ഷറീഫിന്‍റെ പൊട്ടാസ് ബോംബ്-നര്‍മ്മം

ഷറീഫിന്‍റെ പൊട്ടാസ് ബോംബ്-നര്‍മ്മം 1

             കാശ്മീര്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യയെ ആക്രമിക്കുമെന്ന പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ പ്രസ്താവന ലോക രാജ്യങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയത്. വാര്‍ത്തയറിഞ്ഞ് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആര്‍ത്തലച്ച് ചിരിച്ചു. വളരെ അപൂര്‍വമായി മാത്രം ചിരിക്കാറുള്ള അദ്ദേഹം ഇതിനുമുമ്പ് ഇത്രയധികം സന്തോഷിച്ചത് ആണവ കരാര്‍ ഒപ്പിടുന്ന വേളയിലായിരുന്നുവെന്ന് പ്രധാനമന്ത്രിയോടടുത്ത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

അമേരിക്കന്‍ ചാനലായ സിഎന്‍എന്‍ മറ്റ് പ്രധാന വിനോദ പരിപാടികളെല്ലാം മാറ്റിവച്ച് ഷറിഫിന്‍റെ പ്രസ്താവന കോമഡി ഷോയെന്ന പേരില്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തു. ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം വീര്‍പ്പുമുട്ടുന്ന സിറിയയിലെയും നമീബിയയിലെയും ടിവി ചാനലുകള്‍ ഷരീഫിന്‍റെ പ്രസ്താവന കാണിക്കണമെന്നും അത് കലാപകാരികളുടെ സമ്മര്‍ദം കുറച്ച് അവരെ ശാന്തരാക്കാന്‍ സഹായിക്കുമെന്നും ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ചൂണ്ടിക്കാട്ടി.

ബോളിവുഡ് ഹാസ്യ താരം രാജ്പാല്‍ യാദവ് കഴിഞ്ഞ ദിവസം അറസ്റ്റിലായതോടെ ആ കുറവ് നികത്താന്‍ തനിക്ക് മാത്രമേ കഴിയൂ എന്ന്‍ ഷരീഫ് തെളിയിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പാക്ക് പ്രധാനമന്ത്രിയെ ബോളിവുഡിലേക്ക് ക്ഷണിച്ച മോഡി അതിനു അദ്ദേഹം തയ്യാറാവുകയാണെങ്കില്‍ പ്രസ്തുത ചിത്രം ഗുജറാത്ത് സര്‍ക്കാര്‍ നിര്‍മിക്കുമെന്നും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രതിമാ നിര്‍മ്മാണത്തിന് വേണ്ടി വരുന്ന ചെലവ് അതിന് ഒരുവിധത്തിലും തടസമാകില്ലെന്നും പ്രസ്താവിച്ചു. അതിനിടയില്‍ പാക്കിസ്ഥാന്‍റെ പ്രസ്താവന കണക്കിലെടുത്ത് ചൈനീസ് ആയുധ കമ്പനികള്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതായി സൂചനയുണ്ട്.

സര്‍ക്കാരില്‍ നിന്ന്‍ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചില്ലെങ്കിലും അവസാന നിമിഷങ്ങളിലെ സമ്മര്‍ദം ഒഴിവാക്കാനാണ് തങ്ങള്‍ പാക്കിസ്ഥാന് കൊടുക്കുന്ന പൊട്ടാസ് ബോംബുകള്‍, ഓല പടക്കങ്ങള്‍, അമിട്ട്, കമ്പി തിരികള്‍ എന്നിവയുടെ നിര്‍മ്മാണം കൂട്ടിയതെന്ന് കമ്പനി വക്താക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. തങ്ങള്‍ നല്‍കുന്ന പൊട്ടാസ് ബോംബ് അണു ബോംബാണെന്നാണ് പാക്ക് സൈന്യവും രാഷ്ട്രീയ നേതൃത്വവും ധരിച്ചു വച്ചിരിക്കുന്നതെന്നും എത്ര പറഞ്ഞിട്ടും സത്യം വിശ്വസിക്കാന്‍ അവര്‍ കൂട്ടാക്കുന്നില്ലെന്നും വക്താവ് പരിതപിച്ചു.

