കുമാര സംഭവം: സിബിഐയുടെ പേരിലുള്ള കോലാഹലങ്ങള്‍

bar bribe controversy in Kerala

കുട്ടികള്‍ക്ക് ഒരു സ്വഭാവമുണ്ട്. ഏതെങ്കിലും നല്ല കളിപ്പാട്ടത്തിന് വേണ്ടി വാശി പിടിക്കും. അത് കിട്ടിക്കഴിഞ്ഞാലോ, അതിലും വലുത് വേണം എന്നു പറഞ്ഞാവും കരയുക. പ്രായമായവര്‍ക്ക് കുട്ടികളുടെ മനസ്സാണെന്ന് പൊതുവേ പറയാറുണ്ട്. അത് ശരിയാണെന്ന് കുമാരന് കഴിഞ്ഞ ദിവസം വീണ്ടും ബോധ്യപ്പെട്ടു. ബാറില്‍ മദ്യം, ബാറില്‍ ക്യാബറേ എന്നൊക്കെ ഒരുപാട് തവണ കേട്ടിട്ടുണ്ട്. എന്നാല്‍ ബാറില്‍ കോഴ എന്നു കേള്‍ക്കുന്നത് നടാടെയാണ്. കേട്ടപാടെ വിജിലന്‍സ് അന്വേഷണം എന്നു പറഞ്ഞ് നമ്മുടെ അച്ചുമ്മാവന്‍ ചാടി വീഴുകയും ചെയ്തു. ചെന്നിത്തല പോലീസും ഒട്ടും മടിച്ചില്ല. എന്നാല്‍ അങ്ങനെയാവട്ടെ എന്നായി അദ്ദേഹം. അതോടെ എനിക്കു വിജിലന്‍സ് വേണ്ട, സിബിഐ മതി എന്നു പറഞ്ഞായി അച്ചുമ്മാവന്‍റെ കരച്ചില്‍. പ്രതിപക്ഷ നേതാവ് മാറ്റിപ്പറയുന്നതിനനുസരിച്ച് തീരുമാനം മാറ്റാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും വിജിലന്‍സ് തന്നെ പ്രാഥമിക അന്വേഷണം നടത്തുമെന്നും ഉമ്മച്ചന്‍ തീര്‍ത്തു പറഞ്ഞു. അതിനു മൂന്നു മാസമെടുക്കുമത്രെ. ആദ്യം അന്വേഷണം വേണോ എന്നത് സംബന്ധിച്ച് ഒരന്വേഷണം, പിന്നെ പ്രാഥമിക അന്വേഷണം. എല്ലാം കൂടി ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും എടുക്കും. അതിനു മുമ്പ് മാണി മറുകണ്ടം ചാടാന്‍ ശ്രമിച്ചാല്‍ പണി കൊടുക്കാം എന്നായിരിക്കും കോണ്‍ഗ്രസ്സിന്‍റെ ഉള്ളിലിരുപ്പ്.

അച്ചുമ്മാവന്‍ ചോദിച്ച പാടെ വിജിലന്‍സ് എന്ന കളിപ്പാട്ടമെടുത്ത് കോണ്‍ഗ്രസ് നീട്ടിയെങ്കിലും ആ ദാക്ഷിണ്യമൊന്നും സ്വന്തം പാര്‍ട്ടിയായ സിപിഎമ്മില്‍ നിന്നുണ്ടായില്ല. വിജിലന്‍സും വേണ്ട സിബിഐയും വേണ്ട എന്ന്‍ പിണറായി സഖാവ് തീര്‍ത്തു പറഞ്ഞു. വിജിലന്‍സ് ഉമ്മച്ചന്‍റെ കയ്യിലെ പാവയും സിബിഐ കൂട്ടിലിട്ട തത്തയുമാണെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. തെളിവിനായി സിബിഐയെക്കുറിച്ച് മുമ്പ് സുപ്രീം കോടതി നടത്തിയ ഒരു പരാമര്‍ശവും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ അതേ കോടതി തന്നെ പിന്നീട് ബംഗാളിലെ ശാരദ ചിട്ടി ഫണ്ട് അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കാര്യം സഖാവ് അറിഞ്ഞില്ലെന്ന് തോന്നുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്താണ് സിബിഐയെ കൂട്ടിലിട്ട തത്തയെന്ന് കോടതി വിളിച്ചതെങ്കിലും ഇപ്പൊഴും സ്ഥിതി മാറിയിട്ടില്ലെന്നാണ് സിപിഎം പറയുന്നത്. അത് മാറണമെങ്കില്‍ സിപിഎം കേന്ദ്രത്തില്‍ അധികാരത്തില്‍ വരണം. എത്ര മനോഹരമായ ഒരിയ്ക്കലും നടക്കാത്ത സ്വപ്നം ! ചുരുക്കത്തില്‍ എക്കാലവും കൂട്ടില്‍ തന്നെ കഴിയാനാണ് സിബിഐയുടെ വിധി. അതല്ലെങ്കില്‍ പഞ്ചാബി ഹൌസില്‍ രമണന്‍ പറഞ്ഞത് പോലെ കേരളത്തിനെയും ബംഗാളിനെയും ത്രിപുരയെയും ചേര്‍ത്ത് ഇന്ത്യയായി പ്രഖ്യാപിക്കണം.

