സേതുരാമയ്യര്‍ അന്വേഷിക്കേണ്ട മൂന്നു കേസുകള്‍

  2. സിസ്റ്റര്‍ അഭയയുടെ മരണം

സേതുരാമയ്യര്‍ അന്വേഷിക്കേണ്ട മൂന്നു കേസുകള്‍ 1

1992 മാര്‍ച്ച് 24നു പുലര്‍ച്ചെയാണ് സിസ്റ്റര്‍ അഭയയെ താമസസ്ഥലമായ കോട്ടയത്തെ കോണ്‍വെന്‍റില്‍ നിന്നു കാണാതായത്. സംഭവ ദിവസം പരീക്ഷയായതുകൊണ്ട് അവര്‍ 4 മണിക്ക് എഴുന്നേല്‍ക്കുകയും തുടര്‍ന്നു വെള്ളം കുടിക്കാനായി അടുക്കളയിലേക്ക് പോകുകയുമായിരുന്നുവെന്ന് പറയപ്പെടുന്നു. ഏതായാലും പിന്നീട് ആരും അവരെ കണ്ടിട്ടില്ല. രാവിലെ ഉറക്കമുണര്‍ന്ന മറ്റ് അന്തേവാസികള്‍ ഫ്രിഡ്ജ് തുറന്നു കിടക്കുന്നതാണ് കണ്ടത്. അവിടെ പിടിവലി നടന്നതായി സംശയിക്കുന്ന വിധം വെള്ളം നിറച്ച ഒരു കുപ്പി നിലത്ത് കിടന്നിരുന്നു. ആരുടേതെന്ന് തിരിച്ചറിയാനാവാത്ത ജോഡി ചെരിപ്പുകളില്‍ ഒന്ന്‍ ഫ്രിഡ്ജിനടുത്തു നിന്നും രണ്ടാമത്തേത് ഹോസ്റ്റലിലെ മതില്‍ക്കെട്ടിനടുത്തു നിന്നും പിന്നീട് കണ്ടെത്തി. അഭയയുടെ മൃതദേഹം കോണ്‍വെന്‍റ് വളപ്പിലെ കിണറ്റില്‍ നിന്നാണ് കിട്ടിയത്.

ശരീരത്തില്‍ അങ്ങിങ്ങായി മുറിവുണ്ടായിരുന്നെങ്കിലും മരണകാരണം വെള്ളത്തില്‍ മുങ്ങിയതാണെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. തുടക്കം മുതലേ വിവാദ കോളങ്ങളില്‍ നിറഞ്ഞ അഭയയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് ഒടുവിലെത്തിയത്. ക്രൈംബ്രാഞ്ച് നിര്‍ണ്ണായകമായ പല തെളിവുകളും നശിപ്പിച്ചെന്ന ആരോപണം ആദ്യം ആക്ഷന്‍ കൌണ്‍സിലും പിന്നീട് കേസന്വേഷിച്ച സിബിഐയും ഉയര്‍ത്തി. മരണകാരണം മാത്രം പരിഗണിച്ച അന്വേഷണ സംഘം പക്ഷേ സാഹചര്യ തെളിവുകളും അനുബന്ധ ഘടകങ്ങളും അവഗണിച്ചു.

1993 മാര്‍ച്ചില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തു. അനവധി സംഭവ പരമ്പരകള്‍ക്കൊടുവില്‍ 1998ല്‍ സിസ്റ്റര്‍ അഭയയുടേത് കൊലപാതകമായിരുന്നെന്ന് സമ്മതിച്ച സിബിഐ പക്ഷേ തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടതിനാല്‍ കേസ് എഴുതിത്തള്ളാന്‍ അനുവദിക്കണമെന്ന വിചിത്രമായ ആവശ്യവും കോടതി മുമ്പാകെ ഉന്നയിച്ചു. ആവശ്യം തള്ളിയ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു.