 ഷറീഫിന്‍റെ പൊട്ടാസ് ബോംബ്-നര്‍മ്മം 2

     ഇന്ത്യയുമായി യുദ്ധത്തിനിറങ്ങിത്തിരിച്ചാല്‍ പാണ്ടി ലോറി കയറിയ തവളയുടെ അവസ്ഥയിലാകും പാക്കിസ്ഥാനെന്ന് അടുത്തിടെ പാക്ക് സൈന്യത്തില്‍ നിന്ന്‍ പുറത്താക്കപ്പെട്ട മേജര്‍ ജനറല്‍ ഖുറേഷി ലണ്ടനില്‍ മുന്നറിയിപ്പ് നല്‍കി. അദ്ദേഹം ഇപ്പോള്‍ കുടുംബസമേതം അവിടെ പ്രവാസ ജീവിതം നയിക്കുകയാണ്. മണ്ടന്മാരായ ശാസ്ത്രജ്ഞന്‍മാരെയും വിവരം കെട്ട കുറെ നേതാക്കളെയും വച്ച് ഒരു രാജ്യത്തിന് എത്ര നാള്‍ മുന്നോട്ട് പോകാനാകുമെന്ന് അദ്ദേഹം ചോദിച്ചു.

തെക്കേ ഇന്ത്യയില്‍ കേരളമെന്ന ഒരു നാടുണ്ടെന്നും അവിടത്തെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ബോംബ് ഉണ്ടാക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ തന്‍റെ രാജ്യത്തെ ശാസ്ത്രജ്ഞന്‍മാരെക്കാള്‍ മികച്ചവരാണെന്നും അവര്‍ വിചാരിച്ചാല്‍ ഒറ്റ ദിവസം കൊണ്ട് പാക്കിസ്താന്‍ നാമാവശേഷമാകുമെന്നും ഖുറേഷി തുറന്നടിച്ചു.

ഇതിനിടയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ പേരുച്ചരിച്ച ഒരു മുക്രിയെ കറാച്ചിയിലെ ഒരു പ്രാന്ത പ്രദേശത്ത് വച്ച് താലിബാന്‍ സംഘം ആക്രമിച്ചു. സച്ചിന്‍ മഹാനല്ലെന്നും മിസ്ബാ ഉള്‍ ഹക്കാണ് ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരനെന്നും അയാളെ കൊണ്ട് നൂറു തവണ പറയിച്ചതിന് ശേഷമാണ് സംഘം അയാളെ വിട്ടത്.

ഇനിമുതല്‍ സച്ചിന്‍ എന്ന പേര് ഉച്ചരിക്കുന്ന ആരെയും മുന്നറിയിപ്പില്ലാതെ വെടിവച്ചു വീഴ്ത്തുമെന്ന ഭീഷണി മുഴക്കിയ താലിബാന്‍ മേധാവി ഷറാഫ് ശിഹാബല്‍ദ്ദീന്‍ (ശശി) വെറും നൂറ് സെഞ്ചുറി നേടിയതിന്‍റെ പേരില്‍ അദ്ദേഹത്തെ വാഴ്ത്തുന്ന ലോക മാധ്യമങ്ങള്‍ റാവല്‍ പിണ്ടിയിലും കാബൂളിലും ഡമാസ്ക്കസിലും നൂറു കണക്കിന് വിക്കറ്റുകള്‍ വീഴ്ത്തിയ തങ്ങളുടെ പോരാളികളെ കണ്ടില്ലെന്ന്‍ നടിക്കുകയാണെന്നും കുറ്റപ്പെടുത്തി.സച്ചിന് മേല്‍ ഹെലികോപ്റ്ററില്‍ നിന്ന്‍ പുഷ്പവൃഷ്ടി നടത്തുന്ന നിങ്ങള്‍ ഞങ്ങള്‍ക്കു മേല്‍ വര്‍ഷിക്കുന്നത് ബോംബുകളാണെന്നും അത് ഇനിയെങ്കിലും മാറണമെന്നും പറഞ്ഞ അദ്ദേഹം അല്ലാത്തപക്ഷം പാക്കിസ്ഥാന് മേല്‍ കൂടി പറക്കുന്ന എല്ലാ അമേരിക്കന്‍ വിമാനങ്ങളെയും കല്ലെറിഞ്ഞു വീഴ്ത്തുമെന്നും മുന്നറിയിപ്പ് നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *