ചാരക്കേസിന്‍റെ അടങ്ങാത്ത കനലുകള്‍

ചാരക്കേസിന്‍റെ അടങ്ങാത്ത കനലുകള്‍ 1

കെ കരുണാകരന്‍ ഉള്‍പ്പെട്ട ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ കനലുകള്‍ ഇനിയും അടങ്ങിയിട്ടില്ല. കേസ് കെട്ടിച്ചമച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ ഹൈക്കോടതി വിമര്‍ശിച്ചതിന് പിന്നാലെ പ്രമുഖ ഐ ഗ്രൂപ്പ് നേതാക്കളും നടപടി ആവശ്യവുമായി രംഗത്തെത്തി. കരുണാകരന്‍റെ രാഷ്ട്രീയ പതനത്തിനും നമ്പി നാരായണന്‍ ഉള്‍പ്പടെയുള്ള ശാസ്ത്രജ്ഞന്മാരുടെ ജയില്‍വാസത്തിനും കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്ന് കെ മുരളീധരന്‍ അടുത്തിടെ വീണ്ടും ആവശ്യപ്പെട്ടു. വ്യാജക്കേസിന് പിന്നില്‍ കോണ്‍ഗ്രസ്സിലെ തന്നെ ചില പ്രമുഖ നേതാക്കളാണെന്ന് മുന്‍ എംപി കൂടിയായ എംപി പീതാംബരക്കുറുപ്പ് നേരത്തെ തുറന്നടിച്ചിരുന്നു.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനാവില്ലെന്ന സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനാണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നിലപാട് യുക്തി സഹമല്ലെന്ന് വിലയിരുത്തിയ കോടതി തീരുമാനം പുന: പരിശോധിക്കാന്‍ മൂന്നു മാസത്തെ സമയവും അനുവദിച്ചു. കേരള പോലീസ് നടത്തിയ അന്വേഷണത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി സിബിഐ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കിയിരുന്ന കാര്യം നമ്പി നാരായണന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മുന്‍ ഡിജിപി സിബി മാത്യൂസ്, അന്നത്തെ സ്പെഷ്യല്‍ ബ്രാഞ്ച് സിഐ വിജയന്‍, എസ്പി കെകെ ജോഷ്വ തുടങ്ങി കുറ്റാരോപിതര്‍ സിബിഐയുടെ കണ്ടെത്തലുകള്‍ നിഷേധിച്ചില്ലെങ്കിലും 2011 ജൂണ്‍ 29 നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍മാര്‍ക്കെതിരെയുള്ള എല്ലാ നടപടികളും പിന്‍വലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് യുദ്ധം മൂര്‍ദ്ധന്യാവസ്ഥയില്‍ നിന്ന സമയത്താണ് ചാരക്കേസ് രൂപം കൊണ്ടത്. വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ തങ്ങിയ മാലി സ്വദേശികളായ മറിയം റഷീദ, ഫൌസിയ ഹസ്സന്‍ എന്നിവരെ പോലീസ് കണ്ടെത്തുന്നതില്‍ നിന്നാണ് സംസ്ഥാന രാഷ്ട്രീയത്തെ പിന്നീട് ഏറെ നാള്‍ പിടിച്ചു കുലുക്കിയ സംഭവവികാസങ്ങളുടെ തുടക്കം. സ്ത്രീകള്‍ പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും നമ്പി നാരായണന്‍, ശശി കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാര്‍ വഴി ഇന്ത്യയുടെ ക്രയോജനിക്ക് റോക്കറ്റ് സാങ്കേതിക വിദ്യ ചോര്‍ത്താന്‍ വന്നവരാണെന്നും പ്രചരിപ്പിക്കപ്പെട്ടു. പ്രസ്തുത സാങ്കേതിക വിദ്യ ഇന്ത്യ ഇനിയും വികസിപ്പിച്ചിട്ടില്ലെന്ന് സര്‍ക്കാരും ഐഎസ്ആര്‍ഒ യും വ്യക്തമാക്കിയെങ്കിലും വിവാദങ്ങള്‍ അടങ്ങിയില്ല. 2014ല്‍ പോലും രാജ്യം വികസിപ്പിച്ചെടുക്കാത്ത ക്രയോജനിക്ക് വിദ്യയെ ചൊല്ലിയാണ് 1994ല്‍ രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും പിന്നെ ജനങ്ങളും തമ്മില്‍ കലഹിച്ചത് എന്നതാണു കൌതുകകരം.

ശാസ്ത്രജ്ഞര്‍ക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും ആഭ്യന്തര വകുപ്പ് കയ്യാളിയിരുന്ന മുഖ്യമന്ത്രി കരുണാകരന് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അന്നത്തെ രാഷ്ട്രീയ സാഹചര്യം പ്രതിപക്ഷത്തെക്കാള്‍ സമര്‍ത്ഥമായി ഉപയോഗിച്ചത് കോണ്‍ഗ്രസ്സിലെ ഐ വിരുദ്ധ ചേരിയാണെന്ന്‍ പറയാം. പാര്‍ട്ടിക്കകത്ത് നിന്നും പുറത്തു നിന്നും കരുണാകരനെ കടന്നാക്രമിച്ച അവര്‍ക്കു ചില മാധ്യമങ്ങളുടെ നിര്‍ലോഭമായ സഹകരണവും ലഭിച്ചു. ഇന്നത്തെ ന്യൂ ജനറേഷന്‍ സിനിമകളെ കടത്തിവെട്ടുന്ന എരിവും പുളിയും നിറഞ്ഞ കഥകള്‍ പടച്ചു വിടുന്നതില്‍ മുഖ്യധാര പത്രങ്ങള്‍ പോലും മല്‍സരിച്ചു. അന്ന്‍ പറഞ്ഞതെല്ലാം വിഴുങ്ങിയ അവര്‍ സ്ത്രീകളുമായി ചില പോലീസുകാര്‍ക്കുണ്ടായിരുന്ന വഴിവിട്ട ബന്ധം പുറത്തുവരാതിരിക്കാനാണ് കേസില്‍ കുടുക്കിയതെന്ന് അടുത്ത കാലത്ത് എഴുതി.അതിനിടയില്‍ അനിവാര്യമായത് സംഭവിച്ചിരുന്നു. നരസിംഹ റാവു കൂടെയുണ്ടെന്ന് അഹങ്കരിച്ച കരുണാകരന് കേന്ദ്ര നേതൃത്വത്തിന്‍റെ വിശ്വാസം നഷ്ടപ്പെട്ട് മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വന്നു.

