ഉപദേശകന്‍

malayalam stories

malayalam stories

 

എനിക്ക് കുറച്ച് ഉപദേശകന്‍മാരെ വേണം:

നേതാവ് ആസ്ഥാന ചിന്തകന്‍റെ വീട്ടില്‍ ചെന്ന് നേരില്‍ കണ്ട് ആവശ്യം പറഞ്ഞു. 

രാവിലെ കുളി കഴിഞ്ഞ് ഒരു മണിക്കൂറോളം ധ്യാനിക്കുന്നത് ചിന്തകന്‍റെ പതിവ് ശീലമാണ്. ലോകത്ത് എവിടെയായാലും അത് മുടങ്ങാറുമില്ല. അങ്ങനെ എന്നും മനസിനെ പാകപ്പെടുത്തുന്നത് കൊണ്ടാണ് അറുപതാം വയസ്സിലും താന്‍ ചെറുപ്പമായിരിരിക്കുന്നതെന്ന് യോഗി ഇടയ്ക്കിടെ പറയും. 

എന്തിനാ ഇപ്പൊ അത് ? : ധ്യാനത്തില്‍ നിന്ന് കണ്ണു തുറന്ന ചിന്തകന്‍ ശിഷ്യന്‍റെ വിചിത്രമായ ആവശ്യം കേട്ട് കണ്ണു മിഴിച്ചു. 

അല്ല, ഗുരോ. അടുത്ത കാലത്തായി പറ്റുന്നതെല്ലാം അബദ്ധങ്ങളാണ്. ഓരോരോ വിഷയങ്ങളില്‍ എന്നെ ഉപദേശിക്കാന്‍ പറ്റിയ യോഗ്യരായ ആളുകള്‍ ഉണ്ടെങ്കിലേ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ പറ്റൂ എന്നൊരു തോന്നല്‍. അതായത് സാമ്പത്തിക കാര്യങ്ങള്‍ ഉപദേശിക്കാന്‍ ആ വിഷയത്തില്‍ ഡോക്ടറേറ്റോ പി.എച്ച്.ഡിയോ എടുത്ത ഒരാള്‍, ഐ.ടി കാര്യങ്ങളെ കുറിച്ച് ഉപദേശിക്കാന്‍ അതില്‍ അറിവുള്ളയാള്‍, അങ്ങനെ ഓരോരുത്തര്‍. : നേതാവ് പറഞ്ഞു. 

അങ്ങനെ ഓരോരുത്തരെ നിയമിക്കുന്നതിനു പകരം, അതിലെല്ലാം അറിവുള്ളയാളേ നേതാവായി വയ്ക്കുന്നതല്ലേ ഉത്തമം ? ഞാന്‍ വേണമെങ്കില്‍ അക്കാര്യം ദേശിയ നേതൃത്വവുമായി സംസാരിക്കാം. : ഗുരു നരച്ച തന്‍റെ നീണ്ട ദീക്ഷ തടവിക്കൊണ്ട് നിസാര ഭാവത്തില്‍ പറഞ്ഞു. 

ചതിക്കരുത് ഗുരോ. എന്‍റെ കുടുംബം ഒന്നു പച്ച പിടിച്ചോട്ടെ. അങ്ങ് ഞാന്‍ ഈ പറഞ്ഞ കാര്യം മാത്രം ചെയ്തു തന്നാല്‍ മതി : നേതാവ് ദൈന്യ ഭാവത്തില്‍ അദ്ദേഹത്തിന്‍റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു. 

ചിന്തകന്‍ ചിന്തയിലാണ്ടു. അദ്ദേഹത്തിന്‍റെ മനസ് വിവിധ ദേശങ്ങളിലൂടെയും ആളുകളിലൂടെയും ഓട്ട പ്രദക്ഷിണം നടത്തുകയാണെന്ന് ആ മുഖത്ത് വിരിഞ്ഞ ഭാവങ്ങള്‍ വിളിച്ചു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ പെട്ടെന്നെന്തോ വെളിപാട് വന്നത് പോലെ അദ്ദേഹം അടുത്തുണ്ടായിരുന്ന ലെറ്റര്‍ പാഡ് തുറന്ന് അതിലെന്തോ കുത്തിക്കുറിച്ചു. എന്നിട്ട് ആ കടലാസ് കീറി ശിഷ്യന് നേരെ നീട്ടി. അതില്‍ ഒന്നു കണ്ണോടിച്ചതിന് ശേഷം നേതാവ് ഒന്നും മനസിലാകാത്ത മട്ടില്‍ യോഗിയെ നോക്കി. 

