പതിനാറാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പോരാട്ട വേദികളില്‍ മികച്ച പ്രകടനം നടത്തിയ നേതാക്കള്‍ക്കുള്ള വികടന് സ്മാരക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കുന്നംകുളത്ത് നടന്ന പത്രസമ്മേളനത്തില്‍ ജനകീയ മുഖ്യമന്ത്രിയായ ശശി മേസ്ത്രിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. ജൂറി അദ്ധ്യക്ഷന്‍ തരികിട ചാറ്റര്‍ജി, അംഗങ്ങളായ അടിച്ചുതളിക്കാരി ജാനു, ഗുണ്ട ഷാജി, ഹെഡ്കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ള എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.
നടന്
പാര്‍ലമെന്റിന് മുന്നിലും പാര്‍ട്ടി യോഗത്തിലും മികച്ച ഭാവാഭിനയം കാഴ്ചവച്ച നരേന്ദ്ര മോദിയാണ് മികച്ച നടന്. അമ്മയുടെ കൃപ എന്ന പേരില്‍ അദ്ദേഹം സൃഷ്ടിച്ച വികാരതീവ്രമായ രംഗം സമാനതകളില്ലാത്തതാണെന്ന് വിലയിരുത്തിയ ജൂറി അദ്ദേഹത്തെ വിഖ്യാത നടന്മാരായ മര്‍ലന്‍ ബ്രന്റോയോടും ആന്റണി ഹോപ്ക്കിന്സുമോടുമാണ് താരതമ്യപ്പെടുത്തിയത്. ഇരിക്കാന്‍ ഒരു കസേര പോലും കൊടുക്കാതെ അദ്വാനിയെ ഒരു മൂലയ്ക്കിരുത്തിയശേഷം അദ്ദേഹത്തിന്റെ കാല്‍തൊട്ടു വന്ദിച്ച മോദി വരും വര്‍ഷങ്ങളും തന്റെതാണെന്ന സൂചന നല്കി. മല്‍സരത്തിന്റെ ഒരു ഘട്ടത്തിലും അദ്ദേഹത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ മറ്റു നടന്മാര്ക്ക് കഴിഞ്ഞില്ല.
കോടതിയിലെ പാളിപ്പോയ നാടകത്തിലൂടെ ജനങ്ങളുടെ കയ്യടി വാങ്ങിക്കാന്‍ ശ്രമിച്ച അരവിന്ദ് കേജ്രിവാളാണ് മികച്ച രണ്ടാമത്തെ നടന്. അദ്ദേഹത്തിന്റെ അഭിനയത്തിന് ഇനിയും കയ്യടക്കവും തന്മയത്വവും വന്നിട്ടില്ലെന്ന് പറഞ്ഞ കമ്മിറ്റി തിരക്കഥാരചനയിലെ വൈകല്യവും അതിനു കാരണമായി ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധിയാണ് മികച്ച ഹാസ്യ നടനുള്ള അവാര്‍ഡ് നേടിയത്. ഗുജറാത്ത് സര്‍ക്കാര്‍ ഇരുപത്തേഴായിരം കോടി തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന പരാമര്‍ശമാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ലോകത്ത് ആകമാനം ആയിരത്തി ഇരുന്നൂറു കോടി ജനസംഖ്യ ഉള്ളപ്പോള്‍ ഇങ്ങനെ ഒരു കൌതുകകരമായ പ്രസ്താവന നടത്തിയ രാഹുലിനെ ഏകകണ്ഠമായാണ് അംഗങ്ങള്‍ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
കഴിഞ്ഞ വര്‍ഷം രാഹുലാണ് മികച്ച നടനുള്ള അവാര്‍ഡ് നേടിയത്. പാവപ്പെട്ടവരുടെ ജീവിതം മനസിലാക്കാന്‍ അവരുടെ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുകയും അവിടെ കിടന്നുറങ്ങുകയും ചെയ്ത അദ്ദേഹം പുറത്തിറങ്ങിയ ശേഷം ദാരിദ്ര്യം എന്ന ഒന്നില്ലെന്നും അത് ചിലരുടെ മാനസികാവസ്ഥ മാത്രമാണെന്നും പറഞ്ഞിരുന്നു. ആ പ്രസ്താവനയാണ് അന്ന് ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഇക്കുറി സമാനമായ വാക്കുകളുമായി രംഗത്തു വന്നെങ്കിലും അദ്ദേഹത്തിന് ഹാസ്യ നടനുള്ള അവാര്‍ഡ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മോദിയെ പോലൊരു ദുര്‍ബലഹൃദയനെ കരയിപ്പിച്ച അദ്വാനിയാണ് മികച്ച വില്ലന്‍. അദ്വാനിയുടെ പരാമര്‍ശത്തെ തുടര്‍ന്നു ആദ്യം മോദിയും പിന്നാലെ സദസ്യരില്‍ ചിലരും കരഞ്ഞത് യോഗത്തെ ഒരു കൂട്ടക്കരച്ചിലിന്റെ വക്കത്തെത്തിച്ചിരുന്നു.
