നരേന്ദ്ര മോദിയെ ഇനി വാഴ്ത്തപ്പെട്ടവനെന്ന് വിളിക്കാം. ഡല്‍ഹിയില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ മത സംഘടനകളുടെ യോഗം ഇതിനുള്ള അംഗീകാരം നല്‍കി. മാര്‍പ്പാപ്പയുടെ പ്രതിനിധിയായ റവ. ജനറല്‍ ഇട്ടൂപ്പ് യോഗത്തില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. ശശി തരൂര്‍, പിസി ജോര്‍ജ്, ഇ അഹമ്മദ് തുടങ്ങി അനവധി പേരുടെ സാക്ഷി മൊഴികള്‍ പരിശോധിച്ചതിന് ശേഷമാണ് മോദി ചെയ്ത അത്ഭുത പ്രവര്‍ത്തികള്‍ യോഗം അംഗീകരിച്ചത്.
സാധാരണ ഒരാളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ അവര്‍ ചെയ്ത അത്ഭുത പ്രവര്‍ത്തികള്‍ മാര്‍പ്പാപ്പ അംഗീകരിക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ മോദിയുടെ നാമകരണ നടപടികള്‍ ഇന്ത്യയില്‍ തന്നെ നടത്തുകയായിരുന്നു. പതിവിന് വിപരീതമായി പൊതുജനങ്ങളുടെ ഭാഗത്തുനിന്ന്‍ വമ്പിച്ച പ്രതികരണമാണ് മോദിവിഷയത്തില്‍ ഉണ്ടായതെന്ന് യോഗം വിലയിരുത്തി. ഗുജറാത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏകപക്ഷീയമായ ജയം വരെ തീരുമാനത്തിന് പ്രചോദനമായി. രാഷ്ട്രീയ എതിരാളികള്‍ പോലും അദ്ദേഹത്തിന്‍റെ അപദാനങ്ങള്‍ കൊട്ടിപ്പാടാന്‍ മല്‍സരിച്ചത് ഏവരെയും അത്ഭുതപ്പെടുത്തി.
കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ മോദിയെ തിരുവനന്തപുരത്ത് മല്‍സരിക്കാന്‍ വെല്ലുവിളിച്ച ശശി തരൂരാണ് ബിജെപി നേതാവ് മഹാനാണെന്ന് ആദ്യം സമ്മതിച്ചത്. അദ്ദേഹത്തിന്‍റെ വികസന മുദ്രാവാക്യത്തില്‍ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ തരൂര്‍ രാജ്യ പുരോഗതിക്ക് വേണ്ടി സര്‍ക്കാരുമായി കൈകോര്‍ക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഐപിഎല്‍ വിവാദത്തിലും സുനന്ദ പുഷ്കര്‍ വിഷയത്തിലുമെല്ലാം ഇരുവരും പലവട്ടം കൊമ്പു കോര്‍ത്തിരുന്നു. അവിവാഹിതനായ മോദിക്ക് ഭാര്യയുടെ വില മനസിലാകില്ലെന്ന് വരെ പറഞ്ഞ തരൂര്‍ എക്കാലവും അദ്ദേഹത്തിന്‍റെ ശക്തനായ വിമര്‍ശകനായിരുന്നു.
