ഒളിച്ചോടിപ്പോയ മകനെ തേടിയുള്ള ഒരു അമ്മയുടെ വിലാപമാണ് ഡല്‍ഹിയുടെ അകത്തളങ്ങളില്‍ ഇപ്പോള്‍ മുഴങ്ങുന്നത്. രാഹുല്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ നിന്ന് കാണാതെ പോയ ഒരു അഞ്ചു വയസുകാരന്റെ മുഖമാകും ഏവരുടെയും മനസ്സില്‍ തെളിയുന്നത്. എന്നാല്‍ നമ്മുടെ നായകന് ഡല്‍ഹിക്കാരനാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ആരോടും പറയാതെ പയ്യന് എങ്ങോട്ടാണ് പോയതെന്നോ എന്തിനാണ് പോയതെന്നോ ഇപ്പൊഴും ആര്‍ക്കും വ്യക്തതയില്ല. മകന്റെ വരവും കാത്ത് ഒരമ്മ കണ്ണിലെണ്ണയും ഒഴിച്ച് നമ്പര്‍ 10 ജന്‍പഥിന്റെ പൂമുഖത്ത് കാത്തിരിക്കുകയാണെന്ന് മാത്രം അറിയാം.
‘മാഡം‘ എന്ന് എല്ലാവരും വിളിക്കുന്ന ആ മാതാശ്രീയുടെ ദു:ഖം മറ്റ് നേതാക്കളും പ്രവര്‍ത്തകരും ആരാധകരും ഏറ്റെടുക്കാന്‍ ഒട്ടും താമസിച്ചില്ല. അറിയാവുന്ന ക്ഷേത്രങ്ങളിലെല്ലാം അവര്‍ വഴിപാടുകള്‍ നേര്‍ന്നു. ഉമ്മന്‍ ചാണ്ടിയെ പോലുള്ളവര്‍ പിസി ജോര്‍ജ്ജിനെയും എടുത്ത് മലയാറ്റൂര്‍ മല കേറാമെന്നും നേര്‍ന്നതായി കേള്‍ക്കുന്നു. ഏതായാലും അവരുടെയെല്ലാം പ്രാര്‍ഥനകളുടെ ഫലമായി വരുന്ന അഞ്ചു ദിവസത്തിനകം രാഹുല്‍ മടങ്ങിയെത്തുമെന്ന അരുളപ്പാടും ചാനല്‍ മുറികളില്‍ നിന്ന് പ്രചരിക്കുന്നു. രാഹുല്‍ ശക്തനാകാന്‍ വേണ്ടിയാണ് പോയതെന്നും ശക്തനായി തന്നെ തിരിച്ചുവരുമെന്നും കോണ്‍ഗ്രസ്സിന്റെ ആസ്ഥാന ഗുരു അന്തോണിച്ചന് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. ‘ഐ‘ സിനിമയിലെ വിക്രമിനെ പോലെയാണോ ശക്തനാകുന്നതെന്ന്വരും ദിവസങ്ങളിലേ വ്യക്തമാകൂ.
നീണ്ട പത്തു വര്‍ഷത്തെ മൌനം ഭഞ്ജിച്ച് ഗുരു പ്രവചിച്ചത് വെറുതെയാവില്ലെന്ന് വിശ്വസിക്കാനാണ് രാഹുല്‍ അനുയായികള്ക്കിഷ്ടം. തങ്ങളുടെ നേതാവ് മടങ്ങി വന്നാല്‍ ഒരു കൊടുങ്കാറ്റായി വീശുമെന്നും അതിന്റെ ശക്തിയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിലംപതിക്കുമെന്നും അവര്‍ പറയുന്നു. എന്നാല്‍ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ വേദനയില്‍ നാടുവിട്ടുപോയ സ്കൂള്‍ കുട്ടിയുടെ അവസ്ഥയിലാണ് കോണ്‍ഗ്രസ്സിന്റെ അമരക്കാരനെന്നാണ് എതിരാളികള്‍ കളിയാക്കുന്നത്. ഡല്‍ഹിയില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ നാണക്കേട് സഹിക്കാനാവാതെയാണ് രാഹുല്‍ നാടു വിട്ടതെന്നും എന്റെ ഒളിച്ചോട്ടത്തിന് അരവിന്ദ് കേജ്രിവാള് മാത്രമാണ് ഉത്തരവാദിയെന്ന് അദ്ദേഹം കത്ത് എഴുതിവച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു.
