.

കഞ്ചാവും പെണ്ണും അതിര്‍ത്തി- കാല ഭേദമില്ലാതെ അയാളുടെ സിരകളെ ചൂട് പിടിപ്പിച്ചുകൊണ്ടേയിരുന്നു. ഒരു മേമ്പൊടിക്ക് ആയുധ ഇടപാടും തുടങ്ങിയതോടെ വേദപ്രകാശ് എല്ലാ അര്‍ഥത്തിലും ഒരു അഭിനവ സന്ന്യാസിയായി മാറി.

സ്വാമി വിവേകാനന്ദനും ശ്രീരാമ കൃഷ്ണ പരമഹംസരുമെല്ലാം പക്ഷേ അപ്പോഴും അയാളില്‍ ഒരു അത്ഭുതമായി അവശേഷിച്ചു.

The End

Leave a Comment

Your email address will not be published.