നരേന്ദ്ര മോഡിയും അഞ്ച് സ്ത്രീകളും

narendra-modi_505_091313091434

തിരഞ്ഞെടുപ്പ് ഫലം വരും മുമ്പേ പ്രധാന മന്ത്രിയായ മട്ടിലാണ് നരേന്ദ്ര മോഡി സംസാരിക്കുന്നത്. കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളയുമെന്നും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നും അദ്ദേഹം പറയുന്നു. നദീജല സംയോജന പദ്ധതി നടപ്പാക്കുമെന്നും പ്രതിരോധ രംഗം ശക്തിപ്പെടുത്തുമെന്നും പറയുന്ന ബിജെപി കടല്‍കൊല കേസും റോബര്‍ട്ട് വധേരയുടെ ഭൂമി ഇടപാടും വരെ പ്രചാരണായുധമാക്കുന്നുണ്ട്. തനിച്ച് ഇരുന്നൂറിന് മുകളില്‍ സീറ്റ് നേടാമെന്ന് പ്രതീക്ഷിക്കുന്ന പാര്‍ട്ടി അകാലിദള്‍, തെലുഗുദേശം, ശിവസേന എന്നിവയുടെ സഹായത്തോടെ നിഷ്പ്രയാസം ഭൂരിപക്ഷം തികയ്ക്കാമെന്നും കണക്ക് കൂട്ടുന്നു.

ബിജെപിയെന്നാല്‍ മോഡി മാത്രമാണ് എന്ന മട്ടില്‍ ഒരു വശത്ത് കാര്യങ്ങള്‍ നീങ്ങുമ്പോള്‍ മറുപക്ഷത്ത് അഞ്ചു വനിതകളാണ് അദ്ദേഹത്തിന്‍റെ തന്ത്രങ്ങളെ നേരിടുന്നത്. മോഡിയും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും തമ്മിലുള്ള വാക്ക്പോര് പണ്ടേ പ്രസിദ്ധമാണ്. തരം കിട്ടുമ്പോഴെല്ലാം ഇരുവരും പരസ്പരം ആക്രമിച്ചിട്ടുണ്ട്. അമ്മയും മകനും ചേര്‍ന്നാണ് രാജ്യം ഭരിക്കുന്നത് എന്നാണ് മോഡി കുറച്ചു നാളായി പറയുന്നത്. ഇറ്റാലിയന്‍ നാവികരുടെ പ്രശ്നത്തിലും പ്രധാനമന്ത്രിയെ വെറും കാഴ്ചക്കാരനാക്കിയതിന്‍റെ പേരിലും അദ്ദേഹം പലവട്ടം സോണിയയെ വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസം ആദ്യമായി ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ സോണിയ ഗാന്ധി പതിവ് രീതി വിട്ട് മോഡിയുടെ ആശയങ്ങളെ കടന്നാക്രമിച്ചു. ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്‍റെ കടം എന്നു പറഞ്ഞ അവര്‍ കലാപ കാലത്ത് ഹിറ്റ്ലറെ പോലെ പെരുമാറിയ നേതാവ് വിദ്വേഷത്തിന്‍റെ വക്താവാണെന്നും അത്തരക്കാരെ തിരഞ്ഞെടുക്കരുതെന്നും കൂട്ടിച്ചേര്‍ത്തു. പതിനൊന്ന് രൂപയ്ക്ക് മുകളില്‍ ദിവസ വരുമാനമുള്ളവരെ ദരിദ്രരായി കണക്കാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയെ അവര്‍ കണക്കിനു കളിയാക്കി.

നരേന്ദ്ര മോഡിയും അഞ്ച് സ്ത്രീകളും 1

റോബര്‍ട്ട് വധേരയ്ക്കെതിരായ ആരോപണങ്ങള്‍ ബിജെപി സജീവമാക്കിയതോടെയാണ് പ്രിയങ്ക ഗാന്ധി കൂടുതല്‍ രൂക്ഷമായി നരേന്ദ്ര മോഡിയ്ക്കെതിരെ രംഗത്തു വന്നത്. ഗുജറാത്തില്‍ യുവതിയുടെ ഫോണ്‍ ചോര്‍ത്തുകയും നിരീക്ഷിക്കുകയും ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയ അവര്‍ അതിന് ഉത്തരവാദിയായ ആള്‍ സ്ത്രീ സുരക്ഷയുടെ വക്താവാകുന്നത് എങ്ങനെയെന്നും ചോദിച്ചു. മോഡിയുടെ വിനാശകരവും വൃത്തികെട്ടതുമായ രാഷ്ട്രീയത്തിനെതിരെയാണ് തന്‍റെ പോരാട്ടമെന്നും അത്തരം ചിന്തകള്‍ പോലും രാജ്യത്തെ തകര്‍ക്കുമെന്നും പ്രിയങ്ക തുറന്നടിച്ചു.

