ടിപി വധക്കേസ് : ഒരു വികട വീക്ഷണം

ടിപി വധക്കേസ് : ഒരു വികട വീക്ഷണം 1

 ടിപി എന്ന സാങ്കല്‍പ്പിക കഥാപാത്രത്തെ ചുറ്റിപ്പറ്റി നാട്ടില്‍ എന്തൊക്കെ കോലാഹലങ്ങളാണ് നടക്കുന്നത്. ടിപി ചന്ദ്രശേഖരന്‍ എന്ന പേരുള്ള ഒരു വ്യക്തി ഒരു കാലത്ത് ഒഞ്ചിയം വാണിരുന്നുവെന്നും പിന്നീട് അദ്ദേഹം ദാരുണമായി കൊല്ലപ്പെടുകയായിരുന്നുവെന്നും ഒരു കൂട്ടര്‍ പറയുമ്പോള്‍ അങ്ങനെയൊരാളേ ഇല്ലായിരുന്നുവെന്നും കോണ്‍ഗ്രസ്സ് ചായ് വുള്ള ഏതോ എഴുത്തുകാരന്‍റെ ഭാവനയില്‍ വിരിഞ്ഞ ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണ് അതെന്നുമാണ് മറുകൂട്ടര്‍ പറയുന്നത്. ഏതായാലും ജയരാജന്‍മാര്‍ക്കുള്ള ബുദ്ധി പോലും ശിക്ഷ വിധിച്ച ‘ശുംഭന്‍മാരായ’ ജഡ്ജിമാര്‍ക്കും അതിനു മുമ്പ് കേസ് അന്വേഷിച്ച പോലീസിനും ഇല്ലാതെ പോയി. തല്‍ഫലമായി ഭാവിയുടെ വാഗ്ദാനമായ കുറെ ചെറുപ്പക്കാരും ജനസേവനം ജീവിത ലക്ഷ്യമാക്കിയ നല്ലവരായ ചില നേതാക്കളും അഴിക്കുള്ളിലായി.

ചോര കണ്ടാല്‍ തലകറങ്ങി വീഴുന്ന സ്വഭാവക്കാരനാണ് കൊടി സുനിയെന്ന് കണ്ണൂരുള്ള സിപിഎമ്മുക്കാര്‍ക്ക് ചുരുങ്ങിയ പക്ഷം മുടക്കോഴി മലയുടെ പരിസരത്തുള്ളവര്‍ക്കെങ്കിലും അറിയാം. എംസി അനൂപിനാണെങ്കില്‍ പണ്ട് സുരേഷ് ഗോപിയുടെ ഒരു ആക്ഷന്‍ പടം കണ്ട് പേടിച്ച് ഒരാഴ്ച്ച പനിച്ചു കിടന്ന ചരിത്രവുമുണ്ട്. അന്ന്‍ ചികില്‍സിച്ച ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും അന്വേഷക സംഘം അത് നോക്കുക പോലും ചെയ്യാത്തതാണ് ചില സഖാക്കളെ വേദനിപ്പിച്ചത്. അതിനു പിന്നില്‍ തിരുവഞ്ചൂറിന്‍റെ കറുത്ത കരങ്ങളായിരുന്നു എന്ന കാര്യത്തില്‍ പഴയ പോലീസ് മന്ത്രി കൂടിയായ കൊടിയേരിക്ക് സംശയവുമില്ല. എന്നാല്‍ അതു മാറി രമേശിന്‍റെ വെളുത്ത കരങ്ങള്‍ തല്‍സ്ഥാനത്ത് വന്നെങ്കിലും സ്ഥിതി മാറാത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

ജയിലില്‍ വരുന്ന തടവ് പുള്ളികളുടെ ബാഗ് പരിശോധിയ്ക്കുക, മൊബൈല്‍ പിടിച്ചെടുക്കുക തുടങ്ങിയ പ്രാകൃതമായ ആചാരങ്ങള്‍ നിലനില്‍ക്കുന്ന കേരളത്തിലെ അപൂര്‍വം ജയിലുകളിലൊന്നാണ് തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. കുറ്റവാളികളെ മുഴുവന്‍ സമയവും ലോക്കപ്പ് ചെയ്യുക, അവര്‍ക്ക് ഫേസ്ബുക്ക്- വാട്ട്സ് ആപ് സൌകര്യങ്ങള്‍ നിഷേധിക്കുക എന്നിങ്ങനെയുള്ള കൊടും ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവരാണ് അവിടത്തെ അധികാരികള്‍ എന്നത് നാട്ടില്‍ പാട്ടാണ്. എന്നാല്‍ തടവ് പുള്ളികള്‍ക്ക് അധികാരം കൈമാറുക വഴി പണ്ടേ അധികാര വികേന്ദ്രീകരണം നടപ്പാക്കിയ കണ്ണൂരില്‍ സ്ഥിതി വ്യത്യസ്ഥമാണ്. അവിടെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയും അവരുടെ സ്ഥലം മാറ്റത്തിന്‍റെയും പ്രമോഷന്‍റെയും കാര്യങ്ങള്‍ ഏകോപിപ്പിക്കുകയുമെല്ലാം ചെയ്യുന്നത് ഭാവിയില്‍ മന്ത്രിമാര്‍ വരെയാകേണ്ട വിവിധ രാഷ്ട്രീയ തടവുകാരാണ്.സെല്ലുകളില്‍ സ്വന്തം നിലക്ക് സ്ഥാപിച്ചിരിക്കുന്ന അത്യാധുനിക വൈ ഫൈ സംവിധാനം അതിനവര്‍ക്ക് തുണയാകുകയും ചെയ്യുന്നു.

