ട്രെയിന്‍ ടു പാക്കിസ്ഥാന്‍ (2017 Version)

train to pakistan

കേരളത്തില്‍ അടുത്തിടെ വിവാദ നക്ഷത്രങ്ങളായി മാറിയ ഇരുവരെയും കണ്ടപ്പോള്‍ അദ്ദേഹം ഓടിയെത്തി.

നിങ്ങള്‍ വന്നിട്ട് കുറേ നേരമായോ ? : മുരളീധരന്‍ ചോദിച്ചു.

ങാ, കുറച്ചു നേരമായി. മുരളിയെന്താ ഈ വഴിക്ക് ? : കമലാണ് മറുപടി പറഞ്ഞത്.

ഒന്നും പറയണ്ട കമലേ, നാട്ടിലെ കാര്യങ്ങളൊക്കെ നിങ്ങള്‍ക്കറിയാമല്ലോ : അത്രയും പറഞ്ഞ് മുരളി പ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞു.

എന്നാല്‍ നിങ്ങള്‍ വിട്ടോ. എനിക്കിവിടെ കുറച്ചു കാര്യമുണ്ട്. എന്നെ കേറ്റി വിട്ടുവെന്ന് രമേശിനോട് പറഞ്ഞേക്ക്. : അദ്ദേഹം പറഞ്ഞത് കേട്ട് അണികള്‍ അഭിവാദ്യം ചെയ്ത് പുറത്തേയ്ക്ക് പോയി.

കൂടെ നില്‍ക്കുന്നവര് തന്നെ പണിയുകയാണെന്നേ. പണ്ട് അച്ഛന് ചെയ്തത് പോലെ. അതുകൊണ്ട് ഇനി അവിടെ നിന്നിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇപ്പൊ എന്‍റെ കൂടെ ഈ വന്നവര് തന്നെ എന്നോടുള്ള സ്നേഹം കൊണ്ട് വന്നതൊന്നുമല്ല. ശല്യം ഒഴിഞ്ഞു എന്ന് ഉറപ്പിക്കാന്‍ വേണ്ടി വന്നതാ : സമീപത്ത് ഇരിക്കുകയായിരുന്ന ഒരാള്‍ മുന്‍നിരയില്‍ ഉള്ളവരോട് സംസാരിക്കാന്‍ വേണ്ടി എഴുന്നേറ്റപ്പോള്‍ മുരളി ആ കസേര വലിച്ച് കമലിന്‍റെ അടുത്തേക്ക് നീക്കിയിട്ട്‌ ഇരുന്നു. അതറിയാത്ത അജ്ഞാതന്‍ ഇരിക്കാന്‍ ശ്രമിച്ചെങ്കിലും താഴെ വീണു. അയാള്‍ക്ക് പുറം തിരിഞ്ഞിരുന്ന മുരളി അത് കണ്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്ന മൂവര്‍സംഘം എല്ലാത്തിനും മൂക സാക്ഷികളായി. രാഷ്ട്രീയത്തിലെ കുതികാല്‍ വെട്ടിന്‍റെയും കസേര കളികളുടെയും കഥകളോര്‍ത്ത സത്യദാസിന്‍റെ ഉള്ളില്‍ അറിയാതെ ഒരു ചിരി പൊട്ടി.

പാക്കിസ്ഥാനില്‍ മുരളിക്ക് പരിചയക്കാര്‍ ആരെങ്കിലുമുണ്ടോ ? : കമല്‍ ചോദിച്ചു.

ഇല്ല. അതാ ഒരാശ്വാസം : മുരളീധരന്‍ ആത്മഗതം പോലെ പറഞ്ഞു.

ഉണ്ടായിരുന്നെങ്കില്‍ ആ ഭാഗത്ത് അടുപ്പിക്കുമായിരുന്നില്ല…….

Read ട്രെയിന്‍ ടു പാക്കിസ്ഥാന്‍ (2014 Version)

അത് ശരിയാണെന്ന് എംടിക്കും തോന്നി.

അവിടെ ചെന്നിട്ട് എന്താ മുരളിയുടെ പ്ലാന്‍ ? : അദ്ദേഹം ചോദിച്ചു.

ഞങ്ങളുടെ പാര്‍ട്ടിയുടെ ഒരു ബ്രാഞ്ച് അവിടെ തുടങ്ങണമെന്നുണ്ട്. സോണിയാജിയോട് ഞാന്‍ അക്കാര്യം സംസാരിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി കാരണമാണല്ലോ പാക്കിസ്ഥാനും സ്വാതന്ത്ര്യം കിട്ടിയത്. ആ കടപ്പാട് അവര്‍ക്കുണ്ടാകും. : ഒരു മറുപടിക്കായി മുരളി എഴുത്തുകാരനെ നോക്കിയെങ്കിലും അദ്ദേഹം ഉവ്വെന്നോ അല്ലെന്നോ പറഞ്ഞില്ല.

