കോണ്‍ഗ്രസ്സിന്‍റെ മതേതരത്വം

secularism in India

ആന്‍റണി അധികം സംസാരിക്കുന്നില്ല എന്നാണ് ചിലരുടെ പരാതി. അത് സത്യവുമാണ്. പക്ഷേ ഇതിന് ഒരു മറുവശമുണ്ട്. കൂടെ നില്‍ക്കുന്നവര്‍ക്ക് പോലും ദഹിക്കാത്ത അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയുന്ന അപൂര്‍വം കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ പതിവുപോലെ പാര്‍ട്ടിക്ക് ഏറെ തലവേദനയുണ്ടാക്കി. കോണ്‍ഗ്രസിന്‍റെ മതേതരത്വത്തില്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ വിശ്വാസമില്ലെന്ന് പറഞ്ഞ ആന്‍റണി നേതൃത്വത്തിന്‍റെ ന്യൂനപക്ഷ പ്രീണന നയങ്ങള്‍ മൂലം ഭൂരിപക്ഷ വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന്‍ അകന്നുപോയെന്നും തുറന്നടിച്ചു. മതേതരത്വത്തിന്‍റെ അപ്പോസ്ത്തലമാര്‍ എന്ന്‍ വീമ്പു പറയുന്ന ഉന്നത നേതാക്കള്‍ക്കും അവരെ കണ്ണടച്ച് പിന്തുണക്കുന്ന ഒരു വിഭാഗം മാധ്യമങ്ങള്‍ക്കുമുള്ള ശക്തമായ താക്കീതായി ആ വാക്കുകള്‍.

കോണ്‍ഗ്രസ്സാണ് ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയെന്ന് സിപിഎം പോലും സമ്മതിച്ചിട്ടുള്ളതാണ്. ഭൂരിപക്ഷ സമുദായത്തിന്‍റെ പാര്‍ട്ടിയായ ബിജെപിയെ രാജ്യത്തിന്‍റെ ഏതു ഭാഗത്തും നേരിടാന്‍ കെല്‍പ്പുള്ള ഒരേ ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ടാണ് ബിജെപിയെ നേരിടാന്‍ ഇടതുപക്ഷത്തിന് പലപ്പോഴും അവരുമായി സന്ധി ചെയ്യേണ്ടി വന്നത്. വിരലിലെണ്ണാവുന്ന സീറ്റുകള്‍ മാത്രം കൈവശമുണ്ടായിരുന്ന ദേവഗൌഡയ്ക്കും ഐകെ ഗുജറാളിനുമൊക്കെ അങ്ങനെ കുറച്ചു നാളത്തെക്കെങ്കിലും പ്രധാനമന്ത്രി കസേരയില്‍ ഇരിക്കാന്‍ ഭാഗ്യം ലഭിച്ചു. പിന്നീട് ആ കൂട്ടുകെട്ട് തകര്‍ന്നെങ്കിലും സിപിഎം കോണ്‍ഗ്രസിനെ അഴിമതി പാര്‍ട്ടി എന്നല്ലാതെ വര്‍ഗ്ഗീയ പാര്‍ട്ടി എന്ന്‍ ഒരിക്കലും വിളിച്ചിട്ടില്ല.

കോണ്‍ഗ്രസിന്‍റെ മതേതരത്വത്തിന് ആദ്യ പോറല്‍ വീഴുന്നത് 1984ല്‍ ഇന്ദിര ഗാന്ധിയുടെ മരണത്തോടെയാണ്. രണ്ടു സിഖുകാരാണ് കൊലപാതകം നടത്തിയത് എന്നതുകൊണ്ട് പാര്‍ട്ടിയുടെ ചില നേതാക്കളും പ്രവര്‍ത്തകരും തലസ്ഥാനത്തെ സിഖുമതക്കാരെ വ്യാപകമായി വേട്ടയാടി. ടര്‍ബന്‍ ധരിച്ച പുരുഷന്മാരെ ആയുധങ്ങള്‍ ഉപയോഗിച്ചും പെട്രോളൊഴിച്ചും അവര്‍ കൊലപ്പെടുത്തി. അക്രമം അമര്‍ച്ച ചെയ്യാന്‍ ഉത്തരവാദപ്പെട്ട പ്രധാനമന്ത്രി രാജീവ് ഗാന്ധി അന്നു പറഞ്ഞത്, വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി ഒന്നു കുലുങ്ങും അത് സ്വാഭാവികമാണ് എന്നാണ്. രാജ്യത്തിന്‍റെ മുഴുവന്‍ നേതാവാകുന്നതിന് പകരം ഒരു മകന്‍ മാത്രമായി അദ്ദേഹം ഒതുങ്ങിയപ്പോള്‍ പാര്‍ട്ടിയുടെ മതേതരത്വം ഒരു ചോദ്യചിഹ്നമായി. സമാനമായ പ്രതികരണം പിന്നീട് 2002ലെ ഗുജറാത്ത് കലാപത്തിന്‍റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയില്‍ നിന്നും കേട്ടു. മതത്തിന്‍റെ അടിസ്ഥാനത്തില്‍ ആളുകളെ വകവരുത്തിയതിന് ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസിന് ഏറെ വില നല്‍കേണ്ടി വന്നു. അവര്‍ അവിടെ വര്‍ഷങ്ങളോളം അധികാരത്തില്‍ നിന്ന്‍ മാറ്റിനിര്‍ത്തപ്പെട്ടു.