സംഭവ ദിവസം പുലര്‍ച്ചെ അടുക്കളയിലെത്തിയ അഭയ രണ്ടു പുരോഹിതന്മാരെയും ഒരു കന്യാസ്ത്രീയെയും കാണാന്‍ പാടില്ലാത്ത അവസ്ഥയില്‍ കണ്ടെന്നും അതാണ് അവരുടെ കൊലപാതകത്തിലേക്ക് വഴിതെളിച്ചതെന്നുമുള്ള വാദഗതിയാണ് അന്വേഷണത്തിന്‍റെ തുടക്കം മുതലേ വ്യാപകമായി ഉയര്‍ന്നത്. സത്യം എന്തു തന്നെയായാലും കൊല്ലപ്പെട്ട് രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോഴും സിസ്റ്റര്‍ അഭയയുടെ മരണം ഇന്നും ഒരു പ്രഹേളികയായി തന്നെ തുടരുന്നു.

  3. രാഹുലിന്‍റെ തിരോധാനം

 സേതുരാമയ്യര്‍ അന്വേഷിക്കേണ്ട മൂന്നു കേസുകള്‍ 2

2005 മെയ് 18നാണ് ആലപ്പുഴയിലെ വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന രാഹുലിനെ കാണാതായത്. അന്ന്‍ ഏഴു വയസായിരുന്നു പ്രായം.

ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. സംഭവ ദിവസം മൈതാനത്ത് കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന രാഹുല്‍ അടുത്തുള്ള പൊതു ടാപ്പില്‍ നിന്ന്‍ വെള്ളം കുടിക്കാനായി പോയി. അവിടെ വച്ച് രാഹുല്‍ ഒരു മദ്ധ്യ വയസ്കനുമായി സംസാരിച്ചു കൊണ്ടു നില്‍ക്കുന്നതാണ് കൂട്ടുകാര്‍ അവസാനമായി കണ്ടത്. അതിനിടയില്‍ അവന്‍ എറിഞ്ഞു കൊടുത്ത ബാറ്റ് ഉപയോഗിച്ച് കളി തുടര്‍ന്ന അവര്‍ ഏറെ കഴിഞ്ഞാണ് രാഹുല്‍ കൂടെയില്ലെന്ന് തിരിച്ചറിഞ്ഞത്.

സിബിഐ അന്വേഷണം തുടക്കത്തില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയെങ്കിലും രാഹുലിനെ കണ്ടെത്താന്‍ സാധിക്കാത്തതു കൊണ്ട് അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയാണ് സംഘം ഏറ്റവുമൊടുവില്‍ ബഹുമാനപ്പെട്ട ഹൈക്കോടതിക്ക് മുമ്പാകെ വച്ചത്.

രാജ്യത്തെ കുറ്റാന്വേഷണ സംഘടനകള്‍ പരാജയപ്പെട്ട കേസുകളുടെ പട്ടിക ഇവിടെ തീരുന്നില്ല. സുകുമാരക്കുറുപ്പിനെ പോലുള്ളവര്‍ നിയമസംവിധാനത്തിനെയാകെ കബളിപ്പിച്ചുകൊണ്ട് ജീവിക്കുകയോ മരണപ്പെടുകയോ ചെയ്തിരിക്കുന്നു. കുറ്റവാളികള്‍ സമര്‍ത്ഥന്‍മാരാണെന്ന വാദഗതികള്‍ ഉയരുമ്പോള്‍ തന്നെ കുറ്റാന്വേഷകര്‍ അതിനെക്കാള്‍ സാങ്കേതിക തികവോടെയും പ്രാഗത്ഭ്യത്തോടെയും വേണം കാര്യങ്ങളെ സമീപിക്കേണ്ടതെന്ന വസ്തുതയാണ് ഇത്തരം സംഭവങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നത്. രാഷ്ട്രീയ- ജാതി മത സമവാക്യങ്ങളെ അതിജീവിക്കാനുള്ള അധികാരം നമ്മുടെ നീതിന്യായ കോടതികളും ബ്യൂറോക്കസിയും മുന്‍കയ്യെടുത്ത് അവര്‍ക്ക് നല്‍കുകയും വേണം.  അല്ലെങ്കില്‍ ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന നമ്മുടെ നിയമസംഹിതയുടെ ആപ്ത വാക്യത്തിലെ ആദ്യ ഭാഗം മാത്രം അന്വര്‍ഥമാകും. കുറ്റവാളികള്‍ രക്ഷപ്പെട്ടുകൊണ്ടേയിരിക്കും.

ആദ്യ ഭാഗം വായിക്കാം

Leave a Comment

Your email address will not be published.