നരേന്ദ്ര മോദി പറഞ്ഞതും പ്രവര്‍ത്തിച്ചതും

Narendra Modi

കള്ളപ്പണം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, അഴിമതി എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് നരേന്ദ്ര മോദി അഞ്ചു വര്‍ഷം മുമ്പ് അധികാരത്തില്‍ വന്നത്. ഇന്ത്യക്കാരുടെ വിദേശത്തെ കോടിക്കണക്കിനുള്ള കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും കുറ്റവാളികളെ അമര്‍ച്ച ചെയ്യുമെന്നും ഇന്ത്യയെ വികസിത രാജ്യമാക്കുമെന്നുമൊക്കെയാണ് അന്ന് ലോക്സഭ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്. നല്ല നാളുകള്‍ സ്വപ്നം കണ്ട് എല്ലാ വിഭാഗം ജനങ്ങളും മോദിയുടെ പിന്നില്‍ അണി നിരന്നപ്പോള്‍ ബിജെപിക്ക് അവര്‍ പോലും പ്രതീക്ഷിക്കാത്ത വമ്പന്‍ ജയമാണ് സ്വന്തമായത്.

ടു ജി സ്പെക്ട്രം, കല്‍ക്കരി കുംഭകോണം, ആദര്‍ശ് കുംഭകോണം തുടങ്ങിയ അഴിമതിക്കേസുകള്‍ മുതല്‍ ഡല്‍ഹിയിലെ കൂട്ട മാനഭംഗം വരെയുള്ള വിഷയങ്ങളില്‍ മുഖം നഷ്ടപ്പെട്ട യുപിഎ സര്‍ക്കാരിന് മേല്‍ പതിച്ച അവസാനത്തെ ആണിക്കല്ലായിരുന്നു മോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം. ഗുജറാത്തിലെ വികസനവും മോദിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയും രാജ്യം മുഴുവന്‍ അദ്ദേഹത്തെ സ്വീകാര്യനാക്കിയിരുന്നു. അനിശ്ചിതത്വവും ജാതീയതയും കൊടികുത്തി വാണിരുന്ന ഒരു സംസ്ഥാനത്തെ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന നിലയിലേക്ക് വളര്‍ത്തണമെങ്കില്‍ ഭരിക്കുന്ന വ്യക്തിയ്ക്ക് അസാമാന്യമായ നേതൃ പാടവം വേണം. മോദിയുടെ നയിക്കാനുള്ള കഴിവും ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള നിര്‍ണ്ണായക ചുവടുവയ്പ്പുകളുമാണ് കല്യാണ്‍ മാര്‍ഗ്ഗിലേക്കുള്ള അദ്ദേഹത്തിന്‍റെ പ്രയാണം സുഗമമാക്കിയത്.

ബിജെപി അധികാരത്തില്‍ വന്നാലുടന്‍ നല്ല ദിവസങ്ങള്‍ തുടങ്ങുമെന്ന് പറഞ്ഞ നേതാക്കള്‍ ജനകോടികളെ മോഹിപ്പിച്ച ആ മുദ്രാവാക്യത്തില്‍ തന്നെയാണ് ആദ്യം കൈ വച്ചത്. അച്ഛേദിന്‍ വരണമെങ്കില്‍ പാര്‍ട്ടി തുടര്‍ച്ചയായി 25 വര്‍ഷം കേന്ദ്രം ഭരിക്കണമെന്ന് പറഞ്ഞ് പുതിയ അദ്ധ്യക്ഷന്‍ അമിത് ഷാ മലക്കം മറിച്ചിലുകള്‍ക്ക് തുടക്കമിട്ടു. അതില്‍ നാലു വര്‍ഷം പിന്നിടുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ക്ക് മാത്രം നല്ല സമയം വന്നതായി കാണാം. വിജയ് മല്ല്യ, നീരവ് മോദി എന്നിങ്ങനെ നാലോ അഞ്ചോ ശതകോടീശ്വരന്‍മാരാണ് ബാങ്ക് ലോണുകള്‍ തിരിച്ചടയ്ക്കാതെ വിദേശത്തെ സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്തത്. അവര്‍ക്ക് ആസ്തിയേക്കാള്‍ കൂടുതല്‍ തുകയ്ക്കുള്ള ലോണുകള്‍ നല്കാന്‍ മല്‍സരിച്ച അതേ പൊതുമേഖലാ ബാങ്കുകളാണ് മിനിമം ബാലന്‍സിന്‍റെയും ചെറുകിട വായ്പകളുടെയും പേരില്‍ സാധാരണക്കാരെ പിഴിയുന്നത് എന്നത് ഒരുപക്ഷേ വിചിത്രമായി തോന്നാം.

