രണ്ടു പ്രധാനമന്ത്രിമാര്‍

 

രണ്ടു പ്രധാനമന്ത്രിമാര്‍ 1

നരേന്ദ്ര മോദി എന്തൊക്കെയാണ് പറഞ്ഞത് ? യുപിഎ ഭരണകാലത്ത് ജനജീവിതം ദുസ്സഹമായി, അവശ്യ സാധനങ്ങളുടെ വില കൂടി, രൂപയുടെ വിലയിടിഞ്ഞു എന്നൊക്കെയല്ലേ ? ഗുര്‍പ്രീത് കൌര്‍ ഒഴിച്ച് എല്ലാവരും കൂടി മന്‍മോഹന്‍ എന്ന മിണ്ടാപ്രാണിയെ കുരിശില്‍ തറച്ചില്ലെന്നേയുള്ളൂ. എല്ലാം കേട്ട് ആ പാവം ആരുമറിയാതെ കണ്ണീര്‍ പൊഴിച്ചിട്ടുണ്ടാവണം. ഏതായാലും ആം ആദ്മികള്‍ വോട്ട് എന്ന ശക്തമായ ആയുധം പുറത്തെടുത്തപ്പോള്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിട്ടു. അതില്‍ തകര്‍ന്നടിഞ്ഞത് രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രിപദ സ്വപ്നങ്ങള്‍ കൂടിയാണ്. ഇപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് വേണ്ടി അണ്ണാ ഡിഎംകെയോടും തൃണമൂലിനോടും പോരടിക്കേണ്ട അവസ്ഥയിലായി സോണിയയുടെ പാര്‍ട്ടി.

മോദി അധികാരമേറ്റ് ഒരു മാസം പിന്നിടുമ്പോഴും ജനത്തിന് കാര്യമായ മാറ്റങ്ങളൊന്നും അനുഭവപ്പെടുന്നില്ല. പെട്രോളിന്‍റെയും ഡീസലിന്‍റെയും പ്രകൃതി വാതകത്തിന്‍റെയും വില പിന്നെയും കൂടി. റെയില്‍വേ നിരക്കില്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. ചരക്കുകൂലി കൂടി കൂട്ടിയതോടെ വരും ദിവസങ്ങളില്‍ അവശ്യ സാധനങ്ങളുടെ വിലയും വര്‍ദ്ധിക്കും. ഗ്യാസിന്‍റെയും മണ്ണെണ്ണയുടെയും വില കൂട്ടാന്‍ ആലോചിച്ചെങ്കിലും പ്രതിഷേധം ഭയന്ന്‍ മാറ്റിവച്ചു. എങ്കിലും മൂന്ന്‍ മാസത്തിനുള്ളില്‍ അതുമുണ്ടാവും. ചുരുക്കത്തില്‍ മന്‍മോഹന്‍ ചെയ്തിരുന്നതെന്തോ അതു തന്നെയാണ് മോദിയും ഇപ്പോള്‍ ചെയ്യുന്നത്. ആളുകളും പാര്‍ട്ടിയും മാറി എന്ന വ്യത്യാസം മാത്രമുണ്ട്.

നല്ല നാളുകള്‍ വരാന്‍ പോകുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മോദി പറഞ്ഞത്. ആരുടെ നല്ല നാളുകള്‍ എന്നാണ് ജനത്തിന് ഇപ്പോള്‍ സംശയം. സാധാരണക്കാരുടെതാണെങ്കില്‍ പ്രമേഹ വിമുക്തമായ ഭാരതം എന്നത് പണ്ടേ അദ്ദേഹത്തിന്‍റെ മനസിലുണ്ടായിരുന്നു എന്നുവേണം കരുതാന്‍. കാരണം പഞ്ചസാര വില വര്‍ദ്ധനവ് ഉടന്‍ തന്നെയുണ്ടാകും. തല്‍ഫലമായി ഉപഭോഗം കുറയുകയും രാജ്യം പ്രമേഹ രോഗ വിമുക്തമാകുകയും ചെയ്യും. കെഎസ്ആര്‍ടിസി പോലുള്ള നഷ്ടത്തിലോടുന്ന പൊതു ഗതാഗത സംവിധാനത്തെ പരിപോഷിപ്പിക്കാനാകണം റെയില്‍വെ നിരക്കും കൂട്ടിയത്. പുതിയ നിരക്ക് നിലവില്‍ വന്നതോടെ ബസ് യാത്രയും ട്രെയിന്‍ യാത്രയും തമ്മില്‍ ചെലവിന്‍റെ കാര്യത്തില്‍ വലിയ വ്യത്യാസമില്ലാത്ത സ്ഥിതിയാണ്.