പക്ഷെ മുരളി തനിച്ചല്ലേ ഉള്ളൂ ? : കമലിന്‍റെ സംശയത്തിന് മുരളീധരന്‍ നിഷേധാര്‍ഥത്തില്‍ തലയാട്ടി.

അല്ല. സുധീരനെയും താമസിയാതെ അങ്ങോട്ട്‌ വിടുമെന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പ് തന്നിട്ടുണ്ട്. അതിനുള്ള ഉഗ്രകര്‍മ്മങ്ങള്‍ അദ്ദേഹം ഹൈക്കമാന്‍റ് ആസ്ഥാനത്ത് ചെയ്തിട്ടുണ്ടത്രേ. ആ വാക്കിലാ എന്‍റെ ഒരു പ്രതിക്ഷ. പിന്നെ മകന്‍ ഇവിടെ പച്ച പിടിക്കുന്നില്ലെങ്കില്‍ അവനെയും അങ്ങോട്ട്‌ വിടാമെന്ന് ഒരമ്മയും എന്നോട് പറഞ്ഞിട്ടുണ്ട്. : മുരളി തന്‍റെ ഖദര്‍ കുപ്പായത്തിലെ ചുളിവുകള്‍ നേരെയാക്കിക്കൊണ്ട് കസേരയില്‍ ചാരിയിരുന്നു.

ഏത് അമ്മ ? : പിന്നില്‍ നിന്ന് സത്യദാസാണ് അത് ചോദിച്ചത്.

നമ്പര്‍ 10 ജന്‍പഥിലെ അമ്മ. മകന്‍റെ കാര്യത്തില്‍ വലിയ പ്രതിക്ഷയൊന്നും അവര്‍ക്കില്ല. പാക്കിസ്ഥാനില്‍ കൊണ്ടുപോയാലും പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആക്കണമെന്ന മിനിമം കണ്ടിഷനെ അവര്‍ക്കുള്ളൂ. പക്ഷെ ആരാണ് അവരെന്നോ, കൂടുതല്‍ വിവരങ്ങളോ എന്നോട് ചോദിക്കരുത്. ഞാന്‍ പറയില്ല. അത് ഒരു വലിയ രഹസ്യമാണ്. : മുഖം ചോദ്യകര്‍ത്താവിന് നേരെ തിരിച്ചുകൊണ്ട് മുരളി തീര്‍ത്തു പറഞ്ഞു. ആ നിമിഷം എല്ലാവരുടെയും മുഖത്ത് ഒരു നിരാശാ ഭാവം കാണുമെന്ന് പ്രതിക്ഷിച്ചെങ്കിലും അതുണ്ടാകാത്തതില്‍ അദ്ദേഹത്തിന് അത്ഭുതം തോന്നി.

ഇന്നസെന്‍റ് ഇവിടെ എത്തിക്കോളാമെന്നാ പറഞ്ഞത്. പക്ഷെ കാണുന്നില്ല. : പെട്ടെന്ന് ഓര്‍മ വന്നത് പോലെ വാച്ചിലേക്ക് നോക്കിക്കൊണ്ട് കമല്‍ എല്ലാവരോടുമായി പറഞ്ഞു.

അങ്ങേരും വരുന്നുണ്ടോ ? കൊള്ളാം. അവിടെ ചെന്നാലും ഓരോന്ന് പറഞ്ഞ് ചിരിക്കാന്‍ ഒരാളായല്ലോ. : മുരളി പറഞ്ഞു തീരുമ്പോഴേക്കും പുറത്ത് പ്ലാറ്റ്ഫോമില്‍ തിരക്ക് കൂടുന്നത് കണ്ടു. തൊട്ടു പിന്നാലെ ഹിന്ദിയിലും ഇംഗ്ലിഷിലും അനൌണ്‍സ്മെന്‍റും വന്നു. ട്രെയിന്‍ വരുകയാണ്.

മുറിയില്‍ ഉണ്ടായിരുന്നവരെല്ലാം തങ്ങളുടെ ബാഗുകളും സാമാനങ്ങളുമെടുത്ത് പുറത്തേയ്ക്ക് നടന്നു.

അവിടെ ചെന്നാല്‍ മനസമാധാനത്തോടെ ബീഫ് കഴിക്കാന്‍ പറ്റുമായിരിക്കും അല്ലേ ? : ഇടയ്ക്ക് ആരോ കൂടെയുള്ളയാളോട് മലയാളത്തില്‍ ചോദിക്കുന്നത് കേട്ടു.

