രാജ്ഭവന്‍ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെ

state governors of india

സംസ്ഥാനങ്ങളുടെ ഭരണതലവന്‍മാരാണ് ഗവര്‍ണര്‍മാര്‍.മന്ത്രിസഭയ്ക്ക് വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുകയും ക്രമ സമാധാനം ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് അവരുടെ ചുമതലയാണ്.ദേശീയ തലത്തില്‍ രാഷ്ട്രപതിയ്ക്ക് തുല്യമായ അധികാരഅവകാശങ്ങള്‍ സംസ്ഥാനങ്ങളില്‍ അവര്‍ അനുഭവിച്ച് ആസ്വദിക്കുന്നു.

കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതിയാണ് ഗവര്‍ണര്‍മാരെ നിയമിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം.പക്ഷേ നമ്മുടെ ഭരണഘടനാ വിദഗ്ധര്‍ മനസില്‍ പോലും കാണാത്തതാണ് ഇന്ന്‍ രാജ്യത്ത് നടക്കുന്നത്.സംസ്ഥാന സര്‍ക്കാരുകളെ നല്ല രീതിയില്‍ മുന്നോട്ട് നയിക്കാന്‍ അറിവും പ്രാപ്തിയുമുള്ളവരെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിയോഗിക്കുമെന്നാണ് അംബേദ്ക്കറെ പോലുള്ളവര്‍ സ്വപ്നം കണ്ടത്. പക്ഷേ കേന്ദ്രത്തിലെ ഭരണകക്ഷികളുടെ കുല്‍സിത ശ്രമത്തില്‍ അതെല്ലാം തട്ടി തകര്‍ന്നു.

ഭരണപക്ഷത്തിന് പ്രിയപ്പെട്ട നേതാക്കളാണ് തരാതരം പോലെ ഗവര്‍ണര്‍ വേഷം കെട്ടിയാടിയത്. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന് തടയിടാനായി മാത്രം ചിലരെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിച്ച സംഭവവുമുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ അവര്‍ക്ക് ഗവര്‍ണര്‍മാരാകുള്ള യോഗ്യതയുണ്ടോയെന്ന് ആരും തിരക്കിയതുമില്ല. കേന്ദ്ര ഭരണം ഏറ്റവും കൂടുതല്‍ കാലം കയ്യാളിയ കോണ്‍ഗ്രസ് ഗവര്‍ണര്‍മാരെ നിയമിക്കുമ്പോള്‍ നേതൃത്വത്തോടുള്ള അവരുടെ കൂറ് മാത്രമാണ് പരിഗണിച്ചത്. അങ്ങനെ നിയോഗിക്കപ്പെട്ടവര്‍ കോണ്‍ഗ്രസ് അനുകൂല സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ചൊല്‍പ്പടിക്ക് നിന്നപ്പോള്‍ ഇതര സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളുമായി പലപ്പോഴും കലഹിച്ചു.കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളെ പിരിച്ചു വിടാനും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനും വരെ കേന്ദ്രം അവരെ മറയാക്കി. അങ്ങനെ ജനാധിപത്യം ചവിട്ടിയരക്കപ്പെട്ട് പിരിച്ചുവിടപ്പെട്ട ഭരണകൂടങ്ങള്‍ ചരിത്രത്തില്‍ ഒട്ടേറെയാണ്.