വാജ്പേയ് സര്‍ക്കാരിന്‍റെ കാലത്ത് അവര്‍ എടുത്ത നയപരമായ ഒരു തീരുമാനം സാധാരണക്കാരില്‍ ഞെട്ടലുണ്ടാക്കി. വാജ്പേയുടെ നടപടിയല്ല, മറിച്ച് ഇത്രനാള്‍ നമ്മുടെ നാട്ടില്‍ ഇതാണ് നടന്നിരുന്നത് എന്ന അറിവാണ് അവര്‍ക്ക് വേദനയുണ്ടാക്കിയത്. ഒരു പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ ഹജ് സബ്സിഡി സാധാരണക്കാര്‍ക്ക് മാത്രമായി ചുരുക്കി. ഇന്‍കം ടാക്സ് അടക്കുന്നവര്‍ക്ക് ഇനി മുതല്‍ സബ്സിഡി നല്‍കേണ്ട എന്നും മന്ത്രിസഭ തീരുമാനിച്ചു. വരുമാന നികുതിയുടെ പരിധിയെക്കുറിച്ച് തര്‍ക്കമുണ്ടാകാമെങ്കിലും സമ്പന്നര്‍ കുറഞ്ഞ നിരക്കിലുള്ള ഹജ്ജ് യാത്ര നിരക്കിന് അര്‍ഹരാണെന്ന് ആരും പറയില്ല. പക്ഷേ അതുവരെ അതാണ് നടന്നു നടന്നത്. അടിസ്ഥാന സൌകര്യ വികസനത്തിന് പണമില്ലെന്ന് വിലപിച്ചുകൊണ്ടിരുന്ന മാറിവന്ന സര്‍ക്കാരുകള്‍ ന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യമിട്ട് അവര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിച്ചൊരിയാന്‍ യാതൊരു മടിയും കാണിച്ചില്ല.

secularism in India

ഒരു കാലത്ത് ക്രിസ്ത്യന്‍ വിഭാഗവും മുസ്ലീങ്ങളും രാജ്യത്തു ന്യൂനപക്ഷമായിരുന്നു. അക്കാലത്താണ് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി രൂപീകരിക്കുന്നത്. സ്വാഭാവികമായും മുസ്ലിം മതവിഭാഗത്തിന്‍റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് നിശ്ചിത ശതമാനം സീറ്റുകള്‍ അന്ന്‍ അവര്‍ക്കായി അവിടെ സംവരണം ചെയ്തു. പക്ഷേ കാലം മാറിയപ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ശക്തിയാര്‍ജിക്കുകയും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് വരുകയും ചെയ്തു. ഇന്ന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള അനവധി വ്യവസായ രംഗങ്ങളുടെയും ബ്യൂറോകസി മുതല്‍ ജ്യൂഡീഷറി വരെയുള്ള ഭരണനിയമ നിര്‍വഹണ സംവിധാനങ്ങളുടെയും ഉന്നതങ്ങളില്‍ അവരുടെ സാന്നിധ്യമുണ്ട്. ചുരുക്കത്തില്‍ രാജ്യത്തെ മൂന്ന്‍ പ്രധാന മത വിഭാഗങ്ങളുടെയും അവസ്ഥ ഏതാണ്ട് ഒരുപോലെയാണ്.