ബീഹാര്‍ മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഏറ്റവും മികച്ച ദുരന്ത കഥാപാത്രത്തിനുള്ള പുരസ്കാരം നേടി. ഡല്‍ഹിക്ക് പോകാന്‍ വണ്ടിക്കൂലിയില്ലാതെ മയിലാടുംതുറൈ റെയില്‍വേ സ്റ്റേഷനില്‍ ചായക്കട തുടങ്ങിയ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ അവസാന റൌണ്ട് വരെ ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും ഫലം കണ്ടില്ല. മോദിയെ കോണ്‍ഗ്രസ് സമ്മേളന വേദിയില്‍ ചായ വില്ക്കാന് നിയോഗിക്കാമെന്ന് പറഞ്ഞ അയ്യരെ തിരഞ്ഞെടുപ്പില്‍ അഞ്ചാം സ്ഥാനത്താക്കിയ സ്വന്തം നാട്ടുകാര്‍ സ്റ്റേഷന് പരിസരത്ത് കാന്റീന് സൌകര്യം ലഭ്യമല്ലെന്നും അതിനാല്‍ ഒരു ചായക്കട തുടങ്ങണമെന്നും ആവശ്യപ്പെടുകയായിരുന്നു. വരുന്ന ബിജെപി സമ്മേളനത്തില്‍ അദ്ദേഹത്തെ ചായ വില്പനയ്ക്ക് നിയോഗിക്കുമോ എന്ന് വ്യക്തമല്ല.
അമേത്തിയില്‍ മൂന്നു മാസം മുമ്പേ വീടെടുത്ത് പ്രചരണം തുടങ്ങിയെങ്കിലും ഇരുപത്താറായിരം വോട്ട് മാത്രം നേടിയ ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസിന് ഇവിടെയും നിരാശനാകേണ്ടി വന്നു. തിരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശ് നഷ്ടമായ അദ്ദേഹത്തെ വീട്ടുവാടക കൊടുക്കാത്തതിന്റെ പേരില്‍ നാട്ടുകാരില്‍ ചിലര്‍ ഇപ്പൊഴും തടഞ്ഞു വച്ചിരിക്കുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും ആശ്വാസധനം കൊടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് ശശി മേസ്ത്രി അറിയിച്ചു.
നടി
പ്രിയങ്ക ഗാന്ധിയാണ് മികച്ച നടി. മല്‍സരത്തില്‍ അവസാനം വരെ മുന്നിട്ടുനിന്ന ജയലളിതയെ നാടകീയ നിമിഷങ്ങള്‍ക്കൊടുവിലാണ് അവര്‍ പിന്നിലാക്കിയത്. വിമാനത്താവളങ്ങളിലും മറ്റും റോബര്‍ട്ട് വധേരയ്ക്ക് നല്‍കിവന്ന പ്രത്യേക ആനുകൂല്യം നിര്‍ത്തലാക്കാന്‍ പുതിയ സര്‍ക്കാര്‍ ആലോചിക്കുന്നത് അറിഞ്ഞ് അദ്ദേഹത്തിനുള്ള എല്ലാ ആനുകൂല്യവും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. തങ്ങളോടു ആലോചിക്കാതെ എസ്പിജിയാണ് എല്ലാം ചെയ്തത് എന്നായിരുന്നു അവരുടെ ഭാഷ്യം. 2005 മുതല്‍ നിലനിന്നിരുന്ന ഒരു കാര്യത്തെക്കുറിച്ച് ഇത്ര നാള് അജ്ഞത ഭാവിക്കുകയും അവസാന നിമിഷം നല്ല പിള്ള ചമയാന്‍ ശ്രമിക്കുകയും ചെയ്ത ആ അപൂര്‍വമായ അഭിനയത്തികവാണ് അവരെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
സാക്ഷാല്‍ സ്മിത പാട്ടിലിനെ പോലും നിഷ്പ്രഭയാക്കുന്നതാണ് പ്രിയങ്കയുടെ പ്രകടനമെന്ന് ചില ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍ ആരാണ് ഈ സ്മിത എന്നാണ് ജന്മനാ ബംഗാളിയാണെങ്കിലും സ്വഭാവത്തില്‍ ആസാമിയായ ചെയര്മാന് തരികിട ചാറ്റര്‍ജി ചോദിച്ചതെന്ന് അദ്ദേഹത്തിന്റെ നിഴല്‍ പോലെ എപ്പോഴും കൂടെയുള്ള ഒരു വിശ്വസ്തന് രഹസ്യമായി ഈ ലേഖകനോടു സൂചിപ്പിച്ചു.
