സൌപര്‍ണികയുടെ മരണം- കഥ

അവസാനകാലത്ത് സജീവ രാഷ്ട്രീയം വിട്ട് വിശ്രമജീവിതത്തിനായി അദ്ദേഹം കുടുംബസമേതം തിരിച്ചു വന്നപ്പോള്‍ തുടക്കത്തില്‍ സൌപര്‍ണിക സന്തോഷിച്ചെങ്കിലും കാര്യങ്ങള്‍ പഴയ പോലെയല്ലെന്ന് അവള്‍ക്ക് വളരെ വേഗം മനസിലായി. അതിനകം മക്കളെല്ലാം വിവാഹിതരായി പല നിലകളിലായി കഴിഞ്ഞിരുന്നു. പക്ഷേ അവരെല്ലാം അച്ഛനമ്മമാരെ പോലെയല്ലെന്ന് അവള്‍ക്ക് തിരിച്ചു വരവിന്‍റെ ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ മനസിലായി. എല്ലാവര്‍ക്കും എങ്ങനെയും പണമുണ്ടാക്കണം എന്ന ചിന്ത മാത്രമേയുള്ളൂ. സത്യസന്ധനും ആദര്‍ശവാനുമായ ആ അച്ഛന്‍ അതിനു വഴങ്ങാത്തത് കുടുംബത്തില്‍ പല പ്രശ്നങ്ങളും സൃഷ്ടിച്ചു. അച്ഛനും മക്കളും തമ്മിലുള്ള പ്രശ്നത്തില്‍ ഇടയില്‍പ്പെട്ട് വലഞ്ഞത് പാവം സരോജിനി ടീച്ചറാണ്. തന്‍റെ അച്ഛന്‍റെയും അമ്മയുടെയും ദുഖത്തില്‍ മനം നൊന്ത് പലപ്പോഴും രാത്രിയുടെ ഇരുണ്ട യാമങ്ങളില്‍ ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട് സൌപര്‍ണിക മേനോന്‍ എന്ന്‍ സ്വയം വിളിക്കുന്ന ആ പാവം പലപ്പോഴും……………….

മക്കളുടെ വഴി വിട്ട പോക്കില്‍ മനം നൊന്താണ് തന്‍റെ എഴുപത്തി രണ്ടാമത്തെ വയസ്സില്‍ മേനോന്‍ സാര്‍ പോയത്. അതിനിടക്ക് ചെയ്യാത്ത കുറ്റത്തിന്‍റെ പേരില്‍ ഒരുപാട് അപവാദങ്ങളും കേട്ടു അദ്ദേഹം. തന്‍റെ ജീവിതം കൊണ്ട് ഒരു പാഠം പഠിച്ച അദ്ദേഹം വീടും സ്ഥലവും ടീച്ചറുടെ പേരില്‍ എഴുതി വെച്ചു. മറ്റ് സ്വത്തുക്കള്‍ മക്കള്‍ക്കും നല്കി. പക്ഷേ അവിടെയും തന്‍റെ അച്ഛന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്ന് സൌപര്‍ണികക്ക് പിന്നിട് മനസിലായി. അമ്മയുടെ കാലശേഷം തങ്ങള്‍ക്ക് കിട്ടാന്‍ പോകുന്ന വീടിനും സ്ഥലത്തിനും വേണ്ടി മക്കളും മരുമക്കളും മല്‍സരിക്കുന്നതിനും അവള്‍ സാക്ഷിയായി. മക്കളുടെ ആഗ്രഹമറിഞ്ഞ് തന്‍റെ ജീവനെടുക്കാന്‍ ടീച്ചര്‍ ദേവിയോട് കണ്ണീരോടെ പ്രാര്‍ഥിക്കുന്നത് കണ്ടപ്പോള്‍ മനം നൊന്ത് സ്വയം ജീവനൊടുക്കാന്‍ പോലും ശ്രമിച്ചിട്ടുണ്ട് ആ പൊന്നു മകള്‍………………..