ഗവര്‍ണര്‍ സ്ഥാനത്തിന് മാത്രമല്ല രാജ്യത്തെ പരമോന്നത രാഷ്ട്രപതി പദത്തിന് പോലും പലപ്പോഴും കഴിവ് മാനദണ്ഡമായിട്ടില്ല. പ്രഥമ പൌരന്മാരായിട്ടും അവര്‍ ഭരണകക്ഷികളുടെ നിഴലില്‍ ഒതുങ്ങിയ അവസ്ഥയ്ക്ക് മാറ്റം വന്നത് കെ ആര്‍ നാരായണന്‍ രാഷ്ട്രപതിയായതോടെയാണ്. പദവിയുടെ മഹത്വം എപ്പോഴും ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ക്കെതിരെ താക്കിത് നല്‍കാനും മറന്നില്ല.അദ്ദേഹത്തിന് ശേഷം വന്ന ഡോ. എപിജെ അബ്ദുള്‍ കലാം ഭരണരംഗത്ത് വേണ്ടത്ര മുന്‍പരിചയമില്ലെന്ന വിമര്‍ശനങ്ങളെ അതിജീവിച്ച പ്രകടനമാണ് കാഴ്ച വച്ചത്. എന്‍ഡിഎ മുന്നോട്ടുവച്ച സ്ഥാനാര്‍ഥിയായിരുന്നുവെങ്കിലും വാജ്പേയ് സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങളെ എതിര്‍ക്കാന്‍ അദ്ദേഹം ഒരു മടിയും കാണിച്ചില്ല. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പിരിച്ചു വിടാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ തള്ളിക്കളഞ്ഞ അദ്ദേഹം തന്‍റെ കൂറ് ഏതെങ്കിലും പാര്‍ട്ടിയോടല്ല മറിച്ച് ഭരണഘടനയോടാണെന്ന്‍ തെളിയിച്ചു. പക്ഷേ പിന്നീട് വന്ന യുപിഎ സര്‍ക്കാര്‍ കലാമിനെ രണ്ടാമതൊരു വട്ടം രാഷ്ട്രപതിയാക്കാന്‍ തയാറായില്ല.പകരം ചൂണ്ടിക്കാട്ടാന്‍ പ്രത്യേക യോഗ്യതയൊന്നുമില്ലാത്ത പ്രതിഭ പാട്ടിലിനെ ആ സ്ഥാനത്തേക്ക് നിയോഗിച്ചു. യാത്രകള്‍ക്കും വിനോദ സഞ്ചാരങ്ങള്‍ക്കും വേണ്ടി ഏറെ പണം ചെലവിട്ട അവര്‍ വിരമിക്കലിന് ശേഷമുള്ള ഔദ്യോഗിക ബംഗ്ലാവിന്‍റെ പേരിലും വാര്‍ത്തകളില്‍ ഇടം പിടിച്ചു. പ്രസിഡന്‍റ് ഇല്ലാതെ അനൌദ്യോഗിക യാത്രക്ക് മുംബെയില്‍ എത്തിയ അവരുടെ ഭര്‍ത്താവ് സഞ്ചരിക്കാന്‍ കൊടിവച്ച കാര്‍ കിട്ടാത്തതിന്‍റെ പേരില്‍ പ്രശ്നമുണ്ടാക്കിയത് രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കി.