തമിഴ്നാട് മുഖ്യമന്ത്രിയായ ജയലളിതയാണ് മികച്ച രണ്ടാമത്തെ നടി. മോദിയെ ഒരിക്കലും പിന്തുണക്കില്ലെന്ന് പ്രചാരണ വേദികളില്‍ ഉറപ്പ് പറഞ്ഞ അവര്‍ തിരഞ്ഞെടുപ്പിനു ശേഷം ചുവടുമാറ്റം നടത്തിയിരുന്നു. ആ നടന വൈഭവമാണ് അവരെ തിരഞ്ഞെടുക്കാന്‍ കാരണമായത്.
പ്രധാനമന്ത്രിയാകാന്‍ മോഹിച്ച് അവസാനം ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയാതെ പോയ മായാവതിയാണ് മികച്ച ദുരന്ത കഥാപാത്രം.
ആജീവനാന്ത സംഭാവനക്കുള്ള പ്രത്യേക പുരസ്കാരം ഗുജറാത്തില്‍ നിന്നുള്ള സ്കൂള്‍ അധ്യാപികയായ യശോദ ബെന്‍ നേടി.
സംവിധായകന്
ഡോ. മന്മോഹന് സിങ്ങ്, എം. കരുണാനിധി എന്നിങ്ങനെയുള്ള മുതിര്‍ന്ന സംവിധായകര്‍ ഒരുപാട് ഉണ്ടായിട്ടും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഏറ്റവും നല്ല സംവിധായകനുള്ള അവാര്‍ഡ് നേടിയത്. അദ്ദേഹം കഥയെഴുതി സംവിധാനം ചെയ്ത പരനാറി ഏറ്റവും നല്ല ചിത്രത്തിനുള്ള പുരസ്കാരവും നേടി.
പിണറായി നടത്തിയ പരനാറി പ്രയോഗമാണ് കൊല്ലത്തെ യുഡിഎഫിന്റെ വന്‍വിജയത്തിനു കാരണമായതെന്ന് ഇരു മുന്നണികളും ഒരേ പോലെ പറഞ്ഞിരുന്നു. ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചരണത്തിന് വേണ്ടി ഓരോ മണ്ഡലത്തിലും വിജയന് വരണമെന്ന് വിവിധ യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അതൊന്നും ജൂറിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ലെന്ന് ശശി മേസ്ത്രി ചൂണ്ടിക്കാട്ടി. അങ്ങനെ അദ്ദേഹം വരുകയാണെങ്കില്‍ അതിന്റെ ചെലവ് മുഴുവന്‍ വഹിക്കാന്‍ തയാറാണെന്ന് കെപിസിസിയും അറിയിച്ചിട്ടുണ്ട്.
‘സ്വപ്നങ്ങളേ‘ എന്ന ഗാനം പാടിയ അദ്വാനി മികച്ച ഗായകനായപ്പോള്‍ ‘രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‘ എന്ന പൂന്താനം കവിത ആലപിച്ച സ്മൃതി ഇറാനി നല്ല ഗായികയായി. അവാര്‍ഡ് ഫലകവും വണ്ടിച്ചെക്കും അടങ്ങിയ പുരസ്കാരങ്ങള്‍ വരുന്ന മാസം ദുബായില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
The End
Narendra Modi (Image Credit : sheryartist.blogspot.com)
Pinarayi Vijayan (Credit : cartoonsbyamal.com)