പക്ഷേ ദേവിയല്ല മക്കള്‍ തന്നെ ആ നല്ല ജീവന്‍ എടുക്കുന്നത് ആ പ്രിയ പുത്രി അധികം താമസിയാതെ തന്നെ നേരില്‍ കണ്ടു. അസുഖ ബാധിതയായ ടീച്ചര്‍ക്ക് മതിയായ മരുന്നോ ദാഹജലം പോലുമോ നല്‍കാതെ എല്ലാവരും കൊല്ലാക്കൊല ചെയ്തപ്പോള്‍ സൌപര്‍ണിക കണ്ണു നീരൊഴുക്കി. ആ കണ്ണീരാണ് ആ അമ്മക്ക് അമൃതായി മാറിയത്. എന്നാല്‍ എല്ലാവരുടെയും ആഗ്രഹം പോലെ ടീച്ചര്‍ പോയതോടെ വീണ്ടും അടുത്ത പ്രശ്നം തലപൊക്കി. സൌപര്‍ണികയെ സ്വന്തമാക്കണം, കൂടുതല്‍ ഭാഗം വേണം എന്ന കാര്യത്തില്‍ മാത്രം എല്ലാവര്‍ക്കും ഒരേ മനസ്സായിരുന്നു…………………….

Also Read  സ്കൂള്‍ ഡയറി

ആരൊക്കെയോ തൊട്ടടുത്തെത്തിയപ്പോഴാണ് സൌപര്‍ണിക പെട്ടെന്ന് ചിന്തയില്‍ നിന്നുണര്‍ന്നത്. ഹരിയും മേനോന്‍ സാറിന്‍റെ മകളുടെ ഭര്‍ത്താവ് ജയാനന്തന്‍റെ സുഹൃത്ത് സുധീന്ദ്രനുമാണ് വന്നതെന്ന് കണ്ടപ്പോള്‍ അവള്‍ അവരുടെ സംഭാഷണം ശ്രദ്ധിച്ചു.

ഏതായാലും മുതലാളിമാരുടെ പിണക്കം മാറിയത് നന്നായി. അല്ലെങ്കില്‍ ഇതെന്നും ഒരു ഭാര്‍ഗവിനിലയം പോലെ കിടന്നേനെ………….. : വീടിന് ചുറ്റും നടക്കുന്നതിനിടയില്‍ ഹരി പറഞ്ഞു.

ഉവ്വേ. അതിന് എല്ലാവരും ദോസ്തുക്കളായെന്ന് ആരാ പറഞ്ഞത് ? ഇതൊന്ന്‍ വിറ്റോട്ടെ……….. അപ്പോഴറിയാം അടുത്ത അടി തുടങ്ങുന്നത്, പൈസയുടെ കാര്യം പറഞ്ഞ്………… ഇനി ആരൊക്കെ ആര്‍ക്കൊക്കെ കൊട്ടേഷന്‍ കൊടുക്കുമെന്നും കാത്തിരുന്നു കാണാം. ആരും ഒട്ടും മോശമല്ല……………. : സുധീന്ദ്രന്‍ പരിഹാസത്തോടെ പറഞ്ഞു. അത് പക്ഷേ ഹരിക്ക് അത്ര വിശ്വസനീയമായി തോന്നിയില്ല.

പക്ഷേ കിട്ടുന്ന തുക തുല്യമായി വീതിക്കാമെന്ന് മൂന്ന്‍ പേരും അഡ്വക്കേറ്റ് ഇടിക്കുളയുടെ മുന്നില്‍ എഴുതി ഒപ്പിട്ടു കൊടുത്തതല്ലേ ? അതങ്ങനെ തെറ്റിക്കാന്‍ പറ്റുമോ ? : ഹരി സംശയം പ്രകടിപ്പിച്ചു.

അത് ഹരീ നിനക്ക് അറിയാഞ്ഞിട്ടാ……….. അഡ്വക്കേറ്റ് ഇടിക്കുള മൂന്നു പേരുടെയും സുഹൃത്താ. ആ നിലക്കുള്ള ഒരു മധ്യസ്ഥ ശ്രമമായി കണ്ടാല്‍ മതി ഇതിനെ. അല്ലാതെ പറഞ്ഞ വാക്കില്‍ ഉറച്ചു നില്ക്കാന്‍ ശ്രീരാമചന്ദ്രനൊന്നുമല്ലല്ലോ ഇവരാരും. ആ വാക്ക് മാറി വരുന്ന ലേല തുക പോലെ മാറിയും മറഞ്ഞുമിരിക്കും. നിന്‍റെ മുതലാളിയെ കുറിച്ച് നിനക്കു തന്നെ അറിയാവുന്നതല്ലേ ? : സുധീന്ദ്രന്‍ അടുത്തുള്ള മാവില്‍ ചാരി നിന്നുകൊണ്ട് ചോദിച്ചു.

