വല്യേട്ടന്‍

Vallyettan

സീന്‍ മൂന്ന് 

ഒരു സഞ്ചരിക്കുന്ന കാര്‍.

ചെറിയേട്ടന്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി രവീന്ദ്രനാണ് പിന്നിലെ സീറ്റില്‍ ഇരിക്കുന്നത്.

മുന്നില്‍ ഡ്രൈവറെ കൂടാതെ ഒരാള്‍ കൂടിയുണ്ട്. അമ്പതിന് മുകളില്‍ പ്രായം. പേര് ആന്റണി. സെക്രട്ടറിയുടെ സന്തത സഹചാരിയും മനസാക്ഷി സൂക്ഷിപ്പുകാരനുമാണ് അയാള്‍. മൊബൈലില്‍ ശബ്ദം താഴ്ത്തി സംസാരിച്ചു കൊണ്ടിരുന്ന ആന്റണി പെട്ടെന്ന് പുറകില്‍ അനക്കം കേട്ടപ്പോള്‍ കൈ മറച്ചു പിടിച്ചുകൊണ്ട് ഒന്നു കൂടി സ്വരം താഴ്ത്തി പറഞ്ഞു,

ഞാന്‍ പിന്നെ വിളിക്കാം, സാര്‍ ഉണര്‍ന്നു.

എന്നിട്ട് മൊബൈല്‍ കട്ട് ചെയ്ത് പുറകിലേക്ക് തിരിഞ്ഞു.

സാര്‍ മീറ്റിങ്ങിലായിരുന്ന സമയത്ത് രണ്ടു വട്ടം ദേവസ്വം മന്ത്രിയുടെ ഓഫിസില്‍ നിന്ന് വിളിച്ചിരുന്നു.

: അയാള്‍ ഭവ്യതയോടെ പറഞ്ഞു.

ഉം ? : മറുപടി ഒരു മൂളലില്‍ ഒതുങ്ങി.

അറിയില്ല. പുതിയ ബോര്‍ഡ് ചെയര്‍മാന്‍റെ കാര്യം ആലോചിക്കാനാണെന്നാ തോന്നുന്നത്. തിരക്കൊഴിയുമ്പോള്‍ ഒന്ന് തിരിച്ചു വിളിക്കാന്‍ പറഞ്ഞിട്ടുണ്ട്.

: ആന്റണി തുടര്‍ന്നു.

അതല്ലല്ലോ ഇപ്പോഴത്തെ വിഷയം. നമ്മള്‍ മുന്നോട്ട് വച്ച പ്രശ്നം ആദ്യം പരിഹരിക്കട്ടെ. എന്നിട്ടല്ലേ ദേവസ്വം ബോര്‍ഡും മണ്ണാങ്കട്ടയും. : രവീന്ദ്രന്‍ ദേഷ്യത്തോടെ പറഞ്ഞു.

വൈബ്രെഷനില്‍ കിടന്ന ആന്റണിയുടെ ഫോണ്‍ വീണ്ടും അനങ്ങാന്‍ തുടങ്ങി.

ഇതാ മിനിസ്റ്ററുടെ പിഎസാ. എന്താ പറയേണ്ടത് ?

: അയാള്‍ ഫോണ്‍ കാണിച്ചു കൊണ്ട് ചോദിച്ചു.

താനത് കട്ട് ചെയ്യ്‌. എന്നിട്ടാ മീഡിയ സെക്രട്ടറിയെ വിളിക്ക്. ഇന്നാരാ ചാനല്‍ ചര്‍ച്ചയ്ക്ക് പോകുന്നത് ?

: രവീന്ദ്രന്‍ ചോദിച്ചു.

അത് മിക്കവാറും ജയനായിരിക്കും. : ഫോണ്‍ കട്ട് ചെയ്യുന്നതിനിടയില്‍ ഒരു നിമിഷം ആലോചിച്ചതിനു ശേഷം ആന്റണി പറഞ്ഞു.