കേവലം രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് പ്രചരണം നടത്തുന്നതെങ്കിലും പ്രിയങ്കയുടെ വാക്കുകളിലും ജനപ്രീതിയിലും ബിജെപി ഭാഗത്ത് അസ്വസ്ഥത പ്രകടമാണ്. വാരണാസിയില്‍ മോഡിയ്ക്കെതിരെ മല്‍സരിക്കാന്‍ അവര്‍ തയാറായെങ്കിലും കോണ്‍ഗ്രസ് അനുവദിച്ചില്ലെന്ന് ഇടയ്ക്ക് വാര്‍ത്തകള്‍ വന്നു. രൂപഭാവങ്ങളില്‍ ഇന്ദിര ഗാന്ധിയെ ഓര്‍മിപ്പിക്കുന്ന പ്രിയങ്ക പാര്‍ട്ടി പ്രവര്‍ത്തകരിലും വന്‍ ആവേശമാണ് സൃഷ്ടിക്കുന്നത്. ഭര്‍ത്താവിനെതിരായ ആരോപണങ്ങളും അധികാരത്തിലെത്തിയാല്‍ അദ്ദേഹത്തെ ജയിലിലടക്കുമെന്ന ചില ബിജെപി നേതാക്കളുടെ പ്രസ്താവനകളും ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരിയെ ശരിക്ക് പ്രകോപിപ്പിച്ചിട്ടുണ്ട്. ഭര്‍ത്താവിനെതിരായ ആരോപണങ്ങള്‍ തന്നെ കൂടുതല്‍ ശക്തയാക്കി എന്നു പറഞ്ഞ പ്രിയങ്കയെ ഇത്ര നാളത്തെ അധികാരം വഴി ശക്തിപ്പെട്ടത് പ്രിയങ്കയുടെ കുടുംബമാണെന്നും ഇനി രാജ്യത്തെ ശക്തിപ്പെടുത്തേണ്ട സമയമാണെന്നും പറഞ്ഞാണ് നരേന്ദ്ര മോഡി നേരിട്ടത്.

നരേന്ദ്ര മോഡിയും അഞ്ച് സ്ത്രീകളും 2

ബിജെപിക്ക് പുറത്തെ നരേന്ദ്ര മോഡിയുടെ ഏറ്റവും അടുത്ത സുഹൃത്തെന്നാണ് അടുത്ത കാലം വരെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അറിയപ്പെട്ടിരുന്നത്. തിരഞ്ഞെടുപ്പിനു ശേഷം എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണക്കാന്‍ എഐഡിഎംകെ തയ്യാറാകുമെന്നും അഭ്യൂഹങ്ങള്‍ പരന്നു. മോഡിയുമായുള്ള ചങ്ങാത്തം തന്‍റെ മുസ്ലിം വോട്ടു ബാങ്കില്‍ വിള്ളല്‍ വീഴ്ത്തും എന്നു കണ്ടതോടെയാണ് ജയലളിത അദ്ദേഹത്തെ വിമര്‍ശിക്കാന്‍ തുടങ്ങിയത്. ഗുജറാത്ത് മാതൃകയിലുള്ള വികസനം പൊള്ളയാണെന്നും യഥാര്‍ത്ഥ വികസനം തമിഴ്നാട്ടിലാണ് ഉണ്ടായതെന്നും പറഞ്ഞാണ് അവര്‍ ബിജെപിയുടെ വികസന സങ്കല്‍പ്പത്തെ ചോദ്യം ചെയ്തത്.

ഇരു സംസ്ഥാനങ്ങളിലെയും വികസനം താരതമ്യം ചെയ്ത് ജയലളിത വിവിധ കണക്കുകള്‍ കൂടി പുറത്തു വിട്ടതോടെ മറുപക്ഷത്ത് ബിജെപിയും വാക്പോര് ശക്തമാക്കി. എഐഡിഎംകെ, ഡിഎംകെ കക്ഷികളെ തൂത്തെറിഞ്ഞാല്‍ മാത്രമേ തമിഴ്നാട് രക്ഷപ്പെടൂ എന്നു പറഞ്ഞ നരേന്ദ്ര മോഡി ഇരു പാര്‍ട്ടികള്‍ക്കും പരസ്പരം പോരടിക്കാനല്ലാതെ ജനങ്ങളുടെ കാര്യത്തില്‍ യാതൊരു ശ്രദ്ധയുമില്ലെന്ന് തുറന്നടിച്ചു. തമിഴ് മല്‍സ്യ തൊഴിലാളികളുടെ പ്രശ്നം വരുമ്പോള്‍ അമ്മ മാഡത്തെയും മാഡം അമ്മയെയും കുറ്റം പറയുകയാണ് പതിവെന്നും അദ്ദേഹം പരിഹസിച്ചു.

