ശബരിമല (കഥ)

sabarimala

sabarimala

കോടികള്‍ മുടക്കിയിറങ്ങുന്ന ഇക്കാലത്തെ സിനിമകള്‍ക്ക് പ്രശസ്തരുടെ വോയ്സ് ഓവര്‍ പതിവാണല്ലോ. പഴശ്ശിരാജ, ബിയോണ്ട് ദി ബോര്‍ഡേഴ്സ്, അടുത്തതായി പുറത്തിറങ്ങുന്ന ഒടിയന്‍ എന്നിവ ഉദാഹരണം. അപ്പോള്‍ ദേശീയ പാര്‍ട്ടികള്‍ മുതല്‍ ഈര്‍ക്കില്‍ സംഘടനകള്‍ വരെ ഇന്ന് കൊടി പിടിക്കുന്ന ശബരിമലയുടെ പേരില്‍ എഴുതുന്ന കഥയ്ക്കും ഒരു വോയ്സ് ഓവര്‍ ആകാം. ഏത്?

സൂപ്പര്‍താരം മോഹന്‍ലാലാണ് ഇവിടെ ആമുഖം പറയുക. അദ്ദേഹത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ “കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് എവേ ഫ്രം ശബരിമല…………” അതേ, അവിടെയാണ് കഥ തുടങ്ങുന്നത്. 

ശബരിമലയില്‍ നിന്ന് ഏകദേശം രണ്ടായിരത്തി എഴുന്നൂറു കിലോമീറ്റര്‍ വടക്കുള്ള ഒരു സംഘനാട്ടിലെ ചില തരുണീമണികള്‍ ആ വാരാന്ത്യത്തിലും പതിവുപോലെ ഒത്തുക്കൂടി. എകെ ആന്‍റണി ചാരായം നിരോധിക്കുന്നതിനും വളരെ മുമ്പേ എല്ലാം മുന്‍കൂട്ടി കണ്ട് ത്രികാലജ്ഞാനിയെ പോലെ നാടു വിട്ടു പോയ കോതമംഗലത്തുകാരന്‍ വര്‍ഗീസിന്‍റെ ഹരിയാന അതിര്‍ത്തിയിലുള്ള ഷാപ്പില്‍ നിന്ന് വിളിപ്പാടകലെയുള്ള ഒരു തയ്യല്‍ക്കടയാണ് എന്നത്തേയും പോലെ ആ വനിതാ യോഗത്തിനും വേദിയായത്. 

വര്‍ഗീസിനെ കുറിച്ച് പറഞ്ഞില്ലല്ലോ. നാട്ടിലെ ചാരായ ഷാപ്പിലെ തൊഴിലാളിയായിരുന്ന വര്‍ഗീസ് മുതലാളിയുമായി തെറ്റി ഒരു ദിവസത്തെ കളക്ഷനും അടിച്ചു മാറ്റി എങ്ങോട്ടെന്നില്ലാതെ തീവണ്ടി കയറിയത് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ്. അന്ന് അയാള്‍ക്ക് പ്രായം പതിനെട്ട്. അവസാനം എത്തിപ്പെട്ടത് വടക്കന്‍ ഡല്‍ഹിയിലെ ഈ കുഗ്രാമത്തിലും. കാലമേറെ കഴിഞ്ഞെങ്കിലും അയാള്‍ ഇന്നും തൊഴിലാളി തന്നെയാണ്. രജനിയുടെ ‘ഒരുവന്‍ ഒരുവന്‍ തൊഴിലാളി’യും മനസില്‍ കണ്ട് നല്ല ഒരു നാളെ സ്വപ്നം കണ്ടാണ് അയാള്‍ കഴിയുന്നത്.

