മക്കള്‍ അറിയാന്‍

മക്കള്‍ അറിയാന്‍ 1

 

ഞാന്‍ ഇപ്പോള്‍ ഇതൊക്കെ പറയുന്നത് മക്കളെ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണ്. ദയവായി അതില്‍ ആര്‍ക്കും ഒരു വിരോധവും തോന്നരുത്……………………..

വയസായ അച്ഛന്‍ വൃത്തിയായി ഭക്ഷണം കഴിക്കുന്നില്ലെന്നും എല്ലാം താഴെ കളയുകയാണെന്നും കഴിഞ്ഞ ദിവസം നിങ്ങള്‍ പറഞ്ഞല്ലോ (കുട്ടിക്കാലത്ത് നിങ്ങളും ഇങ്ങനെ തന്നെയായിരുന്നു. എല്ലാം ക്ഷമയോടെ നിങ്ങളെ പഠിപ്പിച്ചു തരുകയായിരുന്നു ഞങ്ങള്‍)

ഞങ്ങള്‍ മര്യാദയ്ക്ക് വസ്ത്രം ധരിക്കുന്നില്ല എന്നാണല്ലോ നിങ്ങളുടെ മറ്റൊരു പരാതി. അതുകാരണം നാണം കെടുകയാണെന്ന് മോന്‍ ഇന്നലെയും പറഞ്ഞു (മുട്ടുകാലില്‍ ഇഴയുന്ന കാലത്ത് നിങ്ങളെ ഉടുപ്പ് ഇടീക്കാന്‍ പെട്ട പാട് ഞങ്ങള്‍ക്കു മാത്രമറിയാം. ഇടുന്നതിനെക്കാള്‍ വേഗത്തില്‍ അത് അഴിച്ചു മാറ്റാനായിരുന്നു നിങ്ങള്‍ക്ക് ഉത്സാഹം)

ഞങ്ങളുടെ ഓര്‍മക്കുറവിനെക്കുറിച്ചും സംസാരിക്കുന്നതിനിടയില്‍ വാക്കുകള്‍ മുറിഞ്ഞു പോകുന്നതിനെ കുറിച്ചുമൊക്കെയാണ് പിന്നെ നിങ്ങള്‍ കുറ്റപ്പെടുത്തുന്നത് (മക്കളേ, കുട്ടിക്കാലത്ത് നിങ്ങളുടെ സ്ഥിതിയും ഇതുതന്നെയായിരുന്നു. സംസാരിക്കുന്നതിനിടയില്‍ വാക്കുകള്‍ക്ക് വേണ്ടി നിങ്ങളും പരതിയിരുന്നു. അന്ന്‍ കുറ്റപ്പെടുത്തുന്നതിന് പകരം അടുത്തത് പറയാന്‍ അച്ഛനും അമ്മയും നിങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണ് ചെയ്തത്)

ഞങ്ങള്‍ കുളിക്കുന്നില്ല, കൈ കഴുകുന്നില്ല എന്നൊക്കെ നിങ്ങള്‍ പൊതുവേ പറയാറുണ്ട്( നിങ്ങളെ കുളിപ്പിക്കുന്നതിന് വേണ്ടി ഞങ്ങള്‍ പെട്ട പാട് ! ഹോ ! നൂറു നൂറു കഥകള്‍ പറഞ്ഞാല്‍ മാത്രമേ നിങ്ങള്‍ കുളിക്കുകയും ഉറങ്ങുകയുമൊക്കെ ചെയ്തിരുന്നുള്ളൂ. ആഹാരം കഴിച്ചാല്‍ കൈ കഴുകാന്‍ കൂടി നിങ്ങള്‍ക്ക് വിഷമമായിരുന്നു)

ഞങ്ങള്‍ അറിയാതെ മല മൂത്ര വിസര്‍ജ്ജനം നടത്തുന്നതിനെ കുറിച്ചുള്ള പരാതിയും ഞങ്ങള്‍ക്കെതിരായ നിങ്ങളുടെ കുറ്റപത്രത്തിലുണ്ട് (നിങ്ങളുടെ മലവും മൂത്രവും ഈ അമ്മ എത്ര പ്രാവശ്യമാണ് കോരിയതെന്നറിയാമോ ? അതിലൊന്നും ഞങ്ങള്‍ക്ക് ഒരിയ്ക്കലും ഒരു നീരസവും തോന്നിയിട്ടില്ല. കാരണം നിങ്ങള്‍ ഞങ്ങള്‍ക്ക് അത്രക്ക് ജീവനായിരുന്നു)

ഒരേ ജോലി തന്നെ വീണ്ടും വീണ്ടും ചെയ്യുന്നു, പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു എന്നൊക്കെയുള്ള കുറ്റപ്പെടുത്തലുകള്‍ കേട്ട് എനിക്കു മടുത്തു.(ഒരേ കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും പറഞ്ഞാണ് കുട്ടിക്കാലത്ത് നിങ്ങളുടെ മനസില്‍ പതിപ്പിച്ചതെന്ന കാര്യം ഇപ്പോള്‍ മക്കള്‍ക്ക് ഓര്‍മയുണ്ടോ ? അന്ന്‍ എന്തിനും ഏതിനും രാജകുമാരിയും കുരങ്ങനും മന്ത്രവാദിയുമൊക്കെയുള്ള സ്ഥിരം കഥ തന്നെ ആവര്‍ത്തിച്ചു കേള്‍ക്കാന്‍ നിങ്ങള്‍ വാശി പിടിക്കുമായിരുന്നു)