എന്നാല്‍ വിളിക്ക്. ഇന്ന് എന്നെ അടുത്തിരുത്തിക്കൊണ്ട് തോമസ്‌ വെല്ലുവിളിച്ചത് താനും കേട്ടതല്ലേ ? ഇനിയും കായല്‍ നികത്തുമെന്ന്. ഇതെന്താ രാജഭരണമാണോ ഒരാളുടെ തന്നിഷ്ടത്തിന് എല്ലാം വിട്ട് കൊടുക്കാന്‍ ? ക്ഷമിക്കുന്നതിനും ഒരതിരുണ്ട്. : പറഞ്ഞു തീരുമ്പോഴേക്കും ആന്റണി ഫോണില്‍ എന്തോ പറഞ്ഞതിന് ശേഷം സെക്രട്ടറിക്ക് കൈമാറി. രവീന്ദ്രന്‍ മൊബൈല്‍ ചെവിയില്‍ വച്ചു.

ഇന്ന് ചാനലില്‍ നിന്ന് വിളിച്ചില്ലേ ? ഏത് ? മനോരമയില്‍ ആ വേണുവിനേയോ ശശീന്ദ്രനെയോ വിട്ടാല്‍ മതി. ഏഷ്യാനെറ്റില്‍ നീ തന്നെ പോകണം. തോമസ്‌ രാജി വയ്ക്കാതെ മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് തീര്‍ത്തു പറയണം. കളക്ടര്‍ക്കും മന്ത്രിക്കും എല്ലാവിധ പിന്തുണയും കൊടുക്കണം. ബാക്കി നാളത്തെ എക്സിക്യുട്ടിവില്‍ തിരുമാനിക്കാം. ഇല്ല. ഞാന്‍ ഇന്ന് തന്നെയെത്തും. കുറച്ചു വൈകുമെന്നേയുള്ളൂ. രണ്ടു മൂന്നു സ്വീകരണ യോഗങ്ങള്‍ കൂടിയുണ്ട്. എന്തെങ്കിലുമുണ്ടെങ്കില്‍ പ്രഭാകരേട്ടന്‍ തിരുവനന്തപുരത്ത് തന്നെയുണ്ട്. അദ്ദേഹത്തോട് ആലോചിക്ക്. ശരി.

: രവീന്ദ്രന്‍ പറഞ്ഞു.

കാര്‍ അടുത്ത യോഗസ്ഥലം ലക്ഷ്യമാക്കി അടുത്ത് കണ്ട ടാര്‍ റോഡിലൂടെ ഇടത്തോട്ട് തിരിഞ്ഞു.


സീന്‍ നാല്

എകെജി മന്ദിരം.

നമ്മള്‍ ആദ്യ രംഗത്തില്‍ കണ്ട തറവാട് വീട് ഏറെ മാറിയിരിക്കുന്നു. മുന്‍വശത്ത് കോണ്‍ഗ്രീറ്റാണ്. പടവുകള്‍ കയറി വലത്തോട്ട് ചെന്നാല്‍ മീഡിയ റൂം. അത് കഴിഞ്ഞാല്‍ മീറ്റിംഗ് ഹാള്‍. ആഗോള താപനത്തെ ചെറുക്കാനുള്ള എയര്‍ കണ്ടിഷന്‍ മുതല്‍ ആധുനിക ജീവിതത്തിന്‍റെ ഭാഗമായ എല്ലാവിധ സൌകര്യങ്ങളും അവിടെയുണ്ട്.

മന്ദിരത്തിന്‍റെ കാര്യക്കാരനായ ബാലകൃഷ്ണന്‍ പത്ര സമ്മേളനത്തിനായി എത്തുമ്പോഴേക്കും സഹായികളില്‍ ആരോ ഒരു കെട്ട് കടലാസുകള്‍ മുന്നില്‍ കൊണ്ടു വച്ചു.

Read ശ്രദ്ധാഞ്ജലി

മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കുന്നത് എവിടത്തെ ഏര്‍പ്പാടാണ് ? യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പായി മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തു വിടുക, എന്നിട്ട് മാറി നില്‍ക്കുക. ഇത് മുന്നണി മര്യാദയുടെ ലംഘനമാണ്. കയ്യടി മുഴുവന്‍ ഞങ്ങള്‍ക്കും വിമര്‍ശനം മറ്റുള്ളവര്‍ക്കും എന്ന രീതി ഇനി നടപ്പില്ല. കത്ത് കൊടുത്തു വിടുന്നതിന് പകരം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കാര്യം പറഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം തോമസിന്‍റെ രാജിക്കാര്യം പറയുമായിരുന്നു. അഴിമതിക്കേസില്‍ പെട്ട് നട്ടം തിരിയുന്ന പ്രതിപക്ഷത്തിന് ഊര്‍ജ്ജവും ഇന്ധനവും കൊടുക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അത് തന്നെയായിരുന്നോ അവരുടെ ലക്ഷ്യമെന്ന് ന്യായമായും സംശയിക്കേണ്ടതുണ്ട്.