തടിച്ച്, പ്രായം ചെന്ന, പരുക്കനായ രാം സിങ്ങ് എന്ന ഉത്തര്‍പ്രദേശിയാണ് ഷാപ്പ് നടത്തുന്നത്. നാട്ടുകാരുമായി അധികം സമ്പര്‍ക്കമൊന്നുമില്ലാത്ത അയാളെക്കാള്‍ പ്രദേശവാസികള്‍ക്ക് താല്‍പര്യം വര്‍ഗീസിനോടാണ്. മിക്കപ്പോഴും മദ്യം മണക്കുമെങ്കിലും അയാള്‍ സരസനും പരോപകാരിയുമാണ്.

വര്‍ഗീസിന്‍റെ ഷാപ്പ് എന്നാണ് നാട്ടുകാര്‍ പൊതുവേ പറയുക. അതെങ്ങാനും ‘ശരിക്കും മുതലാളി’ കേട്ടാല്‍ പിന്നെ പറയാനുമില്ല. അയാള്‍ പറഞ്ഞയാളോട് വഴക്കിടും, വര്‍ഗീസിനോട് ഉള്ള ദേഷ്യം മുഴുവന്‍ തീര്‍ക്കുകയും ചെയ്യും. എല്ലാ പണിയും ചെയ്യിപ്പിച്ചു കൊണ്ടായിരിക്കും സിങ്ങ് ജോലിക്കാരനോട് പ്രതികാരം ചെയ്യുക. 

അങ്ങനെ എവറസ്റ്റും കീഴടക്കി. ഹിമാലയവും കാഞ്ചന്‍ ജംഗയും കയറിയ നമ്മുക്ക് ഒരു വെല്ലുവിളിയായി ഉണ്ടായിരുന്നത് അത് മാത്രമാണ് : കൂട്ടത്തില്‍ പൊക്കം കുറഞ്ഞ, എഴുത്തുകാരി കൂടിയായ രജനി ദേശായ് പറഞ്ഞു. അടുത്തിടെയാണ് രജനി, പ്രകൃതി സിംഗ്, മീരാ ഭായ് എന്നിവരടങ്ങിയ മൂന്നംഗ വനിതാ സംഘം എവറസ്റ്റ് കീഴടക്കിയത്. നേരത്തെ ഹിമാലയത്തിലും കയറിയിട്ടുള്ള അവരുടെ താരപ്രഭ പുതിയ ഉദ്യമത്തിന് ശേഷം ഒന്നു കൂടി വര്‍ദ്ധിച്ചു. അറിയപ്പെടുന്ന ഫെമിനിസ്റ്റുകളായ മൂവരും സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപ്പെടാറുണ്ട്. 

അതേയതേ. എന്തൊരു അഹങ്കാരമായിരുന്നു അവന്? നമ്മള്‍ സ്ത്രീകളെ കൊണ്ട് ഇതിനൊന്നും കഴിയില്ല എന്നായിരുന്നു അവന്‍റെ ധാരണ : പ്രകൃതി പറഞ്ഞു നിര്‍ത്തുന്നതിന് മുമ്പേ മീര ഭായ് ഇടപെട്ടു. അഭിഭാഷക കൂടിയായ മീരയാണ് ആ കൂട്ടായ്മയുടെ നേതാവ്. 

നീ ആരുടെ കാര്യമാ ഈ പറയുന്നത്? എവറസ്റ്റിന്‍റെയോ? : സംശയഭാവത്തില്‍ അവര്‍ ചോദിച്ചപ്പോള്‍ പ്രകൃതി തിരുത്തി. 

അല്ലെന്നെ, എന്‍റെ ഭര്‍ത്താവിന്‍റെ. നമ്മള്‍ ഹിമാലയം കേറിയാതൊന്നും അയാള്‍ക്ക് വിശ്വാസമായിട്ടില്ല. എല്ലാം ഫോട്ടോഷോപ്പ് ആണെന്നാ അങ്ങേരന്ന് പറഞ്ഞത്. ചുണയുണ്ടെങ്കില്‍ എവറസ്റ്റൊന്ന് കേറിക്കാണിക്കാനും പറഞ്ഞു. കഴിഞ്ഞ ദിവസം ടിവിയില്‍ നമ്മളതിന്‍റെ ഉച്ചിയില്‍ നില്‍ക്കുന്ന പടം കാണിച്ചേല്‍ പിന്നെ അങ്ങേര്‍ക്ക് മിണ്ടാട്ടമില്ല. കതകടച്ച് ഒരൊറ്റയിരുപ്പാ. ദാ, ഇങ്ങനെ :  പ്രകൃതി ആ രംഗം അഭിനയിച്ചു കാണിക്കുക കൂടി ചെയ്തപ്പോള്‍ അവിടം കൂട്ടച്ചിരിയായി. 