ചാരക്കേസിന്‍റെ അടങ്ങാത്ത കനലുകള്‍ 2

കരുണാകരന് പകരം ആന്‍റണി വന്നെങ്കിലും പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകളൊന്നും കണ്ടെത്താനായില്ല. ഒടുവില്‍ പതിവ് പോലെ സിബിഐയെ വിളിക്കേണ്ടി വന്നു. സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ട അതേ ദിവസമാണ് നമ്പി നാരായണനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സിബിഐ വരുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാതെ തന്നെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്നു മൂന്നു ദിവസം ഇരിക്കാന്‍ പോലും അനുവദിക്കാതെ ലോക്കപ്പ് മുറിയില്‍ ഒരേ നില്‍പ്പില്‍ നിര്‍ത്തുകയും ചെയ്ത സിബി മാത്യൂസിന്‍റെ നടപടിയെക്കുറിച്ച് നാരായണന്‍ അടുത്തിടെ ഒരു ടിവി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. റോക്കറ്റ് സാങ്കേതിക വിദ്യ കൈവരിക്കുന്നതിന് ഒരു കാലത്ത് ഡോ. എപിജെ അബ്ദുള്‍ കലാമിനൊപ്പം പ്രവര്‍ത്തിച്ച പ്രതിഭയ്ക്ക് രാജ്യം നല്‍കിയ ആദരം ! മംഗള്‍യാന്‍ ചൊവ്വയെ ഭ്രമണം ചെയ്യുമ്പോള്‍ ഐഎസ്ആര്‍ഒയെ ഇന്നത്തെ നിലയില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച നമ്പി നാരായണന്‍ നീതിക്ക് വേണ്ടി തെക്ക് വടക്ക് അലയുകയായിരുന്നു എന്നാണ് കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്. മംഗള്‍യാന്‍ ഒരു വര്‍ഷം കൊണ്ട് ലക്ഷ്യത്തിലെത്തിയെങ്കിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായിട്ടും നമ്പിയുടെ ഭ്രമണം അവസാനിച്ചിട്ടില്ല.

കരുണാകരനെ ചാരനെന്ന് വിളിച്ച് ജനക്കൂട്ടം കൂവിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ‘രാജ്യദ്രോഹികളായശാസ്ത്രജ്ഞരെ അവസാന നിമിഷത്തിലെങ്കിലും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നുവെങ്കില്‍ അതേ ആളുകള്‍ തന്നെ അദ്ദേഹത്തെ വാഴ്ത്തിപ്പാടുകയും ചെയ്യുമായിരുന്നു. ധീര ദേശാഭിമാനി എന്ന ആ വിശുദ്ധ പട്ടവും വിശേഷപ്പെട്ട ബഹുമതികളും ഒരു ചെറിയ കണ്ണിറുക്കലിന്‍റെ അകലത്തിലാണ് കരുണാകരന് നഷ്ടമായത്. അധികാരം നിലനിര്‍ത്താന്‍ നീതിക്കു നേരെ കണ്ണടയ്ക്കുന്നത് ആധുനിക ഇന്ത്യയില്‍ ഒട്ടും പുത്തരിയല്ല. അങ്ങനെ ചെയ്തവര്‍ ഇവിടെ ധാരാളമുണ്ട് താനും. അതിനു വൈമനസ്യം കാട്ടിയത് ആ ഭീഷ്മാചാര്യരുടെ രാഷ്ട്രീയ പതനത്തിനും കാരണമായി.

പോലീസായാലും ഭരണകൂടമായാലും കേസുകള്‍ കെട്ടിച്ചമയ്ക്കുന്നതും അതിന്‍റെ പേരില്‍ നിരപരാധികളെ പീഡിപ്പിക്കുന്നതും ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒട്ടും ഭൂഷണമല്ല. അങ്ങനെ ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടുക തന്നെ വേണം. പക്ഷേ ഉദ്യോഗസ്ഥരുടെ മനോവീര്യമെന്ന ആയുധം ചൂണ്ടിക്കാട്ടി നീതിയെ തകിടം മറിക്കുന്ന രീതിയാണ് നമ്മുടെ രാജ്യത്തു നിലവിലുള്ളത്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന നിയമവാക്യം ഇവിടെ സാര്‍ഥകമാകുന്നു. എന്നാല്‍ കുറ്റവാളികള്‍ രക്ഷപ്പെടുന്നതിനൊപ്പം നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് മാത്രം.

[ My article published in British Pathram]


Image credit

ulliyeri.blogspot.com

Leave a Comment

Your email address will not be published. Required fields are marked *