ന്യൂയോര്‍ക്ക് ടൈംസും ഷറപ്പോവയും പിന്നെ പാവം മലയാളികളും

ന്യൂയോര്‍ക്ക് ടൈംസും ഷറപ്പോവയും പിന്നെ പാവം മലയാളികളും 1

അങ്ങനെ മലയാളികള്‍ വീണ്ടും കഴിവ് തെളിയിച്ചു. മംഗള്‍യാന്‍ വിജയത്തിന്‍റെ പേരില്‍ ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തുന്ന രീതിയില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക് ടൈംസ് പത്രം മാപ്പ് പറഞ്ഞു. കന്നഡ സിനിമ നിര്‍മ്മാതാക്കളെയും ടെന്നിസ് താരം മറിയ ഷറപ്പോവയെയും സോഷ്യല്‍ മീഡിയയില്‍ കൂടി മുട്ടു കുത്തിച്ച ചരിത്രമുള്ള മലയാളിക്ക് ആഗോള പത്ര ഭീമനെക്കൊണ്ട് മാപ്പ് പറയിക്കാന്‍ ഏതാനും മണിക്കൂറുകളാണ് വേണ്ടി വന്നത്. പാവം ന്യൂയോര്‍ക്ക് ടൈംസ് ! അങ്ങ് ചന്ദ്രനില്‍ പോലും ചായക്കട നടത്താന്‍ കെല്‍പ്പുള്ള മല്ലൂസിന്‍റെ കരുത്ത് അവര്‍ വൈകിയാണെങ്കിലും അറിഞ്ഞല്ലോ.

മംഗള്‍യാന്‍ വിജയത്തിന്‍റെ പേരില്‍ അമേരിക്ക, ചൈന ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങളും സാക്ഷാല്‍ നാസയും വാനോളം പുകഴ്ത്തിയ ഇന്ത്യക്കെതിരെ കഴിഞ്ഞ ദിവസമാണ് പത്രം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ വാര്‍ത്ത വായിച്ച് എലൈറ്റ് സ്പേസ് ക്ലബില്‍ ഇരിക്കുന്ന സായിപ്പന്മാരെയും പുറത്തു വാതിലില്‍ മുട്ടിവിളിക്കുന്ന ദരിദ്ര ഇന്ത്യന്‍ കര്‍ഷകനെയും അതില്‍ കാണാം. വമ്പന്മാര്‍ മാത്രമുള്ള ക്ലബ്ബില്‍ ഇന്ത്യയെ പോലൊരു മൂന്നാം ലോക രാജ്യം എത്തിയതിലുള്ള അമര്‍ഷമാണ് പത്രം കാര്‍ട്ടൂണിലൂടെ പ്രകടിപ്പിച്ചത്. അമേരിക്ക, റഷ്യ, യൂറോപ്യന്‍ ഏജന്‍സി എന്നിവരാണ് ക്ലബില്‍ നിലവിലുള്ള അംഗങ്ങള്‍. ജപ്പാന്‍, ബ്രിട്ടന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ അംഗത്വമെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ചൊവ്വ ദൌത്യത്തിന് നാസ 671 മില്ല്യണ്‍ ഡോളറാണ് ചിലവിട്ടതെങ്കില്‍ ഇന്ത്യക്കു വേണ്ടി വന്നത് വെറും 75 മില്ല്യണ്‍ ഡോളറാണ്. അതിനെക്കാള്‍ കൂടിയ മുടക്കുമുതലിലാണ് അടുത്ത കാലത്ത് ഹിറ്റായ ഗ്രാവിറ്റി എന്ന ഹോളിവുഡ് ചിത്രം പൂര്‍ത്തിയാക്കിയത് എന്നറിയുമ്പോഴാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ മികവ് വ്യക്തമാകുക. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഉള്ളവര്‍ അറിയുന്നതിന് മുമ്പേ സോഷ്യല്‍ മീഡിയ കുതുകികളായ മലയാളികള്‍ ന്യൂയോര്‍ക്ക് ടൈംസിന്‍റെ പരിസരത്ത് തടിച്ചുകൂടി. അല്ലെങ്കിലും കുറച്ചു വര്‍ഷങ്ങളായി നമ്മുടെ ഊണും ഉറക്കവുമെല്ലാം ഫേസ്ബുക്കിലാണല്ലോ. എന്തിനും ഏതിനും സ്റ്റാറ്റസ് മെസേജ്, ഫോട്ടോ ഷെയറിങ് എന്നിങ്ങനെ സക്കര്‍ബര്‍ഗിനെ അരച്ചു കലക്കി കുടിച്ച നമ്മുടെയടുത്താണ് സായിപ്പ് വന്ന്‍ തലവച്ചു കൊടുത്തത്.

