കമല്‍ ഹാസന്‍റെ രാഷ്ട്രീയ ഭാവി

kamal haasan

കമല്‍ഹാസന്‍റെ ജീവിതം എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. സിനിമയില്‍ എന്ന പോലെ വ്യക്തി ജീവിതത്തിലും അദ്ദേഹം വേറിട്ട വഴിയിലൂടെയാണ് സഞ്ചരിച്ചത്. കളത്തൂര്‍ കണ്ണമ്മയില്‍ ബാല താരമായി തുടങ്ങിയ ആ അഭിനയ സപര്യ ആറു പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോഴും കമലിന് ഒരു മാറ്റവും വന്നിട്ടില്ല.

നായകനായി സിനിമയിലെത്തിയ കാലം മുതലേ സമൂഹത്തില്‍ നിലനിന്നിരുന്ന സദാചാര ചട്ടക്കൂടുകള്‍ പൊളിച്ചെഴുതാനാണ് കമല്‍ ശ്രമിച്ചത്. അന്നൊന്നും ഒരു പുതുമുഖ നടന് കഥയില്‍ കൈ കടത്താന്‍ സാധിക്കില്ല. എങ്കിലും അദ്ദേഹം അന്ന് തിരഞ്ഞെടുത്തതോ അല്ലെങ്കില്‍ തേടി വന്നതോ ആയ സിനിമകള്‍ പരിശോധിച്ചാല്‍ ഒഴുക്കിനെതിരെ നീന്തുന്ന നായകനെ കാണാന്‍ സാധിക്കും. പിന്നീട് താര പരിവേഷം ലഭിച്ചതോടെ കമല്‍ തന്‍റെ അഭിപ്രായങ്ങളും വിശ്വാസ പ്രമാണങ്ങളും ക്യാമറയ്ക്ക് മുന്നില്‍ നിന്നും പിന്നില്‍ നിന്നും പ്രചരിപ്പിക്കാന്‍ തുടങ്ങി. അതോടെ വിവാദങ്ങള്‍ നടന്‍റെ കൂടപിറപ്പായി.

രാഷ്ട്രീയവും അന്ധ വിശ്വാസവും മത മൌലികവാദവുമൊക്കെ എന്നും കമലിന് ഇഷ്ട വിഷയങ്ങളാണ്. അതേ കുറിച്ചുള്ള തന്‍റെ ഉറച്ച നിലപാടുകള്‍ അദ്ദേഹം സിനിമകളില്‍ കൂടിയും അല്ലാതെയും പലപ്പോഴും വിളിച്ചു പറഞ്ഞിട്ടുമുണ്ട്. ഹേ റാം, അന്‍പേ ശിവം, ദശാവതാരം, വിശ്വരൂപം, മന്മഥന്‍ അമ്പ് എന്നി ചിത്രങ്ങള്‍ ആ അഭിപ്രായ പ്രകടനങ്ങളുടെ സമീപകാല ഉദാഹരണങ്ങളാണ്. അവ ഉണ്ടാക്കിയ വിവാദങ്ങളുടെ അലയൊലികള്‍ ഇനിയും ശമിച്ചിട്ടില്ല.

ജയലളിതയുടെ അവസാന കാലത്താണ് കമല്‍ഹാസന്‍ തന്‍റെ രാഷ്ട്രീയ പ്രവേശനത്തിന്‍റെ സൂചനകള്‍ നല്‍കിയത്. 2013ല്‍ വിശ്വരൂപം പുറത്തിറങ്ങുമ്പോള്‍ ജയയാണ് തമിഴ്‌നാട് മുഖ്യമന്ത്രി. തീവ്രവാദം പ്രമേയമാക്കിയ സിനിമയ്ക്കെതിരെ ചില മത മൌലിക സംഘടനകളാണ് ആദ്യം രംഗത്ത് വന്നത്. പിന്നീട് രാഷ്ട്രീയ നേതൃത്വം വിഷയം ഏറ്റെടുത്തു. ഏറെ വിവാദങ്ങള്‍ക്കും വെട്ടിമുറിക്കലുകള്‍ക്കും ശേഷമാണ് കമലാഹാസന് സിനിമ റിലീസ് ചെയ്യാന്‍ സാധിച്ചത്. വിശ്വരൂപത്തിന്‍റെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം ജയ ടിവിക്ക് നല്‍കാതിരുന്നത് മൂലം ഭരണകൂടം തന്നെയാണ് പ്രക്ഷോഭകരെ ഇളക്കി വിട്ടതെന്ന് അക്കാലത്ത് വാര്‍ത്തകള്‍ വന്നിരുന്നു. ജയ നടത്തിയ ഇടപെടലുകള്‍ മൂലമാണ് സിനിമയുടെ റിലീസ് വൈകിയതെന്ന് പിന്നീട് അവരുടെ മരണ ശേഷം കമല്‍ വെളിപ്പെടുത്തുകയും ചെയ്തു. ആ സംഭവത്തിന്‌ ശേഷമാകണം അദ്ദേഹം അണ്ണാ ഡിഎംകെ വിരുദ്ധ ചേരിയില്‍ ശക്തമായി നിലയുറപ്പിച്ചത്. തൊണ്ണൂറുകളില്‍ ജയലളിതക്കെതിരെ രജനികാന്ത് പോരാട്ടം നടത്തുന്ന സമയത്ത് പോലും അവരോട് മൃദു സമീപനം സ്വീകരിച്ചിരുന്നയാളായിരുന്നു കമല്‍ എന്ന് കൂടി ഓര്‍ക്കുക. നമ്മള്‍ എത്രത്തോളം നന്നാകുന്നോ അത്രത്തോളം നന്നാകാനേ ഭരണാധികാരികള്‍ക്കും കഴിയൂ എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

