ട്രെയിന്‍ ടു പാക്കിസ്ഥാന്‍ (2017 Version)

train to Pakistan

train to Pakistan

അന്നൊരു ഞായറാഴ്ച്ചയായിരുന്നു. 

സമയം ഏറെ വൈകിയെങ്കിലും പഴയ ഡല്‍ഹിയിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തിരക്കൊഴിഞ്ഞിട്ടില്ല. യാത്രികരെയും അവരെ യാത്രയാക്കാന്‍ കണ്ണീരോടെ എത്തിയ ബന്ധുക്കളെയും എവിടെയും കാണാം. സ്റ്റേഷന് അകത്തും പുറത്തുമുള്ള കടകളില്‍ ഓരോരോ സാധനങ്ങള്‍ വാങ്ങാന്‍ പലരും കൂട്ടം കൂടി നില്‍ക്കുന്നുമുണ്ട്. ആഹാര സാധനങ്ങളും ടൂത്ത് ബ്രഷ്, സോപ്പ് പോലുള്ള അവശ്യ വസ്തുക്കളും വാങ്ങാനാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. സാഹചര്യം മുതലെടുത്ത്‌ ചില കടക്കാര്‍ അമിത വില ഈടാക്കുന്നുണ്ടെങ്കിലും പലരും അത് കാര്യമാക്കുന്നില്ല. 

സ്റ്റേഷന് തൊട്ടടുത്തുള്ള യാര്‍ഡില്‍ എല്ലാത്തിനും മൂകസാക്ഷിയായി 14001 ആം നമ്പര്‍ ട്രെയിന്‍ നില്‍ക്കുന്നു. സംജോത്താ എക്സ്പ്രസ്. ട്രെയിന്‍ ടു പാക്കിസ്ഥാന്‍. 

രാത്രി 11.10 നാണ് ട്രെയിന്‍ പുറപ്പെടുന്നത്. അതില്‍ കയറിപ്പറ്റാനുള്ള യാത്രക്കാരുടെ തിരക്കാണ് നമ്മള്‍ നേരത്തെ കണ്ടത്. 

സാധാരണ ഗതിയില്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍ തിരക്ക് കുറവാണെങ്കിലും തങ്ങളെ അനുസരിക്കാത്തവര്‍ എത്രയും പെട്ടെന്ന് രാജ്യം വിട്ടു പോകണമെന്ന ഒരു വിഭാഗത്തിന്‍റെ കല്പനയാണ് സ്ഥിതി ഗുരുതരമാക്കിയത്. സീറ്റിനായി ആളുകള്‍ തിക്കിത്തിരക്കിയതോടെ ബുക്കിംഗ് നിറഞ്ഞു കവിഞ്ഞു. അടുത്ത രണ്ടു മാസത്തേക്ക് ടിക്കറ്റ് ഇല്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അല്ലെങ്കില്‍ മുതിര്‍ന്ന നേതാക്കളുടെയോ കേന്ദ്രമന്ത്രിമാരുടെയോ ശുപാര്‍ശക്കത്ത് വേണം. 

സ്റ്റേഷന് മുന്നില്‍ ഓട്ടോയില്‍ വന്നിറങ്ങിയ ഒരാള്‍ പണം നല്‍കി ബാക്കി പോലും വാങ്ങാന്‍ മെനക്കെടാതെ ധൃതിയില്‍ തന്‍റെ തോള്‍ സഞ്ചി നേരെയാക്കി റിസര്‍വേഷന്‍ കൌണ്ടറിന് നേരെ നടന്നു. വേണ്ടത്ര മുന്നൊരുക്കം ഇല്ലാതെയാണ് അയാള്‍ യാത്രക്കെത്തിയതെന്ന് വ്യക്തം. അതിന്‍റെ അങ്കലാപ്പ് ആ മുഖത്ത് നിന്ന് വായിച്ചെടുക്കാം. 

