സുരേഷ് ഗോപീ, പ്ലീസ് ആ തൊപ്പി ഒന്നു വയ്ക്കാമോ ?

സുരേഷ് ഗോപീ, പ്ലീസ് ആ തൊപ്പി ഒന്നു വയ്ക്കാമോ ? 1

പ്രിയപ്പെട്ട സുരേഷേട്ടാ,

താങ്കള്‍ അനവധി സിനിമകളില്‍ പോലിസ് വേഷങ്ങള്‍ കെട്ടിയാടിയിട്ടുണ്ട്. എല്ലാം ഒരു അച്ചില്‍ വാര്‍ത്തതും പലപ്പോഴും യുക്തി ബോധത്തിന് നിരക്കാത്തവയും ആയിരുന്നെങ്കിലും അവ കണ്ട് നിറഞ്ഞ മനസോടെ ഞങ്ങള്‍ പ്രേക്ഷകര്‍ കയ്യടിച്ചിട്ടുമുണ്ട്. ക്രിമിനലുകളെക്കാള്‍ തരം താഴുന്ന ചില കാക്കിക്കാരുടെ മനസ്ഥിതിയും സ്റ്റേഷനുകളിലെ മൂന്നാംമുറയും മാത്രം കണ്ടു ശീലിച്ച ഞങ്ങള്‍ക്ക് താങ്കളുടെ പോലിസ് വേഷം ഒരു വലിയ പ്രതീക്ഷയാണ് നല്‍കിയത്. രാജന്‍ കേസിലും വിവിധ ലോക്കപ്പ് മര്‍ദ്ദനങ്ങളിലും ഉള്‍പ്പെട്ടവര്‍ മാത്രമല്ല നീതിക്കു വേണ്ടി നിലകൊള്ളുന്ന നല്ല പോലീസുകാരും സര്‍വീസിലുണ്ടെന്ന് താങ്കള്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു.

പക്ഷേ പണ്ടത്തെ പോലെയല്ല ഇന്ന് കാര്യങ്ങള്‍. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും സമരത്തിനിടയ്ക്ക് പോലീസുകാര്‍ക്കിട്ട് കൊട്ടുന്നത് ഇപ്പോള്‍ നാട്ടുനടപ്പാണ്. അതിനുവേണ്ടി കല്ലോ ബോംബോ എന്തും സമരക്കാര്‍ക്ക് ഉപയോഗിക്കാം. പോലീസുകാര്‍ അമ്മ പെങ്ങള്‍മ്മാര്‍ ഇല്ലാത്തവരായത് കൊണ്ട് ആരും ചോദിക്കാനും വരില്ല. കഷ്ടകാലത്തിന് തിരിച്ച് ലാത്തിയോ തോക്കോ എടുത്താല്‍ പിന്നെ അന്വേഷണമായി, സസ്പെന്‍ഷനായി. അതോടെ അയാളുടെ ജീവിതം തുലയും.

പ്രദേശത്തെ പ്രമാണിമാരില്‍ നിന്നും ഭരണപക്ഷത്തെ ഈര്‍ക്കില്‍ പാര്‍ട്ടിയില്‍ നിന്നും വരെ തീട്ടൂരം വാങ്ങണം എന്നത് ഇന്നത്തെ പോലീസുകാരുടെ അലിഖിത നിയമത്തില്‍ പറഞ്ഞിട്ടുണ്ട്. എതിര്‍ക്കുന്നവന് അധികാരം മാറുന്നതനുസരിച്ച് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഓടാനെ നേരം കാണൂ.നേതാക്കള്‍ പന്ത് പോലെ തട്ടികളിക്കുന്നതും ജീവന് യാതൊരു വിലയില്ലാത്തതുമായ ഒരു വിഭാഗം സര്‍ക്കാര്‍ സര്‍വീസില്‍ ഒരുപക്ഷേ പോലിസ് മാത്രമായിരിക്കും. ഇതിനിടയില്‍ നീതിക്കും നിയമത്തിനും സാധാരണക്കാര്‍ക്കും വേണ്ടി നിലകൊള്ളാന്‍ അവര്‍ക്കെവിടെ സമയം ?