വിശ്വരൂപത്തിനു ശേഷം ജയലളിതയുമായി അകന്നെങ്കിലും അവരുമായി പരസ്യമായി ഏറ്റുമുട്ടാന്‍ കമല്‍ ഹാസന്‍ ഒരിക്കലും ധൈര്യം കാണിച്ചിരുന്നില്ല. അവിടെയാണ് സ്വതവേ മിതഭാഷിയായ രജനികാന്തും കമലും വ്യത്യസ്ഥരാകുന്നത്. ജയയുടെ മോശം ഭരണകാലത്ത് അവരെ വിമര്‍ശിക്കാനും രാഷ്ട്രീയ എതിരാളികളെ പിന്തുണക്കാനും ധൈര്യം കാണിച്ചയാളാണ് രജനികാന്ത്. അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ താല്പര്യക്കുറവ് കൊണ്ട് മാത്രമാണ് സൂപ്പര്‍താരത്തിന്‍റെ കോണ്‍ഗ്രസ് പ്രവേശനം നടക്കാതെ പോയത്. എങ്കിലും തമിഴ് മാനില കോണ്‍ഗ്രസ്സിന്റെ പിറവിയില്‍ തുടങ്ങി ഡിഎംകെ-ടിഎംസി സഖ്യ സര്‍ക്കാര്‍ രൂപികരണത്തില്‍ വരെ അദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചു. പക്ഷെ ജയയുടെ മരണശേഷം തമിഴക രാഷ്ട്രീയം ഏറെക്കുറെ ശിഥിലമായ സമയത്താണ് കമല്‍ സിനിമയില്‍ നിന്നുള്ള തന്‍റെ ചുവടുമാറ്റം പ്രഖ്യാപിക്കുന്നത്. അണ്ണാ ഡിഎംകെ സര്‍ക്കാരിനെയും പാര്‍ട്ടിയെയും വിമര്‍ശിക്കുന്നത് പതിവാക്കിയ അദ്ദേഹം മറ്റൊരു പ്രധാന കക്ഷിയായ ഡിഎംകെയെ തല്ലിയും തലോടുകയും ചെയ്തുകൊണ്ട് തന്‍റെ പ്രധാന ശത്രു ആരാണെന്ന് പറയാതെ പറഞ്ഞു.

കമല്‍ ഹാസന്‍റെ രാഷ്ട്രീയ ഭാവി 1

ഇടതുപക്ഷ ആഭിമുഖ്യമുള്ള കമല്‍ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാക്കിക്കൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനെയാണ് ആദ്യം കാണാനെത്തിയത്. പിന്നീട് അദ്ദേഹം അരവിന്ദ് കേജ്രിവാളിനെയും കണ്ടു. ആ കൂടിക്കാഴ്ചകള്‍ നടന്‍ പ്രതിപക്ഷത്തെ ശക്തമായ സാന്നിധ്യമാകുമെന്ന പ്രതീതി പരത്തി. വിവിധ വിഷയങ്ങളില്‍ അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് വന്നത് ആ പ്രതീക്ഷയുടെ ആക്കം കൂട്ടി. എന്നാല്‍ ബിജെപി ഉള്‍പ്പടെ ആരോടും തനിക്ക് ശത്രുതയില്ലെന്നാണ് അദ്ദേഹം പൊടുന്നനെ പ്രഖ്യാപിച്ചത്. രാഷ്ട്രീയത്തില്‍ ഒറ്റയ്ക്ക് നില്‍ക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. രജനികാന്ത് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയാല്‍ താനും പാര്‍ട്ടി ഉണ്ടാക്കുമെന്നാണ് കമലാഹാസന്‍ ഒരിക്കല്‍ പറഞ്ഞത്. എന്നാല്‍ രജനി പാര്‍ട്ടി ഉണ്ടാക്കിയാല്‍ താനും കൂടെയുണ്ടാകുമെന്ന പുതിയ പ്രസ്താവന വഴി അദ്ദേഹം വീണ്ടും ആരാധകരെ ഞെട്ടിച്ചു. എവിടെയാണ് നില്‍ക്കേണ്ടത് എന്നതിനെ കുറിച്ച് കമല്‍ തികഞ്ഞ ആശയ കുഴപ്പത്തിലാണ് എന്ന് വ്യക്തം.