ഇവരൊക്കെ ആരാ ? : ചോദ്യം കേട്ടപ്പോള്‍ ചിന്തകന്‍ കസേരയില്‍ മുന്നോട്ടാഞ്ഞിരുന്നു. 

അതില്‍ ആദ്യം പറഞ്ഞ കോമളന്‍ സാമ്പത്തിക ശാസ്ത്രം അരച്ചു കലക്കി കുടിച്ച ആളാണ്‌. നമ്മുടെ അനുഭാവി : അദ്ദേഹം പറഞ്ഞു പൂര്‍ത്തിയാക്കും മുമ്പേ നേതാവ് ഇടപെട്ടു. 

ശാസ്ത്രജ്ഞനാണോ ? : ആകാംക്ഷയോടെ അദ്ദേഹം ചോദിച്ചപ്പോള്‍ ഗുരു അറിയാതെ ചിരിച്ചുപോയി. 

അല്ലല്ല, പക്ഷേ അവരെക്കാള്‍ നന്നായി കാര്യങ്ങള്‍ അറിയാം. ഇത്രയുംകാലത്തിനിടയ്ക്ക് അയാള്‍ ചെയ്യാത്ത തട്ടിപ്പുകളൊന്നും ഇല്ല. ചിട്ടി തട്ടിപ്പ്, മാഞ്ചിയം തട്ടിപ്പ്, ഭൂമി തട്ടിപ്പ്……… അങ്ങനെയങ്ങനെ. കുറച്ചു കാലം അകത്തു കിടന്നെങ്കിലും എല്ലാത്തില്‍ നിന്നും അയാള്‍ പുഷ്പം പോലെ ഊരിപ്പോന്നു. ഉളുപ്പില്ലായ്മയിലും കോമളന്‍ അഗ്രഗണ്യനാണ്. അതുകൊണ്ട് സാമ്പത്തിക വിഷയങ്ങളില്‍ മാത്രമല്ല, മാധ്യമങ്ങളെ കൈകാര്യം ചെയ്യാനും അയാള്‍ നിങ്ങളെ സഹായിക്കും. 

രണ്ടാമന്‍ അയാളുടെ ജ്യേഷ്ഠന്‍ ശീതളന്‍. അയാളാണ് ഈ കേസുകളില്‍ നിന്നൊക്കെ കോമളനെ ഊരിയെടുത്തത്. ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും കഴിവുള്ള സൂത്രശാലി. കേട്ടു കാണും, അടുത്തിടെ ഏറെ കോളിളക്കം സൃഷ്ടിച്ച രമ്യ പീഡനക്കേസിലെ പ്രതി മുനിച്ചാമിയെ രക്ഷിച്ചത് ഇയാളാണ്. നിയമ കാര്യങ്ങളില്‍ അയാള്‍ നിങ്ങളെ ഉപദേശിക്കും. 

ഇവര്‍ക്കെല്ലാം താഴെ ഒരുത്തനുണ്ട്. ലോലിതന്‍. അയാളാണ് നിങ്ങളുടെ ഐ.ടി ഉപദേഷ്ടാവ്. പ്രായം ഇരുപത്താറേയുള്ളൂവെങ്കിലും കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യാനും ഫോട്ടോഷോപ്പ് കളിക്കാനും എന്തിന് മൊബൈല്‍ വച്ച് എന്തെല്ലാം ഗുലുമാല് ഒപ്പിക്കാമോ അതും അറിയാം. ഇവരെല്ലാം ഉപദേശിച്ച് ഉപദേശിച്ച് നിങ്ങളെ ഒരു വഴിക്കാക്കും. എന്താ പോരെ ? : ഗുരു ഇരുത്തം വന്ന ജ്ഞാനിയെ പോലെ വീണ്ടും താടി തടവാന്‍ തുടങ്ങി. 

