ബാറുകാരുടെ ഒരു കോടി രൂപയും മാണിയുടെ വിശുദ്ധ പദവിയും

6olrjVV

ബാറുകാര്‍ കൊടുത്ത ഒരു കോടി രൂപയായിരുന്നു കഴിഞ്ഞ കുറെ നാളുകളായി കേരള രാഷ്ട്രീയത്തിലെ കേന്ദ്ര ബിന്ദു. മാണി സാറിന് പണം കൊടുത്തെന്നു മുതലാളിമാരും കാരുണ്യ ലോട്ടറിയുടെ പടത്തിലല്ലാതെ സംസ്ഥാന ഖജനാവില്‍ പോലും ഒരു കോടി തികച്ചു കണ്ടിട്ടില്ലെന്ന് പാലയിലെ മാണിക്യവും ആണയിട്ടപ്പോള്‍ വലഞ്ഞത് പാവം ജനങ്ങളാണ്. ഒടുവില്‍ സത്യം അറിയാനായി ചില കുബുദ്ധികള്‍ മാണി സാര്‍ പണ്ട് അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തം അവതരിപ്പിച്ച ദേശത്തെ സാക്ഷാല്‍ സ്കോട്ട് ലന്‍റ് യാഡിനെ സമീപിച്ചെങ്കിലും അവരും കൈ മലര്‍ത്തിയെന്നാണ് കേട്ടത്. ആ കുബുദ്ധികള്‍ക്ക് പൂഞ്ഞാറുമായി യാതൊരു ബന്ധവുമില്ലെന്നും അവിടെയുള്ളവര്‍ തന്നേ പോലെ തന്നെ ജന്മനാ സത്യസന്ധരും നീതിമാന്മാരുമാണെന്നും യുഡിഎഫിലെ ആസ്ഥാന വെപ്പുകാരന്‍ കൂടിയായ പിസി ജോര്‍ജ് തുടര്‍ന്നു പ്രതികരിക്കുകയുണ്ടായി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തനിക്ക് പാല എന്നത് വത്തിക്കാനും മാണി സാര്‍ എന്നത് അവിടത്തെ പോപ്പും ആണെന്നും അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു.

ഒടുവില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വളര്‍ത്തുന്ന തത്ത സത്യം കണ്ടെത്തി. മാണിക്യത്തിനെതിരെ ബാര്‍ മുതലാളിമാര്‍ ഉന്നയിച്ച ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് വിജിലന്‍സ് ഇപ്പോള്‍ പറയുന്നത്. ധനമന്ത്രിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ചാണത്രേ പണം കൈമാറിയത്. എല്ലാം കണ്ടുകൊണ്ട് മുകളില്‍ ഒരാള്‍ ഇരിക്കുന്നുണ്ട് എന്നു പറയുന്നതു പോലെ മാണി സാറിന്‍റെ ധര്‍മ പത്നിയാണ് കൊടുക്കല്‍ വാങ്ങലിന്‍റെ ഏക ദൃക്സാക്ഷി. മന്ത്രിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ എഫ്ഐആറും സമര്‍പ്പിച്ചു. എന്നാല്‍ എല്ലാം രാഷ്ട്രീയ ഗൂഡാലോചനയാണെന്നാണ് കെ എം മാണി മാധ്യമ സിങ്കങ്ങളോട് പ്രതികരിച്ചത്. പണം വാങ്ങിയിട്ടില്ലെന്നും അങ്ങനെ കിട്ടിയിരുന്നുവെങ്കില്‍ താന്‍ കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍കാരുടെ പ്രശ്നങ്ങളെങ്കിലും തീര്‍ക്കുമായിരുന്നുവെന്നും അദ്ദേഹം വിലപിച്ചു.

കൊടുത്തവനെയും വാങ്ങിച്ചവനെയും കിട്ടി പക്ഷേ തൊണ്ടി മുതല്‍ എവിടെ എന്നതാണ് വിജിലന്‍സിനെ കുഴക്കുന്ന ചോദ്യം. അത് കിട്ടാതെ കേസ് നിലനില്‍ക്കില്ലെന്ന് ചില നിയമ വിദഗ്ദ്ധരും പറയുന്നു. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് വച്ച് ആരൊക്കെയോ ആര്‍ക്കൊക്കെയോ ഒരു കോടി കൈമാറുന്നുവെന്ന് കേട്ട് വിജിലന്‍സ് സ്ഥലത്തു പാഞ്ഞെത്തിയെങ്കിലും അത് ദുരിതാശ്വാസ സഹായമായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. കെപിസിസി പ്രസിഡന്‍റ് വിഎം സുധീരനാണ് കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ദുരിതമനുഭവിക്കുന്ന പാര്‍ട്ടിയെ പുനരുദ്ധരിക്കാന്‍ ഒരു കോടി രൂപ കൈമാറിയത്. പണം വാങ്ങിയ രാഹുല്‍ ഗാന്ധി ജനപക്ഷ യാത്ര വന്‍വിജയമാണെന്നും എല്ലാ പിസിസി അദ്ധ്യക്ഷന്മാരും ഇതുപോലുള്ള യാത്രകള്‍ നടത്തിയാലേ പാര്‍ട്ടി രക്ഷപ്പെടൂവെന്നും പറയാന്‍ മടിച്ചില്ല. രാഹുലിന് കൈമാറിയ പണത്തില്‍ തങ്ങളുടെ സംഭാവനയും ഉണ്ടെന്നാണ് ബാര്‍ മുതലാളിമാര്‍ പിന്നീട് ചാനല്‍ മുറികളില്‍ അടക്കം പറഞ്ഞത്. എന്നിട്ടും നെഹ്രു കുടുംബത്തിലെ ഇളമുറക്കാരനോ സുധീരനോ തങ്ങള്‍ക്ക് ഒരു നന്ദി വാക്ക് പോലും പറയാത്തതില്‍ അവര്‍ക്ക് അതിയായ കുണ്ഡിതമുണ്ട്. കോണ്‍ഗ്രസ്സിന് നല്ല ബുദ്ധി തോന്നിപ്പിക്കണമെന്നും സുധീരനെ എത്രയും വേഗം ഇന്ദിരാ ഭവനില്‍ നിന്ന്‍ ചവിട്ടി പുറത്താക്കണമെന്നുമാണ് ബാറുകാരുടെ ഇപ്പോഴത്തെ ഒരേയൊരു പ്രാര്‍ഥന. അങ്ങനെ സംഭവിച്ചാല്‍ പിസിയെയും ചുമന്ന്‍ മലയാറ്റൂര്‍ മല കേറാമെന്നും ചിലര്‍ നേര്‍ന്നതായി കേള്‍ക്കുന്നു.