ഹ ഹ അത് നന്നായി. ഇനി കുറെ ദിവസത്തേയ്ക്ക് നിനക്കയാളുടെ ശല്യമുണ്ടാകില്ലല്ലോ : തയ്യല്‍ക്കട നടത്തുന്ന സുഷമ പറഞ്ഞു. കടയില്‍ രണ്ടു-മൂന്നു യുവതികള്‍ കൂടിയുണ്ടെങ്കിലും അവരെല്ലാം തയ്യല്‍ ജോലിയില്‍ വ്യാപൃതരാണ്. 

ഇതുപോലുള്ള ആക്റ്റിവിറ്റീസ് ചെയ്യാന്‍ തുടങ്ങിയതില്‍ പിന്നെ ആള്‍ക്കാര്‍ക്ക് നമ്മോടുള്ള ബഹുമാനം കൂടിയിട്ടുണ്ട്. പക്ഷേ അത് നിലനിര്‍ത്തണമെങ്കില്‍ ഇനിയും ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യണം. അധികമാരും ചെയ്യാന്‍ ധൈര്യപ്പെടാത്ത, : മീര പറയുമ്പോഴേക്കും വര്‍ഗീസ് രംഗപ്രവേശനം ചെയ്തു. തൊട്ടടുത്തുള്ള മീറ്റ് സ്റ്റാളില്‍ അടുത്ത ദിവസത്തേയ്ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ വന്നതാണ് അയാള്‍. അപ്പോഴാണ് യുവതികളുടെ സംഭാഷണം ശ്രദ്ധിച്ചത്. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ആവശ്യമില്ലാതെ ഇടപ്പെടുന്നത് പൊതുവേ മലയാളികളുടെ ഒരു ശീലമാണല്ലോ. നാട് വിട്ട്  വര്‍ഷങ്ങളായെങ്കിലും വര്‍ഗീസും അക്കാര്യത്തില്‍ വ്യത്യസ്ഥനല്ല. ഗ്രാമീണര്‍ക്ക് അയാളെ വലിയ കാര്യവുമാണ്. 

അതേ, ബഹന്‍സ്. ഈ എവറസ്റ്റും ഹിമാലയവുമൊക്കെ കേറാന്‍ ആരെക്കൊണ്ടും പറ്റും. നിങ്ങള്‍ അതിനെക്കാള്‍ വലിയ സ്ഥലങ്ങളില്‍ കയറണം. അങ്ങനെ ചെയ്താല്‍ ഇവിടെ മാത്രമൊതുങ്ങുന്ന നിങ്ങളുടെ പ്രശസ്തി രാജ്യം മുഴുവന്‍ വ്യാപിക്കും. ലോകം മുഴുവന്‍ നിങ്ങളെ ബഹുമാനിക്കും. : ഇറച്ചി വെട്ടുന്ന സമയം നോക്കി മുകളില്‍ വരാന്തയിലേക്ക് കയറിക്കൊണ്ട് വര്‍ഗീസ് പറഞ്ഞു. മദ്യത്തിന്‍റെ മണം സ്ത്രീകള്‍ അറിയാതിരിക്കാനായി അയാള്‍ കുറച്ച് അകലം പാലിച്ചാണ് നിന്നത്. മിക്കപ്പോഴും പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യുന്നത് കൊണ്ട് അവര്‍ക്ക് പരസ്പരം അറിയുകയും ചെയ്യാം. 

