
കേരള രാഷ്ട്രീയത്തിൻ്റെ ചരിത്രം പരിശോധിച്ചാൽ ചില പേരുകൾ വീണ്ടും വീണ്ടും മുന്നിലെത്തും. കരുണാകരൻ, മാണി, ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി, പാണക്കാട് തങ്ങൾ, ബാലകൃഷ്ണപിള്ള, ബേബി ജോൺ തുടങ്ങിയ പേരുകൾ ഓരോ കാലഘട്ടത്തിലും സംസ്ഥാന രാഷ്ട്രീയത്തിൻ്റെ ഗതി നിർണയിച്ചവരാണ്. ഇവരിൽ പലരുടെയും കുടുംബങ്ങളിൽ നിന്ന് അടുത്ത തലമുറയും രാഷ്ട്രീയത്തിലേക്ക് എത്തിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങൾ എന്ന വിഷയം വെറും വ്യക്തികളുടെ പട്ടികയല്ല. കേരളത്തിലെ പാർട്ടി രാഷ്ട്രീയം, മണ്ഡല ബന്ധം, സംഘടനാ സ്വാധീനം, വോട്ടർമാരുടെ മനോഭാവം, തലമുറകളുടെ മാറ്റം എന്നിവയെല്ലാം മനസ്സിലാക്കാനുള്ള ഒരു വഴിയാണ് ഇത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷവും രാഷ്ട്രീയ കുടുംബങ്ങളുടെ സാന്നിധ്യം കേരള രാഷ്ട്രീയത്തിൽ ചർച്ചാവിഷയമായി തുടരുന്നു. പുതിയ മന്ത്രിസഭയിലും മുൻനിര രാഷ്ട്രീയ കുടുംബങ്ങളിൽ നിന്നുള്ള ചിലർ ഇടം നേടിയിട്ടുണ്ട് .
രാഷ്ട്രീയ കുടുംബം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
ഒരു രാഷ്ട്രീയ നേതാവിൻ്റെ മക്കളോ മറ്റ് അടുത്ത ബന്ധുക്കളോ പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നതാണ് സാധാരണയായി രാഷ്ട്രീയ കുടുംബം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ കേരളത്തിൽ ഈ പ്രതിഭാസം ഒരേ രീതിയിലല്ല കാണുന്നത്. ചില കുടുംബങ്ങളിൽ അച്ഛന് പിന്നാലെ മകൻ അതേ പാർട്ടിയിൽ സജീവമാകുന്നു. ചിലയിടത്ത് മകൾ രാഷ്ട്രീയത്തിലേക്ക് വരുന്നു. മറ്റുചില കുടുംബങ്ങളിൽ മരുമകനോ ഭാര്യയോ സഹോദരനോ രാഷ്ട്രീയ പാരമ്പര്യം തുടരുന്നു.
ഇതിൽ മറ്റൊരു പ്രധാന വ്യത്യാസവുമുണ്ട്. കുടുംബത്തിൽ നിന്ന് ഒരാൾ രാഷ്ട്രീയത്തിലേക്ക് വന്നതുകൊണ്ട് മാത്രം അയാൾ വിജയിക്കണമെന്നില്ല. കേരളത്തിലെ വോട്ടർമാർ പലപ്പോഴും കുടുംബപ്പേരിനൊപ്പം വ്യക്തിയുടെ സ്വന്തം രാഷ്ട്രീയ പ്രവർത്തനവും വിലയിരുത്തുന്നു. അതുകൊണ്ടാണ് ഒരേ കുടുംബത്തിലെ ഒരാൾ വലിയ വിജയം നേടുമ്പോൾ മറ്റൊരാൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന കാഴ്ച കേരളത്തിൽ പലതവണ കണ്ടത്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കുടുംബങ്ങളിൽ നിന്നുള്ള സ്ഥാനാർഥികളുടെ പ്രകടനം പരിശോധിച്ചപ്പോൾ, മത്സരിച്ച നിരവധി കുടുംബങ്ങൾക്ക് തിരിച്ചടി നേരിട്ടിരുന്നു. അന്ന് ഏകദേശം 25 രാഷ്ട്രീയ കുടുംബങ്ങൾ തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നെന്നും അവയിൽ 14 കുടുംബങ്ങൾക്ക് പരാജയം നേരിട്ടെന്നും ഇന്ത്യൻ എക്സ്പ്രസ്സ് പറയുന്നു .
1. കരുണാകരൻ കുടുംബം: കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ കുടുംബ പാരമ്പര്യം

കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങളെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മയിലെത്തുന്ന പേരുകളിൽ ഒന്ന് കെ. കരുണാകരൻ്റെതാണ്. കോൺഗ്രസ് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളോളം ശക്തമായ സ്വാധീനം പുലർത്തിയ കരുണാകരൻ കേരളത്തിൻ്റെ മുഖ്യമന്ത്രിയായും കോൺഗ്രസിൻ്റെ ശക്തനായ സംസ്ഥാന നേതാവായും കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ശൈലിയും സംഘടനാ സ്വാധീനവും വ്യക്തിബന്ധങ്ങളും ചേർന്നാണ് പിന്നീട് കേരള രാഷ്ട്രീയത്തിൽ “കരുണാകരൻ” എന്ന പേര് തന്നെ ഒരു രാഷ്ട്രീയ ശക്തിയായി മാറിയത്.
കരുണാകരൻ്റെ മകൻ കെ. മുരളീധരൻ സജീവ രാഷ്ട്രീയത്തിലേക്ക് വന്നതോടെ കുടുംബ രാഷ്ട്രീയം കൂടുതൽ ശ്രദ്ധ നേടി. പിന്നീട് മകൾ പത്മജ വേണുഗോപാലും രാഷ്ട്രീയത്തിൽ സജീവമായി.
