മാന്യന്‍

മാന്യന്‍ 1

ഒറ്റനോട്ടത്തില്‍ സുമുഖന്‍. സൌമ്യമായേ സംസാരിക്കൂ. ആരെയും വീഴ്ത്തുന്ന സംഭാഷണ ശൈലി.പരോപകാരിയാണെന്ന ഭാവം ഓരോ വാക്കിലും ചലനത്തിലുമുണ്ട്. ഈ മാന്യദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ് നമ്മുടെ കഥ മുന്നോട്ട് പോകുന്നത്. തല്‍ക്കാലം നമുക്കീ കഥാപാത്രത്തെ തോമസ് കുട്ടി എന്ന് വിളിക്കാം.

അജിത്ത്, നിനക്ക് ഞാനൊരു ജോലി ശരിയാക്കാം. ചെന്നെയില്‍. എന്‍റെ ഒരു പരിചയക്കാരന്‍ വഴിയാണ്. പക്ഷെ ഡിപ്പോസിറ്റായി അയാള്‍ക്ക് ഒരു ലക്ഷം കൊടുക്കണം. ഒരു വര്‍ഷത്തെ കോണ്ട്രാക്റ്റ് ജോബാണ്. അത് കഴിയുമ്പോള്‍ മുഴുവന്‍ പൈസയും തിരിച്ചു കിട്ടും.

: ഒരിക്കല്‍ അയാള്‍ കൂട്ടുകാരന്‍ അജിത്തിനോട് പറഞ്ഞു. ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ കൂടി പരിചയപ്പെട്ട ഇരുവരും ഫോണില്‍ കൂടിയും ഫേസ്ബുക്ക് പോലുള്ള നവ മാധ്യമങ്ങള്‍ വഴിയും ഇടയ്ക്കിടെ പരസ്പരം ബന്ധപ്പെടാറുണ്ട്. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ തല്‍പരരായ ഇരുവരും വളരെ പെട്ടെന്നാണ് പരസ്പരം അടുത്തത്.

അജിത്ത് വലിയ ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയമായിരുന്നു അത്. കുടുംബത്തിന്‍റെ നെടുംതൂണായിരുന്ന പിതാവ് പാര്‍ക്കിന്‍സണ്‍സ് അസുഖ ബാധിതനായി അക്കാലത്താണ് മരണപ്പെട്ടത്. വിവിധ ആശുപത്രികള്‍ കയറിയിറങ്ങിയുള്ള പിതാവിന്‍റെ ദീര്‍ഘ നാളത്തെ ചികിത്സയുടെ സൌകര്യാര്‍ത്ഥം അജിത്ത് മംഗലാപുരത്തെ എക്സ്പോര്‍ട്ടിംഗ് കമ്പനിയില്‍ നേരത്തെയുണ്ടായിരുന്ന ജോലി രാജി വച്ചിരുന്നു. രണ്ടു വര്‍ഷം നീണ്ട ചികിത്സയ്ക് ശേഷം കുറേ കടങ്ങള്‍ ബാക്കിയാക്കി അച്ഛന്‍ കടന്നു പോയപ്പോള്‍ അജിത്തും അമ്മയും രണ്ടു സഹോദരിമാരും അടങ്ങുന്ന കുടുംബം നടുക്കടലില്‍ തനിച്ചായി.