മതി ഗുരോ. തൃപ്തിയായി. ഇനി ഞാന്‍ ഒരു കലക്ക് കലക്കും. പക്ഷേ അവരുടെ ഫീസ്‌ ? : സന്തോഷം കൊണ്ട് നേതാവിന്‍റെ കണ്ണുകള്‍ നിറഞ്ഞു.

ഒന്നും വേണ്ട. പകരം അവര്‍ ചെയ്യുന്നതിനെല്ലാം കണ്ണടച്ച് കൊടുത്താല്‍ മതി : ചിന്തകന്‍ മൊഴിഞ്ഞു. 

അത് ഞാന്‍ ചെയ്യാം ഗുരോ. നമ്മള്‍ എല്ലാ രാഷ്ട്രീയ നേതാക്കളും പതിവായി ചെയ്യുന്നതല്ലേ അത്? : നേതാവ് എഴുന്നേറ്റ് യോഗിയ്ക്ക് ദക്ഷിണ നല്‍കിയതിനു ശേഷം വിജയശ്രീലാളിതനായി പുറത്തേയ്ക്കിറങ്ങി. 

ഉപദേശക വൃന്ദത്തിന്‍റെ വരവോടെ നേതാവും പാര്‍ട്ടിയും വച്ചടി വച്ച് കയറി. ശത്രുക്കള്‍ പോലും അസൂയയോടെ നോക്കി കണ്ട വളര്‍ച്ച. അതോടെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ഉപദേശകരെ തേടി തെക്ക് വടക്ക് നടക്കാന്‍ തുടങ്ങി അഥവാ അലയാന്‍ തുടങ്ങി. തല്‍ഫലമായി പൂജപ്പുരയും വിയ്യൂരുമൊക്കെ സന്ദര്‍ശകരുടെ ബാഹുല്യം കൊണ്ട് വീര്‍പ്പു മുട്ടി. 

വടക്കന്‍ മലബാറില്‍ അടുത്തിടെ രൂപം കൊണ്ട ഒരു ഈര്‍ക്കില്‍ പാര്‍ട്ടിയുടെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഓഫിസിലാണ് കഥയുടെ ബാക്കി നടക്കുന്നത്. 

ഒരു നട്ടുച്ചയ്ക്ക് വിയര്‍ത്തു കുളിച്ച് ഓഫിസില്‍ കയറി വന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റും ഖജാന്‍ജിയുമൊക്കെയായ ശശാങ്കന്‍ അകത്ത് ബാര്‍ബര്‍ ബാലന്‍റെ കസേരയ്ക്ക് സമാനമായ ഒരു മരക്കഷണത്തില്‍ ചമ്രം പടഞ്ഞിരിക്കുകയായിരുന്ന മുതിര്‍ന്ന നേതാവിനെ ഒന്നു നോക്കി. 

ഒരു രക്ഷയുമില്ല, ആശാനേ. ഇന്നും ഒരു വിധത്തിലാ ഞാന്‍ അവന്മാരുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടത്. കാര്യം ലോക്കല്‍ പത്രക്കാരാണെങ്കിലും ഒരു മാതിരി ട്രംപിനെ കൈകാര്യം ചെയ്യുന്നത് പോലെയാ അവര് എന്നെ നേരിട്ടത്. ജി എസ് ടിയെന്നും സാമ്പത്തിക മാന്ദ്യമെന്നുമൊക്കെ പറഞ്ഞാല്‍ നാലാം ക്ലാസ് വരെ മാത്രം പഠിച്ച ഞാന്‍ എന്തു പറയാനാ ? : കയ്യിലുണ്ടായിരുന്ന കാലന്‍ കുട മടക്കി മേശപ്പുറത്ത് വച്ച്  അയാള്‍ നേരെ എതിരെ കണ്ട കസേരയില്‍ ഇരുന്നു. 

നാട്ടുകാര്‍ക്ക് വിവരം വച്ചു തുടങ്ങി. വല്ല ഉത്തര്‍ പ്രദേശിലോ ബീഹാറിലോ ജനിച്ചാല്‍ മതിയായിരുന്നു. കറന്‍സി പിന്‍വലിച്ചത് അവര്‍ ഇനിയും അറിഞ്ഞിട്ടില്ലത്രേ : പാച്ചു പിള്ള ആത്മഗതം പോലെ പറഞ്ഞു. 