ബാറുകാരുടെ ഒരു കോടി രൂപയും മാണിയുടെ വിശുദ്ധ പദവിയും 1

വിജിലന്‍സും ഒരു കൂട്ടം മാധ്യമങ്ങളും കാണാതെ പോയ തൊണ്ടി മുതലിന്‍റെ പുറകെയാണെങ്കില്‍ പന്ന്യന്‍ സഖാവും സിപിഐയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയാണ് വിടാതെ പിടികൂടിയിരിക്കുന്നത്. മാണിയെ നേരത്തെ വിശുദ്ധനായി പ്രഖ്യാപിച്ച മുഖ്യമന്ത്രി മാപ്പ് പറയണം എന്നതാണു സംസ്ഥാന സെക്രട്ടറിയുടെ ആവശ്യം. ഒരാളെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ചില സാക്ഷ്യപ്പെടുത്തലുകള്‍ ആവശ്യമാണെന്നും ഇവിടെ അതുണ്ടായിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും വര്‍ഷങ്ങള്‍ നീണ്ട പ്രക്രിയക്ക് ശേഷമാണ് വിശേഷപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയതെന്നും പക്ഷേ മാണിയുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനമെടുത്തുവെന്നുമാണ് പന്ന്യന്‍റെ പരാതി.

മുഖ്യമന്ത്രി ചെയ്ത ഘോരമായ ഒരു അപരാധത്തിന്‍റെ പേരിലാണ് എല്‍ഡിഎഫ് വിശേഷിച്ച് സിപിഐ നിയമസഭയില്‍ ഇന്ന്‍ അദ്ദേഹത്തെ ആക്രമിച്ചത്. അപരാധം എന്നു പറഞ്ഞാല്‍ ഗാന്ധിജിയെ അപമാനിച്ചതോ അല്ലെങ്കില്‍ മുല്ലപ്പെരിയാര്‍ തമിഴ്നാടിന് തീറെഴുതി കൊടുത്തതോ ആണെന്ന് വിചാരിച്ചാല്‍ തെറ്റി. സത്യസന്ധരുടെയും ആദര്‍ശ ധീരന്‍മാരുടെയും പാര്‍ട്ടിയായ സിപിഐയെ ഉമ്മന്‍ ചാണ്ടി പാര്‍ലമെന്‍റ് സീറ്റ് വിറ്റ പാര്‍ട്ടി എന്നു വിളിച്ചതാണ് അവരെ വേദനിപ്പിച്ചത്. തങ്ങള്‍ മാടപ്രാവുകളാണെന്നും ഒറ്റയ്ക്ക് നിന്നാല്‍ ഒരു നിയമസഭാ സീറ്റ് പോലും ജയിക്കാന്‍ കെല്‍പ്പില്ലാത്ത പാര്‍ട്ടി എങ്ങനെയാണ് പാര്‍ലമെന്‍റ് സീറ്റ് വില്‍ക്കുകയെന്നും ഇതിനിടയില്‍ നിയമസഭാ കക്ഷി നേതാവ് കൂടിയായ സി ദിവാകരന്‍ വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു. തെറ്റ് ബോധ്യപ്പെട്ട മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. അദ്ദേഹത്തിന്‍റെ പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്ന്‍ നീക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. തുടര്‍ന്നു കുറ്റം ഏറ്റുപറഞ്ഞു പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നില്‍ അദ്ദേഹം ഏത്തമിടണമെന്ന് ആവശ്യപ്പെടാനും ദിവാകരന്‍ സഖാവിന് പദ്ധതിയുണ്ട്.

പഴയത് പോലെയല്ല, സിപിഐ നേതാക്കള്‍ക്ക് ഇപ്പോള്‍ നല്ല ഈശ്വര വിശ്വാസമുണ്ടെന്നാണ് അനന്തപുരത്തെ ചില രഹസ്യ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പാര്‍ട്ടിയെ വെട്ടി എല്‍ഡിഎഫില്‍ രണ്ടാമനാകാനും പിന്നീട് മുഖ്യമന്ത്രിയാകാനും ഒരുങ്ങിയിറങ്ങിയ മാണി സാറിന്‍റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ ആരും ദൈവത്തെ വിളിച്ചു പോകും. മാളിക മുകളേറിയ മന്നന്‍റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍ എന്നല്ലേ ?

[My article posted in KVartha on 11.12.14]


Image Credit

Janapaksha Yathra: Metrovaartha

K M Mani: Asianlite

Leave a Comment

Your email address will not be published.