ആശുപത്രിചിലവുകള്‍ക്ക് വേണ്ടിയും അല്ലാതെയുമെടുത്ത രണ്ടു ലക്ഷം രൂപയിലേറെ വരുന്ന കടം വീട്ടണം, നല്ല ഒരു ജോലി കണ്ടെത്തണം, വീട്ടു വാടകയും വാര്‍ദ്ധക്യ സഹജമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന മാതാവിന്‍റെ ചികിത്സാ ചെലവുകളും വഹിക്കണം, സഹോദരിമാരുടെ വിവാഹം നടത്തണം എന്നിങ്ങനെ അജിത്തിന്‍റെ മുന്നിലുള്ള കടമകള്‍ ഏറെയായിരുന്നു. ഒരു ജോലിക്ക് വേണ്ടി സുഹൃത്തുക്കള്‍ വഴിയും നേരിട്ടും അജിത്ത് പരമാവധി ശ്രമിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ പലയിടത്തും അവന് വിലങ്ങുതടിയായി. ഒരു കാലിന് സ്വല്പം സ്വാധീനക്കുറവുള്ള അവന് ജോലി കൊടുക്കാന്‍ ചില പരിചയക്കാര്‍ പോലും വിമുഖത കാട്ടി. അപ്പോഴാണ്‌ ഒരു ദൈവ ദൂതനെ പോലെ തോമസുകുട്ടി ആ കുടുംബത്തിന് മുന്നില്‍ അവതരിച്ചത്.

ഒരു ലക്ഷം രൂപ പക്ഷെ അജിത്തിനെ സംബന്ധിച്ച് വലിയ ഒരു തുക തന്നെയായിരുന്നു. ഉള്ളതെല്ലാം വിറ്റുപെറുക്കിയാലും ആ കാശുണ്ടാക്കാനാവില്ല.

ഇരുപത്തയ്യായിരത്തിനടുത്ത് ശമ്പളം കിട്ടും. പിഎഫ് മറ്റാനുകൂല്യങ്ങള്‍ വേറെയും. കമ്പനിക്കടുത്ത് തന്നെ കുറഞ്ഞ ചിലവിലുള്ള താമസം ഞാന്‍ ശരിയാക്കാം. ശനി, ഞായര്‍ അവധിയായത് കൊണ്ട് അത്യാവശ്യത്തിനു വീട്ടില്‍ പോയി വരുകയും ചെയ്യാമല്ലോ. ഇത് നല്ല ഓഫറാണ്. വിട്ട് കളയണ്ടെന്നാണ് എന്‍റെ അഭിപ്രായം. മാത്രമല്ല കൊണ്ട്രാക്റ്റ് ജോബാണെങ്കിലും ഒരു കൊല്ലം കഴിയുമ്പോള്‍ സ്ഥിരപ്പെടാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ ക്വാര്‍ട്ടേഴ്സ് ഉള്‍പ്പടെ കിട്ടുമല്ലോ. അപ്പോള്‍ കുടുംബത്തെയും കൂടെ കൂട്ടാം. അവരെ ഒരിടത്ത് തനിച്ചാക്കണ്ടല്ലോ.

: തോമസുകുട്ടി അങ്ങനെ പറഞ്ഞപ്പോള്‍ ശരിയാണെന്ന് അവനും തോന്നി. ഒരു ആറു മാസം കൊണ്ട് കടമെല്ലാം വീട്ടാന്‍ സാധിക്കും. അതോടെ കുടുംബം പച്ച പിടിക്കും. തന്‍റെ പെങ്ങളും അതേ കമ്പനിയിലാണ് ജോലി ചെയ്തതെന്നും ഇപ്പോള്‍ അവര്‍ യു.എസിലാണെന്നും കൂടി തോമസുകുട്ടി പറഞ്ഞപ്പോള്‍ അജിത്തിന് കൂടുതല്‍ പ്രതിക്ഷയായി.