ഇവിടെയും അങ്ങനെയായിരുന്നെങ്കില്‍ നമ്മള്‍ ഇത്രയും വെള്ളം കുടിക്കേണ്ടി വരില്ലായിരുന്നു. അല്ല ആശാനേ, മറ്റവന്മാര് വച്ചത് പോലെ നമുക്കും ഓരോ ഉപദേശകന്‍മാരെ വച്ചാലോ ? എങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായേനെ : ശശാങ്കന്‍ പറഞ്ഞപ്പോള്‍ പിള്ളയുടെ നെറ്റി ചുളിഞ്ഞു. 

നീ എന്തറിഞ്ഞിട്ടാ ശശാങ്കാ ഈ പറയുന്നത് ? എന്നെക്കാള്‍ പ്രായമുള്ള ഈ കെട്ടിടത്തിന് വാടക കൊടുക്കുന്നത് തന്നെ എങ്ങനെയാണെന്ന് എനിക്കും ദൈവം തമ്പുരാനും മാത്രമറിയാം. അതിനിടയിലാ ഉപദേശകര്‍. ഇനിയിപ്പോ അങ്ങനെ വച്ചാല്‍ തന്നെ അവര്‍ക്ക് കൊടുക്കാനുള്ള പണത്തിനു വേണ്ടിയും ഞാന്‍ മരുമോനു മുന്നില്‍ ഇരക്കണ്ടേ ? പാര്‍ട്ടി ഫണ്ടാണെങ്കില്‍ കാലിയാ. പത്തോ നൂറോ പേര് മാത്രമുള്ള പാര്‍ട്ടിക്ക് വേണ്ടി സംഭാവന കൊടുക്കാന്‍ പറ്റില്ലെന്നാ ഓരോരുത്തന്മാര് എന്‍റെ മുഖത്ത് നോക്കി പറഞ്ഞത് : നേതാവ് രോഷം കൊണ്ടു.

Read ചുങ്കക്കാരും പാപികളും (കഥ)

അല്ല ആശാനേ, നമ്മുടെ മുഖ്യമന്ത്രി പോലും അപ്രന്റിസുകളെയല്ലേ ഉപദേശകന്‍മാരായി വച്ചത് ? നമുക്കും അങ്ങനെ ചെയ്യാമല്ലോ : ശശാങ്കന് വിടാന്‍ ഭാവമില്ല.

അതൊന്നും നടക്കില്ല ശശാങ്കാ. കൊള്ളാവുന്ന ഒരുത്തന്‍ പോലും നമ്മുടെ അനുഭാവികളുടെ ലിസ്റ്റിലില്ല. പുറത്തുള്ളവര് നമുക്ക് വേണ്ടി വെറുതേ ജോലി ചെയ്യുമോ ? : പാച്ചുപിള്ള കസേരയില്‍ നിന്നെഴുന്നേറ്റു നടു നിവര്‍ത്തി. അത് ശരിയാണെന്ന് ശശാങ്കനും തോന്നി. പെട്ടെന്ന് അയാളുടെ മുഖം ബള്‍ബ് പോലെ പ്രകാശിച്ചു.

അല്ല ആശാനേ, ഒരാളുണ്ട്. നമ്മുടെ കൈമള്‍ സാര്‍. അദ്ദേഹത്തിന് നമ്മളോട് ഒരു ചെറിയ ചായ്വുണ്ട്. ഇന്നാള് ഞാന്‍ ഒരു സമ്മേളനം നടത്താനാണെന്ന് പറഞ്ഞപ്പോള്‍ നൂറു രൂപയാ അദ്ദേഹം തന്നത് : ശശാങ്കന്‍ നിഷ്ക്കളങ്കതയോടെ പറഞ്ഞു.

പിള്ള അത്ഭുതത്തോടെ അയാളെ തുറിച്ചു നോക്കി.

 ഏത് സമ്മേളനം ? എന്നിട്ട് ആ നൂറു രൂപയെവിടെ ? 