ബാലകൃഷ്ണന്‍ പറയുന്നു.


സീന്‍ അഞ്ച്

മൈതാനത്ത് ഗുസ്തി മത്സരം നടക്കുന്നു.

ഏതോ വന്‍കിട മത്സരമാണ് നടക്കുന്നതെന്ന് ജനബാഹുല്യവും ഒരുക്കങ്ങളും വിളിച്ചു പറയുന്നു.

പേര് കേട്ട മല്ലന്മാരാണ് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഏറ്റുമുട്ടുന്നത്. ജനം ഇരുവര്‍ക്ക് വേണ്ടിയും ചേരിതിരിഞ്ഞ് ആവേശത്തോടെ ആര്‍പ്പ് വിളിക്കുന്നു. ഇടതുവശത്തെ ബാരിക്കേഡിന് പുറത്തായി ഒരു കസേരയില്‍ രവീന്ദ്രന്‍ ഇരിക്കുന്നു. അയാള്‍ ആന്റണിയോട് പതുക്കെ എന്തോ പറയുന്നു. എല്ലാം തല കുലുക്കി കേട്ട അയാള്‍ വേഗം മല്ലന്റെ അടുത്തേയ്ക്ക് പോകുന്നു. വെള്ളം കുടിച്ച് വിശ്രമിക്കുകയായിരുന്ന അയാള്‍ ആന്റണിയുടെ വാക്കുകള്‍ ശ്രവിച്ചതിനു ശേഷം എതിരാളിയെ ആക്രമിക്കാനായി ഒരുങ്ങുന്നു. മറുവശത്തെ മല്ലന്റെ പിന്നിലായി മൈതാനത്ത് നില്‍ക്കുന്ന ബാലകൃഷ്ണനെ നമുക്ക് കാണാം.

ബ്രേക്കിന് ശേഷം മത്സരം വീണ്ടും തുടങ്ങുകയാണ്. മല്ലന്മാര്‍ വീണ്ടും മുന്നില്‍ വന്നതോടെ കാണികളുടെ ആര്‍പ്പ് വിളിയുടെ ശബ്ദം കൂടി. വലതു വശത്തെ മല്ലനെ നോക്കി വിജയ സൂചകമായി ബാലകൃഷ്ണന്‍ പെരുവിരല്‍ ഉയര്‍ത്തിക്കാണിച്ചു. മല്ലനും തിരിച്ച് അത് തന്നെ ചെയ്തു. തുടര്‍ന്ന് രവീന്ദ്രനെ ഒന്നു നോക്കിയതിന് ശേഷം ബാലകൃഷ്ണന്‍ പുറത്തേയ്ക്ക് നടന്നു.


സീന്‍ ആറ്

ടിവിയില്‍ സിനിമയാണ്.

ദാ നോക്ക്. ഒരു കാറ്റിലും ഉലയാത്ത നമ്മുടെ ആശ്രയം. നമ്മുടെ വല്യേട്ടന്‍. ഇന്ന് കത്തുകയാ ഉള്ളില്‍ തീ കൊണ്ട്. അതണയണമെങ്കില്‍ നമ്മള്‍ വിചാരിക്കണം.

മനോജ്‌ കെ ജയന്‍റെ ഡയലോഗ്. സ്ക്രീനില്‍ തെളിയുന്ന മമ്മൂട്ടിയുടെ വല്യേട്ടന്‍ മുഖം.

പെട്ടെന്ന് മുറിയിലേക്ക് വന്ന രവീന്ദ്രനും സംഘവും ടിവി കടന്ന് അകത്തേയ്ക്ക് പോയി. മുകളില്‍ സുപ്രധാനമായ യോഗം നടക്കുകയാണ്. രവീന്ദ്രനും കൂടെയുള്ള നേതാക്കളും എത്തുമ്പോഴേക്കും യോഗ നടപടികള്‍ തുടങ്ങിയിരുന്നു.

