ബിലാവല്‍ ഭൂട്ടോയുടെ വെല്ലുവിളിയും ഒരു പാക്കിസ്ഥാന്‍ ചരിതവും

ബിലാവല്‍ ഭൂട്ടോയുടെ വെല്ലുവിളിയും ഒരു പാക്കിസ്ഥാന്‍ ചരിതവും 1

ബിലാവല്‍ ഭൂട്ടോ ഇന്ത്യയെ കളി പഠിപ്പിക്കുമത്രെ. കൂവര്‍മാനെ പറഞ്ഞുവിട്ട് ഇന്ത്യന്‍ ഫുട്ബോളിന്‍റെ പുതിയ ദ്രോണാചാര്യരായി ഈ കൊച്ചു ചെറുക്കനെ നിയമിച്ചോ എന്നാരും ചോദിക്കരുത്. വിഷയം കാശ്മീരാണ്. ബിലാവലാണെങ്കില്‍ പാക്കിസ്ഥാന്‍റെ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെയും മുന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയുടെയും മകനും. അപ്പോള്‍ സംഗതി സീരിയസ്സാണ് കോയാ. ചെക്കന്‍ രണ്ടും കല്‍പ്പിച്ചാണ് ഇറങ്ങിയിരിക്കുന്നത്. 2019ല്‍ രാജ്യത്തു നടക്കുന്ന പൊതു തിരഞ്ഞെടുപ്പാണ് ലക്ഷ്യം. അവിടെ ജയിച്ചു പ്രധാനമന്ത്രിയാകണം. എന്നാലേ വിവിധ കേസുകളുടെ പേരില്‍ ജയില്‍ ഭീഷണി നേരിടുന്ന പിതാശ്രിയെ രക്ഷിക്കാന്‍ പറ്റൂ. ജനങ്ങളെ കയ്യിലെടുക്കണമെങ്കില്‍ ഉപകാരമുള്ള കാര്യങ്ങള്‍ എന്തെങ്കിലും ചെയ്യണം. എന്നാല്‍ ഓരോ ജംക്ഷനിലും തീവ്രവാദികള്‍ തമ്പടിച്ചിരിക്കുന്ന റാവല്‍പിണ്ടിയിലും കറാച്ചിയിലും പെഷവാറിലും ബലൂജിസ്ഥാനിലുമൊക്കെ അങ്ങ് ചെന്നാല്‍ മതി, കാച്ചിക്കളയും. അപ്പോള്‍ പിന്നെ ഒരൊറ്റ വഴിയേയുള്ളൂഇന്ത്യ.

ഇന്ത്യ എന്നു കേട്ടാല്‍ പാക്കിസ്ഥാനിലെ ഒരു വിഭാഗം ആളുകള്‍ക്ക് പണ്ടേ ഹരമാണ്. മഹീന്ദ്ര രജപക്ഷെ എന്നു കേട്ടാല്‍ തമിഴ്നാട്ടിലെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഹറം കൊള്ളുന്നത് കണ്ടിട്ടില്ലേ ? ഏതാണ്ട് അതുപോലെ. അങ്ങനെയാണ് പണ്ട് കൊച്ചു ബിലാലിന്‍റെ അമ്മയും തീവ്രവാദികളെ പരിപോഷിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചത്. ലഷ്ക്കര്‍ ഈ തോയ്ബ എന്നും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നും പല പേരുകളില്‍ മക്കളെ വളര്‍ത്തുകയും ചെയ്തു. കുട്ടികളെ വളര്‍ത്താന്‍ ഇന്ന്‍ എന്താ ചെലവ് ? മാതാപിതാക്കളുടെ കയ്യില്‍ നല്ല തുട്ടുണ്ടെങ്കില്‍ വലിയ പ്രശ്നമില്ല. ഇല്ലെങ്കില്‍ നക്ഷത്രമെണ്ണും.ഏതായാലും ബേനസീര്‍ അതിനൊന്നും മെനക്കെട്ടില്ല. നേരെ ഖജനാവില്‍ കൈ വച്ചു. രാഷ്ട്രീയക്കാരാകുമ്പോള്‍ എന്തുമാകാമല്ലോ. ഇന്ത്യയെന്നല്ല പാക്കിസ്ഥാനിലായാലും സ്ഥിതി ഇങ്ങനെയൊക്കെ തന്നെയാണ്. കൂടുതല്‍ പരിതാപകരമാണെന്ന് മാത്രം.