എവറസ്റ്റിനേക്കാള്‍ വലിയ ലക്ഷ്യമോ? അതിനെക്കാള്‍ വലുതായൊന്നുമില്ലെടാ മണ്ടാ…………. : സുഷമ അയാളെ കളിയാക്കി. 

ഉണ്ട്. എന്‍റെ നാട്ടിലുണ്ട് : ഭാവവ്യത്യാസമൊന്നും കൂടാതെ വര്‍ഗീസ് അവരെ നോക്കി പറഞ്ഞു. 

ഏതാ നിന്‍റെ സ്ഥലം? : രജനി ചോദിച്ചു.

കേരളം. 

അവിടെ ഏതാ എവറസ്റ്റിനേക്കാള്‍ വലിയ സ്ഥലം? : പ്രകൃതി ആലോചിച്ചു. 

ശബരിമല. വലിപ്പം കൊണ്ടല്ല അതിന്‍റെ പ്രാധാന്യം കൊണ്ടാണ് ശബരിമല വലുതാകുന്നത്. ലോകപ്രശസ്ത തീര്‍ഥാടന കേന്ദ്രമാണ് അത്. പക്ഷേ അവിടെ നിങ്ങളെ പോലെയുള്ള സുന്ദരികളായ യുവതികള്‍ക്ക് പ്രവേശനമില്ല :  വര്‍ഗീസിന്‍റെ പ്രശംസാവാചകം കേട്ടപ്പോള്‍ സ്ത്രീകള്‍ അറിയാതെ പൊങ്ങിപ്പോയി. തന്‍റെ വാക്കുകള്‍ കുറിക്കുകൊണ്ടു എന്നറിഞ്ഞപ്പോള്‍ അയാള്‍ ഊറിച്ചിരിച്ചു. 

പെട്ടെന്ന് തന്നെ സ്ഥലകാല ബോധം വീണ്ടെടുത്ത രജനി ചോദിച്ചു,

എന്ത് ഞങ്ങളെ പോലെയുള്ള യുവതികള്‍ക്ക് പ്രവേശനമില്ലാതെ സ്ഥലമോ? ദീദി ഇത് കേട്ടില്ലേ? : അവര്‍ മീരയ്ക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു. സംഘത്തിലെ ഏറ്റവും മുതിര്‍ന്ന ആളായ മീരയെ മറ്റുള്ളവര്‍ ദീദി എന്നാണ് വിളിക്കുക. 

പാര്‍ലമെന്‍റിലും സുപ്രീം കോടതിയിലും എന്തിന് എവറസ്റ്റില്‍ വരെ നമുക്ക് കയറാം. പക്ഷെ ഒരു മല കയറാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍…………… : പ്രകൃതി ആ പറഞ്ഞത് മീര ഭായ്ക്ക് ശരിക്ക് കൊണ്ടു. തന്റെ അഭിഭാഷകവൃത്തിക്ക് നേരെയാണ് സഹപ്രവര്‍ത്തക ആ ചോദ്യമുയര്‍ത്തിയതെന്ന് അവര്‍ക്ക് തോന്നി. ശബരിമലയില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് ഒരു ഹര്‍ജ്ജി ഫയല്‍ ചെയ്യാന്‍ മീരയും കൂട്ടരും ഒട്ടും താമസിച്ചില്ല. 

മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയി. 

ഒരുനാള്‍ എല്ലാവരും കാത്തിരുന്ന ആ വിധി വന്നു. 

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം. 

വിധി കേട്ടപ്പാടെ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിച്ചു. നേതാക്കള്‍ പ്രസ്താവനകളുമായി രംഗത്തിറങ്ങി. ഉറങ്ങിക്കിടന്നിരുന്ന പാവം അണികളെ അവര്‍ തല്ലിയുണര്‍ത്തി. ജാതീയതയും വര്‍ഗീയതയും കുത്തിവച്ച് നേതാക്കള്‍ അവരെ ഊര്‍ജ്ജസ്വലരാക്കി. 

കേരളത്തിന്‍റെ ദേശീയോല്‍സവമായ ഹര്‍ത്താലില്‍ തുടങ്ങിയ പ്രതിഷേധ മാമാങ്കങ്ങള്‍ വാഹന പരിശോധനയിലും കയ്യാങ്കളിയിലും എന്നല്ല സന്നിധാനത്തെ പ്ലാന്‍ ബിയില്‍ വരെ ചെന്നെത്തി. സ്ത്രീപ്രവേശന വിഷയം അഭിമാന പ്രശ്നമായെടുത്ത ഇരു വിഭാഗവും കച്ചമുറുക്കി രംഗത്തിറങ്ങിയതോടെ യഥാര്‍ത്ഥ അയ്യപ്പഭക്തര്‍ എവിടെയ്ക്കോ ഓടിയൊളിച്ചു. 

Read എലി (കഥ)

എല്ലാം മുകളിലിരുന്ന് ഒരാള്‍ കാണുന്നുണ്ടെന്നാണല്ലോ വിശ്വാസം. സ്ത്രീപ്രവേശനമാകാമെന്ന് വടക്ക് നിന്ന് വാദിച്ചു വന്ന നേതാക്കള്‍ കേരള അതിര്‍ത്തി കടന്നപ്പോള്‍ കളം മാറ്റി ചവിട്ടുന്നത് കണ്ടപ്പോള്‍ സാക്ഷാല്‍ അയ്യപ്പനും കണ്‍ഫ്യൂഷനിലായി. സലിം കുമാര്‍ ചോദിച്ചത് പോലെ ‘എനിക്ക് പ്രാന്തായതാണോ അതോ നാട്ടുകാര്‍ക്ക് മൊത്തം പ്രാന്തായോ’ എന്ന മട്ട്. അങ്ങനെ അദ്ദേഹം കണ്‍ഫ്യൂഷനില്‍ ഇരിക്കുമ്പോഴാണ്  ആ ഫേസ്ബുക്ക് സ്റ്റാറ്റസ് കണ്ണിലുടക്കിയത്. 

‘അയ്യപ്പ ബ്രോയെ കാണാന്‍ ഞാനും വരുന്നു’ 

ചുംബന സമരനായികയാണ്. അതുകൂടി കണ്ടതോടെ അയ്യപ്പന്‍റെ സമാധാനം നഷ്ടപ്പെട്ടു. 

വിധി വന്നതിനു പുറകെ വാഗമണ്ണില്‍ ആക്റ്റിവിസ്റ്റുകളുടെ ഒരു ക്യാമ്പ് നടന്നെന്നും ഒന്നു കരുതിയിരിക്കണമെന്നും നാരദന്‍ നേരത്തെ മുന്നറിയിപ്പ് തന്നതാണ്. ഡസന്‍ കണക്കിന് വനിതാ രത്നങ്ങളാണത്രേ മല കയറാന്‍ തയ്യാറെടുക്കുന്നത്. പുണ്യ പൂങ്കാവനം ഒരു ടൂറിസം ഡെസ്റ്റിനേഷനാക്കാനും ചിലര്‍ക്ക് പ്ലാനുണ്ട്. 

ഇനി അങ്ങനെ നിന്നാല്‍ ശരിയാകില്ലെന്ന് അയ്യപ്പനും മനസ്സില്‍ കരുതി. പെട്ടെന്നാണ് ഷേര്‍ഖാന്‍ വീഡിയോ കാളില്‍ പ്രത്യക്ഷപ്പെട്ടത്. കരിമലക്കാട്ടിലെ പുലികളുടെ രാജാവാണ് ഷേര്‍ഖാന്‍. 

ഭഗവാന്‍, അവിടെ എന്തുണ്ട് വിശേഷം? : ഷേര്‍ഖാന്‍ ചോദിച്ചു. 

ഒന്നും പറയണ്ട, ഷേര്‍ഖാന്‍. ഇവിടത്തെ കാര്യങ്ങളെല്ലാം നീയും അറിയുന്നില്ലേ? : ശബരിമല അയ്യപ്പന്‍ ചോദിച്ചു. 

