മകനേ, നിനക്കു വേണ്ടി ഒരു കത്ത്

 

To

Mr.ഷറീഫ് അഹമ്മദ്,

സെല്‍ നമ്പര്‍—-

സബ് ജയില്‍,

പീരുമേട്

മകനേ, നിനക്കു വേണ്ടി ഒരു കത്ത് 1

‘പ്രിയപ്പെട്ട’ ഷറീഫിന്,

 

താങ്കള്‍ക്ക് അവിടെ സുഖമാണോ ?പുതിയ സാഹചര്യങ്ങളുമായും ജയിലിലെ അന്തരീക്ഷവുമായും താങ്കള്‍  ഇതിനകം ഇഴുകി ചേര്‍ന്നിട്ടുണ്ടാകും എന്നു കരുതുന്നു.

പത്രത്തില്‍ വാര്‍ത്ത കണ്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ആദ്യം വിശ്വസിച്ചില്ല. ഞാന്‍ പരിചയപ്പെട്ട ഷറീഫിന് ഇത്രയ്ക്ക് ക്രൂരനാകാന്‍ കഴിയുമോ എന്നു ഒരുവേള ഞാന്‍ സംശയിച്ചു. ലോകത്തൊരു പിതാവും തന്‍റെ കുഞ്ഞിനോട് ചെയ്യാത്ത മഹാപാതകമാണ് താങ്കള്‍ കുറച്ചു നാളുകളായി ആ മകനോട് ചെയ്തു കൊണ്ടിരുന്നത് എന്നോര്‍ത്തപ്പോള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ എന്‍റെ ഉറക്കം നഷ്ടപ്പെട്ടു.  അപ്പോള്‍ തോന്നിയ ചില ചിന്തകളാണ് ഇങ്ങനെയൊരു കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. അമ്മയായില്ലെങ്കിലും ഒരു കുഞ്ഞിന്‍റെ വേദന എനിക്കു നല്ലത് പോലെ മനസിലാകും. 

ക്ഷമിക്കണം.ഞാന്‍ ഇനിയും എന്നെ പരിചയപ്പെടുത്തിയില്ലല്ലോ. എന്‍റെ പേര് സൈനബ. താങ്കളുടെ നാട്ടുകാരി. അഥവാ താങ്കളുടെ മകന്‍ ഷമീറിനെ പ്രസവിച്ച സെന്‍റ് ജോണ്‍സ് ആശുപത്രിയിലെ ഇപ്പോഴത്തെ ഹെഡ് നഴ്സ്. ഒന്നു കൂടി വിശദമാക്കിയാല്‍, വയസ് അമ്പത് കഴിഞ്ഞെങ്കിലും ഇതുവരെ അമ്മയാകാന്‍ കഴിയാത്ത, എന്നാല്‍ ഒരുപാട് പ്രസവങ്ങളെടുത്ത നഴ്സമ്മ, എന്നു നാട്ടുകാരില്‍ ചിലര്‍ വിളിക്കുന്ന ഹതഭാഗ്യ.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകാംക്ഷയും പിരിമുറക്കവും നിറഞ്ഞ മുഖവുമായി ഓപ്പറേഷന്‍ തിയറ്ററിന് പുറത്ത് ആശുപത്രി വരാന്തയില്‍ നിന്ന താങ്കളുടെ ചിത്രം ഇപ്പൊഴും എന്‍റെ മനസിലുണ്ട്. ഭാര്യയുടെ പ്രസവത്തെക്കുറിച്ചും കുഞ്ഞിന്‍റെ ആരോഗ്യത്തെകുറിച്ചുമൊക്കെ അറിയാന്‍ അന്ന്‍ പലവട്ടം താങ്കള്‍ എന്‍റെ അടുത്തുവന്നു. കുഞ്ഞിക്കണ്ണുകളും പഞ്ഞിക്കെട്ട് പോലുള്ള ശരീരവുമായി പിറന്നുവീണ കുഞ്ഞു ഷമീറിനെ താങ്കളുടെ വിറയ്ക്കുന്ന കൈകളിലേക്ക് വെച്ചുതന്നത് ഈ ഞാനാണ്. പക്ഷേ കൊലക്കത്തിക്ക് താഴെയാണ് അവനെ വെച്ചുകൊടുത്തതെന്ന് സത്യത്തില്‍ അന്ന് ഞാനറിഞ്ഞില്ല. ലോകം പിടിച്ചടക്കിയ ആഹ്ലാദത്തില്‍ നിന്ന താങ്കളുടെ നിറഞ്ഞ കണ്ണുകള്‍ ഇന്നും വളരെ വ്യക്തമായി ഞാനോര്‍ക്കുന്നു.