അത് ഞാന്‍ ഒരു നമ്പറിട്ടതാ. തിരിച്ചു വരുന്ന വഴിക്ക് കുമാരേട്ടന്‍റെ ഷാപ്പില്‍ നിന്ന് പൊറോട്ടയും ബീഫും കഴിച്ചപ്പോള്‍ അത് തീരുകയും ചെയ്തു. : ശശാങ്കന്‍ ഒരു ചെറു ചമ്മലോടെ ചിരിച്ചു. 

ദുഷ്ടാ. എന്നെ പട്ടിണിക്കിട്ട് മൃഷ്ടാനം കഴിച്ച നിന്നെ ഗോ മാതാവ് ശപിക്കും. നോക്കിക്കോ……. : പിള്ള കപട ദേഷ്യത്തോടെ പിറു പിറുത്തു. 

കള്ളത്തരം പിടിക്കപ്പെട്ട വൈക്ലബ്യത്തോടെ ശശാങ്കന്‍ വീണ്ടും ഒരു ചിരി പാസാക്കി. 

അല്ല ആശാനേ, ഞാന്‍ പറഞ്ഞ കൈമള്‍ മാഷിന്‍റെ കാര്യം ? : അയാള്‍ നേതാവിനെ ഓര്‍മിപ്പിച്ചു. 

ഏത് ആ സത്യസന്ധനോ ? പണ്ട് പോലിസിലായിരുന്നപ്പോള്‍ ശത്രുക്കള്‍ അയാളെ കള്ളക്കേസില്‍ കുടുക്കിയതും തുടര്‍ന്ന് സസ്പെന്‍ഷനിലായതുമൊക്കെ നീ മറന്നോ ? സ്വന്തം കാര്യം പോലും നേരെ ചൊവ്വേ നോക്കാന്‍ അയാള്‍ക്കറിയില്ല. പിന്നെ ഓരോരുത്തരുടെ കയ്യും കാലും പിടിച്ചാ അയാള്‍ സര്‍വീസില്‍ കയറിയത്. അത്തരക്കാരോന്നും ഈ പണിയ്ക്ക് ശരിയാകില്ല, ശശാങ്കാ. ഇതിനേ കുറച്ചു തൊലിക്കട്ടിയും കള്ളത്തരം ചെയ്യാനും അത് മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കാനുമുള്ള കഴിവും വേണം. അങ്ങനെയുള്ള ആരെയെങ്കിലും കിട്ടുകയാണെങ്കില്‍ നീ പറ, നമുക്കാലോചിക്കാം. : പാച്ചുപിള്ള തന്‍റെ മുഷിഞ്ഞ തോള്‍ സഞ്ചിയുമെടുത്ത് പുറത്തേയ്ക്ക് പോകാനായി ഇറങ്ങി. 

അന്ന് തന്നെ ശശാങ്കന്‍ ഒരു ബോര്‍ഡ് എഴുതി പാര്‍ട്ടി ഓഫിസിനു മുന്നില്‍ തൂക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു,

ഉപദേശകരെ ആവശ്യമുണ്ട്

സാമ്പത്തികം, നിയമം, മാധ്യമ ധര്‍മ്മം, വികസനം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിയെ ഉപദേശിക്കാനായി യോഗ്യരായ ആളുകളെ ആവശ്യമുണ്ട്. സര്‍ക്കാരിനെയും നിയമത്തെയും സമര്‍ത്ഥമായി കബളിപ്പിച്ചവര്‍ക്ക് മുന്‍ഗണന. സത്യസന്ധര്‍ സദയം ക്ഷമിക്കുക. 

ശശാങ്കനും പാര്‍ട്ടിയും എന്തൊക്കെ ചെയ്യണം, എവിടെയൊക്കെ നില്‍ക്കണം എന്ന് ഇനി  ഉപദേശകര്‍ തിരുമാനിക്കും.

The End 

Manoj is a writer, blogger from Palakkad-Kerala. He writes contents on current affairs, technology, cinema, health, social media and WordPress. His posts and stories appeared across magazines and websites since 1998. Get in touch with him via Twitter and Facebook.

Leave a Reply

Your email address will not be published. Required fields are marked *