അത് ശരിയാ………….അങ്ങേരുടെ ചില നേരത്തെ സ്വഭാവം കാണുമ്പോള്‍ എനിക്കു തന്നെ തോന്നിയിട്ടുണ്ട് മേനോന്‍ സാറിന് എങ്ങനെ ഈ അബദ്ധം പറ്റിയെന്ന്. പിന്നെ എല്ലാ മഹാന്മാര്‍ക്കും ഇങ്ങനെ ഒരു കണ്ടക ശനി പറഞ്ഞിട്ടുള്ളതാ…………. അത് അവസാനം അവരുടെ ജീവന്‍ എടുക്കുകയും ചെയ്യും. : ഹരി പറഞ്ഞു.

തുറന്നു കിടന്ന ഗേറ്റില്‍ കൂടി രണ്ടു മൂന്നു വാഹനങ്ങള്‍ അകത്തു വരുന്നത് സൌപര്‍ണിക കണ്ടു. തന്നെ ലേലം വിളിച്ച് വാങ്ങിക്കാന്‍ വന്നവരാകുമെന്ന് അവള്‍ ഊഹിച്ചു. മേനോന്‍ സാറിന്‍റെ മക്കളായ ബാലകൃഷ്ണനും രാമചന്ദ്രനും മരുമകന്‍ ജയാനന്തനും മറ്റു ചിലരും ഇറങ്ങുന്നത് കണ്ട് അവജ്ഞയോടെ അവള്‍ മുഖം തിരിച്ചു.

ഹരിയും സുധീന്ദ്രനും അവരുടെ അടുത്തേക്ക് ചെന്നു.

മുറിയൊക്കെ അടിച്ചു വാരിയില്ലേ ? : രാമചന്ദ്രന്‍ ഹരിയെ കണ്ടപ്പോള്‍ ചോദിച്ചു.

അത് നേരത്തെ ചെയ്തു. പിന്നെ കുടിക്കാനുള്ളതൊക്കെ പുറത്തു നിന്ന് വാങ്ങിച്ചു. ഇവിടെ ഗ്യാസില്ല………………. : ഹരി പറഞ്ഞു.

അല്ലെങ്കിലും ഇവരൊന്നും ഇവിടെ നിന്ന്‍ കഴിക്കുന്നവരല്ല. വലിയ പുള്ളികളാ…………. രാവിലെ താജ് ഉച്ചക്ക് ഒബറോയ്…………….. അല്ലേ അലി ? : ബാലകൃഷ്ണന്‍ ചിരിച്ചു കൊണ്ട് തന്‍റെ കൂടെ വന്ന കോട്ടിട്ടയാളോട് ചോദിച്ചു.

അങ്ങനെയൊന്നുമില്ല കൃഷ്ണാ, നമ്മള്‍ വല്ലപ്പോഴും തട്ടുകടയില്‍ നിന്നും കഴിക്കും……………….. : അലി തന്‍റെ കോട്ട് ഒതുക്കിക്കൊണ്ട് വളരെ ഭവ്യതയോടെ പറഞ്ഞു.

ദേ, വീടും പരിസരവുമൊന്നും കണ്ടില്ലെന്ന്‍ പിന്നീടാരും പറഞ്ഞേക്കരുത്. ഇതാണ് സ്ഥലം. പതിനഞ്ച് സെന്‍റുണ്ട്. ആരും തിരിഞ്ഞു നോക്കാനില്ലാത്തത് കൊണ്ടാണ് ഇപ്പോ ഈ കോലത്തില്‍ കിടക്കുന്നത്……………………….. : അകത്തേക്ക് കയറുന്നതിന് മുമ്പായി പടിക്കെട്ടുകള്‍ക്ക് താഴെ നിന്ന്‍ ജയാനന്തന്‍ ചുറ്റും കാണിച്ചു കൊണ്ട് പറഞ്ഞു. ലേലം വിളിക്കാന്‍ വന്നവര്‍ ചുറ്റും ഒന്ന്‍ കണ്ണോടിച്ചു.

അതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതല്ലേ ? നിങ്ങള്‍ അകത്തേക്ക് വാ………….. : അല്പം ഈര്‍ഷ്യയോടെ ജയാനന്തനോട് പറഞ്ഞിട്ട് രാമചന്ദ്രന്‍ പടിക്കെട്ട് കയറി മുകളില്‍ നിന്ന്‍ എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു. എല്ലാവരും അയാളുടെ പുറകെ വീടിനകത്തേക്ക് കയറി.

എല്ലാവരും ഇരിക്ക്. പെട്ടെന്നുള്ള ഏര്‍പ്പാടായത് കൊണ്ട് ഇത്രയൊക്കെയേ പറ്റിയുള്ളൂ…………………… : ഹാളിലെ കസേരകള്‍ ചൂണ്ടി രാമചന്ദ്രന്‍ പറഞ്ഞു. അവിടത്തെ സൌകര്യങ്ങളെ കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്ന് ബാക്കിയുള്ളവര്‍ക്ക് മനസിലായി.

ഇവിടെ കുറെ നാളായിട്ട് ആരുമില്ല അല്ലേ ? : ഇരിക്കുന്നതിനിടയില്‍ കോണ്ട്രാക്റ്റര്‍ മനോഹരന്‍ ചോദിച്ചു.

ഇല്ല. അതെങ്ങനെയാ ? എന്‍റെ ബിസിനസ് അങ്ങ് കൊച്ചിയിലല്ലേ. അനിയന്‍ കോയമ്പത്തൂരും കോഴിക്കോടുമായി നില്‍ക്കുന്നു. അളിയന്‍ തിരുവനന്തപുരത്ത് ഡോക്ടറും. പിന്നെ ആര്‍ക്കാ ഇവിടെ നില്ക്കാന്‍ സമയം ? : ബാലകൃഷ്ണന്‍റെ മറുപടി കേട്ട് അത് ശരിവെക്കുന്ന മട്ടില്‍ രാമചന്ദ്രനും തലയാട്ടി. അവകാശത്തര്‍ക്കം മൂത്തപ്പോഴാണ് തങ്ങള്‍ ഇങ്ങോട്ട് തിരിഞ്ഞു നോക്കാതായതെന്ന് പക്ഷേ മൂവരും പറഞ്ഞില്ല.

ഇരിക്കുന്നതിന് മുമ്പ് നമുക്ക് എല്ലാം ഒന്നു കാണാം. അപ്പോ ഏകദേശം ഒരു ധാരണയുണ്ടാവുമല്ലോ……………. : രാമചന്ദ്രന്‍ പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ ഓരോ മുറിയും കാണാനായി അയാളുടെ കൂടെ വന്നു.

ഇത് അച്ഛന്‍റെ മുറിയായിരുന്നു. അച്ഛന്‍ പോയതിന് ശേഷം അമ്മയുടെ……………. : അടുത്തുള്ള കിടപ്പ് മുറിയില്‍ എത്തിയപ്പോള്‍ ബാലകൃഷ്ണന്‍ പറഞ്ഞു. ആ മുറിയില്‍ അപ്പോഴും തന്‍റെ അച്ഛന്‍റെയും അമ്മയുടെയും സാന്നിദ്ധ്യമുണ്ടെന്ന് സൌപര്‍ണികയ്ക്ക് തോന്നി. അവരുടെ ഓര്‍മകളില്‍ ഒരു നിമിഷം അവളുടെ കണ്ണുകള്‍ നിറഞ്ഞു.