ഭീമന്‍ രഘുവിനെ പോലെയും സ്ഫടികം ജോര്‍ജ്ജിനെ പോലെയും ഉള്ളവരും ഡിപ്പാര്‍ട്ട്മെന്‍റിലുണ്ട് എന്നത് സമ്മതിക്കുന്നു. പക്ഷേ അതിന്‍റെ എത്രയോ മടങ്ങ് നല്ലവരായ പോലീസുകാരും നമ്മുടെ ഇടയിലുണ്ട്. എന്നാല്‍ തെറ്റുകള്‍ ചെയ്യാന്‍ മുകളില്‍ നിന്നു നിര്‍ദേശം വരുമ്പോള്‍ സ്വാഭാവികമായും ഏത് മാടപ്രാവും കരിംഭൂതമായി മാറും.

കഴിഞ്ഞ ദിവസം കോടതി നിര്‍ദേശം പാലിക്കാന്‍ ശ്രമിച്ച ഒരു പോലീസുകാരന്‍റെ നേരെ വനിതാ നേതാവ് ആക്രോശിക്കുന്നത് കണ്ടപ്പോള്‍ ഒരുവേള ഞാന്‍ താങ്കളെ ഓര്‍ത്തു പോയി. അതിനുശേഷം തൊപ്പി തെറിക്കുമെങ്കിലും നിശ്ചയമായും കമ്മിഷണര്‍ സ്റ്റൈലില്‍ താങ്കള്‍ അവിടെ എന്തെങ്കിലും ഡയലോഗ് പറഞ്ഞിട്ടുണ്ടാവും.അത് തല്‍സമയ സംപ്രേക്ഷണത്തിലൂടെ അനേകായിരങ്ങള്‍ കാണുകയും ചെയ്യുമായിരുന്നു. അല്ലെങ്കിലും തൊപ്പി പോകുന്നത് താങ്കള്‍ക്ക് പണ്ടേ പുല്ലാണ്.  ബ്യൂറോക്കസിയിലെ ജീര്‍ണ്ണതകള്‍ക്കെതിരെ പ്രതികരിച്ചതിന് പലവട്ടം താങ്കള്‍ സസ്പെന്‍ഷനിലായ കഥ രഞ്ജി പണിക്കര്‍ പറഞ്ഞ് ഞങ്ങള്‍ക്കറിയാം.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇതിന്‍റെ മറ്റൊരു പതിപ്പാണ് അരങ്ങേറിയത്. ഗുണ്ടായിസം കാണിക്കാന്‍ ശ്രമിച്ച തടവ് പുള്ളികളെ പോലീസുകാര്‍ ചോദ്യം ചെയ്തത് വലിയൊപാരാധമായി മുന്‍ പോലിസ് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ ചിത്രീകരിച്ചു. നിയമം നടപ്പാക്കാന്‍ ശ്രമിച്ചവരെ സസ്പെന്‍റ് ചെയ്യണം എന്നുവരെ നിയമസഭയില്‍ ആവശ്യമുയര്‍ന്നു. എന്തൊരു വിരോധാഭാസം, അല്ലേ ? ചുമ്മാതല്ല ജനം ചൂലെടുക്കാന്‍ തുടങ്ങിയത്.

വരും വരായ്കകള്‍ നോക്കാതെ നിയമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന, പ്രതികരിക്കുന്ന, വേണ്ടി വന്നാല്‍ പരസ്യമായി ചീത്ത വിളിക്കുന്ന ഭരത് ചന്ദ്രനെ പോലെയുള്ളവരെയാണ് ഇന്ന്‍ നാടിനാവശ്യം. അതുകൊണ്ട് ദയവായി താങ്കള്‍ ആ തൊപ്പി ധരിക്കണം, കുപ്പായത്തിനകത്തും പുറത്തുമുള്ള അബു സലിമുമാരെയും കൊല്ലം തുളസിമാരെയുമൊക്കെ നിലയ്ക്ക് നിര്‍ത്തണം.

രണ്ടു സിനിമകളില്‍ കേണലായി അഭിനയിച്ച മോഹന്‍ലാലിനെ ലെഫ്റ്റനന്‍റ് കേണല്‍ ആക്കാമെങ്കില്‍ അനവധി സിനിമകളില്‍ കാക്കിക്കുപ്പായമിട്ട് കയ്യടി വാങ്ങിയ സുരേഷ്ഗോപിയെ ഒരു ഡിഐജിയെങ്കിലും ആക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. അല്ലെങ്കില്‍ പൂരപ്പറമ്പിലെ ചെണ്ടകള്‍ മാത്രമായി നല്ലവരായ പോലീസുകാര്‍ മാറും.

Leave a Comment

Your email address will not be published.