ആം ആദ്മി തൂത്തെറിഞ്ഞ രാഷ്ട്രീയ അതിമോഹങ്ങള്‍

ആം ആദ്മി തൂത്തെറിഞ്ഞ രാഷ്ട്രീയ അതിമോഹങ്ങള്‍ 1

   കഴിഞ്ഞ ഡിസംബര്‍ ഒമ്പതു വരെ രാഷ്ട്രീയം എന്നത് കുറേ പേര്‍ക്ക് പെട്ടെന്ന് പണം ഉണ്ടാക്കാനുള്ള അല്ലെങ്കില്‍ വളരെ വേഗം അധികാരത്തിന്‍റെ ഉന്നത ശ്രേണികളില്‍ എത്താനുള്ള കുറുക്കു വഴി മാത്രമായിരുന്നു. അതിനു വിദ്യാഭ്യാസം ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഉള്ള വ്യത്യാസവും ഉണ്ടായിരുന്നില്ല. സവര്‍ണ്ണന്മാരും അവര്‍ണന്‍മാരുമെല്ലാം തരാതരം ജാതികാര്‍ഡുകള്‍ പുറത്തെടുത്ത് മാറി മാറി വരുന്ന സര്‍ക്കാരുകളെ വരുതിയില്‍ നിര്‍ത്താനും തങ്ങളുടെ താല്‍പര്യങ്ങള്‍ നേടിയെടുക്കാനും മല്‍സരിച്ചു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കുറേയൊക്കെ മാറിയിരിക്കുന്നു.അതിനു കാരണമായത് ആം ആദ്മി പാര്‍ട്ടിയുടെ വരവാണ്.  

അരവിന്ദ് കെജ്രിവാളിനെയും അദ്ദേഹം സ്ഥാപിച്ച ആം ആദ്മി പാര്‍ട്ടിയെയും സ്വതന്ത്ര സുന്ദര ഭാരതത്തിലെ നൂറു കണക്കിനു ഈര്‍ക്കില്‍ പാര്‍ട്ടികളുടെ ഭാഗമായാണ് ആദ്യം എല്ലാവരും കണ്ടത്. രാജകുമാരനെ വേട്ടയാടിക്കൊണ്ടിരുന്ന നരേന്ദ്ര മോഡിയും വര്‍ഗ്ഗീയ ശക്തികളെ തോല്‍പ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ കോണ്‍ഗ്രസ്സും ഒരുപോലെ അവരെ അവഗണിച്ചു. മൂന്നു വട്ടം ഡല്‍ഹി ഭരിച്ച ഷീല ദീക്ഷിത്തിനെതിരെ മല്‍സരിക്കാനുള്ള കേജ്രിവാള്‍ എന്ന ഇന്നത്തെ യുവതുര്‍ക്കിയുടെ തിരുമാനത്തെ ആത്മഹത്യാപരമെന്ന് കൂടെ നില്‍ക്കുന്നവര്‍ പോലും വിശേഷിപ്പിച്ചു. പക്ഷേ ആം ആദ്മി ഡല്‍ഹി രാഷ്ട്രീയത്തില്‍ വിതച്ച കൊടുങ്കാറ്റില്‍ വിവിധ പാര്‍ട്ടികളിലെ വന്‍ മരങ്ങള്‍ വരെ കടപുഴകി വീഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ആരായിരുന്നു അരവിന്ദ് കേജ്രിവാള്‍ ? ഇന്ന്‍ ഇന്‍റര്‍നെറ്റില്‍ ഏറ്റവുമധികം തിരയപ്പെടുന്ന ഈ ഇന്ത്യക്കാരനെ കുറിച്ച് അടുത്ത കാലം വരെ ആര്‍ക്കും അധികമൊന്നുമറിയില്ലായിരുന്നു.

ആം ആദ്മി തൂത്തെറിഞ്ഞ രാഷ്ട്രീയ അതിമോഹങ്ങള്‍ 2

ഹരിയാനയിലെ ശിവാനിയില്‍ 1968ലെ സ്വാതന്ത്ര ദിനത്തിന് പിറ്റേന്ന് ജനനം. ഇന്ന്‍ അഴിമതിയുടെ കാര്യത്തില്‍ ആഫ്രിക്കന്‍ നാടുകളോട് വരെ മല്‍സരിക്കുന്ന ഗാന്ധിജിയുടെ ഇന്ത്യയെ അഴിമതിയില്‍ നിന്നും കെടുകാര്യസ്ഥതയില്‍ നിന്നും സ്വതന്ത്രമാക്കാനുള്ള ഉദ്ദേശ്യം അദ്ദേഹം ജനന സമയത്ത് പോലും പ്രകടിപ്പിച്ചു എന്ന്‍ കടുത്ത ആപ് അണികള്‍ ഒരുപക്ഷേ പ്രചരിപ്പിച്ചേക്കാം. പ്രശസ്തമായ ഐഐടി ഖരഗ്പൂരില്‍ നിന്ന്‍ മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദമെടുത്ത കേജ്രിവാള്‍ കുറച്ചുകാലം ടാറ്റ സ്റ്റീലില്‍ ജോലി നോക്കിയെങ്കിലും പിന്നീട് അതു രാജിവച്ച് സിവില്‍ സര്‍വ്വീസ് പഠനത്തിനിറങ്ങി. തുടര്‍ന്നു ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ (IRS) കയറിയ അദ്ദേഹം ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്‍റില്‍ ജോയിന്‍റ് കമ്മീഷണറായി.അറിയാനുള്ള അവകാശത്തിന് വേണ്ടിയുള്ള നിയമ (RTI)ത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിന് 2006ല്‍ മാഗ്സസെ അവാര്‍ഡ് നേടിയ അദ്ദേഹം അതേ വര്‍ഷം തന്നെ ജോലി രാജി വച്ച് പൊതു രംഗത്തേക്കിറങ്ങി.

