അച്ഛാ ദിന്‍ ആഗയാ (കിസ്കോ ?)

WALKagZ

അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മ ദിനമായ ഡിസംബര്‍ 25 പ്രവൃത്തി ദിവസമാക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം. മുന്‍ പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിവസം ദേശീയ സദ് ഭരണ ദിനമായി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആ ദിവസം സ്കൂളുകള്‍ പ്രവര്‍ത്തിക്കണമെന്നും സ്വാതന്ത്ര്യ ദിനത്തില്‍ ചെയ്യുന്നത് പോലെ വിദ്യാര്‍ഥികളെ വിളിച്ച് കൂട്ടണമെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിര്‍ദേശം നല്‍കിയതായി സൂചനയുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും തീരുമാനം വ്യാപിപ്പിക്കണമെന്ന നിര്‍ദേശമുണ്ടായെങ്കിലും പ്രതിപക്ഷത്തിന്‍റെയും ക്രിസ്തീയ വിഭാഗങ്ങളുടെയും എതിര്‍പ്പ് ഭയന്ന്‍ നീക്കം മരവിപ്പിക്കുകയായിരുന്നു.നേരത്തെ അദ്ധ്യാപക ദിനത്തില്‍ പ്രധാനമന്ത്രിയുമായി സംവേദിക്കാന്‍ സ്കൂളുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ഭൂരിഭാഗം സംസ്ഥാനങ്ങളും അത് നടപ്പാക്കിയിരുന്നില്ല.

മധുവിധു കാലം കഴിഞ്ഞതോടെ സ്വന്തം നേതാക്കളുടെ ചെയ്തികളാണ് സര്‍ക്കാരിന് ഏറ്റവും വലിയ തലവേദനയാകുന്നത്. ഭരണത്തിലെ സുതാര്യതയും അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളും വഴി കയ്യടി വാങ്ങിച്ചു കൊണ്ടിരുന്ന നരേന്ദ്ര മോദിക്ക് പുതിയ സംഭവ വികാസങ്ങളില്‍ കടുത്ത അതൃപ്തിയുണ്ട്. വിവാദങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളുടെ ശോഭ കെടുത്തുമെന്ന് അദ്ദേഹത്തിന് നന്നായറിയാം. മന്ത്രിമാര്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്ലാതെ മാധ്യമങ്ങളെ കാണരുതെന്ന് അധികാരമേറ്റയുടന്‍ മോദി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തി ശ്രദ്ധാകേന്ദ്രമാകാന്‍ ശ്രമിച്ച ഛോട്ടാ നേതാക്കള്‍ പലപ്പോഴും പാര്‍ട്ടിയെ വെട്ടിലാക്കി.

കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയാണ് വിവാദ പ്രസ്താവനയുമായി സര്‍ക്കാരിനെ ആദ്യം വെട്ടിലാക്കിയത്. തലസ്ഥാനത്ത് ഒരു റാലിയില്‍ പ്രസംഗിക്കുമ്പോള്‍ഡല്‍ഹി ഭരിക്കേണ്ടത് രാമന്‍റെ സന്തതികളാണോ അതോ ജാര സന്തതികളാണോഎന്നവര്‍ ചോദിച്ചത് പ്രതിപക്ഷവും മാധ്യമങ്ങളും ഒരുപോലെ ഏറ്റുപിടിച്ചു. മന്ത്രി രാജി വയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ തുടര്‍ന്നു ദിവസങ്ങളോളം പാര്‍ലമെന്‍റ് സമ്മേളനം തടസപ്പെട്ടു. നിരഞ്ജന്‍ ജ്യോതി പിന്നീട് മാപ്പ് പറഞ്ഞെങ്കിലും പ്രതിപക്ഷം തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചു നിന്നതോടെ പ്രധാനമന്ത്രിക്ക് ഇരു സഭകളിലും ഖേദ പ്രകടനം നടത്തേണ്ടി വന്നു. മന്ത്രിയുടെ പരിചയക്കുറവും ജീവിത പശ്ചാത്തലവും പരിഗണിക്കണമെന്ന് പറഞ്ഞ അദ്ദേഹം അവരുടെ വാക്കുകളെ തമസ്ക്കരിക്കുകയും ചെയ്തു. പ്രശ്നം അതോടെ അവസാനിച്ചു എന്നു കരുതിയപ്പോഴാണ് ബിജെപി എംപിയായ സാക്ഷി മഹാരാജ് അടുത്ത വെടി പൊട്ടിച്ചത്.