ഇന്ത്യ എന്ന മിത്രത്തിനെ നിങ്ങൾക്കറിയൂ, മലയാളി എന്ന ശത്രുവിനെ നിങ്ങൾക്കറിയില്ല.” എന്നു പറഞ്ഞു തുടങ്ങിയ വായനക്കാര്‍ പിന്നീട് തലങ്ങും വിലങ്ങുമാണ് പത്രത്തെ ആക്രമിച്ചത്. മലയാളത്തിലുള്ള കമന്റുകള്‍ കൊണ്ട് ഫേസ്ബുക്ക് പോസ്റ്റുകള്‍ നിറഞ്ഞപ്പോള്‍ പേജ് അഡ്മിന്‍മാര്‍ ആദ്യം അമ്പരന്നു.

ചൊവ്വയുടെ അനന്തപദങ്ങളില്‍ ആകാശനീലിമയില്‍ മംഗല്യാന്‍ നടന്നകന്നു. ചൈനയും ബ്രിട്ടനും ബീഡി വലിച്ചു. ഭൂമിയുടെ മാറ് പിളര്‍ന്നു പെട്രോള്‍ കുടിച്ചു അമേരിക്ക. പാക്കിസ്ഥാന് കണ്ണുകടിയായിരുന്നു അന്ന്. ചന്ദ്രന്‍റെ അകാല്‍ വിളക്കുകള്‍ തെളിയുന്ന സന്ധ്യയില്‍ അവള്‍ അവനോടു ചോദിച്ചു ഇനിയും നീ ഇത് വഴി വരില്ലേ ……മേവനെയും തെളിച്ചു കൊണ്ട്എന്നിങ്ങനെ പോസ്റ്റ് ചെയ്ത മലയാളി തരാതരം പോലെ സിനിമ ഡയലോഗുകളെയും കവിതാ ശകലങ്ങളെയും എന്തിന് സാക്ഷാല്‍ പിസി ജോര്‍ജ്ജിനെ പോലും ഇടയ്ക്കു കൂട്ടുപിടിച്ചു. ദേശീയ ഗാനം ചൊല്ലാനും പാചകക്കുറിപ്പുകള്‍ പങ്കുവയ്ക്കാനും വരെ ചില വിരുതന്മാര്‍ ഇതിനിടയില്‍ സമയം കണ്ടെത്തി.

നീ ഞങ്ങളടെ മംഗൾയാനെ കുറ്റം പറഞ്ഞുഅല്ലേലും ഞങ്ങൾ വല്ലതും ഉണ്ടാക്കിയാൽ നിനക്ക് പണ്ടേ കൃമി കടിയാ.. എത്ര എത്ര ഇന്ത്യക്കാരാടാ നിന്റെ നാട്ടില്‍ നിനക്കായിട്ട് ജോലി ചെയ്യുന്നത്.. എന്നിട്ടും ഒരാളെ പോലും നീയിങ്ങൊട്ടു വിട്ടില്ലല്ലോ.. നീ വരും എന്നെങ്കിലും കോവളവും വർക്കലയും വീഗാലണ്ടും കാണാൻ.. അന്ന് നിന്നെ എൻ.എച് 47 ഇൽ ഇട്ടു പിടിച്ചോളാം.” എന്നാണ് മറ്റ് ചിലര്‍ എഴുതിയത്.