അഞ്ചോ ആറോ പേരുണ്ടായിരുന്ന ക്യൂവില്‍ നിന്ന് തന്‍റെ ഊഴമെത്തിയപ്പോള്‍ കൌണ്ടറിന് നേരെ മുഖം നീട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു. 

ഞാന്‍ കമാലുദീന്‍. നേരത്തെ വിളിച്ചു പറഞ്ഞിരുന്നു. പാക്കിസ്ഥാനിലേക്ക് ഒരു ടിക്കറ്റ്. 

കൌണ്ടറില്‍ ഉണ്ടായിരുന്ന മലയാളിയെന്നു തോന്നിപ്പിച്ച ചെറുപ്പക്കാരന്‍ പരിചിത ഭാവത്തില്‍ ചിരിച്ചു. 

അറിയാം. നിങ്ങളുടെ സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. സീറ്റെല്ലാം ഫുള്ളാണ്. പക്ഷെ രാധാകൃഷ്ണന്‍ സാര്‍ വിളിച്ച് പറഞ്ഞത് കൊണ്ട് നിങ്ങളെ അങ്ങനെ ഒഴിവാക്കാനും പറ്റില്ലല്ലോ. നേരെ പോയാല്‍ റിസര്‍വ്വേഷന്‍കാരുടെ വെയിറ്റിംഗ് റൂമുണ്ട്. അവിടെ ട്രെയിന്‍ ക്യാപ്റ്റനുണ്ട്. അദ്ദേഹത്തെ കണ്ടാല്‍ മതി. ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ട്. : അയാള്‍ പറഞ്ഞു. ചെറുപ്പക്കാരന് നന്ദി പറഞ്ഞ് കമാലുദീന്‍ കാത്തിരുപ്പ് കേന്ദ്രത്തിലേക്ക് നടന്നു. 

മിസ്റ്റര്‍ കമാലുദീന്‍ അബ്ദുല്‍ മജീദ്‌………….. : പിന്നില്‍ നിന്ന് ഘന ഗാംഭീര്യ ശബ്ദത്തിലുള്ള ആ വിളി കേട്ടപ്പോള്‍ അദ്ദേഹം ഒന്നു നിന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ ഓവര്‍ ബ്രിഡ്ജ് ഇറങ്ങി തന്‍റെ നേരെ നടന്നു വരുന്ന ഒരു വൃദ്ധനെയാണ് കണ്ടത്. എഴുപതിന് മുകളില്‍ പ്രായമുണ്ടെങ്കിലും അതിന്‍റെ ക്ഷീണമോ അവശതയോ അയാളില്‍ ഇല്ല. കയ്യിലൊരു ബാഗുമുണ്ട്. എവിടെയോ കണ്ടു മറന്ന മുഖമാണെന്ന് കമാലുദീന് തോന്നി. 

എന്നെ ഓര്‍മ്മയുണ്ടോ ? : അടുത്തെത്തി അയാള്‍ ചോദിച്ചപ്പോള്‍ നിഷേധാര്‍ഥത്തില്‍ കമല്‍ തലയാട്ടി. 

എന്‍റെ പേര് ജോണ്‍ ഡേവിഡ്. ആലുവയാണ് സ്വദേശം. താങ്കളുടെ പിതാവിന്‍റെ അടുത്ത സുഹൃത്തായിരുന്നു. ഞാന്‍ വീട്ടില്‍ വരുമ്പോഴൊക്കെ താങ്കള്‍ സിനിമയുമായി നടക്കുകയായിരുന്നല്ലോ. : കൈ കൊടുത്തുകൊണ്ട് ജോണ്‍ തുടര്‍ന്നു. 

പാക്കിസ്ഥാനിലേക്കായിരിക്കും അല്ലേ ? : അയാളുടെ ചോദ്യത്തിന് മറുപടിയായി കമല്‍ ഇരുത്തി മൂളി.