കുടുംബ രാഷ്ട്രീയത്തിൻ്റെ പേരിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട കേരളത്തിലെ നേതാവ് കരുണാകരനാണെന്ന് പറഞ്ഞാൽ തെറ്റില്ല. പ്രത്യേകിച്ച് മുരളീധരൻ്റെ രാഷ്ട്രീയ ഉയർച്ചയെ ചുറ്റിപ്പറ്റിയുള്ള കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ കേരള രാഷ്ട്രീയത്തിലെ ഒരു പ്രധാന അധ്യായമായി മാറി. കരുണാകരനെതിരെ പാർട്ടിക്കുള്ളിൽ രൂപപ്പെട്ട എതിർപ്പുകളിലും മകൻ്റെ രാഷ്ട്രീയ ഇടപെടലുകൾ ചർച്ചയായിട്ടുണ്ട്.
മുരളീധരൻ്റെ രാഷ്ട്രീയ യാത്ര പിന്നീട് കോൺഗ്രസിനുള്ളിലും പുറത്തും നിരവധി വഴിത്തിരിവുകൾ കണ്ടു. ഇടക്കാലത്ത് പാർട്ടി വിട്ട അദ്ദേഹം ആദ്യം അച്ഛൻ സ്ഥാപിച്ച ഡിഐസിയിലും പിന്നീട് എൻസിപിയിലും സജീവമായി. എന്നാൽ ഇടത് മുന്നണി പ്രവേശനം വഴി മുട്ടിയതോടെ കോൺഗ്രസിലേക്ക് മടങ്ങി വന്നു.
പത്മജ വേണുഗോപാലും കോൺഗ്രസ് രാഷ്ട്രീയത്തിലൂടെയാണ് സജീവമായത്. എന്നാൽ 2024ൽ അവർ ബിജെപിയിൽ ചേർന്നത് കുടുംബത്തിൻ്റെ രാഷ്ട്രീയ യാത്രയിൽ പുതിയൊരു അധ്യായമായി.
കരുണാകരൻ കുടുംബത്തിൻ്റെ പ്രത്യേകത ഇതാണ്: ഒരേ കുടുംബത്തിൽ നിന്നുള്ളവർ ഒരേ രാഷ്ട്രീയ പാർട്ടിയിൽ മാത്രം തുടരണമെന്നില്ല. കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങളെ മനസ്സിലാക്കാൻ ഇത് വളരെ പ്രധാനപ്പെട്ട ഉദാഹരണമാണ്.
3. ആ൯റണി കുടുംബം: ദേശീയ രാഷ്ട്രീയത്തിലേക്കുള്ള രണ്ട് തലമുറകളുടെ യാത്ര

കേരള രാഷ്ട്രീയത്തിൽനിന്ന് ദേശീയ തലത്തിലേക്ക് വളർന്ന നേതാക്കളിൽ പ്രധാനിയാണ് എ. കെ. ആ൯റണി. ലാളിത്യവും വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകളും കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം കേരളത്തിൻ്റെ മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചു.
എ. കെ. ആ൯റണിയുടെ രാഷ്ട്രീയ ജീവിതം കോൺഗ്രസ് പ്രസ്ഥാനവുമായി വളരെ അടുത്ത് ബന്ധപ്പെട്ടതാണ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്ന അദ്ദേഹം പിന്നീട് കേരളത്തിൻ്റെ മുഖ്യമന്ത്രിയായി. കേന്ദ്ര പ്രതിരോധ മന്ത്രിയായതോടെ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം കേരളത്തിന് പുറത്തേക്കും വ്യാപിച്ചു.
മകൻ അനിൽ കെ. ആ൯റണി കോൺഗ്രസ് രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. എന്നാൽ പിന്നീട് അദ്ദേഹം ബിജെപിയിൽ ചേർന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തു.
ഇതോടെ ആ൯റണി കുടുംബത്തിൻ്റെ രാഷ്ട്രീയ യാത്രയിൽ ശ്രദ്ധേയമായ ഒരു മാറ്റം സംഭവിച്ചു. അച്ഛൻ കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രധാന നേതാവായിരിക്കെ മകൻ മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി. മക്കൾ രാഷ്ട്രീയത്തിൻ്റെ പേരിൽ കരുണാകരനെ ഏറ്റവും കൂടുതൽ വിമർശിച്ചത് കോൺഗ്രസിലെ എ ഗ്രൂപ്പാണ് . പിന്നീട് മകൻ്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ആ൯റണിക്കും ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു എന്നത് ചരിത്രത്തിലെ വിരോധാഭാസമാകാം .
3. വി. എസ്. അച്യുതാനന്ദൻ കുടുംബം: വ്യക്തിപരമായ രാഷ്ട്രീയ പാരമ്പര്യത്തിൻ്റെ കഥ
കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ വി. എസ്. അച്യുതാനന്ദൻ്റെ കാര്യം വ്യത്യസ്തമാണ്. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ വളർച്ച ഒരു കുടുംബ രാഷ്ട്രീയ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നില്ല.
ആലപ്പുഴയിലെ തൊഴിലാളി പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് വി. എസ്. അച്യുതാനന്ദൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിലും സംഘടനാ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. പിന്നീട് കേരളത്തിൻ്റെ മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.
വി. എസിൻ്റെ രാഷ്ട്രീയ വ്യക്തിത്വത്തിൻ്റെ പ്രധാന പ്രത്യേകത അദ്ദേഹത്തിൻ്റെ വ്യക്തിപരമായ ജനപ്രീതിയും ശക്തമായ നിലപാടുകളുമായിരുന്നു. പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും അദ്ദേഹം സ്വന്തം രാഷ്ട്രീയ ശൈലി നിലനിർത്തി.
അദ്ദേഹത്തിൻ്റെ മകൻ വി. എ. അരുൺകുമാർ പൊതുജീവിതത്തിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും, ഇതുവരെ രാഷ്ട്രീയത്തിൽ വന്നിട്ടില്ല .
