മോഹന്‍ലാല്‍ എന്ന തടവുപുള്ളിയുടെ ചിന്തകള്‍

മോഹന്‍ലാല്‍ എന്ന തടവുപുള്ളിയുടെ ചിന്തകള്‍ 1

മോഹന്‍ലാല്‍ ഒരു തടവുപുള്ളിയാണ്, സിനിമയിലല്ല ജീവിതത്തില്‍. പക്ഷേ ഹൈടെക്കുകളുടെയും സയന്‍സ് ഫിക്ഷനുകളുടെയും കാലമായതുകൊണ്ട് ജയിലഴികള്‍ നമുക്ക് കാണാന്‍ സാധിക്കില്ലെന്ന് മാത്രം. കൃഷ് എന്ന സിനിമയില്‍ ഹൃതിക് റോഷന്‍റെ ശാസ്ത്രഞ്ജനായ കഥാപാത്രത്തെ വില്ലന്‍ ബന്ധനസ്ഥനാക്കിയ വിധം ഓര്‍ക്കുക. അതുപോലെ പ്രതികരിക്കാനാവാതെ, ഒന്നു ചലിക്കാന്‍ പോലുമാവാതെ ലാലും ബന്ധനസ്ഥനായിട്ട് നാളുകളേറെയായി. തങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായി എന്തെങ്കിലും പറയാനോ പ്രവര്‍ത്തിക്കാനോ ശ്രമിച്ചാല്‍ ലെഫ്റ്റനന്‍റ് കേണല്‍ പദവി തിരിച്ചെടുക്കണം എന്ന ആവശ്യമുന്നയിച്ചാകും എതിരാളികള്‍ അദ്ദേഹത്തെ നേരിടുക.

ടിപി വധത്തെ കുറിച്ചും പിന്നീട് സഞ്ജയ് ദത്തിനെ കുറിച്ചും മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് പോസ്റ്റുകള്‍ ഏറെ വിവാദമായിരുന്നു.  മാനസിക പരിവര്‍ത്തനം വന്ന ദത്തിനെ ശിക്ഷിക്കരുതെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെട്ടത് പലരെയും ചൊടിപ്പിച്ചു. രാജ്യദ്രോഹിയായ ഒരാളെ പിന്തുണച്ച നടന്‍റെ ലെഫ്റ്റനന്‍റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്നു വരെ ആവശ്യമുയര്‍ന്നു. സമാനമായ ആവശ്യം ഉന്നയിച്ച രജനികാന്തിനെ എല്ലാവരും വെറുതെ വിട്ടെങ്കിലും ലാലിന് സോഷ്യല്‍ മീഡിയയില്‍ നിന്ന്‍ വ്യാപക വിമര്‍ശനങ്ങളെയാണ് നേരിടേണ്ടി വന്നത്. മദനിയുടെ കാര്യത്തിലും മുല്ലപ്പെരിയാര്‍ പ്രശ്നത്തിലും ഇടപെടാത്ത ആള്‍ ഒരു കുറ്റവാളിയെ രക്ഷിക്കാന്‍ രംഗത്തു വന്നിരിക്കുന്നു എന്നുവരെ ചിലര്‍ താരത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ എഴുതി.

ഇന്‍കം ടാക്സ് റെയ്ഡിന്‍റെ സമയത്ത് പ്രതിരോധ മന്ത്രി എകെ ആന്‍റണിക്കു കത്തെഴുതികൊണ്ട് സുകുമാര്‍ അഴിക്കോടാണ് മോഹന്‍ലാലിന്‍റെ ലെഫ്റ്റനന്‍റ് കേണല്‍ പദവിയ്ക്കെതിരെയുള്ള യുദ്ധത്തിന് തുടക്കം കുറിച്ചത്. പിന്നീട് വിവിധ സന്ദര്‍ഭങ്ങളില്‍ പലരും സമാനമായ ആവശ്യം ഉന്നയിച്ചു. ക്രമേണ മോഹന്‍ലാല്‍ വായ് തുറന്നാല്‍ പദവി തിരിച്ചെടുക്കാന്‍ ആവശ്യപ്പെടുന്നത് കേരളക്കരയില്‍ ഒരു കീഴ്വഴക്കമായി മാറി. ക്രിക്കറ്റ് കോഴ വിവാദത്തില്‍ കുടുങ്ങിയപ്പോള്‍ പോലും കപില്‍ ദേവിന് ഇത്രയും എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടില്ല. അദ്ദേഹത്തിന്‍റെ ലെഫ്റ്റനന്‍റ് കേണല്‍ സ്ഥാനം തിരിച്ചെടുക്കണമെന്ന് ആര്‍ക്കും തോന്നിയതുമില്ല.