സിബിഐ എന്നത് അച്ചുമ്മാവന് എന്നും ഒരു ഹരമാണ്. ഐസ്ക്രീം കേസിലും കിളിരൂര്‍ കേസിലും ലോട്ടറി കേസിലും സോളാറിലുമെല്ലാം അവരെ കിട്ടാന്‍ അദ്ദേഹം ഏതൊക്കെ കോടതികളാണ് കയറിയിറങ്ങിയത്. പാര്‍ട്ടി എതിര്‍ത്തെങ്കിലും ടിപി കേസില്‍ സിബിഐയെ കൊണ്ട് വരണമെന്ന്‍ ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കുക വരെ ചെയ്തു. ലാവ്ലിന്‍ കേസില്‍ പാര്‍ട്ടി സെക്രട്ടറിയെ കുടുക്കാനും കേന്ദ്ര ഏജന്‍സിയെ കൊണ്ടു വരാനും പഴയ ശിഷ്യനെ പ്രോസിക്യൂട്ട് ചെയ്യിക്കാനും അച്ചുമ്മാവന്‍ പെട്ട പാട് ദൈവം തമ്പുരാനു മാത്രമേ അറിയാവൂ. യുഡിഎഫുകാര്‍ പോലും കാണിക്കാത്ത ആ സ്നേഹംകണ്ട് കഠിന ഹൃദയനായ പിണറായി സഖാവിന്‍റെ പോലും കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാകണം !

എന്നാല്‍ മാണിയെ ബിജെപിക്കാര്‍ വളയ്ക്കാതിരിക്കാനാണ് സിപിഎം കേന്ദ്ര ഏജന്‍സിയെ എതിര്‍ക്കുന്നതെന്നാണ് ശത്രുക്കള്‍ പറയുന്നത്. സിബിഐ വന്നാല്‍ ബിജെപി വളയ്ക്കും, വിജിലന്‍സാണെങ്കില്‍ കോണ്‍ഗ്രസ് തങ്ങളുടെ ഇംഗിതത്തിന് വിധേയമാക്കുകയും ചെയ്യും. ഇതിനിടയില്‍ ഒരു ചാന്‍സ് കിട്ടാതെ പോകുന്നത് പാവം സിപിഎമ്മിനാണ്. എല്ലാം ചില കുരുത്തം കെട്ട വോട്ടര്‍മാര്‍ കാണിച്ച വികൃതിയുടെ ഫലം. അല്ലാതെന്താ ?

തത്തയെ കൊണ്ടുവരാന്‍ കൂട്ട് നില്‍ക്കില്ലെന്നും മാണിക്കെതിരെ ജ്യൂഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും പന്ന്യന്‍ സഖാവ് അച്ചുമ്മാവനോട് തീര്‍ത്തു പറഞ്ഞു. അതിനു വേണ്ടി സിപിഐ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമത്രെ. വരും നാളുകളില്‍ ജന ജീവിതം സ്തംഭിക്കുമെന്നും ഉമ്മച്ചനും മാണിച്ചായനും വീടു വിട്ടു പുറത്തിറങ്ങാനാവില്ലെന്നും സാരം. സോളാര്‍ സമര കാലത്ത് സിപിഎമ്മിന് സാധിക്കാതെ പോയതാണ് സിപിഐ ചെയ്തു കാണിക്കാന്‍ പോകുന്നത്. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ വന്നാല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് പേടിച്ച് കഴിഞ്ഞിരുന്ന സിപിഐ ബാര്‍ ഔണേഴ്സ് അസോസിയേഷനെ പൂവിട്ട് പൂജിക്കണം. വേണമെങ്കില്‍ അതില്‍ ആരെയെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമാക്കാം.

ജ്യൂഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ ബാര്‍ കോഴക്കേസിലെ സത്യം പുറത്തുവരൂ എന്നാണ് സിപിഐ പറയുന്നത്. അങ്ങനെ പുറത്തു വന്ന എത്രയെത്ര സത്യങ്ങള്‍ സെക്രട്ടേറിയറ്റിലെ മുറികളില്‍ ചിതലരിച്ച് കിടക്കുകയാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചെങ്കിലും പന്ന്യന്‍ സഖാവ് വഴങ്ങുന്ന മട്ടില്ല. അഴിമതിയും കോഴയും രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തിന്‍മകളാണെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. എന്നാല്‍ തിരുവനന്തപുരത്തെ പേയ്മെന്‍റ് സീറ്റ് വിവാദത്തില്‍ ലോകായുക്ത നടത്തുന്ന ഒരു ഇടപെടലും നടത്താന്‍ അനുവദിക്കില്ലെന്ന് സഖാവ് തീര്‍ത്തു പറഞ്ഞിട്ടുണ്ട്. പ്രോട്ടോക്കോള്‍ അനുസരിച്ച് സിബിഐയേക്കാളും മുകളിലാണ് സിപിഐയുടെ സ്ഥാനമെന്ന് പാവം ലോകായുക്തയ്ക്ക് അറിയില്ലല്ലോ.

[My article published in British Pathram on 07.11.2014]


Image credit

Rethish at http://cartoonacademy.blogspot.in

Reuters at blogs.reuters.com

 

Leave a Comment

Your email address will not be published. Required fields are marked *