4. ഉമ്മൻ ചാണ്ടി കുടുംബം: പുതുപ്പള്ളിയിൽ നിന്ന് പുതിയ തലമുറയിലേക്ക്

കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ മണ്ഡലബന്ധത്തിൻ്റെ ഉദാഹരണമാണ് ഉമ്മൻ ചാണ്ടിയും പുതുപ്പള്ളിയും. അരനൂറ്റാണ്ടിലേറെക്കാലം നിയമസഭയിൽ പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടി കേരളത്തിലെ ഏറ്റവും ജനകീയരായ കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു. രണ്ട് തവണ മുഖ്യമന്ത്രിയായ അദ്ദേഹം സാധാരണക്കാരുമായുള്ള നേരിട്ടുള്ള ബന്ധത്തിനും ജനസമ്പർക്ക പരിപാടികൾക്കും പ്രത്യേക രാഷ്ട്രീയ ശൈലിക്കും പേരുകേട്ടയാളായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിൻ്റെ വലിയ പ്രത്യേകത അദ്ദേഹത്തിൻ്റെ ജനബന്ധമായിരുന്നു. പതിറ്റാണ്ടുകളോളം ഒരു മണ്ഡലത്തിൽ പ്രവർത്തിച്ചതിലൂടെ അദ്ദേഹം സൃഷ്ടിച്ച വിശ്വാസമാണ് പ്രധാനപ്പെട്ടത്. എന്നാൽ ആ വിശ്വാസം അവിടെ മാത്രമല്ല ഒതുങ്ങി നിന്നത്. കരുണാകരന് ശേഷം സാധാരണ കോൺഗ്രസ് പ്രവർത്തകരുമായി ഇത്രമാത്രം അടുത്ത ബന്ധം പുലർത്തിയിരുന്ന മറ്റൊരു നേതാവില്ല എന്ന് തന്നെ പറയാം .
അദ്ദേഹത്തിൻ്റെ മകൻ ചാണ്ടി ഉമ്മൻ പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് എത്തി. ഉമ്മൻ ചാണ്ടിയുടെ മരണത്തിനു പിന്നാലെ പുതുപ്പള്ളിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ്റെ വിജയം കുടുംബത്തിനും മണ്ഡലത്തിനും ഇടയിലുള്ള ബന്ധത്തിൻ്റെ ശക്തി വീണ്ടും തെളിയിച്ചു.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യം വെറും കുടുംബപ്പേരിൻ്റെ പാരമ്പര്യമല്ല; ഒരു മണ്ഡലവുമായി പതിറ്റാണ്ടുകളായി രൂപപ്പെട്ട വ്യക്തിബന്ധത്തിൻ്റെ പാരമ്പര്യമാണ്.
അതുകൊണ്ടുതന്നെ കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ പുതുപ്പള്ളിയും ഉമ്മൻ ചാണ്ടി കുടുംബവും പ്രത്യേക സ്ഥാനമാണ് നേടുന്നത്.
5. കെ. എം. മാണി കുടുംബം: പാലായുടെ രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു അധ്യായം

കേരള കോൺഗ്രസ് രാഷ്ട്രീയത്തിൻ്റെ ചരിത്രം കെ. എം. മാണിയെ ഒഴിവാക്കി എഴുതാനാകില്ല. പാലാ മണ്ഡലത്തെയും കേരള കോൺഗ്രസ് രാഷ്ട്രീയത്തെയും ഓർക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്ന പേരാണ് കെ. എം. മാണി. ദീർഘകാലം മന്ത്രിയായിരുന്ന അദ്ദേഹം കേരള രാഷ്ട്രീയത്തിലെ ഏറ്റവും പരിചയസമ്പന്നരായ നേതാക്കളിൽ ഒരാളായിരുന്നു.
കേരള കോൺഗ്രസിലെ വിവിധ വിഭാഗങ്ങളുടെ രൂപീകരണവും പിളർപ്പുകളും മുന്നണി മാറ്റങ്ങളും ഒരു കാലത്ത് കേരള രാഷ്ട്രീയത്തിലെ സ്ഥിരം വാർത്തകളായിരുന്നു. മാണിയുടെ മരണത്തിനു ശേഷവും അദ്ദേഹത്തിൻ്റെ കുടുംബം രാഷ്ട്രീയത്തിൽ സജീവമായി തുടർന്നു.
മകൻ ജോസ് കെ. മാണി പിന്നീട് പാർട്ടിയുടെ പ്രധാന നേതാവായി ഉയർന്നു. കേരള കോൺഗ്രസ് (എം)ൻ്റെ രാഷ്ട്രീയ നിലപാടുകളിലെ മാറ്റങ്ങൾക്കൊപ്പം ജോസ് കെ. മാണിയുടെ രാഷ്ട്രീയ യാത്രയും മാറി. UDF വിട്ട് LDF-ലേക്ക് എത്തിയതും പിന്നീട് ഇടതുമുന്നണിയുടെ പ്രധാന ഘടകമായതും കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവായിരുന്നു.
ഇവിടെ കുടുംബ രാഷ്ട്രീയവും പാർട്ടി രാഷ്ട്രീയവും തമ്മിലുള്ള ബന്ധം വ്യക്തമാണ്. മാണിയുടെ വ്യക്തിപരമായ രാഷ്ട്രീയ പാരമ്പര്യം അദ്ദേഹത്തിൻ്റെ മകനിലേക്ക് എത്തിയെങ്കിലും, അത് അതേ രൂപത്തിൽ തുടരുകയല്ല ചെയ്തത്. പുതിയ തലമുറ മുന്നണി ബന്ധങ്ങളിൽ പോലും മാറ്റം വരുത്തി.
അതുകൊണ്ടുതന്നെ മാണി കുടുംബത്തിൻ്റെ കഥ കേരളത്തിലെ കുടുംബ രാഷ്ട്രീയത്തിനൊപ്പം കേരള കോൺഗ്രസിൻ്റെ ചരിത്രവും കൂടിയാണ്.
6. കോടിയേരി കുടുംബം: കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽനിന്ന് പൊതുജീവിതത്തിലേക്ക്
കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തിൽ കോടിയേരി ബാലകൃഷ്ണന് പ്രധാന സ്ഥാനമുണ്ട്. തലശ്ശേരി മേഖലയിൽനിന്ന് ഉയർന്നുവന്ന അദ്ദേഹം സിപിഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറിയായും ആഭ്യന്തര മന്ത്രിയായും പ്രവർത്തിച്ചു. പാർട്ടി സംഘടനയിലും നിയമസഭാ രാഷ്ട്രീയത്തിലും ദീർഘകാലം സജീവമായിരുന്ന നേതാവായിരുന്നു അദ്ദേഹം.