ചെന്നൈ മഹാബലിപുരത്ത് പ്രമുഖ കമ്പനികളുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുകയാണ് തോമസുകുട്ടി. അവിടെ സ്വന്തമായി ഓഫിസും ഫ്ലാറ്റുമൊക്കെയുണ്ട്. ഒരു വിഭാഗം ഡിപ്പാര്‍ട്ട്മെന്റുകളിലെ ജോലികള്‍ ഔട്ട്‌സോഴ്സ് ചെയ്ത് പുറമെയുള്ള ഏജന്‍സികള്‍ക്ക് മറിച്ചു കൊടുക്കുന്ന പതിവ് ചില വന്‍കിട കമ്പനികളിലുണ്ട്. ബന്ധപ്പെട്ട എജന്‍സിയായിരിക്കും പ്രസ്തുത ജോലികളിലേക്കുള്ള ആളുകളെ തിരഞ്ഞെടുക്കുക. അതിന് പകരമായി അവര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഒരു നിശ്ചിത തുക ഡിപ്പോസിറ്റായി ഈടാക്കുകയും ചെയ്യും. അങ്ങനെയുള്ള ഒരു ജോലിയാണ് തോമസുകുട്ടി അജിത്തിന് വച്ചു നീട്ടിയത്. പരിചയത്തിലുള്ള ഒരു ഏജന്‍സി വഴിയാണ് ജോലി ശരിയാക്കുകയെന്നും വെരിഫിക്കേഷന് വേണ്ടി അജിത്തിന്‍റെ സര്‍ട്ടിഫിക്കറ്റുകളും ബയോ ഡേറ്റയും സ്കാന്‍ ചെയ്ത് അയക്കണമെന്നും അയാള്‍ നേരത്തെ പറഞ്ഞിരുന്നു. തോമസുകുട്ടിയുടെ ഇമെയിലിലേക്കാണ് അവയെല്ലാം അയച്ചത്. തൊട്ടടുത്ത ദിവസം അയാള്‍ തിരികെ വിളിച്ച് ഏജന്‍സി പ്രൊഫൈല്‍ അപ്രൂവ് ചെയ്തെന്നും എത്രയും പെട്ടെന്ന് പണം അയക്കാനും നിര്‍ദേശിച്ചു.

തല്‍ക്കാലത്തേക്കാണെങ്കിലും അമ്മയെയും പെങ്ങള്‍മാരെയും തനിച്ചാക്കി പോകുന്നതിനെ കുറിച്ചാണ് അജിത്ത് വ്യാകുലപ്പെട്ടത്. ഏതാണ്ട് പത്ത് വര്‍ഷം മുമ്പാണ് ആ കുടുംബം ചില സ്വകാര്യ പ്രശ്നങ്ങള്‍ കാരണം കണ്ണൂരില്‍ നിന്ന് വള്ളുവനാട്ടിലേക്ക് കുടിയേറിയത്. പുതിയ സ്ഥലത്ത് സുഹൃത്തുക്കളും പരിചയക്കാരും ഏറെയുണ്ടെങ്കിലും അവരുടെ ബന്ധു ജനങ്ങളെല്ലാം കോഴിക്കോട് മുതല്‍ വടക്കോട്ടുള്ള ജില്ലകളിലാണ് കൂടുതലായി ഉള്ളത്.

Read ഹോട്ടല്‍ പെഗാസസിലെ കൊലപാതകം

സാരമില്ല മോനെ, ഇവിടത്തെ കാര്യങ്ങളൊക്കെ ഞങ്ങള്‍ നോക്കിക്കോളാം. നമ്മുടെ അയല്‍ക്കാരോക്കെ നല്ലവരാ. നീ ഒരു കര പറ്റിയാലേ ഞങ്ങള്‍ക്ക് രക്ഷയുള്ളൂ. പൈസ ആരോടെങ്കിലും ചോദിച്ചിട്ടാണെങ്കിലും നമുക്കുണ്ടാക്കാം. ഒരു ലക്ഷം കൊടുത്താല്‍ ഒരാഴ്ചക്കകം ജോലി കിട്ടുമെന്നല്ലേ തോമസുകുട്ടി പറഞ്ഞത് ? അവന്‍ നല്ലവനാ. ദൈവം നല്ലതേ വരുത്തൂ. : എല്ലാം കേട്ടപ്പോള്‍ അമ്മ പറഞ്ഞു.