പ്രതിരോധം, വാര്‍ത്താവിനിമയം, റെയില്‍വേ, ചില്ലറ വ്യാപാര മേഖല എന്നിവിടങ്ങളില്‍ ചെറിയ തോതില്‍ വിദേശ നിക്ഷേപം അനുവദിക്കാന്‍ യുപിഎ സര്‍ക്കാര്‍ ആലോചിച്ചിരുന്നുവെങ്കിലും എതിര്‍പ്പ് കാരണം വേണ്ടെന്ന്‍ വയ്ക്കുകയായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും ചില്ലറ മേഖലയിലെ വിദേശ പങ്കാളിത്തം അനുവദിക്കില്ലെന്ന് കട്ടായം പറഞ്ഞിരുന്നു. എന്നാല്‍ ചെറിയ തോതിലല്ല വിവിധ മേഖലകളില്‍ ഏതാണ്ട് മുഴുവനായി തന്നെ വിദേശ നിക്ഷേപം അനുവദിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ആലോചിക്കുന്നത്. ആയുധ ഇറക്കുമതി ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടു വന്ന്‍ വിദേശ സഹായത്തോടെ അവ രാജ്യത്ത് തന്നെ ഉത്പ്പാദിപ്പിക്കുക എന്നതാണ് എന്‍ഡിഎയുടെ ലക്ഷ്യം. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ധനമന്ത്രി ചിദംബരത്തെ പോലുള്ളവര്‍ സമാനമായ നിര്‍ദേശം മുന്നോട്ട് വച്ചിരുന്നുവെങ്കിലും തന്ത്രപ്രധാനമായ മേഖലകളില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ അനുവദിക്കാനാവില്ലെന്ന ആന്‍റണിയുടെ നിലപാട് മൂലം പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.

രണ്ടു പ്രധാനമന്ത്രിമാര്‍ 2

അതിവേഗ റെയില്‍ പാത, ബുള്ളറ്റ് ട്രെയിനുകള്‍ തുടങ്ങിയവയ്ക്ക് വേണ്ടി ജപ്പാനെ പോലുള്ള രാജ്യങ്ങളുടെ സഹായം സ്വീകരിക്കണമെന്നാണ് പ്രധാനമന്ത്രി മോദി ഉള്‍പ്പടെയുള്ളവരുടെ നിലപാട്. ജപ്പാന്‍ ഇതിനകം എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോകോത്തര നിലവാരത്തിലുള്ള സൌകര്യങ്ങള്‍ ആസ്വദിക്കുന്നതിനൊപ്പം യാത്രികര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്താനും സാധിക്കും. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേയെ സ്വകാര്യവത്കരിക്കാന്‍ ലാലു പ്രസാദിന്‍റെ കാലം മുതല്‍ നീക്കം ഉണ്ടായിരുന്നുവെങ്കിലും ഒന്നും പ്രവൃത്തിയില്‍ വന്നില്ല.

പെട്രോളിയം വില വര്‍ദ്ധനവിന്‍റെ മാതൃകയില്‍ സാഹചര്യമനുസരിച്ച് റെയില്‍വേ ടിക്കറ്റ് വര്‍ദ്ധിപ്പിക്കാനായി ഒരു പ്രത്യേക ബോര്‍ഡ് രൂപീകരിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. അതിന്‍റെ പ്രഖ്യാപനം ഒരുപക്ഷേ വരുന്ന റെയില്‍വേ ബജറ്റില്‍ തന്നെയുണ്ടാകും. പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതുകൊണ്ട് സീറ്റ് ഉറപ്പിക്കാം എന്നല്ലാതെ അപ്രതീക്ഷിതമായ നിരക്ക് വര്‍ദ്ധനവിനെ നേരിടാന്‍ അതിനുള്ള തുക എപ്പോഴും കയ്യില്‍ കരുതേണ്ടി വരും.

മന്‍മോഹന്‍ സിങ്ങ് നിശബ്ദമായി ചെയ്തിരുന്നത് തന്നെയാണ് നല്ല വാക്കുകള്‍ പറഞ്ഞ് മോദിയും ചെയ്യുന്നത്. എല്ലാ മുന്‍ഗാമികളെയും പോലെ ഇത്തരം സാഹചര്യങ്ങളില്‍ പഴയ സര്‍ക്കാരിനെ കുറ്റപ്പെടുത്താനും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും എല്ലാ ഭരണതലവന്‍മാരുടെയും പതിവ് പല്ലവിയാണ് അത്. അത് എന്തുതന്നെയായാലും സാധാരണക്കാരുടെ കാര്യമാണ് കഷ്ടം. കാലം മാറി, രൂപം മാറി പക്ഷേ കഥ പഴയത് തന്നെ.


[ My article published in British Pathram on 22.06.2014]

Leave a Comment

Your email address will not be published. Required fields are marked *