കോടിയേരി ബാലകൃഷ്ണൻ്റെ രാഷ്ട്രീയ ജീവിതം വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് തുടങ്ങിയത്. അദ്ദേഹം പിന്നീട് നിയമസഭാംഗമായി. ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തും പാർട്ടി സെക്രട്ടറിയായിരുന്ന കാലത്തും അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി.
അദ്ദേഹത്തിൻ്റെ മക്കളായ ബിനീഷ് കോടിയേരിയും ബിനോയ് കോടിയേരിയും പൊതുചർച്ചകളിൽ ഇടം നേടിയിട്ടുണ്ട്. ബിനീഷ് സംഘടനാപരമായ ചില ചുമതലകൾ വഹിച്ചിട്ടുണ്ട് എങ്കിലും ഇതുവരെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല .
7. കെ. ആർ. ഗൗരിയമ്മയും ടി. വി. തോമസും: രാഷ്ട്രീയവും വ്യക്തിജീവിതവും
കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ രാഷ്ട്രീയ ദമ്പതികളായിരുന്നു കെ. ആർ. ഗൗരിയമ്മയും ടി. വി. തോമസും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ വളർന്നുവന്ന ഇരുവരും 1957 മെയ് 30-ന് വിവാഹിതരായി.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ ഇരുവരും മന്ത്രിമാരായി പ്രവർത്തിച്ചു. ഗൗരിയമ്മ റവന്യൂ വകുപ്പും ടി. വി. തോമസ് വ്യവസായ, തൊഴിൽ വകുപ്പുകളും കൈകാര്യം ചെയ്തു.
1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതോടെ അവരുടെ രാഷ്ട്രീയ വഴികളും വ്യത്യസ്തമായി. ഗൗരിയമ്മ സി.പി.എമ്മിലും ടി. വി. തോമസ് സി.പി.ഐയിലും ചേർന്നു. രാഷ്ട്രീയ ആശയവ്യത്യാസങ്ങൾ വ്യക്തിജീവിതത്തെയും ബാധിച്ചതോടെ 1965-ഓടെ ഇരുവരും വേർപിരിഞ്ഞ് താമസിച്ചു. എന്നിരുന്നാലും 1967-ലെ ഇ. എം. എസ്. മന്ത്രിസഭയിൽ ഇരുവരും മന്ത്രിമാരായി പ്രവർത്തിച്ചു.
ഗൗരിയമ്മ ഭൂസമരങ്ങൾക്കും സാമൂഹിക നീതിക്കുമുള്ള പോരാട്ടങ്ങൾക്കും നേതൃത്വം നൽകിയപ്പോൾ ടി. വി. തോമസ് തൊഴിലാളി പ്രസ്ഥാനത്തിൽ സജീവമായിരുന്നു. അവരുടെ ജീവിതവും രാഷ്ട്രീയ ബന്ധവും മലയാള സിനിമയായ ‘ലാൽസലാം’ ഉൾപ്പെടെയുള്ള കലാസൃഷ്ടികൾക്ക് പ്രചോദനമായിട്ടുണ്ട്. രാഷ്ട്രീയ ആശയങ്ങളും വ്യക്തിബന്ധങ്ങളും തമ്മിലുള്ള സങ്കീർണമായ ബന്ധത്തിന്റെ ഉദാഹരണമാണ് ഇവരുടെ ജീവിതം.
8. പാണക്കാട് കുടുംബം: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറമുള്ള സ്വാധീനം
കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങളെക്കുറിച്ച് പറയുമ്പോൾ പാണക്കാട് കുടുംബം മറ്റെല്ലാ കുടുംബങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു മാതൃകയാണ്. കാരണം ഇത് ഒരു സാധാരണ തിരഞ്ഞെടുപ്പ് രാഷ്ട്രീയ കുടുംബമല്ല. മുസ്ലിം ലീഗിൻ്റെ സംഘടനാ രാഷ്ട്രീയത്തിലും മലബാറിലെ സാമൂഹിക-മത നേതൃത്വത്തിലും പാണക്കാട് കുടുംബത്തിന് ദീർഘകാലമായി വലിയ സ്വാധീനമുണ്ട്.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരുടെ നേതൃത്വത്തിലൂടെ ഈ കുടുംബം മുസ്ലിം ലീഗിൻ്റെ രാഷ്ട്രീയ ഘടനയിൽ കേന്ദ്രസ്ഥാനത്ത് തുടരുന്നു. പാണക്കാട് കുടുംബത്തിൻ്റെ സ്വാധീനം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മാത്രമല്ല. പാർട്ടി തീരുമാനങ്ങളിലും സംഘടനാ ഏകോപനത്തിലും മുന്നണി രാഷ്ട്രീയത്തിലും അത് പ്രകടമാണ്. ഇക്കാര്യത്തിൽ അവർക്ക് പാർട്ടിക്കകത്തോ പുറത്തോ കാര്യമായ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടില്ല എന്ന് പറയാം .
ഇതാണ് പാണക്കാട് കുടുംബത്തെ കേരളത്തിലെ മറ്റു രാഷ്ട്രീയ കുടുംബങ്ങളിൽ നിന്ന് വേറിട്ടുനിർത്തുന്നത്.
ഒരു മുൻ മുഖ്യമന്ത്രിയുടെയോ മന്ത്രിയുടെയോ മകൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മാതൃകയും ഒരു രാഷ്ട്രീയ-സാമൂഹിക സംഘടനയുടെ നേതൃത്വത്തിൽ തലമുറകൾ തുടർച്ചയായി എത്തുന്ന മാതൃകയും ഒരുപോലെയല്ല.
മലബാറിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ പാണക്കാട് കുടുംബത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കാതെ കേരളത്തിലെ മുസ്ലിം ലീഗ് രാഷ്ട്രീയത്തെ പൂർണമായി മനസ്സിലാക്കാനാകില്ല.
9. പി. സി. ജോർജ് കുടുംബം: കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്ന് ബിജെപിയിലേക്ക്
കോട്ടയം, ഇടുക്കി മേഖലകളിലെ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ പി. സി. ജോർജ് ഏറെക്കാലം ശ്രദ്ധേയനായ നേതാവായിരുന്നു. നിയമസഭാംഗം, ചീഫ് വിപ്പ് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ശൈലി പലപ്പോഴും വിവാദങ്ങളും ശക്തമായ പ്രസ്താവനകളും കൊണ്ട് ശ്രദ്ധ നേടിയിരുന്നു.
അദ്ദേഹത്തിൻ്റെ മകൻ ഷോൺ ജോർജും പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് എത്തി. ഇതോടെ കേരളത്തിലെ മറ്റൊരു രാഷ്ട്രീയ കുടുംബം അടുത്ത തലമുറയിലേക്ക് നീങ്ങി.
പി. സി. ജോർജിന്റെ കുടുംബത്തിൻ്റെ പ്രത്യേകത രാഷ്ട്രീയ നിലപാടുകളിലെ മാറ്റങ്ങളാണ്. കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന കുടുംബം ആദ്യം എൽഡിഎഫിലും യുഡിഎഫിലും പ്രവർത്തിച്ചെങ്കിലും പിന്നീട് ബിജെപി രാഷ്ട്രീയവുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിച്ചു.
ഇത് കേരളത്തിലെ കുടുംബ രാഷ്ട്രീയത്തിൻ്റെ മറ്റൊരു വശം കാണിക്കുന്നു. കുടുംബ രാഷ്ട്രീയ പാരമ്പര്യം എന്നത് ഒരേ ആശയത്തിൻ്റെ പാരമ്പര്യം മാത്രമല്ല. രാഷ്ട്രീയ സാഹചര്യങ്ങൾ മാറുമ്പോൾ അടുത്ത തലമുറ സ്വന്തം രാഷ്ട്രീയ വഴിയും തിരഞ്ഞെടുക്കാം.
10. ബാലകൃഷ്ണപിള്ള കുടുംബം: കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ മറ്റൊരു പാരമ്പര്യം

ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളിലൊരാളായിരുന്നു. മന്ത്രിയായും മുന്നണി രാഷ്ട്രീയത്തിലെ പ്രധാന വ്യക്തിയായും പ്രവർത്തിച്ച അദ്ദേഹം കൊല്ലം ജില്ലയിലും സംസ്ഥാന രാഷ്ട്രീയത്തിലും സ്വാധീനം ചെലുത്തി.
മകൻ കെ. ബി. ഗണേഷ് കുമാർ പിന്നീട് രാഷ്ട്രീയത്തിലേക്ക് എത്തുകയും പിതാവിൻ്റെ രാഷ്ട്രീയ പാരമ്പര്യം പിന്തുടരുകയും ചെയ്തു. സിനിമ നടൻ എന്ന നിലയിൽ ജനങ്ങൾക്ക് നേരത്തെ തന്നെ പരിചിതനായിരുന്ന അദ്ദേഹം മന്ത്രി എന്ന നിലയിലുള്ള മികച്ച പ്രവർത്തനത്തിലൂടെ എല്ലാവർക്കും പ്രിയങ്കരനായി .
സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ എത്തി വിജയിച്ച ആളുകൾ കേരളത്തിൽ അപൂർവമാണ്. അതിൽ പ്രമുഖ സ്ഥാനം ഗണേഷ് കുമാറിനാണ് .
11. ടി. എം. ജേക്കബ് കുടുംബം: പാർട്ടി പാരമ്പര്യത്തിൽ നിന്ന് പുതിയ തലമുറയിലേക്ക്
കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ നേതാവായിരുന്നു ടി. എം. ജേക്കബ്. മന്ത്രിയായും പാർട്ടി നേതാവായും അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവർത്തനം പ്രധാനമായും എറണാകുളം ജില്ലയിലെ പിറവം മേഖല കേന്ദ്രീകരിച്ചുള്ളതായിരുന്നു .
മകൻ അനൂപ് ജേക്കബ് പിന്നീട് രാഷ്ട്രീയത്തിലേക്ക് എത്തി. പിതാവിൻ്റെ മരണത്തിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിൽ അനൂപ് ജേക്കബിൻ്റെ വരവും വളർച്ചയും കേരളത്തിലെ രാഷ്ട്രീയ കുടുംബ പാരമ്പര്യത്തിൻ്റെ മറ്റൊരു ഉദാഹരണമായി.
ഒരു നേതാവ് ദീർഘകാലം ഒരു പ്രദേശത്ത് പ്രവർത്തിക്കുമ്പോൾ രൂപപ്പെടുന്ന രാഷ്ട്രീയ ബന്ധങ്ങൾ അടുത്ത തലമുറയ്ക്ക് സ്വാഭാവികമായ ഒരു തുടക്കം നൽകുന്നു. എന്നാൽ ആ ബന്ധം നിലനിർത്താൻ പുതിയ തലമുറയ്ക്കും സ്വന്തം രാഷ്ട്രീയ പ്രവർത്തനം ആവശ്യമാണ്.
12. ബേബി ജോൺ കുടുംബം: ആർ.എസ്.പി. രാഷ്ട്രീയത്തിലെ തലമുറ മാറ്റം
കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിൽ ആർ.എസ്.പി.യ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഈ പാർട്ടിയുടെ പ്രമുഖ നേതാക്കളിലൊരാളായിരുന്നു ബേബി ജോൺ. കൊല്ലം മേഖലയിലെ തൊഴിലാളി രാഷ്ട്രീയത്തിലും ഇടതുപക്ഷ മുന്നണി രാഷ്ട്രീയത്തിലും അദ്ദേഹം സ്വാധീനം ചെലുത്തി.