വ്യാജ സീഡി ഉണ്ടാക്കുന്നവന്‍ മാധവന്‍, അത് പിടിക്കാന്‍ നടക്കുന്നവന്‍ ആനന്ദന്‍ എന്ന രീതിയിലാണ് ഒരു കാലത്ത് പത്രങ്ങള്‍ എഴുതിയിരുന്നത്. ഇന്നും ആ സ്ഥിതിക്ക് മാറ്റം വന്നിട്ടില്ല. കഥാപാത്രങ്ങള്‍ മാറി എന്ന് മാത്രം. സര്‍ക്കാര്‍ എന്ത് നല്ല കാര്യം ചെയ്താലും അതിന്‍റെ ക്രെഡിറ്റ്‌ തട്ടിയെടുക്കുകയും മോശം കാര്യത്തിന്‍റെ പഴി മറ്റുള്ളവരുടെ മേല്‍ ചാരുകയും ചെയ്യുന്ന രീതിയാണ് നമ്മുടെ കൂട്ടത്തില്‍ തന്നെയുള്ള ഒരു കക്ഷി നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ കുറേ നാളുകളായി സ്വീകരിച്ചു പോരുന്നത്. അത് പ്രതിപക്ഷത്തിന് സഹായകമാകുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ആ രീതി അവര്‍ മാറ്റണം, ഈ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാകണം.

: മുഖ്യമന്ത്രി മാധവന്‍ പറഞ്ഞു.

രവീന്ദ്രന് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് നോക്കാം.

: മുന്നണി കണ്‍വീനര്‍ രാഘവന്‍ പറഞ്ഞതോടെ എല്ലാവരുടെയും ശ്രദ്ധ ചെറിയേട്ടനിലേക്ക് തിരിഞ്ഞു.

ഞങ്ങള്‍ ഒരിക്കലും സിഎം പറഞ്ഞത് പോലുള്ള സമീപനം സ്വീകരിച്ചിട്ടില്ല. എന്നാല്‍ അഴിമതി കണ്ടാല്‍ എതിര്‍ക്കും. അത് എവിടെയാണെങ്കിലും. വലതു പക്ഷത്ത് പൊതുവേ കണ്ടു വരുന്ന അനാരോഗ്യകരമായ പ്രവണതകള്‍ ഇങ്ങോട്ട് പടരാതിരിക്കാനുള്ള ജാഗ്രത ഉത്തരവാദിത്വമുള്ള ഇടതു പാര്‍ട്ടി എന്ന നിലയ്ക്ക് ഞങ്ങള്‍ കാണിക്കാറുണ്ട്. ഇപ്പോള്‍ കായല്‍ കയ്യേറ്റത്തിന്‍റെ കാര്യത്തിലും സംഭവിച്ചത് അതാണ്‌. പൊതുജനാഭിപ്രായം തിരിച്ചറിഞ്ഞ് അവര്‍ക്കൊപ്പം നില്‍ക്കാനുള്ള ധാര്‍മികമായ ബാധ്യത നിറവേറ്റുക മാത്രമാണ് പാര്‍ട്ടി ചെയ്തത്. വേണ്ട സമയത്ത് തിരുമാനം എടുക്കാതിരുന്ന സിപിഎമാണ് പ്രശ്നം വഷളാക്കിയത്. : രവീന്ദ്രന്‍ പറഞ്ഞു.

തെറ്റ് ചെയ്യാത്ത ആളെ ശിക്ഷിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത് ? ആഗോള താപനം മൂലം അങ്ങ് അന്റാര്‍ട്ടിക്കയുടെ വരെ വിസ്തൃതി കുറയുന്നില്ലേ ? പിന്നെയാണോ ഒരു കായല് ? : തോമാച്ചന്റെ പാര്‍ട്ടിയുടെ നേതാവ് ക്ഷോഭിച്ചു.

നിങ്ങളുടെ തോന്ന്യാസത്തിന് കൂട്ട് നില്‍ക്കാന്‍ ഞങ്ങളെ കിട്ടില്ല. അതിന് വേറെ ആളെ നോക്കണം : പ്രഭാകരന്‍ തിരിച്ചടിച്ചു.