ബാങ്കുകള്‍ക്ക്  കുടിശിക വരുത്തിയ വമ്പന്‍മാരുടെ ലിസ്റ്റ്  റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ ധനകാര്യ വകുപ്പിനു വളരെ മുമ്പേ കൈമാറിയെങ്കിലും സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നുവെന്ന് അടുത്തിടെ വെളിപ്പെട്ടു. 2015ല്‍ സ്ഥാനമൊഴിയുന്നതിന് മുമ്പായാണ് അദ്ദേഹം കിട്ടാക്കടം സംബന്ധിച്ചും അത് തിരിച്ചു പിടിക്കാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചും കേന്ദ്രത്തിന് മുന്നറിയിപ്പ് കൊടുത്തത്. അന്നേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ വിവാദ വ്യവസായികള്‍ രാജ്യം വിടുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. ബ്രിട്ടനിലേക്ക് പോകുന്നതിന് മുമ്പായി പാര്‍ലമെന്‍റിലെത്തി ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് മല്ല്യ പിന്നീട് വെളിപ്പെടുത്തിയത് പല സംശയങ്ങള്‍ക്കും ഇട വരുത്തി.

വായ്പ കുടിശിക സംബന്ധിച്ച കേസുകള്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് പ്രതികള്‍ നിയമ സംവിധാനങ്ങളെ കബളിപ്പിച്ച് രാജ്യം വിട്ടത്. അത് തിരിച്ചറിയാനോ തടയാനോ സിബിഐ ക്ക് കഴിഞ്ഞില്ല. പണം വാങ്ങി ഉന്നതരായ പ്രതികളെ രക്ഷിക്കാന്‍ സിബിഐയുടെ രണ്ടു ഡയറക്ടര്‍മാരും മല്‍സരിച്ചിരുന്നുവെന്നും അതിനായി അവര്‍ക്ക് വിദേശത്ത് പോലും ഏജന്‍റുമാര്‍ ഉണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ തന്നെ കോടതിയില്‍ പറഞ്ഞത് അഴിമതിയുടെ കരാള ഹസ്തങ്ങള്‍ എത്രത്തോളം ആഴത്തിലാണ് വേരുറപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു.

നരേന്ദ്ര മോദി പറഞ്ഞതും പ്രവര്‍ത്തിച്ചതും 1

ഡല്‍ഹിയിലെ കൂട്ടമാനഭംഗമാണ് രാജ്യത്തെ സ്ത്രീ സുരക്ഷയെ സംബന്ധിച്ച ഗൌരവകരമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. അത് കഴിഞ്ഞ് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും സ്ത്രീകളോടുള്ള അക്രമങ്ങള്‍ കൂടിയതല്ലാതെ കുറഞ്ഞിട്ടില്ലെന്ന് കാണാം. ദളിതര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ഇതിന് പുറമേയാണ്. ക്രമസമാധാനം സംസ്ഥാന വിഷയമാണെന്ന് വാദിക്കാമെങ്കിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്താന്‍ അതാത് സര്‍ക്കാരുകള്‍ക്കോ കേന്ദ്ര നേതൃത്വത്തിനോ കഴിഞ്ഞിട്ടില്ല. ഉന്നതതലങ്ങളില്‍ ഉള്ളവര്‍ തന്നെ വേട്ടക്കാര്‍ക്കനുകൂലമായ പ്രസ്താവനകള്‍ നടത്തുന്നത് അത്തരം കുറ്റകൃത്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാനുള്ള പ്രോത്സാഹനം നല്കുന്നു. കത്വയിലെ പീഡകര്‍ക്ക് വേണ്ടി ബിജെപി മന്ത്രിമാരും നേതാക്കളും രംഗത്ത് വന്നത് രാജ്യത്തിന് ഏറെ അവമതിപ്പുണ്ടാക്കിയെങ്കിലും അവരെ തിരുത്താന്‍ ഡല്‍ഹിയിലെ നേതാക്കളാരും മെനക്കെടാതിരുന്നത് ഇരകളെ ജാതീയമായാണ് പാര്‍ട്ടി സമീപിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം ശക്തിപ്പെടുത്തി.