മകൻ ഷിബു ബേബി ജോൺ പിന്നീട് രാഷ്ട്രീയത്തിലേക്ക് എത്തുകയും മന്ത്രിയാവുകയും ചെയ്തു. പിതാവിൻ്റെ രാഷ്ട്രീയ പാരമ്പര്യത്തിൽ നിന്നുള്ള അടുത്ത തലമുറയുടെ പ്രവേശനമായിരുന്നു ഇത്.
എന്നാൽ ഷിബു ബേബി ജോണിൻ്റെ രാഷ്ട്രീയ ജീവിതം സ്വന്തം വ്യക്തിത്വവും പ്രവർത്തനവും കൊണ്ടാണ് മുന്നോട്ട് പോയത്. രാഷ്ട്രീയത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ കണ്ട അദ്ദേഹം സിനിമ നിർമാണത്തിലും സജീവമാണ് .
13. പി. ടി. ചാക്കോ കുടുംബം: പഴയ തലമുറയിൽ നിന്ന് പുതിയ രാഷ്ട്രീയത്തിലേക്ക്
കേരളത്തിലെ ആദ്യകാല കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രധാന നേതാക്കളിലൊരാളായിരുന്നു പി. ടി. ചാക്കോ. മന്ത്രിയായും നിയമസഭാ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ച അദ്ദേഹം കേരള രാഷ്ട്രീയത്തിലെ ഒരു പ്രധാന കാലഘട്ടത്തിൻ്റെ ഭാഗമായിരുന്നു.
അദ്ദേഹത്തിന്റെ മകൻ പി. സി. തോമസ് പിന്നീട് ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി. കേന്ദ്രമന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പി. ടി. ചാക്കോ കുടുംബത്തിൻ്റെ കഥ പഴയ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്ന് പിന്നീട് രൂപപ്പെട്ട കേരള കോൺഗ്രസ് രാഷ്ട്രീയത്തിലേക്കുള്ള ഒരു പാലം പോലെയാണ്. കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ പല കുടുംബങ്ങളും ഒരു പാർട്ടിയിൽ തുടങ്ങി മറ്റൊരു രാഷ്ട്രീയ ധാരയിലേക്ക് മാറിയതായി കാണാം.
അതുകൊണ്ട് രാഷ്ട്രീയ കുടുംബങ്ങളുടെ കഥകൾ വ്യക്തികളുടെ ജീവിതകഥകൾ മാത്രമല്ല. അവ കേരളത്തിലെ പാർട്ടികളുടെ പരിണാമത്തിൻ്റെ കഥ കൂടിയാണ്.
14. സി. എച്ച്. മുഹമ്മദ് കോയ കുടുംബം: മുസ്ലിം ലീഗിൻ്റെ രാഷ്ട്രീയ പാരമ്പര്യം
കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ മുഖ്യമന്ത്രി പദത്തിലെത്തിയ മുസ്ലിം ലീഗ് നേതാവായിരുന്നു സി. എച്ച്. മുഹമ്മദ് കോയ. മലബാർ രാഷ്ട്രീയത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം വളരെ വലുതായിരുന്നു.
മകൻ എം. കെ. മുനീർ പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് എത്തി. മന്ത്രിയായും നിയമസഭാംഗമായും അദ്ദേഹം പ്രവർത്തിച്ചു.
സി. എച്ച്. മുഹമ്മദ് കോയ കുടുംബത്തിൻ്റെ പ്രാധാന്യം കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വളർച്ചയുമായി ബന്ധപ്പെട്ട് നിൽക്കുന്നു .
ഇവിടെ കുടുംബ പാരമ്പര്യം വ്യക്തിപരമായ ബന്ധത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഒരു പ്രത്യേക സാമൂഹിക-രാഷ്ട്രീയ അടിത്തറയുമായുള്ള ബന്ധവും അതിനൊപ്പം തുടരുന്നു.
15. പി. ജെ. ജോസഫ് കുടുംബം: ഒരു ചെറിയ വ്യത്യാസം

കേരള കോൺഗ്രസിൻ്റെ ചരിത്രത്തിൽ ഏറ്റവും ദീർഘകാലം സജീവമായ നേതാക്കളിലൊരാളാണ് പി. ജെ. ജോസഫ്.
കേരള കോൺഗ്രസിലെ വിവിധ പിളർപ്പുകളിലും മുന്നണി മാറ്റങ്ങളിലും പി. ജെ. ജോസഫിൻ്റെ വ്യക്തിപരമായ സ്വാധീനം വളരെ വലുതായിരുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിൽ നിന്ന് അടുത്ത തലമുറയും രാഷ്ട്രീയത്തിലേക്ക് എത്തിയിട്ടുണ്ട്.
എന്നാൽ കേരള കോൺഗ്രസിലെ കുടുംബ രാഷ്ട്രീയത്തെക്കുറിച്ച് പഠിക്കുമ്പോൾ ഒരു കാര്യമാണ് ശ്രദ്ധിക്കേണ്ടത്: എല്ലാ വിഭാഗങ്ങളെയും ഒരേ രീതിയിൽ “വംശീയ രാഷ്ട്രീയം” എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. ചില കുടുംബങ്ങളുടെ ശക്തി പാർട്ടി സംഘടനയിൽ നിന്നാണ് വരുന്നത്. ചിലത് വ്യക്തിപരമായ മണ്ഡല സ്വാധീനത്തിൽ നിന്നാണ്.
16. പി. ആർ. കുറുപ്പ് കുടുംബവും വടക്കൻ കേരളത്തിലെ രാഷ്ട്രീയ പാരമ്പര്യവും
കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങൾ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും നിന്ന് മാത്രമല്ല ,. വടക്കൻ കേരളത്തിലും കാണാം . അവിടെയുള്ള പല നേതാക്കളുടെയും കുടുംബങ്ങൾ പിന്നീട് രാഷ്ട്രീയത്തിൽ സജീവമായി.
