ഉട്ടോപ്യന്‍ ദേശത്തെ ചില തല തിരിഞ്ഞ ചിന്തകള്‍

ഉട്ടോപ്യന്‍ ദേശത്തെ ചില തല തിരിഞ്ഞ ചിന്തകള്‍ 1

ഉട്ടോപ്യ എന്നത് തോമസ് മൂറിന്‍റെ തൂലികയില്‍ വിരിഞ്ഞ സാങ്കല്‍പിക ദേശമാണെങ്കില്‍ ആധുനിക ഉട്ടോപ്യ തുലോം വ്യത്യസ്ഥമാണ്. തലതിരിവുള്ള ഒരു കൂട്ടം ജനങ്ങളാണ് അവിടെ വസിക്കുന്നത്. നമ്മുടെ മലയാള നാടുമായി സാമ്യമുള്ള ആ ദേശം എന്തിനെയും ഏതിനെയും എതിര്‍ക്കും. സ്മാര്‍ട് സിറ്റിയോടും രാജ്യത്തിന്‍റെ രണ്ടറ്റങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍വേ ഇടനാഴിയോടും അവര്‍ മുഖം തിരിക്കും. അക്കാര്യത്തില്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഊഴം വച്ച് പ്രതിപക്ഷത്ത് വന്ന ഇരു പാര്‍ട്ടികളും അവയുടെ നേതാക്കളും ഒരുപോലെ മല്‍സരിച്ചു.

ജനകീയ പാര്‍ട്ടിയുടെ നേതാവായ പൊറിഞ്ചുവാശാനാണ് ഉട്ടോപ്യയുടെ ഇന്നത്തെ ഭരണതലവന്‍. സ്വാഭാവികമായും മിച്ചം വന്ന ഏക പാര്‍ട്ടിയായ അഴിമതി വിരുദ്ധ പാര്‍ട്ടിയുടെ നേതാവായ വേലുപ്പിള്ള പ്രതിപക്ഷ നേതാവുമായി. കമ്പ്യൂട്ടര്‍ വിരുദ്ധ സമരത്തിലൂടെ രണ്ടര പതിറ്റാണ്ട് മുമ്പ് ജനങ്ങളെ ഇളക്കി മറിച്ച വേലുപ്പിള്ള പിന്നെയും സംഭവ ബഹുലമായ അനവധി സമരങ്ങള്‍ ഏറ്റെടുത്തു വിജയിപ്പിച്ച രാഷ്ട്രീയ ആചാര്യനാണ്. തുടര്‍ന്ന്‍ സെല്‍ഫോണിനോടും ഇന്‍റര്‍നെറ്റിനോടുമായി അദ്ദേഹത്തിന്‍റെ യുദ്ധം. ഇന്‍റര്‍നെറ്റ് ചിലന്തിവല പോലെ മനുഷ്യരാശിയെ വല വീശി പിടിക്കുമെന്നും അവസാനം വൈറസ് പോലെ പടര്‍ന്ന് എല്ലാത്തിനെയും ഇല്ലാതാക്കുമെന്നും ആചാര്യന്‍ പ്രസംഗിച്ചു. പക്ഷേ എല്ലാം വെറുതെയായി. കാലം കടന്നു പോയപ്പോള്‍ അദ്ദേഹം തന്നെ ഒരു ഇന്‍റര്‍നെറ്റ് അക്കൌണ്ട് തുടങ്ങുകയും അതിലൂടെ ലോകമെങ്ങുമുള്ള ആരാധകരോട് സല്ലപിക്കുകയും ചെയ്തു.

കൊറിയകള്‍ പോലെ രണ്ടറ്റത്തായി കിടക്കുന്ന തെക്കും വടക്കുമുള്ള പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് ഹൈവേ എന്ന ആശയം അന്നത്തെ ഭരണതലവനായിരുന്ന അന്തപ്പന്‍ അവതരിപ്പിച്ചപ്പോള്‍ അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ജനങ്ങള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി. പദ്ധതി രാജ്യത്തെ കിഴക്കും പടിഞ്ഞാറുമായി വിഭജിക്കുമെന്നും തല്‍ഫലമായി കിഴക്കു ദേശത്ത് വെള്ളപ്പൊക്കവും മറുഭാഗത്ത് വരള്‍ച്ചയും ഉണ്ടാകുമെന്ന് ദേശത്തെ ആസ്ഥാന പണ്ഡിതന്മാര്‍ വരെ പ്രവചിച്ചപ്പോള്‍ ജനം പരിഭ്രാന്തരാകുകയും തുടര്‍ന്നു അന്തപ്പന്‍ പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. എങ്കിലും കീഴടങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. സ്മാര്‍ട്ട് സിറ്റി എന്ന ആശയവുമായാണ് അദ്ദേഹം പിന്നെ പൊങ്ങി വന്നത്.