ആനക്കൊമ്പ് കേസ് വന്നപ്പോഴും മലബാര്‍ ഗോള്‍ഡ് സ്വര്‍ണ്ണ കടത്തില്‍ കുടുങ്ങിയപ്പോഴും പലരും നടന്‍റെ കേണല്‍ പദവിയെയാണ് ഉന്നം വച്ചത്. മദ്യ കമ്പനിയുടെ പരസ്യത്തില്‍ പണ്ട് അഭിനയിച്ചതിന്‍റെ ക്ഷീണം ഇനിയും വിട്ടുമാറാത്ത അദ്ദേഹം അടുത്ത കാലത്ത് മാതാ അമൃതാനന്ദമയിയെ പിന്തുണച്ച് സംസാരിച്ചതിന്‍റെ പേരിലും വിവാദത്തിലായി.

കഴിഞ്ഞ ആഴ്ച ചാലക്കുടിയിലെ സ്ഥാനാര്‍ഥി കൂടിയായ സുഹൃത്ത് ഇന്നസെന്‍റിനൊപ്പം ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തതിന്‍റെ പേരിലും ലാല്‍ പഴി കേട്ടു. സംഭവത്തിന്‍റെ പേരില്‍ ആനക്കൊമ്പ് കേസന്വേഷണം ത്വരിതപ്പെടുത്തണമെന്നു വരെ ചില കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന്‍ ആവശ്യമുയര്‍ന്നു. കുറ്റം ചെയ്താല്‍ അത് എത്ര വലിയവനായാലും ശിക്ഷിക്കപ്പെടണം. നിയമവും നീതിയും പണക്കാരനും പാവപ്പെട്ടവനും ഒരു പോലെയാകുന്നതാണ് ജനാധിപത്യത്തിന്‍റെ വിജയം. പക്ഷേ അത് നടപ്പാക്കുന്നത് ഏതെങ്കിലും അഭിപ്രായം പറഞ്ഞതിന്‍റെ പേരിലാവരുതെന്ന്‍ മാത്രം.

രജനീകാന്തിനെ പോലുള്ള പ്രബുദ്ധരായ മറുനാടന്‍ കലാകാരന്‍മാര്‍ക്കും പിസി ജോര്‍ജ്ജിനെ പോലുള്ള വിവാദകേസരികള്‍ക്കും എന്തും പറയാം, പ്രവര്‍ത്തിക്കാം. എന്നാല്‍ നമ്മുടെ കലാകാരന്മാര്‍ അതിനൊന്നും ശ്രമിക്കരുത് എന്നതാണ് മലയാളികളുടെ പൊതുവേയുള്ള മനോഭാവം. അതുകൊണ്ടാണ് മോഹന്‍ലാല്‍ മുതല്‍ ജഗദീഷ് വരെയുള്ളവരുടെ വാക്കുകളും പ്രവര്‍ത്തികളും പലപ്പോഴും വിവാദത്തിലാകുന്നത്.

ഗുജറാത്ത് കലാപത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തോടെ പാഠം പഠിച്ച മമ്മൂട്ടി പിന്നീട് ഇതുവരെ ആനുകാലിക സംഭവങ്ങളില്‍ പ്രതികരിക്കാന്‍ മെനക്കെട്ടിട്ടില്ല. ഒരാള്‍ പറയുന്നതില്‍ തെറ്റുകുറ്റങ്ങള്‍ ഉണ്ടാകാം, അതിനോട് മാന്യമായി യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അതിനു പകരം അസഹിഷ്ണുത കാണിക്കുക വഴി പരമമായ അഭിപ്രായ സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്നു. അഭിപ്രായം പ്രകടിപ്പിച്ചവരെല്ലാം അതുവഴി ഒരു തടവറക്കുള്ളില്‍ അടയ്ക്കപ്പെടുന്നു. അവിടെ അവര്‍ക്ക് കെട്ടിയാടാനുള്ളത് നിശബ്ദരായ കാഴ്ചക്കാരുടെ റോള്‍ മാത്രം.

Leave a Comment

Your email address will not be published. Required fields are marked *