നാഥുറാം ഗോഡ്സെയെ ദേശീയ വാദിയെന്നും രാജ്യ സ്നേഹിയെന്നുമാണ് സാക്ഷി മഹാരാജ് അടുത്തിടെ വിശേഷിപ്പിച്ചത്. പ്രതിപക്ഷം പാര്‍ലമെന്‍റിന് അകത്തും പുറത്തും പ്രസ്താവന ആയുധമാക്കിയതോടെ അദ്ദേഹത്തിന് വാക്കുകള്‍ വിഴുങ്ങേണ്ടി വന്നു. താന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും ഗോഡ്സെ രാജ്യസ്നേഹിയല്ലെന്നും തിരുത്തിയ അദ്ദേഹം ഗാന്ധിജി യഥാര്‍ഥത്തില്‍ മരണപ്പെട്ടത് 1984ലെ സിക്ക് വിരുദ്ധ കലാപ കാലത്താണെന്ന് പറഞ്ഞു കോണ്‍ഗ്രസ്സിനെ ആക്രമിക്കാനും മറന്നില്ല.

india politicsImace Credit: One India

ഗാന്ധിജിയുടെ സ്വപ്ന സാക്ഷാത്ക്കാരം എന്നു വിശേഷിപ്പിച്ചാണ് നരേന്ദ്ര മോദി അടുത്തിടെ സ്വച്ച് ഭാരത് പദ്ധതി അവതരിപ്പിച്ചത്. ഗാന്ധിജിയെ മാതൃകയാക്കണമെന്ന് മിക്കവാറും വേദികളില്‍ അദ്ദേഹം മറ്റുള്ളവരെ ഉപദേശിക്കാറുമുണ്ട്. രാഷ്ട്രപിതാവിനെയും പട്ടേലിനെയും അംബേദ്ക്കറിനെയും കോണ്‍ഗ്രസ്സില്‍ നിന്ന്‍ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ സ്വന്തം എംപിയുടെ പ്രസ്താവന ബിജെപിക്ക് കനത്ത തിരിച്ചടിയായി. ഗോഡ്സേക്ക് ആദരവ് അര്‍പ്പിക്കാനായി ചടങ്ങ് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച മഹാരാഷ്ട്രയിലെ ഹിന്ദു മുന്നണി നേതാക്കള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മുന്‍ കേന്ദ്ര മന്ത്രിയും ഇപ്പോള്‍ ഉത്തര്‍പ്രദേശ് ഗവര്‍ണ്ണറുമായ രാം നായിക്കാണ് വിവാദത്തില്‍ ചെന്നു ചാടിയ മറ്റൊരു പ്രധാനി. അയോദ്ധ്യയില്‍ ബാബ്റി മസ്ജിദ് നിലനിന്ന സ്ഥലത്തു രാമക്ഷേത്രം പണിയണമെന്നും അത് ഓരോ ഇന്ത്യക്കാരന്‍റെയും അഭിലാഷമാണെന്നും അവധ് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഒരു ചടങ്ങില്‍ വച്ചാണ് അദ്ദേഹം ആദ്യം പറഞ്ഞത്. അഞ്ചു വര്‍ഷത്തിനകം പ്രശ്ന പരിഹാരമുണ്ടാകുമെന്നും അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കര്‍മ്മ പരിപാടി തയ്യാറാക്കുകയാണെന്നും പറഞ്ഞ നായിക് പിന്നീട് മാധ്യമങ്ങളുടെ മുന്നിലും പ്രസ്താവന ആവര്‍ത്തിച്ചു.ഗവര്‍ണ്ണര്‍ നില തെറ്റിയ രീതിയിലാണ് സംസാരിക്കുന്നതെന്ന് പറഞ്ഞു കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ രംഗത്തു വന്നെങ്കിലും ബിജെപി അദ്ദേഹത്തെ അനുകൂലിക്കുകയാണ്.നായിക് അരുതാത്തതൊന്നും പറഞ്ഞിട്ടില്ല എന്നാണ് പാര്‍ട്ടി നിലപാട്.

ചില സംഘ പരിവാര്‍ സംഘടനകള്‍ കഴിഞ്ഞ ദിവസം ആഗ്രയില്‍ നടത്തിയ കൂട്ട മതം മാറ്റവും ബിജെപിക്കു ക്ഷീണമുണ്ടാക്കി. റേഷന്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്താണ് ന്യൂനപക്ഷ വിഭാഗങ്ങളെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതെന്ന ആരോപണവും നിലവിലുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയെ മറ്റൊരു പാക്കിസ്ഥാനാക്കുമെന്ന്‍ നിഷ്പക്ഷമതികള്‍ ഭയപ്പെടുന്നു.വിവാദങ്ങള്‍ ഒഴിവാക്കി ഭരണം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ മോദി എന്തൊക്കെ ചെയ്യും എന്നാണ് രാജ്യം ഇപ്പോള്‍ ഉറ്റു നോക്കുന്നത്.

The End

[My article published in British Pathram on 17.12.2014]


First image Credit: Voa News

Leave a Comment

Your email address will not be published. Required fields are marked *