ഞങ്ങള്‍ നിര്‍ബന്ധബുദ്ധി കാണിക്കുന്നു, പറഞ്ഞതൊന്നും അനുസരിക്കുന്നില്ല എന്നും നിങ്ങള്‍ പറയാറുണ്ട് (നിങ്ങളുടെ അവസ്ഥയും ഇത് തന്നെയായിരുന്നു. അന്ന്‍ ക്ഷമയോടെയും കരുതലോടെയും നിങ്ങളെ ഞങ്ങള്‍ പരിപാലിച്ചു. പക്ഷേ ഇപ്പോള്‍…………)

 വേറൊന്നും ഞാന്‍ ചോദിക്കുന്നില്ല. നടക്കുമ്പോള്‍ കാലിടറിയാല്‍ ഒരു കൈത്താങ്ങ്, സ്നേഹത്തോടെ ഒരു വാക്ക്, സമയമുണ്ടെങ്കില്‍ തിരക്കിടയില്‍ ഞങ്ങളോടൊപ്പം കുറച്ചു നേരം. അതുമാത്രം മതി.പണ്ട് ഞങ്ങളും അങ്ങനെയാണ് ചെയ്തത്. നടക്കുമ്പോള്‍ വീഴാതിരിക്കാന്‍ ആ കുഞ്ഞികൈകളില്‍ പിടിച്ചു നടത്തി, കൊഞ്ചിച്ചു, ജോലിത്തിരക്കിനിടയിലും നിങ്ങളുടെ കൂടെ കളിച്ചു.

ഇനി എന്താണ് പറയേണ്ടതെന്ന് അമ്മക്കറിയില്ല. ഇന്നലെ പറഞ്ഞത് പോലെ വൃദ്ധസദനത്തിന്‍റെ കാര്യം മാത്രം ഇനി പറയരുത്. അത് കേള്‍ക്കാനുള്ള ശക്തി ഈ അമ്മക്കില്ല.

മരണം വരെ എന്‍റെ ഈ മക്കള്‍ കണ്‍വെട്ടത്ത് ഉണ്ടാകണമെന്നാണ് ആഗ്രഹം. പണമോ പത്രാസോ ഒന്നും എനിക്കു വേണ്ട. ഈ വലിയ വീടിന്‍റെ ഏതെങ്കിലും ഒരു മൂലയില്‍ നിങ്ങള്‍ തരുന്നതും കഴിച്ച് ഞാന്‍ കഴിഞ്ഞോളാം.

അച്ഛന്‍ ഇന്നലെ പോയത് അസുഖം കാരണമല്ല, മക്കളുടെ അവഗണന കണ്ട് വിഷമിച്ചാണ്. മക്കള്‍ക്ക് ഭാരമാകണ്ട എന്നു പാവം കരുതിയിട്ടുണ്ടാവും. മോന്‍ സ്നേഹത്തോടെ അച്ഛനോട് ഒരു വാക്ക് പറഞ്ഞിട്ട് ആഴ്ചകളായെന്ന്‍ ഈ അമ്മക്ക് തന്നെ അറിയാമല്ലോ. സത്യത്തില്‍ നിങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ രണ്ടുപേരും ഇത്ര നാള്‍ ജീവിച്ചത്. പോട്ടെ, എന്നാലും സാരമില്ല. എന്‍റെ മക്കളല്ലെ ? എനിക്കൊരു പരാതിയുമില്ല…………..

ഒരു കാര്യം കൂടി ഓര്‍മിപ്പിച്ച് അമ്മ നിര്‍ത്തട്ടെ. അമ്മയുടെ മരുന്ന്‍ തീര്‍ന്നെന്ന് മോനോട് ഇതിന് മുമ്പ് പലപ്രാവശ്യം പറഞ്ഞതാണ്. തിരക്കു കാരണമായിരിക്കാം മറന്നത്. ഇപ്പോ കുറച്ചു ദിവസമായിട്ട് അമ്മക്ക് ദേഹമാസകലം വേദനയും പരവേശവുമാണ്. ശ്വാസം മുട്ടലുമുണ്ട്. ജീവിക്കാനുള്ള കൊതി കൊണ്ടല്ല. അല്ല കൊതി കൊണ്ടാണ്. എന്‍റെ മക്കളെയും മക്കളുടെ മക്കളെയും കണ്ട് ഈ അമ്മക്ക് ഇനിയും കൊതി മാറിയിട്ടില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് ആ മരുന്നുകളൊക്കെ ഒന്നു എത്തിച്ചു തന്നാല്‍ ഉപകാരമായിരിക്കും.

[കടപ്പാട് : ഒരു ഹോസ്പിറ്റലില്‍ കണ്ട ബോര്‍ഡ്]

Leave a Comment

Your email address will not be published. Required fields are marked *