അറിഞ്ഞു ഭഗവാന്‍, ഞാന്‍ ഇപ്പോള്‍ മനോരമ ന്യൂസ് കാണുകയായിരുന്നു. അവരെല്ലാം അങ്ങയെ വളഞ്ഞിരിക്കുകയാണല്ലേ? കുറേപ്പേര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു ശ്രീകോവിലിന് ചുറ്റും നില്‍ക്കുന്നത് കണ്ടു. ലോകം കാത്തു സംരക്ഷിക്കുന്ന അങ്ങയ്ക്കും പ്രൊട്ടക്ഷന്‍. ഓര്‍ക്കാന്‍ തന്നെ നല്ല രസമുണ്ട് : അത്രയും പറഞ്ഞ് ഷേര്‍ഖാന്‍ കുലുങ്ങിച്ചിരിച്ചു. 

ഷേര്‍ഖാന്‍, നീ ഇങ്ങനെ വളിച്ച കോമഡി പറയാതെ എന്തെങ്കിലും ഒരു ഉപായം പറ : ഭഗവാന്‍റെ ഭാവം മാറുന്നത് കണ്ട ഷേര്‍ഖാന്‍ ട്രാക്ക് മാറ്റി.

അങ്ങ് ഇങ്ങോട്ട് പോര് : അയാള്‍ പറഞ്ഞു. 

എന്ത്? 

അങ്ങ് ഇങ്ങോട്ട് പോരെന്നെ. ഇവിടെ നല്ല സ്വച്ഛവും ശാന്തവുമായ സ്ഥലം ഞാന്‍ അങ്ങയ്ക്കായി ഒരുക്കാം. ഞാനും എന്‍റെ കുട്ടികളും കാവലുണ്ടാകും. അത് കടന്ന് ഒരാളും അകത്തു വരില്ല : ഷേര്‍ഖാന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു. അത് നല്ല ഒരു ഐഡിയയാണെന്ന് അയ്യപ്പനും തോന്നി. 

എന്നെ തളയ്ക്കാന്‍ പോന്ന ആരും അവിടെയില്ല. ഒരാളൊഴിച്ച്. അയാളെ മാത്രം അങ്ങ് നോക്കിയാല്‍ മതി : ഖാന്‍ തുടര്‍ന്നു പറഞ്ഞു. 

അതാരാണ് ? 

മുരുകന്‍. കേട്ടറിവിനേക്കാള്‍ വലുതാണ് മുരുകനെന്ന സത്യം. പുലിയൂരുണ്ടായിരുന്ന എന്‍റെ അമ്മാവനെ വേല്‍ എറിഞ്ഞ് ഒറ്റക്കുത്തിന് കൊന്നതാണ് അവന്‍. ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാകുന്നു. അയാള്‍ മാത്രം കരിമല കയറാതെ അങ്ങ് നോക്കിയാല്‍ മതി : ഷേര്‍ഖാന്‍ പറഞ്ഞത് കേട്ടപ്പോള്‍ അയ്യപ്പന്‍ ചിരിച്ചു. 

നീ പേടിക്കണ്ട, ഷേര്‍ഖാന്‍. അയാളെ ഞാന്‍ പാര്‍ലമെന്‍റിലേക്ക് വിട്ടോളാം. അയാള്‍ അവിടെ ചെന്ന് കൂടുതല്‍ അപകടകാരികളായ ജീവികളെ പിടിക്കട്ടെ, 

ഏറെ നാളുകള്‍ക്ക് ശേഷം അയ്യപ്പന്‍റെ മുഖം ഒന്നു തെളിഞ്ഞു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ഷേര്‍ഖാനും ആശ്വാസമായി. 

അടുത്ത പ്രഭാതത്തില്‍ പതിവ് പോലെ മുണ്ടിന്‍റെ കോന്തലയില്‍ തൂക്കിയ താക്കോലുമായി വന്ന് നട തുറന്ന തന്ത്രി ഞെട്ടി. 