അഴിമതിവിരുദ്ധ ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം റാഫല്‍ വിമാന ഇടപാടാണ്. ഫ്രഞ്ച് കമ്പനിയായ ഡസ്സാള്‍ട്ട് ഏവിയേഷനില്‍ നിന്ന് 126 ഫൈറ്റര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് യുപിഎ സര്‍ക്കാരിന്‍റെ കാലത്തായിരുന്നു. പക്ഷേ വിമാന പരിപാലന വ്യവസ്ഥയെകുറിച്ചുള്ള തര്‍ക്കങ്ങളെ തുടര്‍ന്നു ചര്‍ച്ചകള്‍ വഴിമുട്ടി. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കയ്യെടുത്ത് ഒപ്പിട്ട കരാറില്‍ വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചതും പദ്ധതിയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ റിലയന്‍സ് ഗ്രൂപ്പിനെ അനുവദിച്ചതും വിവാദങ്ങള്‍ക്ക് വഴി വച്ചു. ആദ്യത്തെ 18 വിമാനങ്ങള്‍ ഡസ്സാള്‍ട്ട് ഏവിയേഷന്‍ നല്‍കുമെന്നും മറ്റുള്ളവ കമ്പനിയുടെ സാങ്കേതിക സഹകരണത്തോടെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്‌എ‌എല്‍) എന്ന പൊതുമേഖലാ സ്ഥാപനം ഇന്ത്യയില്‍ നിര്‍മിക്കുമെന്നുമുള്ള വ്യവസ്ഥയിലാണ് മന്‍മോഹന്‍ സര്‍ക്കാര്‍ റാഫല്‍ ഇടപാടിന് തുടക്കമിട്ടത്. വിമാന നിര്‍മാണത്തില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തിപരിചയമുള്ള  എച്ച്‌എ‌എലിനെ ഒഴിവാക്കി ഇതിന് മുമ്പ് ഒരു വിമാനം പോലും നിര്‍മിക്കാത്ത റിലയന്‍സിനെ യുദ്ധ വിമാനങ്ങളുടെ പരിപാലനം ഏല്‍പ്പിക്കാന്‍ പുതിയ സര്‍ക്കാര്‍ കാണിച്ച ഉത്സാഹം ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെ പോലും അത്ഭുതപ്പെടുത്തി. നഷ്ടത്തിലായ അനില്‍ അംബാനിയുടെ കമ്പനിയെ സഹായിക്കാന്‍ അദ്ദേഹത്തിന്‍റെ ഉറ്റ തോഴനായ മോദി നടത്തിയ ശ്രമമായാണ് കോണ്‍ഗ്രസ്സും ഭരണകക്ഷിയിലെ അസംതൃപ്ത വിഭാഗവും റാഫല്‍ ഇടപാടിനെ വിശേഷിപ്പിക്കുന്നത്.

കരാര്‍ ഒപ്പിടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം റിലയന്‍സ് എയറോ സ്ട്രക്ചര്‍ എന്ന ബന്ധപ്പെട്ട കമ്പനി അനില്‍ അംബാനി രൂപീകരിച്ചതും റിലയന്‍സ് ഗ്രൂപ്പിന്‍റെ നഷ്ടത്തില്‍ പോകുന്ന കമ്പനികളില്‍ ഒന്നില്‍ വമ്പന്‍ മുതല്‍ മുതല്‍ മുടക്ക് നടത്താന്‍ ഡസ്സാള്‍ട്ട് തീരുമാനിച്ചതും കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന സൂചന നല്‍കുന്നു. എച്ച്‌എ‌എലിനെ ഒഴിവാക്കിയത് സംബന്ധിച്ച് കൃത്യമായ ഒരു വിശദീകരണം നല്കാന്‍ മോദിക്കോ പ്രതിരോധ വകുപ്പിനോ ഇനിയും കഴിഞ്ഞിട്ടില്ല. ഇത്ര വലിയ കരാര്‍ ഏറ്റെടുക്കാനുള്ള കെല്‍പ്പ് കമ്പനിക്കില്ല എന്നാണ് പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്. പക്ഷേ സുഖോയ്, മിഗ് 29 എന്നിവ നിര്‍മിച്ച് പരിചയമുള്ള എച്ച്‌എ‌എല്‍ വിദേശ രാജ്യങ്ങളുമായും വിമാന സംബന്ധിയായ ഇടപാടുകള്‍ നടത്താറുണ്ട്. അങ്ങനെയുള്ള ഒരു സ്ഥാപനത്തെ ഒഴിവാക്കി റിലയന്‍സിനെ ഉള്‍പ്പെടുത്തിയത് കരാറിന് ദുരൂഹമായ മാനങ്ങള്‍ നല്‍കുന്നു.