ഇന്ന്‍ കേജ്രിവാളും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രസ്ഥാനവും അഴിമതിയെയും അധികാര ധൂര്‍ത്തിനെയും വെറുക്കുന്ന രാജ്യത്തെ ജനകോടികളുടെ പ്രതീകമാണ്. തിരഞ്ഞെടുപ്പ് ജയിച്ചു കഴിഞ്ഞാല്‍ ജനകീയ പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന, കൊടി വച്ച എസി കാറില്‍ മാത്രമേ യാത്ര ചെയ്യൂ, മുന്നിലും പിന്നിലും നാലു എസ്കോര്‍ട്ട് വാഹനങ്ങള്‍ വേണം എന്നൊക്കെ വാശി പിടിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ താമസിയാതെ തന്നെ ചരിത്രത്തിന്‍റെ ഭാഗമായേക്കാം. ഹര്‍ത്താലും ബന്ദുമൊന്നും നടത്താതെ തന്നെ ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാനും അവരുടെ അംഗീകാരം നേടിയെടുക്കാനും പറ്റുമെന്ന്‍ ആപ് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പാര്‍ട്ടികളെ പോലും പഠിപ്പിച്ചു. 

പുതുവര്‍ഷ തലേന്ന്‍ സ്വയം കാര്‍ ഡ്രൈവ് ചെയ്ത് ഡല്‍ഹിയിലെ തിരക്കേറിയ റോഡുകളിലെ ട്രാഫിക് ലൈറ്റ് മാറുന്നതും കാത്തു കിടന്ന ഒരു മുഖ്യമന്ത്രി ഇന്ത്യന്‍ രാഷ്ട്രീയത്തിന് സമ്മാനിച്ച പുതിയ മുഖത്തിന്‍റെ ഓളങ്ങള്‍ അധികം താമസിയാതെ ഇങ്ങ് കേരളത്തിലുമെത്തും. വില കൂടിയ ബെന്‍സിലോ ബിഎംഡബ്യൂവിലോ മാത്രമേ യാത്ര ചെയ്യൂ, വീട്ടു ജോലിക്കു പോലും കേരള പോലീസില്‍ നിന്നു ആളു വേണം എന്നൊക്കെ വാശി പിടിക്കുന്ന, ഔദ്യോഗിക വസതിയുടെ അറ്റകുറ്റപണികള്‍ക്ക് പ്രതിവര്‍ഷം ലക്ഷങ്ങള്‍ പൊടിപൊടിക്കുന്ന മന്ത്രിമാര്‍ അതോടെ സമൂഹത്തിനു മുന്നില്‍ പരിഹാസ കഥാപാത്രങ്ങളാകും. 

ആം ആദ്മി തൂത്തെറിഞ്ഞ രാഷ്ട്രീയ അതിമോഹങ്ങള്‍ 3

കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള മല്‍സരമായിരിക്കും വരുന്ന ലോകസഭാ തിരഞ്ഞെടുപ്പെന്നാണ് എല്ലാവരും തുടക്കത്തില്‍ പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ ചിത്രം മാറി. ഇരു പാര്‍ട്ടികള്‍ക്കും ശക്തരായ എതിരാളികള്‍ ആയിരിയ്ക്കും ആം ആദ്മി എന്നാണ് അടുത്തിടെ നടത്തിയ സര്‍വ്വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എല്ലാ പാര്‍ട്ടികളെയും ബാധിച്ചിരിക്കുന്ന അഴിമതിയും അധികാര ഗര്‍വ്വുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെന്ന് ഇതു സൂചിപ്പിക്കുന്നു.

ആം ആദ്മി എന്ന പ്രതിഭാസം ഒരുപക്ഷേ താല്‍ക്കാലികമാകാം.എന്നാല്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് രാജ്യത്തെ മുഖ്യധാര പാര്‍ട്ടികളുടെ നിരയിലേക്കുയര്‍ന്ന പ്രസ്ഥാനവും അതിന്‍റെ അണികളും ഇവിടത്തെ ഭരണ വ്യവസ്ഥിതിക്ക് ശക്തമായ താക്കിതാണ് നല്‍കുന്നത്. ജനങ്ങളെ അവഗണിച്ച് അഴിമതിയും മാടമ്പിത്തരവും കൊണ്ട് മുന്നോട്ടു പോയാല്‍ തൂത്തെറിയുമെന്ന വാക്കുകള്‍ അവഗണിക്കാന്‍ ഒരു നേതാവിനും ഒരു പാര്‍ട്ടിക്കും ഇനി കഴിയില്ല. കഴിഞ്ഞ വര്‍ഷാന്ത്യത്തില്‍ ഡല്‍ഹിയില്‍ കണ്ടു തുടങ്ങിയ മാറ്റത്തിന്‍റെ അലയൊലികള്‍ അവരെ ഇരുത്തി ചിന്തിപ്പിക്കുക തന്നെ ചെയ്യും. വ്യാജ വാഗ്ദാനങ്ങളും മൂന്നാം കിട റോഡ് ഷോകളും വിട്ട് ജനങ്ങളിലേക്കിറങ്ങി ചെല്ലാനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും കുടുംബ പാരമ്പര്യവും രാഷ്ട്രീയ പരിചയവുമുള്ള നേതാക്കള്‍ പോലും നിര്‍ബന്ധിതരാകും എന്നതാണു ആം ആദ്മി നല്‍കുന്ന അനുഭവ പാഠം. 

Leave a Comment

Your email address will not be published. Required fields are marked *