ഫേസ്ബുക്ക് എഴുത്തുകാരുടെ ഭാവനകള്‍ക്ക് അതിരില്ലായിരുന്നു. “മലയാളികള്‍ ന്യൂയോര്‍ക്ക്‌ ടൈംസിന് വിളിച്ച തെറി കേട്ട് മംഗല്യാന്‍ ചൊവ്വയില്‍ നിന്നും ആശംസകള്‍ അറിയിച്ചു.” തുടങ്ങിയ ആയിരക്കണക്കിന് എഴുത്തുകളാണ് പത്രത്തിന്‍റെ പേജില്‍ ഇടതടവില്ലാതെ പ്രത്യക്ഷപ്പെട്ടത്.

അപരിചിതമായ ഭാഷയിലുള്ള കമന്റുകള്‍ കൂടിക്കൂടി വന്നപ്പോള്‍ സ്ഥിരം വായനക്കാരില്‍ ചിലര്‍ ഗൂഗിള്‍ ട്രാന്‍സലേറ്റ് വഴി കാര്യമറിയാന്‍ ശ്രമിച്ചെങ്കിലും നിരാശപ്പെടേണ്ടി വന്നു. ഒടുവില്‍ പത്രം മാപ്പ് പറഞ്ഞെങ്കിലും ഇന്ത്യക്കാര്‍ അല്ല മലയാളികള്‍ ഇനിയും ആക്രമണം നിര്‍ത്തിയിട്ടില്ല. ഫേസ്ബുക്കിന് പുറമേ പത്രത്തിലും മാപ്പ് പറച്ചില്‍ പ്രസിദ്ധീകരിക്കണം എന്നതാണ് ആവശ്യം.

ഇപ്പൊ മനസ്സിലായില്ലെ ഒരു പ്രശ്നം വന്നാ മലയാളിയെ കാണു എന്ന്.. ഇത്രെം വലിയ പ്രശ്നം ഇവിടെ നടക്കുമ്പോ ഒരു തമിഴനോ തെലുങ്കനോ ബംഗാളിയോ ഹിന്ദിക്കാരോ തിരിഞ്ഞു നോക്കിയോ.. എന്നിട്ട് ബഡ്ജറ്റ് വരുംബൊ കേരളത്തിനു അവഗണന.. മോദി അണ്ണാ ഇങ്ങൾ ഇതൊന്നും അറിയുന്നില്ലെ…!!!?” എന്നുപറഞ്ഞു ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞു വിലപിച്ചവരും കുറവല്ല.

നേരത്തെ സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ടെന്നിസ് താരം മറിയ ഷറപ്പോവയ്ക്കെതിരെയും കടുത്ത ആക്രമണമാണ് മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി നടത്തിയത്. ഷറപ്പോവ ക്ഷമാപണം നടത്തിയില്ലെങ്കിലും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമെതിരെ എഴുതിയ കന്നഡ നിര്‍മ്മാതാക്കള്‍ക്ക് മലയാളികളുടെ സംഘടിത ശക്തിക്ക് മുന്നില്‍ മാപ്പ് പറയേണ്ടി വന്നു. സൂപ്പര്‍താരങ്ങളുടെ പ്രായത്തെ വിമര്‍ശിച്ചുകൊണ്ട് ഇട്ട പോസ്റ്റ് അവര്‍ പിന്നീട് പിന്‍വലിക്കുകയും മലയാളികളുടെ പ്രിയ താരങ്ങളെ വിമര്‍ശിക്കാന്‍ ഒരു തരത്തിലും ഉദ്ദേശിച്ചില്ലെന്ന് പ്രസ്താവന ഇറക്കുകയും ചെയ്തു.

[ My article published in British Pathram on 06.10.2014]

 

Leave a Comment

Your email address will not be published.