ഉവ്വ്. പക്ഷെ പോര്‍ക്ക്‌ പറ്റില്ല. : അപരന്‍ മറുപടി കൊടുത്തു.

കര്‍ത്താവേ, പണിയായോ ? : ആദ്യത്തെയാള്‍ നെഞ്ചില്‍ കൈവച്ചു.

അപ്പോഴേക്കും ഒരു മുരള്‍ച്ചയോടെ ട്രെയിന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ വന്നു നിന്നു.

കലാകാരനും ചെരുപ്പുകുത്തിയും സാമ്പത്തിക വിദഗ്ദ്ധനും എഴുത്തുകാരനും കച്ചവടക്കാരനും ശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനും തൊഴിലാളിയുമൊക്കെ പുതിയ മേച്ചില്‍പ്പുറത്തേക്ക് പ്രയാണം ചെയ്തപ്പോള്‍ അല്‍പ്പം മുമ്പ് വരെ ആളനക്കമുണ്ടായിരുന്ന കാത്തിരുപ്പ് മുറി ഒരു ഒഴിഞ്ഞ ശവപ്പറമ്പ് പോലെയായി.

അഭിപ്രായങ്ങളോ ആശയപരമായ സംവാദങ്ങളോ ഇല്ല. എങ്ങും ചപ്പുചവറുകളും യാത്രികര്‍ ഉപേക്ഷിച്ചു പോയ ചില സാധന സാമഗ്രികളും മാത്രം.

മുറി വൃത്തിയാക്കാനായി സഹപ്രവര്‍ത്തകരോടൊപ്പം എത്തിയ സ്വീപ്പര്‍ ബാബുറാമിന്‍റെ ശ്രദ്ധയില്‍ ആദ്യം പെട്ടത് പിന്‍ നിരയിലെ ഒരു കസേരയില്‍ ആരോ ഉപേക്ഷിച്ചു പോയ നിറം മങ്ങിയ ഒരു ഫോട്ടോയാണ്. ഫ്രെയിം ചെയ്ത ആ ചിത്രത്തെ മൂടിയിരുന്ന പൊടി തുടച്ചു മാറ്റിയപ്പോള്‍ അതിലെ മുഖങ്ങള്‍ തെളിഞ്ഞു വന്നു.

മഹാത്മജി ഓര്‍ അബ്ദുല്‍ കലാം ആസാദ് : ബാബുറാമിന്‍റെ വാര്‍ധക്യം ബാധിച്ചു തുടങ്ങിയിരുന്ന കണ്ണുകള്‍ അറിയാതെ വികസിച്ചു. സ്വാതന്ത്ര്യത്തിന് വേണ്ടിയും ഹിന്ദു- മുസ്ലിം ഐക്യത്തിന് വേണ്ടിയും അക്ഷീണം പ്രവര്‍ത്തിച്ച നേതാക്കള്‍. സ്വതന്ത്ര ഇന്ത്യയില്‍ ശക്തി പ്രാപിച്ച പാക്കിസ്ഥാന്‍ അനുകൂല വാദത്തിനും ജാതി-മത വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് ആസാദ് വഹിച്ച പങ്ക് നിസ്തുലമാണ്.

താന്‍ അകത്തേക്ക് വരുമ്പോള്‍ ധൃതിയില്‍ പുറത്തേയ്ക്ക് പോയ വയോധികനാണ് ആ ചിത്രം അവിടെ വച്ചിട്ട് പോയതെന്ന് ബാബുറാമിന് തോന്നി. അയാള്‍ ഫോട്ടോയുമായി പെട്ടെന്ന് പുറത്തെത്തി. ദൂരെ ട്രെയിനില്‍ കയറാന്‍ തിരക്ക് കൂട്ടുന്ന ഒരു കൂട്ടത്തിലേക്ക് ആ വൃദ്ധന്‍ നടന്നടുക്കുന്നത് അയാള്‍ കണ്ടു. വെള്ള കുപ്പായം ധരിച്ചിരുന്ന അയാള്‍ ഗാന്ധി തൊപ്പിയും തലയില്‍ വച്ചിരുന്നു.

ഹേയ് ദാദാജി : കേള്‍ക്കില്ലെന്ന് ഉറപ്പുണ്ടെങ്കിലും ബാബുറാം ഉറക്കെ വിളിച്ചു. പക്ഷെ അത് കേള്‍ക്കാന്‍ നില്‍ക്കാതെ വൃദ്ധന്‍ ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു ചേര്‍ന്നു.

