350*. മുന്നൂറ്റമ്പതില്‍ പരം സിനിമകളിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇതിനകം അഭിനയിച്ചത്. നാലര പതിറ്റാണ്ട് മുമ്പ് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ തുടങ്ങിയ ആ അഭിനയ സപര്യ ഇപ്പോള്‍ അമൽ നീരദിന്റെ ബിലാലിൽ വരെ എത്തി നില്ക്കുന്നു.
മലയാളത്തിന് പുറമേ തമിഴ്, തെലുഗു, ഹിന്ദി, ഇംഗ്ലിഷ്, കന്നഡ എന്നി ഭാഷകളിലുമായി പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന സിനിമ ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതിനിടയില്‍ പിറന്ന വിവിധങ്ങളായ സിനിമകള്‍ പല കാരണങ്ങള്‍ കൊണ്ട് മലയാള സിനിമ ചരിത്രത്തിന്റെ ഭാഗവുമായി. ബോക്സ് ഓഫിസില്‍ വന്‍ വിജയം നേടിയവ മുതല്‍ കലാപരമായി ഔന്നത്യം പുലര്‍ത്തിയ സിനിമകള്‍ വരെ അക്കൂട്ടത്തില്‍ പെടും.
ഇന്ന് മറ്റൊരു താരത്തിന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലാണെന്ന് നമ്മള് വിശേഷിപ്പിക്കുന്ന സിനിമകളില്‍ ചിലതെങ്കിലും യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിക്ക് വേണ്ടി രചിക്കപ്പെട്ടതായിരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ കൌതുകം തോന്നും. അവ മമ്മൂട്ടി സ്വയം ഒഴിവാക്കിയതോ അല്ലെങ്കില്‍ സംവിധായകര്‍ അവസാന നിമിഷം മറ്റൊരു നടനെ എല്പ്പിക്കുകയോ ചെയ്തവയാണ്. അങ്ങനെയുള്ള ചില സിനിമകളെ പരിചയപ്പെടാം.
1. രാജാവിന്റെ മകന്
മോഹന്‍ലാലിനെ താര പദവിയിലേക്കുയര്‍ത്തിയ ചിത്രം. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ നായകനായ വിന്‍സന്റ് ഗോമസായി സംവിധായകന്റെയും എഴുത്തുകാരന്റെയും മനസ്സില്‍ മമ്മൂട്ടി മാത്രമാണ് ഉണ്ടായിരുന്നത്. കഥ ഇഷ്ടമായെങ്കിലും കരിയറില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരുന്ന സംവിധായകന് തമ്പി കണ്ണന്താനത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ മമ്മൂട്ടി വിസ്സമ്മതിച്ചു. ആ വാശിക്കാണ് തമ്പി ലാലിനെ നായകനാക്കി സിനിമ അനൌണ്സ് ചെയ്തത്.
മോഹന്‍ലാല്‍ അതുവരെ ഒരു ആക്ഷന്‍ സിനിമ മാത്രമേ നായകനെന്ന നിലയില്‍ ചെയ്തിരുന്നുള്ളൂ- ഇനിയും കുരുക്ഷേത്രം. അതുകൊണ്ടു തന്നെ മമ്മൂട്ടിയെ ഒഴിവാക്കുന്നതിനോട് നിര്‍മ്മാതാവിന് അത്ര യോജിപ്പുണ്ടായിരുന്നില്ല. പക്ഷെ ലാലിന്റെ കാര്യത്തില്‍ സംവിധായകന് ജോഷി ഉറപ്പ് കൊടുത്തതോടെ അദ്ദേഹത്തിന് ആത്മവിശ്വാസമായി. അങ്ങനെയാണ് രാജാവിന്റെ മകന് തുടങ്ങിയതെന്ന് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
നായകന് അവസാനം കൊല്ലപ്പെടുന്ന സിനിമയെന്ന പരീക്ഷണത്തിന് മലയാളം അതുവരെ അധികം വേദിയായിരുന്നില്ല. നിരൂപകര്‍ ചിത്രത്തെ വിമര്‍ശനങ്ങള്‍ കൊണ്ട് മൂടിയെങ്കിലും ഒരു പുതിയ ചരിത്രത്തിനാണ് കേരളത്തിലെ തിയറ്ററുകള്‍ 1986 ജൂലൈ 17ന് തുടക്കം കുറിച്ചത്. അക്കാലത്ത് കേവലം 16 ലക്ഷം മുടക്കിയെടുത്ത സിനിമ ഇന്നും മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്.
2. ഏകലവ്യന്
സുരേഷ് ഗോപിയെ സൂപ്പര്‍താര പദവിയിലേക്കുയര്‍ത്തിയ ചിത്രം. ഡല്‍ഹിയില്‍ നിന്ന് കേസന്വേഷണത്തിനായി എത്തുന്ന മാധവന് എന്ന ഐപിഎസ് ഓഫിസറാണ് ഏകലവ്യനിലെ കേന്ദ്ര കഥാപാത്രം. ആ വേഷം അവതരിപ്പിക്കാന്‍ മമ്മൂട്ടിയല്ലാതെ വേറെയാരുമില്ലെന്ന് സിനിമയുമായി ബന്ധപ്പെട്ട എല്ലാവര്ക്കും ഉറപ്പായിരുന്നു.
തിരക്കഥ എഴുതുമ്പോള്‍ രണ്‍ജി പണിക്കര്‍ മമ്മൂട്ടിയെ തന്നെയാണ് മനസ്സില്‍ കണ്ടതും. പക്ഷെ അക്കാലത്ത് മമ്മൂട്ടിയോടും മോഹന്‍ലാലിനോടും അകലം പാലിച്ചിരുന്ന ഷാജി കൈലാസ് അതിന് തയ്യാറായില്ല. അതിന് മുമ്പുള്ള തന്റെ രണ്ട് സിനിമകളില്‍ അഭിനയിച്ച സുരേഷ് ഗോപിയെ വച്ച് സിനിമ ചെയ്യാന്‍ അദ്ദേഹം തയ്യാറായപ്പോള്‍ ആരും എതിര്‍ത്തതുമില്ല. അതോടെ മമ്മൂട്ടിയും ശോഭനയും എന്ന ആദ്യ ധാരണ മാറി.
പുതുക്കിയ തിരക്കഥയില്‍ സുരേഷ് ഗോപിയും ഗീതയും അഭിനയിച്ചു. ഏകദേശം ഒരു കോടി രൂപ മുടക്കിയെടുത്ത സിനിമ ഒമ്പത് കോടി രൂപയാണ് തിയറ്ററുകളില്‍ നിന്ന് കളക്റ്റ് ചെയ്തത്. സുരേഷ് ഗോപി എന്ന പുതിയ ആക്ഷന്‍ ഹീറോയെ മലയാളത്തിന് സംഭാവന ചെയ്ത സിനിമ ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍ ഉള്‍പ്പടെ സിനിമയുമായി ബന്ധപ്പെട്ട സകലരുടെയും ജീവിതം മാറ്റി മറിച്ചു. കുറ്റാന്വേഷണ സിനിമകളുടെ ഒരു പുതിയ ശൈലിക്ക് തുടക്കം കുറിച്ച ഏകലവ്യന് പിന്നീട് വന്ന കമ്മിഷണര്‍, ദി കിംഗ് പോലുള്ള വലിയ വാണിജ്യ വിജയങ്ങള്‍ക്കും വഴിമരുന്നിട്ടു.