Read ട്രെയിന്‍ ടു പാക്കിസ്ഥാന്‍

അല്ല, ആരാണീ ഞങ്ങള് ? വല്ല്യേട്ടനില്ലാതെ തനിച്ചൊന്നു നിന്ന് നോക്ക്. അപ്പൊ കാണാം എട്ടു നിലയില്‍ പൊട്ടുന്നത്. നിങ്ങള് ഒരുമാതിരി പൂച്ചയുടെ സ്വഭാവം കാണിക്കരുത് കേട്ടോ. വെറുതെ തെക്ക് വടക്ക് നടക്കും. എന്നാലോ വീട്ടുകാരി മീന്‍ വെട്ടാനിരിക്കുമ്പോ തല വേണം, വാല് വേണം, എന്നൊക്കെ പറഞ്ഞു കൃത്യമായി വരുകയും ചെയ്യും. അതാ നിങ്ങളുടെ സ്വഭാവം. : വടക്ക് കോണ്‍ഗ്രസ്സിന്റെയും കിഴക്ക് ബിജെപിയുടെയും തെക്ക് ഇടതിന്‍റെയും ഇടയ്ക്ക് എവിടെയെന്നില്ലാതെയും നില്‍ക്കുന്ന പാര്‍ട്ടി ചെറിയേട്ടനെ തല്ലാനുള്ള അവസരം പാഴാക്കിയില്ല.

ഞങ്ങള് ചേട്ടനും അനിയനും തമ്മിലുള്ള വിഷയത്തില്‍ അഭിപ്രായം പറയാന്‍ നിങ്ങളാരാ ? നിങ്ങളാദ്യം ഒരിടത്ത് ഉറച്ചു നിക്ക്. എന്നിട്ട് അഭിപ്രായം പറഞ്ഞാല്‍ മതി. അല്ലാതെ ഇങ്ങോട്ട് ഉണ്ടാക്കാന്‍ വരണ്ട. : സ്വതവേ സൌമ്യനായ ശശീന്ദ്രന്‍ കൂടി ചെറിയേട്ടന്‍ പാര്‍ട്ടിക്ക് വേണ്ടി രംഗത്തിറങ്ങിയതോടെ രാഘവന്‍ ഇടപെട്ടു.

നിങ്ങളൊന്നടങ്ങ്‌. കാര്യങ്ങള്‍ ശാന്തമായി ചര്‍ച്ച ചെയ്യാനല്ലേ നമ്മളെല്ലാവരും ഇവിടെ കൂടിയിരിക്കുന്നത്. വെറുതെ പരസ്പരം കുത്തിക്കൊണ്ടിരുന്നാല്‍ ഒന്നും എവിടെയും എത്തില്ല. പറഞ്ഞേക്കാം. : അദ്ദേഹം പറഞ്ഞു.

അല്ല, രാഘവേട്ടാ, ചിലതൊക്കെ പറഞ്ഞു തന്നെ തീര്‍ക്കണം. ഒരേ വഞ്ചിയില്‍ പോകുമ്പോള്‍ രണ്ടു വശത്തേയ്ക്ക് തുഴഞ്ഞാല്‍ ആരും എവിടെയും എത്തില്ല, എല്ലാവരും മുങ്ങി ചാകത്തേയുള്ളൂ. : ബാലകൃഷ്ണന്‍ ഇടയ്ക്ക് കയറി പറഞ്ഞു. നിങ്ങള് മാത്രം നല്ലവര്, ഞങ്ങള് മോശക്കാര് എന്നാണോ സഖാവ് പറഞ്ഞു വരുന്നത് ?

എന്ന് ഞങ്ങള് പറഞ്ഞിട്ടില്ല. തെറ്റുകാരെ സംരക്ഷിക്കരുത് എന്നേ പറഞ്ഞുള്ളൂ.

: രവീന്ദ്രന്‍ മറുപടി കൊടുത്തു.

കേട്ടില്ലേ സെക്രട്ടറി, നമ്മള്‍ അഴിമതിക്കാരെ സംരക്ഷിക്കുന്നവരാണെന്ന്. പണ്ട് കഴിച്ച പഴങ്ങഞ്ഞി പല്ലിന്‍റെയിടയില്‍ കേറിയെന്നാ തോന്നുന്നത്. അതാ ഇത്ര നെഗളിപ്പ്. : മാണിക്യന്‍ ചെറിയേട്ടന്‍ പാര്‍ട്ടി നേതാക്കളെ നോക്കിക്കൊണ്ട് പറഞ്ഞു.