കെഎം മാണിയൊഴിച്ച് ലോകത്തുള്ള ഒരു നേതാവിനെയും അംഗീകരിക്കാത്ത പിസി ജോര്‍ജ് ശക്തനായ പ്രധാനമന്ത്രിയാണെന്നാണ് കഴിഞ്ഞ ദിവസം മോദിയെ വിശേഷിപ്പിച്ചത്. 26നു മാത്രം സത്യപ്രതിജ്ഞ ചെയ്യുന്ന അദ്ദേഹം ഇപ്പോഴേ പ്രധാനമന്ത്രിയായത് എങ്ങനെയാണെന്ന് നിരക്ഷരകുക്ഷികളായ ജനത്തിന് പോലും മനസിലായിട്ടില്ല. പഴയ നേതാവ് പിജെ ജോസഫ്, ഉമ്മന്‍ ചാണ്ടി, രാഹുല്‍ ഗാന്ധി, എകെ ആന്‍റണി, വിഎസ് എന്നിവരെ കുറിച്ച് പോലും നല്ല വാക്ക് പറയാത്ത ജോര്‍ജ് മോദിയെ പുകഴ്ത്തിയതില്‍ സംസ്ഥാന ബിജെപി നേതൃത്വം അതീവ സന്തുഷ്ടരാണ്. മോദിക്ക് കിട്ടിയ നോബല്‍ സമ്മാനം എന്നാണ് ഇതിനെ പേര് വെളിപ്പെടുത്താത്ത ഒരു ബിജെപി നേതാവ് വിശേഷിപ്പിച്ചത്. പേര് വെളിപ്പെടുത്തിയാല്‍ നാളെ തന്നെക്കുറിച്ചും ജോര്‍ജ് നല്ലത് പറയുമോ എന്ന ആശങ്ക കൊണ്ടാണ് നേതാവ് അജ്ഞാതനായി തുടരുന്നതെന്ന സൂചനയുണ്ട്. ഏതായാലും പിസിയുടെ പ്രസ്താവന വൈകി വന്ന വിവേകമാണെന്നും ഇത് നേരത്തെ നടത്തിയിരുന്നെങ്കില്‍ ബിജെപിക്ക് പത്ത് സീറ്റ് കുറയുമായിരുന്നുവെന്നും സംസ്ഥാന മന്ത്രി കൂടിയായ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.
നരേന്ദ്ര മോദിയോട് തൊട്ടുകൂടായ്മയില്ലെന്ന് മുസ്ലിം ലീഗ് നേതാവ് ഇ അഹമ്മദ് നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാരിനെ കണ്ണടച്ച് വിമര്‍ശിക്കില്ലെന്നും ഓരോരോ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചാണ് നിലപാട് എടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത തിരഞ്ഞെടുപ്പില്‍ ലീഗ് സീറ്റ് നിഷേധിച്ചാല്‍ ബിജെപിയിലേക്ക് പോകുമോ എന്ന്‍ പക്ഷേ അദ്ദേഹം വ്യക്തമാക്കിയില്ല. അഥവാ പോയാലും 75 വയസ് കഴിഞ്ഞവരെ മന്ത്രിമാരാക്കാന്‍ അനുവദിക്കില്ലെന്ന ആര്‍എസ്എസ് നിലപാട് അദ്ദേഹത്തിന് വിനയായേക്കും.
മലപ്പുറത്ത് താമര വിരിയാന്‍ അനുവദിക്കില്ലെന്ന് ലീഗ് ഏതായാലും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി പേര് വെളിപ്പെടുത്താത്ത ഏതോ വിഷവസ്തു മലപ്പുറം ജില്ലയിലെ കുളങ്ങളില്‍ തളിക്കുന്ന ജോലിയില്‍ വ്യാപൃതരാണ് പ്രദേശത്തെ ലീഗ് പ്രവര്‍ത്തകര്‍. ഇത് അകത്തുചെന്നാല്‍ താമരകിഴങ്ങ് മുഴുവനായി കരിഞ്ഞു പോകുമെന്നും പിന്നെ വളരില്ലെന്നും അവര്‍ കട്ടായം പറയുന്നു. കൊക്കകോളയോ അല്ലെങ്കില്‍ എന്‍റോസള്‍ഫാനോ ആകാം ഇതെന്ന്‍ ശാസ്ത്രമെന്തെന്നറിയാത്ത ശാസ്ത്രസാഹിത്യ പരിഷത്തിലെ ചില ഗവേഷകര്‍ സൂചിപ്പിച്ചു. കേരളം മുഴുവന്‍ താമര വിരിയിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് കുറഞ്ഞപക്ഷം മലപ്പുറത്തെങ്കിലും തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തം. സമാനമായ നീക്കം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നടത്തിയത് കൊണ്ടാണ് അവിടെ താമര വിരിയാതിരുന്നതെന്ന് കരുതുന്നു.