ഉട്ടോപ്യന്‍ ദേശത്തെ ചില തല തിരിഞ്ഞ ചിന്തകള്‍ 2

സ്മാര്‍ട്ട് സിറ്റി എന്ന ഉട്ടോപ്യക്കകത്തെ കൊച്ചു ദേശത്ത് നിരവധി കമ്പനികള്‍ കൂടു കൂട്ടുമെന്നും അവര്‍ ജീവനക്കാര്‍ക്കുള്ള പാര്‍പ്പിടം, സ്കൂള്‍, ഷോപ്പിങ് മാളുകള്‍, ഹോസ്പിറ്റലുകള്‍ എന്നിവ കൂടി പടുത്തുയര്‍ത്തുമെന്നും അന്തപ്പന്‍ പറഞ്ഞപ്പോള്‍ ജനം ഒന്നടങ്കം എതിര്‍ത്തു. മണിക്കൂറുകള്‍ യാത്ര ചെയ്താലും സ്വന്തം വീട്ടിലേ അന്തിയുറങ്ങൂ എന്നു വാശി പിടിച്ച അവര്‍ സര്‍ക്കാര്‍ സ്കൂളുകളേയും തങ്ങളുടെ പതിവ് കഴുത്തറപ്പന്‍ ഹോസ്പിറ്റലുകളെയും തീര്‍ത്തും കയ്യൊഴിയാന്‍ തയ്യാറായതുമില്ല. എല്ലാത്തിനുമുപരി പ്രസ്തുത ഉപഗ്രഹ പദ്ധതിയില്‍ വിദേശ കുത്തക കമ്പനികള്‍ക്ക് വരെ വാരിക്കോരി സ്ഥലം കൊടുത്ത മുഖ്യന്‍ ബിവറേജസിന് വേണ്ടി ഒരു തുണ്ട് ഭൂമി പോലും നീക്കിവയ്ക്കാത്തത് അവരെ ശരിക്കും വേദനിപ്പിച്ചു. പിന്നേയും ഓരോരോ കുന്നിഷ്ടുകള്‍ കൊണ്ടു വന്ന അന്തപ്പനെ ശല്യം സഹിക്കാനാവാതെ എല്ലാവരും ചേര്‍ന്ന് പുണ്യാളനായി പ്രഖ്യാപിച്ച് നാടു കടത്തി.

ഇത്രയും നാള്‍ അന്തപ്പന്‍റെ നിഴലായി നിന്ന പൊറിഞ്ചുവാശാന്‍ ഉട്ടോപ്യയുടെ ഭരണം ഏറ്റെടുക്കുന്നത് അങ്ങനെയാണ്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഉട്ടോപ്യന്‍ ദേശത്തെ മറ്റൊരു കാലഘട്ടത്തിന്‍റെ ചരിത്രം അവിടെ തുടങ്ങുന്നു.

തല മൂത്ത കാരണവരായിട്ടും അന്നുവരെ അധികാരത്തിന്‍റെ ഏണിപ്പടികളില്‍ കയറാന്‍ ഭാഗ്യം കിട്ടാതിരുന്ന വേലുപ്പിള്ളയും പിന്നീട് അദ്ദേഹത്തിന്‍റെ കൊടുംശത്രുവായി മാറിയ അരുമ ശിഷ്യന്‍ ദുര്യോധനനും തിരശീല നീക്കി അരങ്ങത്തേക്ക് വരുന്നതും ഇക്കാലത്താണ്.

അക്കഥ അടുത്ത ദിവസം……………………

Leave a Comment

Your email address will not be published. Required fields are marked *