കള്ളപ്പണക്കാരെ വേട്ടയാടാനെന്ന പേരില്‍ നടത്തിയ നോട്ട് നിരോധനം രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചതെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല. നിരോധിച്ച നോട്ടുകളില്‍ നല്ലൊരു പങ്ക് തിരിച്ചെത്തില്ലെന്ന് കേന്ദ്രം തുടക്കത്തില്‍ അവകാശ വാദം നടത്തിയെങ്കിലും 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയതോടെ ലക്ഷ്യം പാളി. പുതിയ നോട്ടുകള്‍ അച്ചടിക്കാനായി ആര്‍ബിഐ മുടക്കിയ ഏഴായിരം കോടി രൂപ കൂടി കണക്കിലെടുക്കുമ്പോള്‍ യാതൊരു ആസൂത്രണവുമില്ലാതെയാണ് തീരുമാനം എടുത്തതെന്ന് കാണാം. ഒരു രാത്രി കൊണ്ട് കയ്യിലുള്ള കറന്‍സിക്ക് കടലാസിന്‍റെ വില പോലും ഇല്ലാതായതും വന്‍കിട കുടിശികക്കാരെ നേരിടാന്‍ ബാങ്കുകള്‍ കാണിക്കുന്ന നിസ്സംഗതയും പാവപ്പെട്ടവര്‍ക്ക് ബാങ്കിങ് സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്താനേ ഉപകരിച്ചുള്ളൂ.

2019ല്‍ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പ് വരുകയാണ്. ബിജെപി വാഗ്ദാനം ചെയ്തത് പോലെയുള്ള നല്ല ദിനങ്ങള്‍ വരാത്തതും ജനജീവിതം ദുസ്സഹമായതും എല്ലാ വിഭാഗങ്ങളെയും അസ്വസ്ഥരാക്കുന്നുണ്ട്. അടുത്ത കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടികള്‍ ഇതിനോട് ചേര്‍ത്ത് വായിയ്ക്കാം. അത് തിരിച്ചറിഞ്ഞ മോദി പെട്രോളിയം സാധനങ്ങളുടെ വില അനുദിനം കൂട്ടിക്കൊണ്ടിരുന്ന എണ്ണ കമ്പനികളെ നിയന്ത്രിക്കാന്‍ തുടങ്ങിയത് എല്ലാം മനുഷ്യ നിര്‍മിതമായിരുവെന്ന സൂചന നല്‍കുന്നു. പ്രതിമാ നിര്‍മാണത്തിന് വേണ്ടി കോടികള്‍ വകമാറ്റിയ പ്രസ്തുത കമ്പനികള്‍ സാധാരണക്കാരുടെ പണം എന്തിന് വേണ്ടിയാണ് വിനിയോഗിച്ചതെന്ന് പറയാതെ പറയുകയാണ്.

അഞ്ചു വര്‍ഷം മുമ്പ് അധികാരത്തിലെത്താന്‍ മോദിയെ തുണച്ച സാഹചര്യങ്ങള്‍ ഇന്നും അതേപടി നില്‍ക്കുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം നാല്പതു രൂപയിലെത്തുമെന്നും പെട്രോളിന്‍റെ വില നേര്‍പകുതിയാകുമെന്നും പ്രവചിച്ച ആത്മീയാചാര്യന്‍മാര്‍ മൌനം പാലിക്കുകയുമാണ്.  പ്രതിമകള്‍ക്കും വ്യവസായികള്‍ക്കും പിന്നാലെ പോകാതെ ജനോപകാരപ്രദമായ വികസനം നരേന്ദ്ര മോദി ഇനിയെങ്കിലും സാധ്യമാക്കിയില്ലെങ്കില്‍ അന്ന് യുപിഎക്കുണ്ടായ അനുഭവം കേന്ദ്രത്തില്‍ വീണ്ടും ആവര്‍ത്തിക്കപ്പെടും. അല്ലാത്തപക്ഷം പ്രതിപക്ഷ നിരയിലെ അനൈക്യത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുക മാത്രമാകും അദ്ദേഹത്തിന് ചെയ്യാനുണ്ടാകുക.

The End

Read ശബരിമല (കഥ)


Image Credit

The Print

Al Jazeera

Leave a Comment

Your email address will not be published. Required fields are marked *