ഉറച്ച നിലപാടുകളാണ് ഒരു നല്ല രാഷ്ട്രീയ നേതാവിന് വേണ്ടത്. മറ്റുള്ളവര്‍ക്ക് ഒരുപക്ഷെ തെറ്റെന്ന് തോന്നാമെങ്കിലും തന്‍റെ സുവ്യക്തമായ നിലപാടുകള്‍ ലോകത്തോട്‌ വെളിപ്പെടുത്താന്‍ കമലാഹാസന്‍ എന്ന നടന്‍ എക്കാലവും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റം നടത്തുമ്പോള്‍ അദ്ദേഹം തികഞ്ഞ അങ്കലാപ്പിലാണ്. വ്യക്തിപരമായി അദ്ദേഹത്തിന് ബിജെപിക്കൊപ്പം നില്‍ക്കാന്‍ കഴിയില്ല. അന്ധവിശ്വാസങ്ങള്‍ക്കും ജാതി മത ശക്തികള്‍ക്കും എതിരെയാണ് നിരീശ്വര വാദിയായ അദ്ദേഹത്തിന്‍റെ മനസ്. വിവാദമായ അഭിപ്രായ പ്രകടനങ്ങള്‍ വഴി കമല്‍ ഹാസനിലെ സിനിമാക്കാരന്‍ ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തില്‍ അങ്ങനെയല്ല.

തമിഴക രാഷ്ട്രീയം ജാതിയിലും മതത്തിലും അധിഷ്ഠിതമാണ്. ഒരാളുടെ നിറവും വര്‍ഗ്ഗവും വിശ്വാസ പ്രമാണങ്ങളും വരെ അയാളുടെ ജയ പരാജയങ്ങള്‍ നിര്‍ണ്ണയിക്കും. അണ്ണാദുരൈ തുടക്കമിട്ട ദ്രാവിഡ രാഷ്ട്രീയം അതിന്‍റെ ഏറ്റവും മോശം അവസ്ഥയില്‍ കൂടിയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. എംജിആറും ജയലളിതയും ഇന്നില്ല. കരുണാനിധിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനും സാധിക്കില്ല. ജനസമ്മതിയുള്ള ശക്തനായ ഒരു നേതാവില്ലാതെ ദ്രാവിഡ പാര്‍ട്ടികള്‍ ഉഴലുമ്പോള്‍ ചെറുകിട ജാതിയ പാര്‍ട്ടികളാണ് സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്നത്. അവയെ എങ്ങനെ നേരിടും എന്ന ചിന്ത മുഖ്യ ധാര രാഷ്ട്രീയ പാര്‍ട്ടികളെ വലയ്ക്കുന്നു. അവിടെയാണ് രജനിയെയും കമലിനെയും പോലുള്ള ജനപ്രിയരായ താരങ്ങളുടെ പ്രസക്തി. അവര്‍ക്ക് താരപ്രഭ വഴി കുറച്ചു കാലത്തേക്ക് ജനങ്ങളെ കൂടെ നിര്‍ത്താന്‍ സാധിച്ചേക്കും. പക്ഷെ എല്ലാത്തിനും ഒരു പരിധിയുണ്ടല്ലോ.

ഇടയ്ക്ക് ചാഞ്ചാടുന്നുണ്ടെങ്കിലും ഇടതുപക്ഷത്തിനൊപ്പമാണ് കമലാഹാസന്റെ മനസ്. എങ്കിലും അധികാരത്തില്‍ എത്താന്‍ ആ നിലപാടുകള്‍ കമലിനെ തുണയ്ക്കുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം. അചഞ്ചലമായ തിരുമാനങ്ങള്‍ വഴിയാണ് മുന്‍കാല നേതാക്കള്‍ തമിഴ് മനസുകളില്‍ ഇടം പിടിച്ചത്. അണ്ണാദുരൈ മുതല്‍ ജയലളിത വരെയുള്ള നേതാക്കള്‍ അക്കാര്യത്തില്‍ വ്യത്യസ്ഥരല്ല. അവരെ പോലെയാകാന്‍ കഴിഞ്ഞാല്‍ ഒരു പക്ഷെ കമലിനും സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഒരു സിനിമ പ്രവര്‍ത്തകനില്‍ നിന്ന് രാഷ്ട്രീയ നേതാവിലേക്കുള്ള പരിണാമത്തിന് ദൂരമേറെയുണ്ട്. ആ പരിണാമത്തിന്റെ ജയ പരാജയങ്ങള്‍ അനുസരിച്ചായിരിക്കും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഭാവി.

The End


Image Credit: PTI, Hindustan Times, First Post

Leave a Comment

Your email address will not be published. Required fields are marked *