അയ്യപ്പന്‍റെ ഇരിപ്പിടം ശൂന്യം. മോഷണമാണെന്ന് കരുതി ആളെ കൂട്ടാന്‍ തുടങ്ങുമ്പോഴാണ് തളികയുടെ താഴെ മടക്കി വച്ച ഒരു വെള്ളക്കടലാസ് അദ്ദേഹത്തിന്‍റെ കണ്ണിലുടക്കിയത്. വേഗം അതെടുത്തു നിവര്‍ത്തി. 

എന്‍റെ പേരില്‍ നടക്കുന്ന ഒരു സംഘര്‍ഷത്തിന് സാക്ഷിയാകാന്‍ താല്പര്യമില്ല. ഞാന്‍ പോകുന്നു. ഇനി എന്നെ അന്വേഷിക്കരുത്. 

എന്ന് 

അയ്യപ്പന്‍ (ഒപ്പ്)

എന്ത് ചെയ്യണമെന്നറിയാതെ തന്ത്രി ഇടം വലം നോക്കുമ്പോള്‍ താഴെ നിലയ്ക്കലും പമ്പയിലും ഇരു വിഭാഗങ്ങളും മറ്റൊരു സംഘര്‍ഷത്തിന് കോപ്പ് കൂട്ടുകയായിരുന്നു. 

ഹലോ ഐജിയല്ലേ? ഇത് തലസ്ഥാനത്ത് നിന്നാണ് : ഫോണിന്‍റെ മറുവശത്ത് നിന്ന് കേട്ട ശബ്ദം പറഞ്ഞു. 

സര്‍, : ഐജി ഉലകനാഥന്‍ ഭവ്യതയോടെ മൊഴിഞ്ഞു. 

ഇന്ന് രണ്ടു ആക്റ്റിവിസ്റ്റുകള്‍ മല കയറാന്‍ വരുന്നുണ്ട്. അവരെ ഏത് വിധത്തിലും മുകളില്‍ എത്തിക്കണം : ഭരണകക്ഷി നേതാവ് പറഞ്ഞു. 

യെസ് സര്‍ : ഉലകനാഥന്‍ ഉത്തരവ് ശിരസ്സാ വഹിച്ച് പുറത്തേയ്ക്ക് നടന്നു. പോലീസിനെ വേണ്ടവണ്ണം വിന്യസിക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്കി. എന്നാല്‍ വിവരം നേരത്തെ ചോര്‍ന്നു കിട്ടിയ പ്രക്ഷോഭകാരികള്‍ ആക്റ്റിവിസ്റ്റുകളെ ‘മുകളില്‍’ എത്തിക്കാനുള്ള പദ്ധതി കാലേക്കൂട്ടി തയ്യാറാക്കിയത് പക്ഷെ ഇന്‍റലിജന്‍സ് പോലും അറിഞ്ഞില്ല. 

എല്ലാം ഇട്ടെറിഞ്ഞു പോയ അയ്യപ്പന്‍ ഇതിനകം കരിമലക്കാട്ടിലെ ഒരു നിഗൂഢ വനപ്രദേശത്ത് പാര്‍പ്പ് തുടങ്ങിയിരുന്നു. തന്‍റെറെ ഏത് കല്‍പ്പനയും അനുസരിക്കാന്‍ തയ്യാറായി ഷേര്‍ഖാനും പരിവാരങ്ങളും നാലുപാടും നിലയുറപ്പിക്കുന്നത് കണ്ട് മനസമാധാനത്തോടെ അദ്ദേഹം ധ്യാനത്തിലാണ്ടു. 

The End


Image Credit: Anjana Menon

Manoj is a writer, blogger from Palakkad-Kerala. He writes contents on current affairs, technology, cinema, health, social media and WordPress. His posts and stories appeared across magazines and websites since 1998. Get in touch with him via Twitter and Facebook.

Leave a Reply

Your email address will not be published. Required fields are marked *