Also Read  കടല്‍

അതായത് ദ ഗ്രേറ്റ് മാധവ മേനോന്‍റെ…………… നിങ്ങള്‍ക്കിത് വേണമെങ്കില്‍ അദേഹത്തിന്‍റെ സ്മാരകമാക്കാം. അല്ലെങ്കില്‍ മറിച്ചു വില്‍ക്കാം. അദേഹത്തിന്‍റെ വീടാവുമ്പോ പൊന്നിന്‍ വില കിട്ടും………………… : ജയാനന്തന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

തന്‍റെ അച്ഛന്‍റെ പേര് ഉച്ചരിക്കാന്‍ അയാള്‍ക്കെന്ത് യോഗ്യതയാണ് ഉള്ളതെന്ന് സൌപര്‍ണിക സ്വയം ചോദിച്ചു. ജയാനന്തന്‍ കാരണം സ്ത്രീകള്‍ക്ക് പലര്‍ക്കും വഴി നടക്കാന്‍ പറ്റുന്നില്ല എന്ന്‍ പലരും അച്ഛനോട് പരാതി പറഞ്ഞിരുന്ന കാര്യം അപ്പോള്‍ അവളുടെ മനസിലെത്തി.

ഇനി അഥവാ നിങ്ങള്‍ ഇത് പൊളിച്ചു വിറ്റാല്‍ കൂടി ഞങ്ങള്‍ ചോദിക്കില്ല, പോരേ ? ………………. വാങ്ങിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും ചെയ്യാം………………. : ഉടന്‍ തന്നെ രാമചന്ദ്രന്‍ ജയാനന്തനെ തിരുത്തി. അത് കേട്ട് ജയാനന്തന്‍ ഉള്‍പ്പടെ എല്ലാവരും ചിരിച്ചു.

ഒറ്റ നില മാത്രമുള്ള ആ വീടിന്‍റെ എല്ലാ മുറികളും കണ്ടതിന് ശേഷം അവര്‍ തിരിച്ച് ഹാളിലെത്തി.

ഇനി എല്ലാവരും ഇരിക്ക്……………… നമുക്ക് മറ്റ് കാര്യങ്ങളിലേക്ക് കടക്കാം……………. : രാമചന്ദ്രന്‍ പറഞ്ഞപ്പോള്‍ എല്ലാവരും അവിടെയുള്ള കസേരകളില്‍ ഇരിക്കാന്‍ തുടങ്ങി.

ഹരീ, ഇവര്‍ക്ക് കുടിക്കാന്‍ എന്തെങ്കിലും എടുക്ക്………………… : രാമചന്ദ്രന്‍ നിര്‍ദേശിച്ചപ്പോള്‍ ഹരി തലയാട്ടിക്കൊണ്ട് അകത്തേക്ക് പോയി. അല്പ സമയത്തിനകം

അയാള്‍ ഒരു പ്ലേറ്റില്‍ എല്ലാവര്‍ക്കുമുള്ള കൂള്‍ഡ്രിങ്ക്സുമായി വന്നു. എല്ലാവരും ഓരോ ഗ്ലാസ് എടുക്കാന്‍ തുടങ്ങി.

വീടിന് എത്ര വര്‍ഷത്തെ പഴക്കമുണ്ട് ? : അലി ചോദിച്ചപ്പോള്‍ രാമചന്ദ്രന്‍ ബാലകൃഷ്ണനെ നോക്കി.

ഒരു മുപ്പതു വര്‍ഷത്തെ പഴക്കമുണ്ട്. പക്ഷേ ഇപ്പൊഴും നല്ല സ്ട്രോങ് ആണ്. അക്കാലത്ത് ഇന്നത്തെ പോലെ മായം ചേര്‍ക്കുന്ന ഏര്‍പ്പാടോന്നും ഇല്ലല്ലോ. ഇനിയും ഒരു മുപ്പത് കൊല്ലം ഇതു പോലെ തന്നെ നില്ക്കും ഈ വീട്…………………. : ബാലകൃഷ്ണന്‍ അഭിമാനത്തോടെ പറഞ്ഞു. അയാള്‍ മനപൂര്‍വം തന്‍റെ പ്രായം കുറച്ചു പറഞ്ഞതാണെന്ന് സൌപര്‍ണികയ്ക്ക് മനസിലായി. പക്ഷേ തന്‍റെ മാതാപിതാക്കളുടെ കൂടെയല്ലാതെ വേറൊരാളുടെ കൂടെ ജീവിക്കുന്ന കാര്യം അവള്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ലായിരുന്നു.