എല്ലാം ഞാന്‍ അറിഞ്ഞിരുന്നു. അപ്പോള്‍ കുടുംബമൊക്കെ ? അവരാരും വന്നില്ലേ ? : ജോണ്‍ വീണ്ടും ചോദിച്ചു.

ഇല്ല. ഞാനാദ്യം ചെന്ന് അവിടെ വീടും സ്ഥലവുമൊക്കെ ഒന്നു ശരിയാക്കട്ടെ. അതു കഴിഞ്ഞ് അവരെ കൊണ്ടു പോകാം. : കമാലുദീന്‍ ഭവ്യതയോടെ പറഞ്ഞു.

സ്ഥലമൊക്കെ അത്ര പെട്ടെന്ന് വാങ്ങിക്കാന്‍ പറ്റുമോ ? വിദേശികള്‍ക്ക് പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക് വസ്തുവകകള്‍ വാങ്ങിക്കാന്‍ അവിടെ ഏറെ തടസങ്ങള്‍ ഉണ്ട് എന്നാണ് ഞാന്‍ കേട്ടത്. : ജോണ്‍ തന്‍റെ സംശയം പറഞ്ഞു. 

ഞാന്‍ അതേക്കുറിച്ചെല്ലാം രാധാകൃഷ്ണന്‍ സാറിനോട്  വിശദമായി ചോദിച്ചിരുന്നു. ഇവിടെ നിന്ന് കയറ്റി വിടുന്നവരെ താമസിപ്പിക്കാനായി അവര് അവിടെ കുറേ സ്ഥലം വാങ്ങിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത്. മട്ടാഞ്ചേരിയിലെ ജൂത കോളനി പോലെ ക്രമേണ പാക്കിസ്ഥാനില്‍ ഞങ്ങളെ പോലുള്ളവരുടെ ഒരു കോളനി സ്ഥാപിക്കാനാണ് അവരുടെ ഉദ്ദേശമെന്ന് തോന്നുന്നു. 

എന്നാല്‍ ഞാന്‍ ചെല്ലട്ടെ, എന്‍റെ ടിക്കറ്റ് ഇതുവരെ ഓക്കെ ആയിട്ടില്ല. ക്യാപ്റ്റനെ ഒന്നു കാണണം. : അത്രയും പറഞ്ഞ് കമല്‍ ധൃതിയില്‍ നടന്നു. 

ഭാഗ്യത്തിന് ടിക്കറ്റിനായി അദ്ദേഹത്തിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല. ക്യാപ്റ്റന്‍ പെട്ടെന്ന് തന്നെ സീറ്റ് ശരിയാക്കി കൊടുത്തു, അതും ത്രീ ടയര്‍ എസിയില്‍. കമല്‍ സംവിധാനം ചെയ്ത ഉട്ടോപ്യയിലെ രാജാവ് അടുത്തിടെ കണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ കാര്യത്തില്‍ താന്‍ ഇത്ര ശുഷ്കാന്തി കാണിച്ചതെന്നും അയാള്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ സംവിധായകന്‍റെ കണ്ണ് നിറഞ്ഞു. ഏതായാലും പാക്കിസ്ഥാനില്‍ ചെന്നാല്‍ ആ സിനിമയുടെ കാര്യം ആരോടും പറയില്ലെന്ന് അദ്ദേഹം മനസ്സില്‍ ഉറപ്പിച്ചു. 

കാത്തിരുപ്പ് മുറിയിലും നല്ല തിരക്കുണ്ട്. ഇന്‍ഫോസിസിലെ നാരായണ മൂര്‍ത്തിയെയും രഘുറാം രാജനെയും കണ്ടെങ്കിലും പരിചയമില്ലാത്തത് കൊണ്ട് കമല്‍ അടുത്ത് പോയില്ല. അലന്‍സിയറെ പ്രതിക്ഷിച്ചിരുന്നെങ്കിലും അത് വെറുതെയായി. അറിയുന്ന ആരും ഇല്ലല്ലോ എന്നോര്‍ത്ത് വിഷമിച്ചു നില്‍ക്കുമ്പോഴാണ് ഒരു മൂലയില്‍ ഒറ്റയ്ക്ക്, ചിന്താ നിമഗ്നനായി ഇരിക്കുന്ന ആ രൂപം കമലിന്‍റെ ശ്രദ്ധയില്‍ പെട്ടത്. അത്ഭുതപ്പെട്ടു പോയി. 