നരേന്ദ്ര മോഡിയും അഞ്ച് സ്ത്രീകളും 3

കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്‍റെ കാലത്ത് ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. പിന്നീട് മുന്നണി വിട്ട അവര്‍ യുപിഎ സര്‍ക്കാരിലും ഭാഗ്യം പരീക്ഷിച്ചു. കഴിഞ്ഞ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന്‍ പതിറ്റാണ്ട് കാലത്തെ സിപിഎം ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് അധികാരത്തിലെത്തിയ അവര്‍ സംസ്ഥാനത്ത് മോഡിയുടെ ഏറ്റവും ശക്തനായ എതിരാളി താനാണ് എന്നു സ്ഥാപിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ബംഗാളില്‍ യാതൊരു വികസനവുമില്ലെന്നും വികസന കാര്യങ്ങളില്‍ സംസ്ഥാനം ഗുജറാത്തിനെ കണ്ട് പഠിക്കണമെന്നും പറഞ്ഞ നരേന്ദ്ര മോഡിയെ രൂക്ഷമായ ഭാഷയിലാണ് മമത നേരിട്ടത്. ഗുജറാത്തിലെ കശാപ്പുകാരനില്‍ നിന്ന്‍ വികസനത്തെ പറ്റി പഠിക്കേണ്ട ഗതികേട് തനിക്കില്ലെന്ന് അവര്‍ പറഞ്ഞു. ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ കാലത്ത് ഗുജറാത്ത് വികസിച്ചു എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഇക്കാലയളവില്‍ സത്യത്തില്‍ അവിടെ വികസന രാഹിത്യമാണ് ഉണ്ടായത്. മമത വിമര്‍ശിച്ചു.

മോഡി തരംഗത്തില്‍ ഉത്തര്‍ പ്രദേശില്‍ ശക്തമായ മല്‍സരം നേരിടുന്ന മായാവതിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ നേരിടുന്ന കാര്യത്തില്‍ മറ്റാരുടെയും പിന്നിലായില്ല. ഗുജറാത്ത് കലാപത്തിന് ഉത്തരവാദിയായ മോഡി പ്രധാനമന്ത്രിയായാല്‍ രാജ്യമെങ്ങും വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുമെന്ന് പറഞ്ഞ അവര്‍ തനിക്ക് പിന്നില്‍ മുസ്ലിംദളിത് വോട്ടുകളുടെ ധ്രുവീകരണവും സ്വപ്നം കാണുന്നു. നരേന്ദ്ര മോഡി ഒരു അസാധാരണ വ്യക്തിയാണ്. വാക്കും പ്രവര്‍ത്തിയും തമ്മില്‍ ബന്ധവുമില്ലാത്ത അദ്ദേഹത്തിന് ചരിത്രത്തെക്കുറിച്ച് യാതൊരു അറിവുമില്ല. ഒരു ദളിത് പുത്രിയെ പ്രധാനമന്ത്രിയായി കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബിഎസ്പിയ്ക്കു വോട്ട് ചെയ്യണം എന്നു കൂടി അവര്‍ പറയുമ്പോള്‍ ആ ഉള്ളിലിരുപ്പ് വ്യക്തം.

ചുരുക്കത്തില്‍ നരേന്ദ്ര മോഡിയും ജയലളിതയും മമത ബാനര്‍ജിയും മായാവതിയുമെല്ലാം ലക്ഷ്യം വയ്ക്കുന്നത് ഒന്നാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി പദം. തിരഞ്ഞെടുപ്പിനു ശേഷം സ്വന്തമായി ഇരുപതിന് മേല്‍ സീറ്റ് നേടുകയും യുപിഎഎന്‍ഡിഎ മുന്നണികള്‍ക്ക് ഭൂരിപക്ഷം തികയാതെ വരുകയും ചെയ്താല്‍ ആഗ്രഹ സാക്ഷാല്‍ക്കാരത്തിനായി ചെറുകക്ഷി നേതാക്കളെല്ലാം രംഗത്തിറങ്ങും. പരമോന്നത പദം പുല്‍കിയില്ലെങ്കിലും ശക്തമായ വിലപേശല്‍ നടത്താനെങ്കിലും അത് ഉപകരിക്കും.

 

The End

[My article originally published in Kvartha on 29.04.2014]

About The Author

Leave a Comment

Your email address will not be published. Required fields are marked *