ഇളയ പെങ്ങളുടെ കമ്മലും വളയും പണയം വച്ചും പരിചയക്കാരോട് കടം വാങ്ങിയും ചുരുങ്ങിയ സമയത്തിനുള്ളില്‍ അവര്‍ പണം ഒപ്പിച്ചു. തന്‍റെ ബാങ്ക് അക്കൌണ്ട് വഴി തുക കൈമാറിയാല്‍ മതിയെന്നാണ് തോമസുകുട്ടി ഇടയ്ക്ക് നേരില്‍ കണ്ടപ്പോള്‍ പറഞ്ഞത്. സ്വന്തം കൈപ്പടയില്‍ അക്കൌണ്ട് വിവരങ്ങള്‍ എഴുതി അയാള്‍ അജിത്തിന് നല്‍കുകയും ചെയ്തു.

ഒരു വെള്ളിയാഴ്ചയാണ് നഗരത്തിലെ സ്റ്റേറ്റ് ബാങ്ക് ശാഖ വഴി അജിത്ത് അതേ ബാങ്കിന്‍റെ മറ്റൊരു ശാഖയിലുള്ള സുഹൃത്തിന്‍റെ അക്കൌണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്തത്. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തോമസ് കുട്ടിയുടെ വിളിയെത്തി.

പൈസ അക്കൌണ്ടില്‍ വന്നിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ തന്നെ അത് ബന്ധപ്പെട്ട ആള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം. നാളെ അല്ലെങ്കില്‍ തിങ്കളാഴ്ച അപ്പോയിന്‍റ്മെന്‍റ് ഓര്‍ഡര്‍ ഇറങ്ങും. അജു, എത്രയും പെട്ടെന്ന് പുറപ്പെടാന്‍ തയ്യാറായിക്കോളൂ. : അയാള്‍ സന്തോഷത്തോടെ പറഞ്ഞു. ആ സന്തോഷം അജിത്തിലേക്കും വീട്ടുകാരിലേക്കും പടരാന്‍ ഒട്ടും താമസിച്ചില്ല. ദുരിതക്കടലില്‍ അകപെട്ടു കഴിഞ്ഞിരുന്ന ആ പാവങ്ങള്‍ക്ക് തോമസുകുട്ടിയുടെ വാക്കുകള്‍ അത്ര വലിയ ആശ്വാസമാണ് നല്‍കിയത്.

എത്രയും പെട്ടെന്ന് കടം വീട്ടി തുടങ്ങണം. അമ്മയോട് പറഞ്ഞില്ലെന്നേയുള്ളൂ, ആറു മാസത്തിനുള്ളില്‍ തിരിച്ചു കൊടുക്കാമെന്ന് പറഞ്ഞാ അന്ന് ഹോസ്പിറ്റലില്‍ വച്ച് ചെറിയച്ഛന്റെ കയ്യില്‍ നിന്ന് ഞാന്‍ കടം വാങ്ങിയത്. എത്രയും പെട്ടെന്ന് അത് തിരിച്ച് കൊടുക്കണം. പിന്നെ ഇപ്പോള്‍ സഖാവും നമ്മെ സഹായിച്ചിട്ടുണ്ട്. : രാത്രി അത്താഴം കഴിക്കുന്നതിനിടയില്‍ അജിത്ത് അമ്മയോടും സഹോദരിമാരോടുമായി പറഞ്ഞു. വോള്‍ട്ടേജ് കുറഞ്ഞ ബള്‍ബ് ഇടയ്ക്കിടെ മിന്നി തെളിഞ്ഞു കൊണ്ടിരുന്നു. അതിന്‍റെ മങ്ങിയ വെളിച്ചം തന്‍റെ അപ്പോഴത്തെ അവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്ന് അവന് തോന്നി. വൈദ്യുത വകുപ്പിന്‍റെ പരീക്ഷണം തുടര്‍ന്നപ്പോള്‍ മൂത്ത പെങ്ങള്‍ അകത്ത് പോയി മെഴുകുതിരി കത്തിച്ചു കൊണ്ടു വന്ന് അടുത്തുള്ള ഡസ്ക്കില്‍ വച്ചു.

കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഉറച്ച അനുഭാവിയും മുന്‍ എല്‍സി സെക്രട്ടറിയുമായ വിജയനെയാണ് സഖാവ് എന്നത് കൊണ്ട് അജിത്ത് ഉദ്ദേശിച്ചത്. എല്ലാവരും അദ്ദേഹത്തെ അങ്ങനെയാണ് വിളിക്കുക. നാട്ടുകാരുടെ ഏത് പ്രശ്നങ്ങള്‍ക്കും ഓടിയെത്തും. സ്വന്തം കുടുംബത്തെ പോലും മറന്നു കൊണ്ടുള്ള പൊതു പ്രവര്‍ത്തനം പക്ഷെ ബന്ധുജനങ്ങള്‍ക്കിടയില്‍ അയാള്‍ക്ക് അവമതിപ്പ്‌ മാത്രമാണ് സമ്മാനിച്ചത്. ഒരു കാലത്ത് വലിയ ഭൂസ്വത്ത് സ്വന്തമായുണ്ടായിരുന്ന അയാള്‍ക്ക് ഇന്ന് ചെറിയ ഒരു വീട്ടിലേക്ക് ഒതുങ്ങേണ്ടി വന്നത് ആ ദാനധര്‍മം കൊണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ സഖാവ് പി കൃഷ്ണ പിള്ളയെയും ഇഎംസിനെയും മുറുകെ പിടിച്ചു കഴിയുന്ന അയാള്‍ അത്തരം വിമര്‍ശനങ്ങള്‍ വകവയ്ക്കാറില്ലെന്നു മാത്രം.

സന്തത സഹചാരിയായി നടന്നിരുന്ന ഒരാള്‍ സഖാവ് വിജയനെ സമര്‍ത്ഥമായി കബളിപ്പിച്ചത് ഏതാനും വര്‍ഷം മുമ്പാണ്. നേതാവ് പോലുമറിയാതെ അയാളുടെ വീടും സ്ഥലവും പണയപ്പെടുത്തി ആ വ്യക്തി സഹകരണ ബാങ്കില്‍ നിന്ന് വലിയ ഒരു തുക കടമെടുക്കുകയും ചെയ്തു. ഒറ്റയ്ക്കായിരുന്നുവെങ്കില്‍ ആ സാഹചര്യം വിജയന്‍ എങ്ങനെയും അതിജീവിക്കുമായിരുന്നു. പക്ഷെ ഒരു വലിയ കുടുംബമാണ് അദ്ദേഹത്തെ ആശ്രയിച്ചു കഴിയുന്നത്. കിടപ്പിലായ അമ്മയും മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. അതില്‍ ഒരു സഹോദരിക്ക് ബുദ്ധിഭ്രമമുണ്ടെന്നും മൂത്ത സഹോദരി വിവാഹ മോചിതയാണെന്നും പ്രത്യേകം പറയണം. വിജയന്‍റെ സ്വഭാവ ഗുണങ്ങളൊന്നും തൊട്ടു തീണ്ടാത്ത അനുജന്‍ നാട്ടിലെ ഒരു പ്രശ്നക്കാരനാണെന്ന് കൂടി പറഞ്ഞാല്‍ ആ കുടുംബ ചരിത്രം പൂര്‍ണ്ണമായി.