എം ടി വാസുദേവന്‍ നായര്‍. മലയാളത്തിന്‍റെ മഹാനായ എഴുത്തുകാരന്‍. അദ്ദേഹം തനിച്ചാണ്. കമല്‍ വേഗം ചെന്ന് ആ കാലില്‍ തൊട്ടു തൊഴുതു. എഴുത്തുകാരന്‍ പെട്ടെന്ന് ചിന്തയില്‍ നിന്നുണര്‍ന്നു. 

കമല്‍, നിങ്ങള്‍ വന്നോ ? : അദ്ദേഹം ചോദിച്ചു. 

ഉവ്വ്. സാര്‍ വന്നിട്ട് കുറേ നേരമായോ ? : കമല്‍ വിനയത്തോടെ ചോദിച്ചു. 

ഉം. പഴയത് പോലെ നടക്കാനൊന്നും വയ്യടോ. അതുകൊണ്ട് നേരത്തെ വന്ന് സീറ്റ് പിടിച്ചു. പോരാത്തതിന് ഡല്‍ഹിയിലെ ട്രാഫിക്കിന്‍റെ കാര്യം തനിക്കറിയാമല്ലോ. : എംടി സംവിധായകന് ഇരിക്കാനായി അടുത്തുള്ള സീറ്റ് കാണിച്ചു കൊടുത്തു. കമല്‍ എഴുത്തുകാരനോടുള്ള ആരാധനയോടെ കസേരയില്‍ ഇരുന്നെന്ന് വരുത്തി. 

എസിയിലാ എന്‍റെ സീറ്റ്. പക്ഷെ എനിക്ക് ഈ തണുപ്പ് പിടിക്കില്ല. അതുകൊണ്ട് സ്ലീപ്പറിലേക്ക് മാറ്റിത്തരണമെന്നു പറഞ്ഞിട്ടുണ്ട്. : അദ്ദേഹം തുടര്‍ന്നു പറഞ്ഞു. 

അതിന് സ്വെറ്റര്‍ പുതച്ചാല്‍ മതിയല്ലോ. എന്‍റെ കയ്യില്‍ ഒരെണ്ണം കൂടുതലുണ്ട്. ഞാന്‍ തരാം. ക്യാപ്പ് വേണമെങ്കില്‍ നമുക്ക് പുറത്തു നിന്ന് വാങ്ങിക്കാം. : തോള്‍ സഞ്ചി മടിയില്‍ വച്ചുകൊണ്ട് കമാലുദീന്‍ പറഞ്ഞു. വെറുതെ നോക്കിയതല്ലാതെ കഥാകാരന്‍ മറുപടിയൊന്നും പറഞ്ഞില്ല. 

അവിടെ ചെന്നിട്ടെന്താ സാറിന്‍റെ പ്ലാന്‍ ? എന്തെങ്കിലും ഐഡിയയുണ്ടോ ? : കമലിന്‍റെ ചോദ്യത്തിന് ഉത്തരം കിട്ടാന്‍ കുറച്ചു സമയമെടുത്തു. 

വടക്കന്‍ പാട്ടുകളാ  എന്നും എനിക്ക് ദൌര്‍ബല്യം. നമ്മള്‍ പോകുന്ന സ്ഥലത്തും അതുപോലെ എന്തെങ്കിലും കാണുമായിരിക്കും. ഇനി അതൊക്കെ ആദ്യം മുതലേ പഠിച്ചെടുക്കണം. : എംടി നെടുവീര്‍പ്പെട്ടു. 

മമ്മൂട്ടിയും താമസിയാതെ അങ്ങോട്ട്‌ വന്നേക്കും. പിന്നെ വേറെ നടന്മാരെയൊന്നും തപ്പി നടക്കണ്ടല്ലോ : കമല്‍ ആശ്വാസ വചനം പോലെ പറഞ്ഞു. സംവിധായകന്‍റെ മനസ്സില്‍ ലഡ്ഡു പൊട്ടുന്നത് കഥാകാരന്‍ അറിഞ്ഞില്ലെങ്കിലും സമീപത്തുണ്ടായിരുന്ന ഒരു അജ്ഞാതന്‍ കണ്ടു. അല്ലെങ്കിലും കുതന്ത്രങ്ങള്‍ മെനയാനും അത് കണ്ടുപിടിക്കാനുമുള്ള മലയാളിയുടെ കഴിവ് ലോക പ്രശസ്തമാണല്ലോ. 

Also Read  കേരളം ഏറെ പ്രിയപ്പെട്ടത്, മോഹന്‍ലാല്‍ ഇഷ്ട നടന്‍ : ഡോണാള്‍ഡ് ട്രംപ്

എംടിയുടെ തിരക്കഥയില്‍ ഒരു വലിയ സിനിമ. നായകന്‍ മമ്മൂട്ടി. സംവിധായകന്‍ ഞാന്‍ : അതാണ്‌ കമല്‍ കിനാവ്‌ കണ്ടത്. എത്ര പ്രാവശ്യമാണ് ഇദ്ദേഹത്തിന്‍റെ ഒരു തിരക്കഥയ്ക്ക് വേണ്ടി അലഞ്ഞത്. നാട്ടില്‍ വച്ച് നടക്കാത്തത് ഇനി പാക്കിസ്ഥാനില്‍ വച്ച് നടക്കാന്‍ പോകുന്നു. അതോര്‍ത്തപ്പോള്‍ കമല്‍ അറിയാതെ ചിരിച്ചു പോയി. 

നായകന്‍ അമീര്‍ ഖാനായാല്‍ കുഴപ്പമുണ്ടോ ? : അജ്ഞാതന്‍റെ അപ്രതിക്ഷിതമായ ചോദ്യം കമാലുദീനെ ഞെട്ടിച്ചു കളഞ്ഞു. അയാള്‍ കസേരയില്‍ ചരിഞ്ഞിരുന്ന് കമലിന്‍റെ മുഖത്തേയ്ക്ക് തന്നെ നോക്കി. താന്‍ മനപ്പായസമുണ്ടത് മറ്റൊരാള്‍ മനസിലാക്കി എന്നറിഞ്ഞതിന്‍റെ ജാള്യതയില്‍ കമല്‍ മുഖം വെട്ടിച്ചു. എംടി ഒന്നും മനസിലാകാതെ ഇരുവരെയും മാറി മാറി നോക്കിയതേയുള്ളൂ.

പറ്റില്ലെങ്കില്‍ ഷാരൂഖുണ്ട്. നിങ്ങളെ പോലെ അവരെയും നാട് കടത്തിയല്ലോ. ഇന്നലെ വരെ കീരിയും പാമ്പും പോലെ കഴിഞ്ഞവര്‍ ഭായി-ഭായിയായി ഇരിക്കുന്നത് വി ഐ പി റൂമില്‍ ചെന്നാല്‍ കാണാം. : അജ്ഞാതന്‍ പറഞ്ഞു. 

നിങ്ങള്‍ ആരാണ് ? എന്താ നിങ്ങള്‍ക്ക് വേണ്ടത് ? : തെല്ല് ഈര്‍ഷ്യയോടെ കമല്‍ ചോദിച്ചു. 

ക്ഷമിക്കണം. ഞാന്‍ പരിചയപ്പെടുത്താന്‍ മറന്നു. എന്‍റെ പേര് സത്യദാസ്. മലയാളിയാണെങ്കിലും വര്‍ഷങ്ങളായി ഉത്തരാഖണ്ടിലാണ് താമസം. മുമ്പ് പാക്കിസ്ഥാനിലേക്ക് പോയ കേളുണ്ണി നായര്‍ എന്‍റെ അമ്മാവനാണ്. അദ്ദേഹം ഇപ്പോള്‍ കറാച്ചിയിലുണ്ട്. ഞാന്‍ അങ്ങോട്ട്‌ പോകുകയാണ്. : അയാള്‍ പറഞ്ഞു. 

എന്താ നിങ്ങളുടെ പ്രശ്നം ? നാട് കടത്തിയതാണോ അതോ ? : കമല്‍ വീണ്ടും ചോദിച്ചു. പെട്ടെന്ന് സത്യദാസിന്‍റെ കണ്ണുകള്‍ നിറഞ്ഞു. 

എന്നോട് രാജ്യം വിട്ടു പോകണമെന്ന് പറഞ്ഞു. : വിഷമത്തോടെ അയാള്‍ പറഞ്ഞു. 

കേദാര്‍നാഥില്‍ അടുത്തിടെ ഉരുള്‍പ്പൊട്ടലുണ്ടായല്ലോ. അത് ബീഫ് കഴിക്കുന്നവര്‍ അവിടെ വന്നത് കൊണ്ടാണെന്ന് ഒരു സന്ന്യാസി പറഞ്ഞപ്പോള്‍ ഞാന്‍ അറിയാതെയൊന്നു ചിരിച്ചു. ഉടനെ വന്നു കല്‍പ്പന- രാജ്യം വിട്ടു പോകണമെന്ന്. അടുത്ത മാസം എന്‍റെ മകളുടെ കല്യാണമാണ്. അതുവരെയെങ്കിലും നില്‍ക്കാന്‍ അനുവദിക്കണമെന്ന് കാലു പിടിച്ച് പറഞ്ഞെങ്കിലും അവര്‍ കേട്ടില്ല. ഇനി എല്ലാം ദൈവത്തിന്‍റെ കയ്യിലാണ്. : തന്‍റെ കരച്ചില്‍ മറ്റുള്ളവര്‍ കാണാതിരിക്കാനായി സത്യദാസ് മുഖം പൊത്തിയിരുന്നു. അയാളുടെ അനുഭവം കേട്ടപ്പോള്‍ സഹയാത്രികരുടെ മനസ് വേദനിച്ചു. 

ജഗതിയും  ഇന്നസെന്‍റും അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ മലയാളികളുടെ അവസ്ഥ എന്താകുമായിരുന്നുവെന്ന് കമല്‍ ആലോചിച്ചു. ആരെങ്കിലും മണ്ടത്തരം പറയുമ്പോള്‍ ചിരിക്കുന്നത് മനുഷ്യ സഹജമാണ്. അതിന് നാടുകടത്തുക എന്നൊക്കെ വച്ചാല്‍…….. 

പൊടുന്നനെ ഒരു കൂട്ടം ഖദര്‍ധാരികള്‍ പ്രകടനമായി അകത്തേയ്ക്ക് ഇരച്ചുകയറി. എന്താണ് സംഭവമെന്ന് മറ്റുള്ളവര്‍ക്ക് ആദ്യം മനസിലായില്ലെങ്കിലും ഏതോ ഒരു നേതാവിനെ യാത്രയയക്കാനുള്ള വരവാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. നിറഞ്ഞ ചിരിയും ചുരുണ്ട മുടിയുമായി വന്ന ആ നേതാവിനെ കമല്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍…………..

Manoj is a writer, blogger from Palakkad-Kerala. He writes contents on current affairs, technology, cinema, health, social media and WordPress. His posts and stories appeared across magazines and websites since 1998. Get in touch with him via Twitter and Facebook.

Leave a Reply

Your email address will not be published. Required fields are marked *