അലിഗഡ് സര്‍വകലാശാലയിലെ സീറ്റ് സംവരണത്തിലെ തല്‍സ്ഥിതി നിലനിര്‍ത്താന്‍ കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ ആലോചിച്ചപ്പോള്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരി അതിനെ എതിര്‍ത്തു. മുസ്ലിങ്ങള്‍ ഇപ്പോള്‍ ന്യൂനപക്ഷമല്ലെന്നും അതിനാല്‍ സീറ്റ് സംവരണം ഇനി ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. സമഗ്ര വിഭ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് സീറ്റുകള്‍ എല്ലാവര്‍ക്കും തുല്യമായി വീതിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ആ പ്രസ്താവനയില്‍ ന്യൂനപക്ഷ പ്രീണനത്തിന്‍റെ സാധ്യത മണത്ത കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്ര മന്ത്രി പെട്ടെന്നാണ് രംഗത്തു വന്നത്. യെച്ചൂരിയുടെ നിലപാട് സിപിഎമ്മിന്‍റെ മുസ്ലീം വിരുദ്ധ നിലപാടിന് തെളിവാണെന്ന് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിച്ചു. സംഭവത്തിന്‍റെ ഗതി മാറുന്നത് മനസിലാക്കിയ യച്ചൂരി പിന്‍വാങ്ങി.

കേരളത്തിലാണെങ്കില്‍ ലീഗിന്‍റെയും മാണിയുടെയും ബിഷപ്പുമാരുടെയും അഭിപ്രായം അറിഞ്ഞു മാത്രം തീരുമാനങ്ങള്‍ എടുക്കുന്നതാണ് കോണ്‍ഗ്രസിന്‍റെ രീതി. അവര്‍ക്ക് അഹിതമായതൊന്നും ചിന്തിക്കുക കൂടി ചെയ്യില്ല. അഞ്ചാം മന്ത്രി വിവാദത്തില്‍ ലീഗിന് മുന്നില്‍ മുട്ടുമടക്കിയ മുന്നണി നേതൃത്വം വിദ്യാഭ്യാസ, വ്യവസായ, പൊതുമരാമത്ത് വകുപ്പുകള്‍ അവര്‍ക്ക് കുത്തകയാക്കി വയ്ക്കാനും അനുവദിച്ചു.

വിരലിലെണ്ണാവുന്ന സീറ്റുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് ഇപ്പോഴത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. അതുകൊണ്ടു തന്നെ പിസി ജോര്‍ജ്ജ് ഉന്നത കോണ്‍ഗ്രസ് നേതാക്കളെയടക്കം അധിക്ഷേപിച്ചെങ്കിലും പാര്‍ട്ടിക്ക് മൌനം പാലിക്കേണ്ടി വന്നു. പക്ഷേ ആ ദാക്ഷിണ്യം എന്‍എസ്എസിനും എസ്എന്‍ഡിപിക്കുമൊന്നും ലഭിച്ചതുമില്ല. അവരെ പരസ്യമായി വിമര്‍ശിച്ച് തിരഞ്ഞെടുപ്പ് കാലത്തുപോലും തങ്ങളുടെ മതേതര മുഖം അരക്കിട്ടുറപ്പിച്ച നേതാക്കള്‍ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും ബിഷപ്പുമാരുടെ വിമര്‍ശനങ്ങളും കണ്ടില്ലെന്ന്‍ നടിച്ചു. മന്നം സമാധിയില്‍ നിന്ന്‍ ചങ്കൂറ്റതോടെ ഇറങ്ങിപ്പോയ വിഎം സുധീരനും ഇക്കാര്യത്തില്‍ സമാനമായ പാതയാണ് പിന്‍തുടര്‍ന്നത്. കോട്ടന്‍ഹില്‍ വിവാദത്തില്‍ പോലും അദ്ദേഹത്തില്‍ നിന്ന്‍ ഒരു പ്രതികരണം ഉണ്ടായില്ല.

ചില പ്രത്യേക വിഭാഗങ്ങളെ പ്രീണിപ്പിക്കാനുള്ള പാര്‍ട്ടിയുടെ ഇത്തരം ശ്രമങ്ങളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് അടിത്തറ പാകിയതെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. സിപിഎമ്മിനെ എതിര്‍ത്തു നിന്നിരുന്ന എന്‍എസ്എസ് പോലുള്ള സംഘടനകള്‍ കോണ്‍ഗ്രസ്സിന്‍റെ സമീപനത്തില്‍ മനം മടുത്ത് പതുക്കെയാണെങ്കിലും ബിജെപിയിലേക്ക് ചായുന്നുണ്ട്. ആര്‍എസ്എസിനെ എതിര്‍ക്കാന്‍ കാണിക്കുന്ന ആര്‍ജ്ജവം പാര്‍ട്ടി പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളുടെ കാര്യത്തില്‍ കാണിക്കാറുമില്ല. ഇതൊക്കെ കാണുമ്പോള്‍ കോണ്‍ഗ്രസ് ഒരു മതേതര പാര്‍ട്ടിയാണോ എന്ന സംശയമുയരുക സ്വാഭാവികമാണ്.


The End

[My article published in British pathram]

Leave a Comment

Your email address will not be published. Required fields are marked *