സഹകരണ ബാങ്ക് കൊടുത്ത കേസില്‍ വിജയന്‍റെ സ്വത്ത്‌ ജപ്തി ചെയ്യാന്‍ മുന്‍സിഫ്‌ കോടതി നേരത്തെ വിധിച്ചിരുന്നു. അതിനെതിരെ വിജയന്‍ നല്‍കിയ അപ്പീലില്‍ മേല്‍ക്കോടതി ജപ്തി സ്റ്റേ ചെയ്തെങ്കിലും അടുത്ത സിറ്റിങ്ങിനു മുമ്പായി ഒരു നിശ്ചിത തുക കോടതിയില്‍ കെട്ടി വയ്ക്കാന്‍ നിര്‍ദേശിച്ചു. കോടതി ചിലവുകള്‍ക്കുള്ള പണം വിജയന്‍ പലപ്പോഴായി അമ്മയുടെ പേരില്‍ ബാങ്കില്‍ സ്വരുക്കൂട്ടി വച്ചിരുന്നു. അടുത്ത വാദത്തിന് ഏകദേശം രണ്ടു മാസത്തെ സമയമുണ്ട്. അജിത്തിന്‍റെ കുടുംബവുമായി സഖാവ് വിജയന് ആദ്യം മുതലേ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. തന്‍റെയും അജിത്തിന്‍റെയും ജീവിതങ്ങള്‍ തമ്മില്‍ സാമ്യമുണ്ടെന്ന് തോന്നിയത് കൊണ്ടാവണം അദ്ദേഹം തല്‍ക്കാലത്തേക്ക് പണം മറിയ്ക്കാന്‍ തയ്യാറായത്. രണ്ടു മാസത്തിനുള്ളില്‍ തിരിച്ചു തരാമെന്ന് അവന്‍ ഉറപ്പ് കൊടുത്തതോടെ അദ്ദേഹം പിന്നെയൊന്നും ആലോചിച്ചില്ല.

കേസിന്‍റെ ആവശ്യത്തിനു വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ സഹായിക്കുമെന്ന പ്രതിക്ഷയും വിജയനുണ്ടായിരുന്നു എന്ന് വേണം മനസിലാക്കാന്‍. പക്ഷെ അതെല്ലാം വൃഥാവിലായി.

അത്രയും പണം നീ എങ്ങനെ കൊടുക്കും ? അതും ഇത്ര പെട്ടെന്ന് ? : മൂത്ത സഹോദരി പെട്ടെന്ന് ചോദിച്ചു.

കൊടുക്കണം. ഞാന്‍ അന്നങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ അച്ഛന്‍റെ ചികിത്സ പോലും മുടങ്ങുമായിരുന്നു. ഒരാഴ്ചക്കകം ചെന്നെയില്‍ ജോയിന്‍ ചെയ്യണമെന്നാ തോമസുകുട്ടി പറഞ്ഞത്. ആദ്യത്തെ രണ്ടു മാസം ശരിക്ക് ടൈറ്റായിരിക്കും. സഖാവിന്‍റെ കടം ഉടനെ തീര്‍ക്കണമല്ലോ. നമ്മള്‍ കാരണം ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാന്‍ പാടില്ല.

: അജിത്ത് എഴുന്നേറ്റ് കൈ കഴുകുന്നതിനിടയില്‍ പറഞ്ഞു.

എല്ലാം ശരിയാകും മോനേ, ദൈവം അത്ര പെട്ടെന്ന് നമ്മെ കൈവിടില്ല. നീ തോമസുകുട്ടിയെ വിളിച്ച് കാര്യങ്ങള്‍ ഒന്നു കൂടി ഉറപ്പിക്ക്.

: അനിയത്തി കൊണ്ടു വന്ന തോര്‍ത്തില്‍ അവന്‍ കൈ തുടക്കുന്നതിനിടയില്‍ വാതില്‍ക്കല്‍ നിന്ന അമ്മ പറഞ്ഞു.

ശരി അമ്മേ : അജിത്ത് ചുവരിലെ ഹാംഗറില്‍ തൂക്കിയിട്ടിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് മൊബൈലെടുത്ത് പുറത്തേയ്ക്ക് തിരിഞ്ഞു.

ആകാശത്ത് പകുതി മറഞ്ഞ നിലാവും അങ്ങിങ്ങായുള്ള നക്ഷത്രങ്ങളും അയാളോട് എന്തോ പറയാന്‍ വെമ്പുന്നത് പോലെ തോന്നി. അവസാനം അവ നിസ്സഹായരായി മേഘങ്ങള്‍ക്കിടയിലേക്ക് പിന്‍വാങ്ങി.

അടുത്ത പേജിലേക്ക് പോകാം 

Leave a Comment

Your email address will not be published. Required fields are marked *