ടിപി വധക്കേസ് : ഒരു വികട വീക്ഷണം 2

കുറ്റവാളികളെ വേണ്ടവണ്ണം ബഹുമാനിക്കാനറിയാത്ത വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനെയും മറ്റ് ജീവനക്കാരെയും കണ്ണൂരിലേക്ക് ഒരു മാസത്തെ നിര്‍ബന്ധിത സേവനത്തിന് വിടണമെന്നും അതുവരെ ജയിലിന്‍റെ നിയന്ത്രണം എംവി ജയരാജനെ ഏല്‍പ്പിക്കണമെന്നും വിവിധ സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടു. ജയിലറെ ചീത്ത വിളിച്ച കിര്‍മാണി മനോജിന്‍റെ കൂമ്പിനിട്ട് ഇടിച്ച പോലീസിന്‍റെ നടപടി ഗ്വാണ്ടനാമോ ജയിലിലെ മനുഷ്യത്വരഹിതമായ പ്രവൃത്തികളെ പോലും കവച്ചു വയ്ക്കുന്നതാണെന്ന് അവര്‍ തുറന്നടിച്ചു. പോലീസുകാരന്‍റെ തന്തക്ക് വിളിക്കുക എന്നത് ലോക വ്യാപകമായി കുറ്റവാളികളുടെ അടിസ്ഥാനപരമായ അവകാശങ്ങളില്‍ പെട്ടതാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ടിപി എന്ന വടക്കന്‍ പാട്ടിലെ സാങ്കല്‍പ്പിക കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള കോലാഹലം തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നിലും അതു കടന്ന്‍ ഒരു അടിയന്തിര പ്രമേയത്തിന്‍റെ വക്കോളമെത്തിയ സബ്മിഷന്‍റെ രൂപത്തില്‍ നിയമസഭക്കകത്തും എത്തിയെങ്കിലും കൊടി സുനിയെ സ്നേഹിക്കുന്നവര്‍ ഇനിയും പ്രതീക്ഷ കൈവിട്ടിട്ടില്ല. ടിപി യഥാര്‍ഥത്തില്‍ ഒരു കെട്ടു കഥയായിരുന്നുവെന്നും അഥവാ ഉണ്ടായിരുന്നെങ്കില്‍ തന്നെ വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ പോലെ വാള്‍ എടുത്ത് സ്വയം കുത്തി മരിക്കുകയായിരുന്നുവെന്നും ഒരു കാലത്ത് തെളിയുമെന്ന് അവര്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. സത്യമറിയാത്ത ശുംഭന്‍മാരായ നമ്മള്‍ എന്തൊക്കെയാണ് വിശ്വസിച്ചു വച്ചിരുന്നത്, ചതിയന്‍ ചന്തുവിനെ ആരോമല്‍ ആക്രമിച്ചു അവസാനം വെട്ടിക്കൊന്നു എന്നൊക്കെയല്ലേ. കഷ്ടം. തെറ്റ് തിരുത്താന്‍ അവസാനം ഒരു എംടി വരേണ്ടി വന്നു. അല്ലെങ്കില്‍ തന്നെ നിരപരാധികളെ കുറ്റവാളിയാക്കുന്നത് പണ്ട് മുതലേ ആര്‍ഷ ഭാരതത്തിന്‍റെ രീതിയാണ്. പഴശിരാജ, ടിപ്പു സുല്‍ത്താന്‍, ഭഗത്ത് സിംഗ് എന്നിങ്ങനെ ഉദാഹരണങ്ങള്‍ എത്രയെത്ര. അല്ലെങ്കില്‍ തന്നെ പണ്ട് പഴശിരാജ ഒളിവില്‍ പാര്‍ത്ത മുടക്കോഴി മലയില്‍ നിന്നാണല്ലോ കൊടി സുനിയെയും കൂട്ടരെയും പിടികൂടിയത്. മഹത്തായ രാജ്യ സ്നേഹത്തിന്‍റെ ശരിയായ പിന്മുറക്കാരന്‍……………

Leave a Comment

Your email address will not be published. Required fields are marked *