പി. ആർ. കുറുപ്പ് കുടുംബത്തിൽ നിന്ന് കെ. പി. മോഹനൻ രാഷ്ട്രീയത്തിലേക്ക് എത്തിയത് ഇതിൻ്റെ ഉദാഹരണമാണ്. മന്ത്രിയായും നിയമസഭാംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങളെ മനസ്സിലാക്കുമ്പോൾ അവിടുത്തെ ശക്തമായ പാർട്ടി സംഘടനകളും പ്രാദേശിക രാഷ്ട്രീയ ബന്ധങ്ങളും കൂടി പരിഗണിക്കണം. കണ്ണൂർ, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ രാഷ്ട്രീയ പ്രവർത്തനം പലപ്പോഴും കുടുംബ സാമൂഹിക ബന്ധങ്ങളുമായി ചേർന്നാണ് വളർന്നത്.
അതുകൊണ്ട് തെക്കൻ കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങളെയും വടക്കൻ കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങളെയും ഒരുപോലെ കാണാൻ കഴിയില്ല .
17. പിണറായി വിജയൻ കുടുംബം: കുടുംബ രാഷ്ട്രീയത്തെക്കുറിച്ചുള്ള പുതിയ ചർച്ച

പിണറായി വിജയൻ്റെ കുടുംബം കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ കുടുംബങ്ങളുടെ പട്ടികയിൽ നിന്ന് അൽപ്പം വ്യത്യസ്തമായ രീതിയിലാണ് ചർച്ച ചെയ്യപ്പെടുന്നത്. കാരണം അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ഉയർച്ച കുടുംബ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയല്ല. ദീർഘകാല പാർട്ടി പ്രവർത്തനത്തിലൂടെയാണ് അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ നേതാക്കളിലൊരാളായി മാറിയത്.
അദ്ദേഹത്തിൻ്റെ മകൾ വീണയുടെ പേര് ചില രാഷ്ട്രീയ വിവാദങ്ങളിൽ ഉൾപ്പെട്ടുവെങ്കിലും അവർ രാഷ്ട്രീയത്തിൽ വന്നിട്ടില്ല. നേരത്തെ ഡിവൈഎഫ്ഐ നേതാവായിരുന്ന മരുമകൻ പി. എ. മുഹമ്മദ് റിയാസിൻ്റെ പേരും പലപ്പോഴും കടുംബ രാഷ്ട്രീയത്തെ കുറിച്ചുള്ള ചർച്ചകളിൽ ഉയർന്ന് വന്നിട്ടുണ്ട് . റിയാസ് പിന്നീട് മന്ത്രിയായി.
ഇടതുപക്ഷ പാർട്ടികൾ രാഷ്ട്രീയ കുടുംബങ്ങൾ കെട്ടിപ്പടുക്കുന്നതിൽ അധികം താല്പര്യം കാണിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മുൻ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടിൻ്റെ മകൻ ഇ എം ശ്രീധരൻ ഒരിക്കൽ കെ കരുണാകരനെതിരെ മത്സരിച്ചിട്ടുണ്ട്. അങ്ങനെയുള്ള വളരെ ചുരുക്കം സംഭവങ്ങൾ മാത്രമാണ് ഇടതിനെയും കുടുംബ രാഷ്ട്രീയത്തെയും ബന്ധപ്പെടുത്തുന്നത്.
കേരള കോൺഗ്രസ്: കുടുംബ രാഷ്ട്രീയത്തിൻ്റെ ഏറ്റവും വലിയ പരീക്ഷണശാല?
കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങളെക്കുറിച്ച് പറയുമ്പോൾ കേരള കോൺഗ്രസിന് പ്രത്യേക സ്ഥാനം നൽകേണ്ടിവരും. കാരണം ഈ പാർട്ടിയുടെ ചരിത്രത്തിൽ തന്നെ കുടുംബം, വ്യക്തിനേതൃത്വം, മണ്ഡലം, വിഭാഗീയത എന്നിവ തമ്മിൽ ശക്തമായ ബന്ധമുണ്ട്.
കെ. എം. മാണി കുടുംബം, പി. സി. ജോർജ് കുടുംബം, ബാലകൃഷ്ണപിള്ള കുടുംബം, ടി. എം. ജേക്കബ് കുടുംബം, പി. ടി. ചാക്കോ കുടുംബം തുടങ്ങിയ പേരുകൾ വ്യത്യസ്ത കാലങ്ങളിൽ കേരള കോൺഗ്രസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
കേരള കോൺഗ്രസിൻ്റെ പിളർപ്പുകളുടെ ചരിത്രം പരിശോധിച്ചാൽ ചില നേതാക്കളുടെ പാരമ്പര്യവും അവകാശ രാഷ്ട്രീയവും പാർട്ടി രൂപീകരണത്തിലും വിഭാഗീയതയിലും സ്വാധീനം ചെലുത്തിയതായി കാണാം.
കുടുംബ രാഷ്ട്രീയത്തിൻ്റെ ഗുണങ്ങൾ എന്തൊക്കെയാണ്?
കുടുംബ രാഷ്ട്രീയത്തിനെതിരായ വിമർശനങ്ങൾ ശക്തമാണ്. എന്നാൽ അതിൻ്റെ ചില പ്രായോഗിക ഗുണങ്ങളും ചർച്ച ചെയ്യേണ്ടതുണ്ട്. ഒരു രാഷ്ട്രീയ കുടുംബത്തിൽ വളർന്ന ഒരാൾക്ക് രാഷ്ട്രീയത്തിൻ്റെ പ്രവർത്തനരീതി ചെറുപ്പം മുതൽ പരിചിതമായിരിക്കും. പാർട്ടി സംഘടന, തിരഞ്ഞെടുപ്പ് പ്രവർത്തനം, മണ്ഡല ബന്ധം, പൊതുജന ഇടപെടൽ തുടങ്ങിയ കാര്യങ്ങളിൽ അയാൾക്ക് മറ്റുള്ളവരെക്കാൾ നേരത്തെ പരിചയം ലഭിക്കും.
മറ്റൊരു നേട്ടം തുടർച്ചയാണ്. ഒരു നേതാവ് വർഷങ്ങളോളം ഒരു പ്രദേശത്ത് പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിൻ്റെ മരണത്തിനോ വിരമിക്കലിനോ ശേഷം കുടുംബത്തിലെ മറ്റൊരാൾ ആ ബന്ധം തുടരാൻ ശ്രമിക്കാം.