അമേരിക്കയും യുഎന്നും രാജ്യത്തെ പാവങ്ങള്‍ക്ക് വേണ്ടി അനുവദിച്ച ഫണ്ടില്‍ നിന്ന്‍ വകമാറ്റി മക്കള്‍ക്ക് കൊടുത്തു. അവര്‍ക്ക് കളിക്കാന്‍ തോക്കുകളും പൊട്ടാസും ആളെ കൊല്ലുന്ന പടക്കങ്ങളും വാങ്ങിച്ചു കൊടുത്തു. ആ നല്ല അമ്മയെ സഹായിക്കാന്‍ അതിര്‍ത്തിക്കപ്പുറത്ത് എന്തിനും തയ്യാറായി ചൈനീസ് അമ്മാവനും നിലയുറപ്പിച്ചു. അങ്ങനെ ഏതോ കഥയില്‍ പറഞ്ഞത് പോലെ സന്തോഷകരമായി ആ ദിവസങ്ങള്‍ കടന്നുപോയി. ഇടയ്ക്കു ദാരിദ്ര്യം, പട്ടിണി എന്നിങ്ങനെ പറഞ്ഞു വിലപിച്ചവരോട് എല്ലാം ഇന്ത്യക്കു വേണ്ടിയാണെന്ന് പറഞ്ഞ് ബേനസീര്‍ കണ്ണുരുട്ടി. അതോടെ എല്ലാവരും അടങ്ങി. അല്ലെങ്കില്‍ രാജ്യദ്രോഹിയെന്ന് മുദ്ര കുത്തിയാലോ ?

പഴയ താലിബാന്‍കാര്‍ക്ക് കോംപ്ലാനും മാള്‍ട്ടോവയും വാങ്ങിച്ചുകൊടുക്കാനും ബേനസീറിനും ഷറീഫിനും ലണ്ടനില്‍ എസ്റ്റേറ്റുകള്‍ വാങ്ങിക്കാനും എത്ര കോടികളാണെന്നോ പാക്കിസ്ഥാന്‍റെ പണസഞ്ചിയില്‍ നിന്നു പൊടിച്ചത് ? പാക്കിസ്ഥാന്‍ നേതാക്കളുടെ ബംഗ്ലാവ് കണ്ട് സാക്ഷാല്‍ ഡേവിഡ് കാമറൂണിന്‍റെ വരെ കണ്ണു തള്ളിയിട്ടുണ്ടാവും. അദ്ദേഹമാണല്ലോ ബ്രിട്ടന്‍റെ ഇപ്പോഴത്തെ പ്രധാനമന്ത്രി. ഏഴു ജന്മമെടുത്താലും എന്നെക്കൊണ്ട് ഇതൊന്നും സാധിക്കില്ലെന്ന് അദ്ദേഹം നെടുവീര്‍പ്പിട്ടുമുണ്ടാകും. അടുത്ത ജന്മത്തിലെങ്കിലും ബേനസീറിന്‍റെയോ ഷരീഫിന്‍റെയോ കുടുംബത്തില്‍ ജനിക്കണേ എന്നു പ്രാര്‍ഥിക്കാനും മതി പാവം. കാരണം രാജ്യത്തെ പ്രധാനമന്ത്രി പദം ഇരു കുടുംബങ്ങള്‍ക്കും അവരുടെ കിങ്കരന്‍മാര്‍ക്കുമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.

ആ കുട്ടികള്‍ ഒടുവില്‍ വളര്‍ച്ചയുടെ ഏഴടയാളങ്ങള്‍ കാണിച്ചു തുടങ്ങി. ഇന്ത്യയുടെ നെഞ്ചത്ത് വച്ച് പൊട്ടിക്കാന്‍ വച്ചിരുന്ന പൊട്ടാസും കമ്പിത്തിരിയും റോക്കറ്റുമെല്ലാം പാക്കിസ്ഥാനില്‍ തലങ്ങും വിലങ്ങും വച്ച് പൊട്ടിച്ചു. പട്ടാളക്കാരന്‍ അമ്മാവന്‍ സ്നേഹത്തോടെ നല്‍കിയ വെടിക്കോപ്പും ആര്‍ഡിഎക്സുമെടുത്ത് അദ്ദേഹത്തിന്‍റെ വീടും കൂടാരവും തകര്‍ത്ത മുജാഹിദ്ദീന്‍കാര്‍ അവസാനം ആ നെറുങ്കന്‍ തലയിലും നിറയൊഴിച്ചു. വളര്‍ത്തിയവരെക്കാള്‍ വലുതായ മക്കള്‍ ആ അമ്മയെയും വെറുതെ വിട്ടില്ല. വീണ്ടും പ്രധാനമന്ത്രിയാകാന്‍ മടങ്ങി വന്ന അവര്‍ സ്നേഹനിധിയായ പൈതങ്ങളുടെ കിളികൊഞ്ചലുകള്‍ക്ക് മുന്നില്‍ കീഴടങ്ങി.