സിപിഎം സ്വതന്ത്രരായി മല്‍സരിച്ച് ജയിച്ച നടന്‍ ഇന്നസെന്‍റും ജോയ്സ് ജോര്‍ജും മോദിയുടെ നല്ല നടപടികളെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിരുന്നു. നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന്‍റെ പേരില്‍ ഷിബു ബേബി ജോണിനോട് വിശദീകരണം ചോദിച്ച ഉമ്മന്‍ ചാണ്ടിയും പുതിയ പ്രധാനമന്ത്രിയുമായി സഹകരിക്കുമെന്ന് അറിയിച്ചു. മോദിയുടെ ശക്തനായ വിമര്‍ശകനും ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവുമായ ശങ്കര്‍ സിംഗ് വഗേല ഒരുപടി കൂടി കടന്ന്‍ ഇനി അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് വരെ പറഞ്ഞു കളഞ്ഞു. കഴിഞ്ഞപ്രാവശ്യം സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് വാജ്പേയ് ഭരിച്ചത്. അതുകൊണ്ട് ക്ഷേത്ര നിര്‍മ്മാണത്തിലേക്ക് കടക്കാന്‍ അദ്ദേഹത്തിനായില്ല. എന്നാല്‍ ഇക്കുറി ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ളത് കൊണ്ട് മോദിക്ക് കാര്യങ്ങള്‍ എളുപ്പമാണെന്ന് പറഞ്ഞ വഗേല ഗുജറാത്ത് കലാപത്തിന്‍റെ പേരില്‍ അദ്ദേഹത്തെ തെറ്റിദ്ധരിച്ചതിന്‍റെ പേരില്‍ ഖേദവും പ്രകടിപ്പിച്ചു.
മേല്‍പറഞ്ഞവരുടെ മാത്രമല്ല, എല്‍കെ അദ്വാനി ഉള്‍പ്പടെയുള്ള വിവിധ ബിജെപി നേതാക്കളുടെ സാക്ഷി മൊഴികളും കമ്മീഷന്‍ പരിഗണിച്ചു. മോദിയുടെ കൃപ കൊണ്ടാണ് ബിജെപി ജയിച്ചതെന്നാണ് അദ്വാനി പറഞ്ഞത്. പാര്‍ട്ടി ആദ്യമായി അധികാരത്തില്‍ എത്തിയപ്പോള്‍ പോലും അദ്ദേഹം അങ്ങനെയൊരു നിരീക്ഷണം നടത്തിയിരുന്നില്ല. യു ആര്‍ അനന്ദമൂര്‍ത്തിയെ പോലുള്ള പണ്ഡിതരുടെ കുറ്റസമ്മത മൊഴിയും വിലപ്പെട്ടതാണെന്ന് യോഗം വിലയിരുത്തി. ലോക്സഭാ തിരഞ്ഞെടുപ്പിലെ മോദിയുടെ അത്ഭുത പ്രവര്‍ത്തികള്‍ക്ക് കാരണക്കാരായി പക്ഷേ മന്‍മോഹന്‍ സിംഗ്, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെയാണ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത്. ഇവരുടെ സഹായം ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ഇത്ര മികച്ച വിജയം സാധ്യമാകുമായിരുന്നില്ല എന്ന്‍ യോഗത്തില്‍ പങ്കെടുത്ത മിക്കവരും വാദിച്ചു.
രാഷ്ട്രീയ രംഗത്തുള്ള ഒരാളെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത് ലോക ചരിത്രത്തില്‍ തന്നെ ആദ്യമാണ്. മോദി ചെയ്ത അത്ഭുത പ്രവര്‍ത്തികളുമായി കൂടുതല്‍ പേര്‍ രംഗത്തെത്തുന്നതോടെ അദ്ദേഹത്തെ വിശുദ്ധനാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.
The End
[My article published in British Pathram on 24.05.2014]