മാത്രമല്ല, നാഷണല്‍ ഹൈവേയും ഫിലിം സിറ്റിയുമൊക്കെ വളരെ അടുത്താണ്. ഇനി അഥവാ ഇത് പൊളിച്ച് ഫ്ലാറ്റോ മറ്റോ പണിതാലും മുടക്കുന്നതിന്‍റെ നാലിരട്ടി തിരിച്ചു കിട്ടും………………………. : രാമചന്ദ്രന്‍ പറഞ്ഞപ്പോള്‍ ശരിയാണെന്ന് എല്ലാവര്‍ക്കും തോന്നി.

വിലയുടെ കാര്യം ഓരോരുത്തരും ആലോചിക്കുന്നതിന്‍റെയിടക്കാണ് അലി അയാള്‍ക്ക് എതിര്‍വശത്തുള്ള ഭിത്തിയില്‍ മുകളറ്റത്ത് നീണ്ടു നില്‍ക്കുന്ന പൊട്ടല്‍ കണ്ടത്.

അതെന്താ പറ്റിയത് ? അയാള്‍ രാമചന്ദ്രനോട് ചോദിച്ചു. രാമചന്ദ്രനും ബാലകൃഷ്ണനും എല്ലാം അത് അപ്പോഴാണ് ശ്രദ്ധിച്ചതെങ്കിലും തങ്ങളുടെ ഞെട്ടല്‍ അവര്‍ സമര്‍ത്ഥമായി മറച്ചു വെച്ചു.

………. അത് സാരമില്ല. കുറെ നാള്‍ ഇവിടെ ആരുമില്ലാത്തത് കൊണ്ട് പറ്റിയതാണ്. ഒന്ന്‍ സിമന്‍റിട്ടാല്‍ ശരിയാകും………………………… കെട്ടിടമാണെങ്കിലും അത് നമ്മള്‍ വിചാരിക്കുന്ന പോലെയല്ല. താമസക്കാര്‍ ആരുമില്ലെങ്കില്‍ പെട്ടെന്ന് നശിക്കും. : ജയാനന്തന്‍ നിസാരമായി ചിരിച്ചു കൊണ്ട് പറഞ്ഞു. പക്ഷേ അവരെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് എല്ലാവരും നോക്കി നില്‍ക്കേ ആ പൊട്ടല്‍ വലുതായി താഴേക്ക് നീണ്ടു വന്നു. സകലരും ഒരു ഞെട്ടലോടെ അറിയാതെ എഴുന്നേറ്റു നിന്നു. പെട്ടെന്ന് പുറത്ത് എന്തോ തകര്‍ന്നു വീഴുന്ന ശബ്ദം കേട്ടപ്പോള്‍ അവരെല്ലാം ഒരു പോലെ പുറത്തേക്കോടി. മുറ്റത്തെത്തി തിരിഞ്ഞു നോക്കിയപ്പോള്‍ വീടിന്‍റെ ഒരു വശം തകര്‍ന്ന് താഴെ വീഴുന്ന കാഴ്ചയാണ് അവര്‍ കണ്ടത്……………… അപ്പോള്‍ സൌപര്‍ണികയുടെ കണ്ണുകള്‍ കൂമ്പിയടഞ്ഞിരുന്നു. ഒരിക്കലും തുറക്കാത്ത വിധം………………………….

കാലം കടന്നു പോകവേ, അവകാശത്തര്‍ക്കത്തിലും തുടര്‍ന്നുള്ള വ്യവഹാരത്തിലും പെട്ട്, തകര്‍ന്നു പോയ ആ വീടും സ്ഥലവും കൂടുതല്‍ കാട് പിടിച്ച് കിടക്കവേ, അതിലെ വന്ന സരസനായ ഒരു വഴിപോക്കന്‍ പുറത്തെ മതിലിലെ പൊടി പിടിച്ച സൌപര്‍ണിക എന്ന ബോര്‍ഡിന് താഴെ ചോക്കു കൊണ്ട് ഇങ്ങനെ എഴുതി വെച്ചു.

ജനനം 17.08.1972

മരണം 05.12.2012

The End


Image Credit:

Human Pursuits

Manoj is a writer, blogger from Palakkad-Kerala. He writes contents on current affairs, technology, cinema, health, social media and WordPress. His posts and stories appeared across magazines and websites since 1998. Get in touch with him via Twitter and Facebook.

Leave a Reply

Your email address will not be published. Required fields are marked *