പ്രാദേശിക രാഷ്ട്രീയത്തിൽ ഇത് ചിലപ്പോൾ ഫലപ്രദമാകാം.
എന്നാൽ ഈ ഗുണങ്ങൾ എല്ലാം വ്യക്തിയുടെ കഴിവിനൊപ്പം മാത്രമേ പ്രവർത്തിക്കൂ. കുടുംബപ്പേര് മാത്രം ഉപയോഗിച്ച് ദീർഘകാല രാഷ്ട്രീയ സ്വാധീനം നിലനിർത്താൻ കഴിയില്ല.
കുടുംബ രാഷ്ട്രീയത്തിനെതിരായ വിമർശനം
കുടുംബ രാഷ്ട്രീയത്തിൻ്റെ ഏറ്റവും വലിയ വിമർശനം അവസരസമത്വവുമായി ബന്ധപ്പെട്ടതാണ്. വർഷങ്ങളോളം പാർട്ടിയിൽ പ്രവർത്തിച്ച ഒരാൾക്ക് സ്ഥാനാർഥിത്വം ലഭിക്കാതെ നേതാവിൻ്റെ ബന്ധുവിന് അവസരം ലഭിക്കുന്നുവെങ്കിൽ, പാർട്ടിക്കുള്ളിലെ ജനാധിപത്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരും.
ഇത്തരം വിമർശനം കേരളത്തിൽ പുതിയതല്ല.
രാഷ്ട്രീയം ഒരു പൊതുസേവന മേഖലയാണ്. അതിനെ കുടുംബ സ്വത്തുപോലെ അടുത്ത തലമുറയ്ക്ക് കൈമാറുന്നത് ജനാധിപത്യത്തിൻ്റെ അടിസ്ഥാന ആശയവുമായി പൊരുത്തപ്പെടുമോ എന്ന ചോദ്യവും പ്രസക്തമാണ് .
ഇതിന് ലളിതമായ ഉത്തരം ഇല്ല.
കാരണം ഒരേ കുടുംബത്തിൽ നിന്നുള്ള ഒരാൾക്ക് രാഷ്ട്രീയത്തിലേക്ക് വരാനുള്ള അവകാശം നിഷേധിക്കാനും കഴിയില്ല. അതേസമയം കുടുംബബന്ധം മാത്രം ഉപയോഗിച്ച് അവസരം ലഭിക്കുന്നുവെങ്കിൽ അതിനെ ചോദ്യം ചെയ്യുന്നതും ജനാധിപത്യത്തിന്റെ ഭാഗമാണ്.
ഉപസംഹാരം
കേരള രാഷ്ട്രീയത്തിൻ്റെ ചരിത്രം പരിശോധിക്കുമ്പോൾ രാഷ്ട്രീയ കുടുംബങ്ങളെ ഒഴിവാക്കാനാകില്ല. കരുണാകരൻ കുടുംബം മുതൽ ഉമ്മൻ ചാണ്ടി കുടുംബം വരെ, കെ. എം. മാണി കുടുംബം മുതൽ കേരള കോൺഗ്രസിലെ വിവിധ കുടുംബങ്ങൾ വരെ, പാണക്കാട് കുടുംബം മുതൽ പുതിയ തലമുറയിലെ രാഷ്ട്രീയ പാരമ്പര്യങ്ങൾ വരെ ഈ കഥ പല രൂപത്തിലാണ് മുന്നോട്ടുപോയത്.
ചില കുടുംബങ്ങൾ മണ്ഡല രാഷ്ട്രീയത്തിലൂടെ ശക്തരായി. ചിലർ പാർട്ടി സംഘടനയിലൂടെ സ്വാധീനം നേടി. ചില കുടുംബങ്ങൾ മത-സാമൂഹിക നേതൃത്വത്തോടൊപ്പം രാഷ്ട്രീയ ശക്തിയായി. മറ്റുചിലരുടെ അടുത്ത തലമുറയ്ക്ക് പഴയ ജനപ്രീതി നിലനിർത്താൻ കഴിഞ്ഞില്ല.
അതിനാൽ കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങൾ എന്നത് അധികാരം തലമുറകളിലേക്ക് കൈമാറുന്ന കഥ മാത്രമല്ല. അത് കേരളത്തിൻ്റെ സാമൂഹിക ഘടനയുടെയും പാർട്ടി രാഷ്ട്രീയത്തിൻ്റെയും മണ്ഡല ബന്ധങ്ങളുടെയും വോട്ടർമാരുടെ രാഷ്ട്രീയ ബോധത്തിൻ്റെയും കഥ കൂടിയാണ്.
കേരളത്തിലെ കുടുംബ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചർച്ചയിൽ ഈ ചോദ്യം പ്രസക്തമാണ് : രാഷ്ട്രീയ നേതാവിൻ്റെ കുടുംബാംഗം രാഷ്ട്രീയത്തിലേക്ക് വരുന്നത് മാത്രം കുടുംബ രാഷ്ട്രീയമാണോ?
അല്ലെങ്കിൽ രാഷ്ട്രീയ പദവി കുടുംബത്തിനുള്ളിൽ കൈമാറുന്ന രീതിയാണോ യഥാർഥ രാഷ്ട്രീയ പാരമ്പര്യം?
ഈ വ്യത്യാസം പ്രധാനമാണ്.
ഒരു കുടുംബത്തിലെ ഒരാൾ മുഖ്യമന്ത്രിയായതുകൊണ്ട് മാത്രം കുടുംബത്തിലെ മറ്റൊരാൾക്ക് സ്ഥാനമുറപ്പാകുന്നില്ല. മികച്ച പ്രവർത്തനത്തിലൂടെ മാത്രമേ രാഷ്ട്രീയ തലത്തിലുള്ള സ്ഥാനമാനങ്ങളും ജനമനസുകളിൽ അംഗീകാരവും കൈവരിക്കാനാകൂ .