state governors of india

സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പുള്ള മാസങ്ങളില്‍ യുപിഎ സര്‍ക്കാര്‍ കേരളം ഉള്‍പ്പടെയുള്ള അനവധി സംസ്ഥാനങ്ങളില്‍ തിരക്കിട്ട് ഗവര്‍ണര്‍മാരെ നിയമിച്ചിരുന്നു. കേരള ഗവര്‍ണറായിരുന്ന നിഖില്‍ കുമാര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സ്ഥാനം രാജിവച്ചതാണ് ഷീല ദീക്ഷിത്തിന് അരങ്ങൊരുക്കിയത്. ചെലവ് ചുരുക്കലിനെ കുറിച്ച് ഏറെ പ്രസംഗിച്ച അവര്‍ അധികാരമേറ്റ് മൂന്ന്‍ മാസത്തിനുള്ളില്‍ ലക്ഷക്കണക്കിനു രൂപയുടെ ബാധ്യതയാണ് സംസ്ഥാന ഖജനാവിനുണ്ടാക്കിയത്. ഗവര്‍ണറുടെ നിര്‍ദേശപ്രകാരം രാജ്ഭവന്‍ മോടി പിടിപ്പിക്കാന്‍ സംസ്ഥാനം ഇതിനകം 3,81,025 രൂപ ചെലവഴിച്ചുകഴിഞ്ഞു. അവര്‍ ഡല്‍ഹിയില്‍ നിന്ന്‍ കൊണ്ടുവന്ന അഞ്ചു പാചകക്കാര്‍ക്ക് പ്രതിമാസം നല്‍കുന്നത് 1,14,123 രൂപയാണ്. സര്‍ക്കാര്‍ ചെലവില്‍ കഴിഞ്ഞ മാസം അവര്‍ രണ്ടു മുന്തിയ ഇനം ആഡംബര കാറുകള്‍ വാങ്ങിമെഴ്സിഡസ് ബെന്‍സ്, കാംറി. എന്നിട്ടും മതിവരാതെ മൂന്നാര്‍, കുമരകം, കൊച്ചി എന്നിങ്ങനെയുള്ള സംസ്ഥാനത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ കുടുംബ സമേതം ഉല്ലാസ യാത്ര നടത്തുകയും ചെയ്തു. നരേന്ദ്ര മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റാന്‍ ആലോചിക്കുന്നു എന്ന വാര്‍ത്ത വന്ന പിന്നാലെയായിരുന്നു അത്. മുമ്പ് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവര്‍ ഉപയോഗിച്ചിരുന്ന നാലു മുറിയുള്ള ബംഗ്ലാവില്‍ നിന്ന്‍ 31 എയര്‍കണ്ടിഷണറുകള്‍, 15 കൂളറുകള്‍, 25 ഹീറ്ററുകള്‍, 16 എയര്‍ പ്യൂരിഫയറുകള്‍ എന്നിവയാണ് അടുത്തിടെ കണ്ടെത്തിയത്.രൂക്ഷമായ വൈദ്യുത പ്രതിസന്ധിയും അഴിമതിയുമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ അടിവേരിളക്കിയത്. ഒരാള്‍ക്ക് 26 രൂപയുണ്ടെങ്കില്‍ ഡല്‍ഹിയില്‍ ഒരു ദിവസം സുഖമായി കഴിയാമെന്ന വിവാദ പ്രസ്താവനയും അവര്‍ ഇതിനിടയില്‍ നടത്തി.

ഏത് പദവിയില്‍ ഇരിക്കുന്നവരായാലും ഖജനാവിന് നഷ്ടമുണ്ടായാല്‍ ആ തുക ബന്ധപ്പെട്ടവരില്‍ നിന്ന്‍ ഈടാക്കാനുള്ള നിയമമാണ് ഇനി അടിയന്തിരമായി വേണ്ടത്. ഭരണഘടനാ പദവികള്‍ കുടുംബ സ്വത്തായും അവകാശമായുമൊക്കെയാണ് പലരും കരുതുന്നത്.ബംഗ്ലാവിലെ ആഡംബരങ്ങളും വില കൂടിയ കാറുകളും ഒരിക്കലും കര്‍ത്തവ്യ നിര്‍വഹണത്തിന് അനിവാര്യമല്ല. അതിനായി വാശിപിടിക്കുന്നവരെ നിലയ്ക്ക് നിര്‍ത്താനും ആവശ്യമെങ്കില്‍ പൊതുജനമധ്യത്തില്‍ തുറന്നു കാട്ടാനും എന്നിട്ടും ഫലിക്കുന്നില്ലെങ്കില്‍ നീക്കം ചെയ്യാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണം. ജനങ്ങള്‍ വലിച്ചെറിഞ്ഞവരെ പിന്‍വാതിലിലൂടെ ഓരോ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നത് പോലും ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. അത് ഇന്ത്യ പോലുള്ള ഉന്നത ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യത്ത് ഒരിക്കലും ഭൂഷണവുമല്ല.

The End

[ My article originally published in British Pathram, early July]

Leave a Comment

Your email address will not be published. Required fields are marked *