പിന്നീടെപ്പോഴോ ജമീലയെ കണ്ടപ്പോള്‍ താങ്കളുമായുള്ള ബന്ധം പിരിഞ്ഞെന്ന് അവര്‍ പറഞ്ഞെങ്കിലും അതിന്‍റെ ശിക്ഷ ആ കുരുന്ന്‍ അനുഭവിക്കുമെന്ന് സ്വപ്നത്തില്‍ പോലും ഞാനോര്‍ത്തില്ല. അറിഞ്ഞിരുന്നെങ്കില്‍ എന്തു വില കൊടുത്തും ഞാന്‍ അത് തടയുമായിരുന്നു.

നിങ്ങള്‍ക്കറിയാമോ കഴിഞ്ഞ ഇരുപത്താറ് വര്‍ഷമായി ഒരു കുഞ്ഞിക്കാലിനായി ഞാനും ഭര്‍ത്താവും കാണാത്ത ഡോക്ടര്‍മാരില്ല. ഇതിനായി മാത്രം കോയമ്പത്തൂരില്‍ പോലും പോയിട്ടുണ്ട്, പല വട്ടം. അപ്പോഴാണ് കിട്ടിയ ഭാഗ്യത്തെ നിങ്ങള്‍ തല്ലിക്കെടുത്താന്‍ നോക്കിയത്. തീവ്രവാദികള്‍ പോലും തോല്‍ക്കുന്ന കൊടിയ പീഡനമുറകള്‍ ആ കുരുന്നിന്‍റെ മേല്‍ പരീക്ഷിച്ച നിങ്ങളെ അടക്കാനാവാത്ത ഈ വേദനയ്ക്കിടയിലും ഞാന്‍ പ്രത്യേകം സ്മരിക്കുന്നു. ഈ കത്തില്‍ പൊഴിഞ്ഞുവീഴുന്ന എന്‍റെ ഓരോ കണ്ണുനീര്‍ തുള്ളികളും അതിനു സാക്ഷിയാണ്.

ഷമീറിന്‍റെ ജീവന് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് അത്യാഹിത വിഭാഗത്തിന് മുന്നിലും പുറത്ത് ആശുപത്രിവരാന്തയിലും കൂടിനില്‍ക്കുന്നവരുടെ ഹൃദയമിടിപ്പിന്‍റെ ശബ്ദം ഇപ്പോള്‍ എനിക്കു കേള്‍ക്കാം. അതില്‍ ഹിന്ദുവും ക്രൈസ്തവനും മുസ്ലിമുമുണ്ട്. ഒരു ആയുസ്സിന്‍റെ പീഡനം ഇപ്പോള്‍ തന്നെ ഏറ്റുവാങ്ങിയ ഒരു കുഞ്ഞിന് വേണ്ടി അറിയാവുന്ന ദൈവങ്ങളോടെല്ലാം പ്രാര്‍ഥിക്കുകയാണ് അവര്‍.. പക്ഷേ അങ്ങനെയൊരു ആഗ്രഹം നിങ്ങളുടെ മനസിന്‍റെ ഒരു കോണിലും ഉണ്ടാവില്ല എന്ന്‍ എനിക്കു നന്നായറിയാം. അതുകൊണ്ട് ശിക്ഷ കഴിഞ്ഞ് പുറത്തുവന്നാലും നിങ്ങള്‍ ഈ മകനെ തേടി വരരുത്. ഇത് ഒരമ്മയുടെ ആജ്ഞയാണ്.

നാല് വര്‍ഷം മുമ്പ്, ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന്‍ പൊക്കിള്‍ക്കൊടി അറുത്തുമാറ്റിയ ആ പിഞ്ചു കുഞ്ഞിനെ ആദ്യം ഏറ്റുവാങ്ങിയത് എന്‍റെ ഈ കൈകളാണ്. എന്‍റെ ഈ മുഖത്തേക്കാണ് ആ കുഞ്ഞിക്കണ്ണുകള്‍ തുറന്ന്‍ അവന്‍ ആദ്യമായി നോക്കിയത്. ആ അര്‍ഥത്തില്‍ ഞാനും ഒരമ്മയാണ്. ഗര്‍ഭം ധരിക്കാതെ കര്‍മ്മം കൊണ്ട് അമ്മയാകാന്‍ വിധിക്കപ്പെട്ടവള്‍.

അമ്മയുടെ ആജ്ഞയ്ക്ക് ഈ ലോകത്തില്‍ മറ്റെന്തിനെക്കാളും പതിന്‍മടങ്ങ് ശക്തിയുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലോടെ, ഇനി ഒരിയ്ക്കലും ഈ മുഖം കാണേണ്ടി വരില്ലെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു. 

 

                                                           എന്ന്‍

                                                           സൈനബ

                                                                                                                                                                                                        (ഒപ്പ്)

                                              

 From

Mrs. സൈനബ റാവുത്തര്‍

ഹെഡ് നഴ്സ്,

സെന്‍റ് ജോണ്‍സ് ഹോസ്പിറ്റല്‍,

കട്ടപ്പന

 

Leave a Comment

Your email address will not be published. Required fields are marked *