ഇത്രയായിട്ടും ഇന്ത്യയെ പാഠം പഠിപ്പിക്കാനാനായി ഇറങ്ങിത്തിരിക്കുന്ന ബിലാവലേ, അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ നിങ്ങളുടെ നാട്ടില്‍ തമിഴ് സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ടോ ? ഏതോ സിനിമയില്‍ വടിവേലു പറഞ്ഞ ഡയലോഗാണ് നിന്‍റെ പറച്ചില്‍ കേട്ടപ്പോള്‍ ഓര്‍മ വന്നത്. “വേഗം സ്ഥലം വിട്ടോ. ഇല്ലെങ്കില്‍ നിന്നെ തീര്‍ത്തുകളയുംഎന്ന്‍ വടിവേലു പറഞ്ഞത് വേറെയാരോടുമല്ല, സാക്ഷാല്‍ രജനീകാന്തിനോടാണ്. ഈ രജനികാന്ത് ആരാണെന്ന്‍ ഇന്ത്യക്കാര്‍ക്ക് മാത്രമല്ല അങ്ങ് ജപ്പാനില്‍ ഇരിക്കുന്നവര്‍ക്ക് പോലും അറിയാം. ചീറിപ്പാഞ്ഞു വരുന്ന റോക്കറ്റുകളെയും വെടിയുണ്ടകളെയും ഉള്ളം കയ്യിലെടുത്ത് അമ്മാനമാടുന്ന ആള്‍. ആ രജനിയോട് വടിവേലു പറഞ്ഞ ഡയലോഗ് പോലെയേ നിന്‍റെ വാക്കുകളേ ഞങ്ങള്‍ കാണുന്നുള്ളൂ.

അല്ലെങ്കില്‍ തന്നെ 1947ലും 1965ലും 1971ലും നിന്‍റെ പൂര്‍വികന്‍മാര്‍ ഓടിയ വഴിയേ ഇനിയും പുല്ല് മുളച്ചിട്ടുണ്ടോ എന്ന്‍ നോക്കിയിട്ട് പോരേ അടുത്ത യുദ്ധത്തിന് ഇന്ത്യയെ വെല്ലുവിളിക്കുന്നത് ? കാര്‍ഗിലിലെ ചില മൊട്ടക്കുന്നുകള്‍ പോലും പിടിച്ചെടുക്കാന്‍ കഴിയാതിരുന്ന നിന്‍റെ പട്ടാളമാണോ കാശ്മീര്‍ പിടിച്ചെടുക്കാന്‍ പോകുന്നത് ? എങ്കില്‍ അതിനെ നേരിടാന്‍ ഇന്ത്യന്‍ പട്ടാളം വേണ്ട. ഞങ്ങളുടെ കേരള പോലീസ് മതി. അവര്‍ രണ്ടു ദിവസം ആഞ്ഞു പരിശ്രമിച്ചാല്‍ തീര്‍ക്കാവുന്ന ആളുകളേ അപ്പുറത്തുള്ളൂ. നിങ്ങള്‍ ഉപയോഗിക്കുന്നത് പോലുള്ള ചൈനീസ് പടക്കങ്ങളോ തോക്കുകളോ അല്ല അവര്‍ ഉപയോഗിക്കുന്നത് എന്നത് പ്രത്യേകം ഓര്‍ക്കണം. ഇത് കുറച്ചു അത്യന്താധുനികമാണ്. നിനക്കു സ്വപ്നം കാണാന്‍ മാത്രം കഴിയുന്ന ജപ്പാനില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും സീഡനില്‍ നിന്നും കൊണ്ടുവന്നത്.അതുകൊണ്ട് മോദിയെ വെല്ലുവിളിക്കുന്നതിന് മുമ്പ് നീ വെല്ലുവിളിക്കേണ്ടത് ഉമ്മന്‍ ചാണ്ടിയെയാണ്. കേരളം കീഴടക്കിയിട്ട് മതി ഇന്ത്യ കീഴടക്കുന്നത്.

[ My post published in KVartha on 08.10.2014]

Leave a Comment

Your email address will not be published. Required fields are marked *