ഞങ്ങള് പഴങ്ങഞ്ഞിയല്ലേ കുടിച്ചത് ? നിനക്കൊക്കെ റിസോര്‍ട്ടിലെ കോഴിയും താറാവും മാത്രമല്ലേ ദഹിക്കത്തുള്ളൂ. അതിന്‍റെ ഉപകാര സ്മരണയാ ഈ കാണിക്കുന്നത്. : ജയന്‍ എഴുന്നേറ്റ് മാണിക്യന് നേരെ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

കൈ ചൂണ്ടുന്നോടാ ? താറാവിന്റെ മണം പിടിച്ച് പാലക്കാട് നിന്ന് ആലപ്പുഴയില്‍ വരെ വന്നതും ഫണ്ട് കൊടുത്തതും ആരാണെന്ന് നീ തന്നെ ആലോചിച്ചാല്‍ മതി. മനസിലായോടാ ഊളെ ? : മാണിക്യന്‍ ചാടിയെണീറ്റ് ആ കൈ തട്ടി മാറ്റി. അതോടെ ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. അവര്‍ പരസ്പരം കഴുത്തില്‍ പിടുത്തമിട്ടു. നേതാക്കള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആരും അടങ്ങിയില്ല. ആവേശം മൂത്തതോടെ അവര്‍ മുന്നിലുള്ള ഡസ്ക്കിലേക്ക് വീണു. ഉദേശിച്ചത് പോലെ എതിരാളിയെ കയ്യില്‍ കിട്ടുന്നില്ല എന്ന് കണ്ടപ്പോള്‍ ജയന്‍ കസേര മറിച്ചിട്ട് മറുവശത്തെയ്ക്ക് ചെന്നു. ഇരുവരുടെയും കയ്യാങ്കളി പിന്നെയും തുടര്‍ന്നു.

പുറത്ത് ഇതൊന്നുമറിയാതെ ഛോട്ടാ നേതാക്കള്‍ ടിവി കാണുകയാണ്.

വല്യേട്ടന്‍ സിനിമ കഴിഞ്ഞു.

നീ ആ സോണി പിക്സൊന്നു വയ്ക്. ഇപ്പോള്‍ നല്ല ഒരു സിനിമയുണ്ട്.

: ഒരാള്‍ പറയുന്നു.

ഇംഗ്ലിഷാ ? ഏതാ പടം ?

:രണ്ടാമന്‍ ചോദിക്കുന്നു.

ടു ബ്രദേഴ്സ്. നല്ല കുടുംബ കഥയാ. ഇടയ്ക്ക് വേര്‍പിരിഞ്ഞ രണ്ടു സഹോദരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു. അവരുടെ കരളലിയിപ്പിക്കുന്ന കഥയാ. : ആദ്യത്തെയാള്‍ പറയുന്നു.

ഓ, അതൊക്കെ എത്ര വട്ടം കണ്ടതാ. പഴയ ഹിന്ദി പടങ്ങളുടെ സ്ഥിരം ഫോര്‍മുലയല്ലേ ? : അപരന്‍ താല്പര്യമില്ലാത്ത മട്ടില്‍ പറയുന്നു.

ഇതങ്ങനെയല്ല. രണ്ടു കടുവകളാ ഇതിലെ കേന്ദ്ര കഥാപാത്രങ്ങള്‍. അതാണ്‌ ഈ സിനിമയുടെ സ്പെഷ്യാലിറ്റി. : ആദ്യത്തെയാള്‍.

ങേ. അപ്പോള്‍ കടുവകളാണോ വേര്‍പിരിഞ്ഞത് ?

അതേ.

അത് കൊള്ളാമല്ലോ. അതായത് നമ്മുടെ വല്ല്യേട്ടനെയും ചെറിയേട്ടനെയും പോലെ. ഇത് കലക്കും : രണ്ടാമന്‍ ഉത്സാഹത്തോടെ റിമോട്ട് ഞെക്കുമ്പോള്‍ ടിവിയില്‍ ടൈറ്റില്‍ തെളിയുന്നു.

Two Brothers

ഇരുവരും തോളില്‍ കയ്യിട്ട് സിനിമ കാണാന്‍ തുടങ്ങുമ്പോഴും മുകളിലത്തെ മുറിയില്‍ ബഹളം തുടരുകയാണ്. രണ്ടു സഹോദരമാരുടെ പോരാട്ടം അഥവാ മൂപ്പിളമ തര്‍ക്കം.

The End

Leave a Comment

Your email address will not be published. Required fields are marked *