രാഹുല്‍ കുമരകത്ത് ഉണ്ടെന്ന സംശയത്തില്‍ ചിലര്‍ പ്രദേശത്തെ ഹോട്ടലുകള്‍ മുഴുവന്‍ അരിച്ചു പെറുക്കിയെങ്കിലും നിരാശപ്പെടേണ്ടി വന്നു. മാണിയെ പേടിച്ച് ഒളിച്ചു കഴിയുന്ന ചില ബാര്‍ മുതലാളിമാരെ മാത്രമാണ് അവിടെ കണ്ടെത്തിയത്. ഒരു ഉന്നത തല മാധ്യമ സംഘം രാജ്യത്തിനകത്തും പുറത്തുമുള്ള സുഖവാസ കേന്ദ്രങ്ങള്‍ മുഴുവന്‍ പരിശോധിച്ചെങ്കിലും നെഹ്രു കുടുംബത്തിലെ ഇളമുറക്കാരനെ കണ്ടെത്തിയില്ല. കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിന്ന് രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലേക്ക് പുറപ്പെട്ട പര്യവേഷകരുടെ കൂട്ടത്തില്‍ ഒരു പക്ഷേ രാഹുലും ഉണ്ടായിരിക്കാം എന്ന സംശയം ചിലര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. രാഹുലിന്റെ തിരോധാനം പോലെ ദുരൂഹമായ രീതിയിലാണ് മാസങ്ങള്‍ക്ക് മുമ്പ് മലേഷ്യന്‍ എയര്‍ലെന്‍സിന്റെ ബോയിങ് വിമാനവും കാണാതായത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ മടങ്ങിവരവോടെ പ്രസ്തുത സംഭവത്തിനും തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.
അമ്മയുമായി കലഹിച്ചാണ് രാഹുല്‍ പോയതെന്ന് വിശ്വസിക്കുന്നവരും കുറവല്ല. അമ്മയില്‍ നിന്ന് കൂടുതല്‍ സ്വാതന്ത്യം ആവശ്യപ്പെട്ടാണ് അദ്ദേഹം പോയതെന്നും തിരിച്ചുവരുന്നത് അവകാശങ്ങള്‍ നേടിയെടുത്തതിന് ശേഷമായിരിക്കുമെന്നും അവര്‍ പറയുന്നു. അടുത്ത മാസം നടക്കുന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേല്‍ക്കുമെന്നും പ്രിയങ്ക ജനറല്‍ സെക്രട്ടറിയാകുമെന്നുമൊക്കെയുള്ള ശ്രുതികളും പരക്കുന്നുണ്ട്. രാഹുലിന്റെ എതിര്‍പ്പ് മറികടന്നാണ് പ്രിയങ്കയെ പാര്‍ട്ടിയില്‍ അവരോധിക്കുന്നതെന്ന് ചില നിരൂപകര്‍ എഴുതിയിരുന്നു. ഇപ്പോഴത്തെ പ്രതിഷേധവുമായി അതിനു ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.
————————————————————————-
ഇത് നിരോധനങ്ങളുടെ കാലമാണ്. മദ്യ നിരോധനവുമായി കേരളമാണ് എല്ലാത്തിനും തുടക്കമിട്ടത്. ഫ്ലെക്സ് നിരോധനം തൊട്ടു പിന്നാലെയുണ്ടായി. ഒരു ഇടവേളയ്ക്ക് ശേഷം മഹാരാഷ്ടയിലാണ് നിരോധനം എന്ന വാക്ക് പ്രത്യക്ഷപ്പെട്ടത്. ബീഫ് ആണ് ഇക്കുറി പട്ടികയില്‍ ഇടം പിടിച്ചത്. കേന്ദ്രവും വെറുതെയിരുന്നില്ല. ബിബിസിയുടെ വിവാദ വീഡിയോ കയ്യോടെ നിരോധിച്ചു. പക്ഷേ അതിനു കേരളത്തിലെ മദ്യ നിരോധനത്തിന്റെ അവസ്ഥയാണ് ഉണ്ടായതെന്ന് മാത്രം. ബിബിസി കേട്ട ഭാവം കാണിച്ചില്ല. വീഡിയോ ഇന്ത്യ ഒഴിച്ച് എല്ലാ രാജ്യങ്ങളിലും ഇന്റര്‍നെറ്റിലും സംപ്രേക്ഷണം ചെയ്തു.
മഹാരാഷ്ടയിലെ നിരോധനത്തിന്റെ ചുവടു പിടിച്ച് കുഞ്ഞാപ്പ കേരളത്തില്‍ പോര്‍ക്ക് നിരോധനം ആവശ്യപ്പെടുമോ എന്നേ ഇനി അറിയാനുള്ളൂ. നിരോധനം പണ്ടേ യുഡിഎഫിന്റെ ഇഷ്ട വിഷയമാണല്ലോ.
[My article published in British Pathram on 06.03.2015]