സീറ്റ് ഉറപ്പിക്കാനുള്ള യാത്രക്കാരുടെയും അവരെ യാത്രയാക്കാനുള്ള പ്രിയപ്പെട്ടവരുടെയും ശ്രമങ്ങള്‍ പഴയ വിഭജന കാലത്തെ ഓര്‍മിപ്പിച്ചു. രാജ്യം വിടുന്നവര്‍ക്ക് അനുകൂലമായും എതിരായും ചാന്ദ്നി ചൌക്ക് പരിസരത്ത് നടന്നു വന്ന പ്രകടനങ്ങള്‍ അതിനകം അവസാനിച്ചിരുന്നു. രാജ്യം മറ്റൊരു ഉറക്കത്തിലേക്ക് കൂപ്പു കുത്തി.

അടുത്ത ദിവസം.

തെക്ക് തെക്ക് ദേശത്തെ ഒരു മലയോര പ്രദേശം. പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്നുള്ള ചരിഞ്ഞ പുറമ്പോക്ക് സ്ഥലത്ത് കെട്ടിപ്പൊക്കിയ താല്‍ക്കാലിക വേദിയില്‍ സമുദായ നേതാവ് കത്തിക്കയറുകയാണ്.

സ്ത്രീകള്‍ ജീന്‍സ് ഇടുന്നതാണ് ഈ നാട്ടിലെ സകല പ്രശ്നങ്ങള്‍ക്കും കാരണം. അത് പുരുഷന്മാരെ പ്രലോഭിപ്പിക്കുകയും പീഡനങ്ങള്‍ക്ക് വഴി തെളിക്കുകയും ചെയ്യുന്നു. : അത്രയും പറഞ്ഞ് നേതാവ് അങ്ങിങ്ങായി കൂടിയിരിക്കുന്ന ആളുകളെ നോക്കി. എല്ലാം കേട്ട് വാ പൊത്തി ചിരിക്കുന്ന പ്രാന്തന്‍ പാക്കരനാണ് അയാളുടെ കണ്ണില്‍ ആദ്യമുടക്കിയത്. തലസ്ഥാനത്ത് നിന്ന് വന്ന നേതാവിന് പ്രാന്തനെ കണ്ടു മനസിലായില്ല. യാതൊരു കൂസലുമില്ലാതെ ചിരിക്കുന്ന ആ വിചിത്ര രൂപിയെ നോക്കി അയാള്‍ ആക്രോശിച്ചു.

പാക്കിസ്ഥാനിലേക്ക് പോടാ……………….

ഒരു നിമിഷം. പൊടുന്നനെ ഭാവം മാറിയ പാക്കരന്‍ എഴുന്നേറ്റു. ആ കണ്ണുകളിലെ ജ്വലിക്കുന്ന രോഷം കണ്ട് നേതാവൊന്നു പതറി.

നീ നേപ്പാളിലേക്ക് പോടാ……………………………………

അതൊരു അലര്‍ച്ചയായിരുന്നു. നേതാവ് എന്തെങ്കിലും പറയുന്നതിന് മുമ്പേ സദസ്സിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചിലര്‍ പാക്കരന് പിന്തുണയുമായി എഴുന്നേല്‍ക്കുന്നത് കണ്ടു. ജനത്തിന് വിവരം വച്ചു തുടങ്ങിയെന്ന് സംഘാടകര്‍ക്ക് മനസിലായി.

ഗോരഖ്പൂര്‍ ചുറ്റി ഭൈരവ. അവിടെ നിന്ന് കാഠ്മണ്ഡു. ഏറ്റവുമടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ നേതാവും പരിവാരങ്ങളും നേപ്പാളിലേക്ക് വിട്ടു.

ബസ് ടു നേപ്പാള്‍.

നേപ്പാളിലേക്ക് പോകേണ്ടവര്‍ നേപ്പാളിലേക്കും പാക്കിസ്ഥാനിലേക്ക് പോകേണ്ടവര്‍ പാക്കിസ്ഥാനിലേക്കും ചൈനയിലേക്ക് പോകേണ്ടവര്‍ ചൈനയിലേക്കും പോയതോടെ ഇന്ത്യ വീണ്ടും പ്രശാന്ത സുന്ദരമായി. വിഭാഗീയതയും ദൈവങ്ങളെ ചൊല്ലിയുള്ള തമ്മില്‍ത്തല്ലും അന്യമായതോടെ ഇന്ത്യ ലോക രാഷ്ട്രങ്ങളുടെ നെറുകയിലേക്കുള്ള പ്രയാണവും തുടങ്ങി.

The End

Leave a Comment

Your email address will not be published. Required fields are marked *