സുബ്രമണ്യപുരം പോലിസ് സ്റ്റേഷന്‍

malayalam blog

 

പോലിസ് സ്റ്റേഷന്‍.

തൊട്ടു മുന്നില്‍ പാര്‍ട്ടി ഓഫിസും ബസ് സ്റ്റോപ്പുമൊക്കെ ഉള്ളതു കൊണ്ട് പരിസരത്ത് ചെറുതല്ലാത്ത ആള്‍ക്കൂട്ടമുണ്ട്. ഓട്ടോയില്‍ വന്നിറങ്ങിയ ഒരു വയോധികന്‍ ഡ്രൈവറുടെ കൈ പിടിച്ച് പതുക്കെ പടവുകള്‍ കയറി അകത്തേയ്ക്ക് പോയി. അദ്ദേഹത്തിന് ഒരു എണ്‍പത് വയസെങ്കിലും കാണും. തീരെ അവശനാണ്. വെള്ളയും വെള്ളയുമാണ് വേഷം.

ഞാന്‍ ആദ്യമായാണ്‌ ഒരു പോലിസ് സ്റ്റേഷനില്‍ കയറുന്നത്. അതും പ്രതിയായിട്ട്. മുമ്പ് പലപ്പോഴും അനിര്‍വചനീയമായ ജീവിത പ്രശ്നങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും നിയമ പാലകരുമായുള്ള സഹവാസം കഴിയുന്നതും ഒഴിവാക്കാനാണ് അക്കാലത്തൊക്കെ ഞാന്‍ ശ്രമിച്ചത്. ആ പതിവിനു അടുത്തിടെ മാറ്റം വന്നു. സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് ഒരു കാലത്തെ എന്‍റെ അടുത്ത സുഹൃത്ത് പോലീസിന് നല്‍കിയ പരാതിയാണ് അതിന് നിമിത്തമായതെന്ന് പറയാം. പ്രസ്തുത കേസാണ് ഈ കഥയില്‍ പരാമര്‍ശിക്കുന്നത്.

 

“മനൂ, ലോകത്തെവിടെ ചെന്നാലും നമ്മള്‍ തമ്മില്‍ ബന്ധമുണ്ടാകണം. ഇടയ്ക്കിടെ കാര്യങ്ങള്‍ അറിയാന്‍ വിളിക്കണം. ” ഒരിക്കല്‍ വീടിനടുത്തുള്ള ഭഗവതി ക്ഷേത്രത്തിന് മുന്നിലെ ആല്‍മര ചുവട്ടില്‍ വച്ച് സുബ്രമണ്യന്‍ പറഞ്ഞു. അന്ന് അദ്ദേഹത്തെ പരിചയപ്പെട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. പൊതുപ്രവര്‍ത്തകന്‍. നാല്പതിനടുത്ത് പ്രായം.

സിവില്‍ സര്‍വിസ് എടുക്കണം എന്നായിരുന്നു സുബ്രമണ്യന്‍റെ കുട്ടിക്കാലത്തെ ആഗ്രഹം. അച്ഛന്‍ പാലക്കാട് കളക്ടറുടെ ശിപായി ആയിരുന്നത് കൊണ്ട് അങ്ങനെയൊരു മോഹം അയാളില്‍ മുള പൊട്ടുക സ്വാഭാവികമാണല്ലോ. പക്ഷേ അച്ഛന്‍റെ പെട്ടെന്നുള്ള മരണം സുബ്രമണ്യനെ ജീവിത പ്രാരാബ്ധത്തിന്‍റെ പടുകുഴിയിലേക്ക് തള്ളി വിട്ടു. അമ്മയുടെയും വിവാഹ പ്രായമായ പെങ്ങള്‍മാരുടെയും കാര്യം സ്വന്തം ചുമലിലേറ്റിയ അയാള്‍ക്ക് പഠനം പാതി വഴിക്ക് അവസാനിപ്പിക്കേണ്ടി വന്നു.

“ഇക്കാലത്തിനിടയ്ക്ക് ഞാന്‍ ചെയ്യാത്ത ജോലികളൊന്നും ഇല്ല. പെയിന്‍റ് പണിക്കും സിനിമ പോസ്റ്റര്‍ ഒട്ടിക്കാനുമൊക്കെ പോയിട്ടുണ്ട്. തിരുപ്പൂരിലെ ഹോട്ടലുകളിലും മില്ലുകളിലുമൊക്കെയാണ് യൌവനത്തിന്‍റെ നല്ലൊരു പങ്കും ഞാന്‍ ചെലവിട്ടത്. എല്ലാം എന്‍റെ കൂടപ്പിറപ്പുകളെ ഒരു കരയ്ക്ക് എത്തിക്കണമല്ലോ എന്നോര്‍ത്ത് ചെയ്തതാണ്. ” അയാള്‍ മനസ് തുറന്നു.

ഭരണപക്ഷത്തെ ഒരു പ്രമുഖ പാര്‍ട്ടിയുടെ പ്രാദേശിക മുഖമാണ് ഇന്ന് അയാള്‍. പോരാത്തതിന് ഒരു വലിയ നേതാവിന്‍റെ സഹചാരിയും.

അന്ന് ഞാന്‍ ഒലവക്കോട് താമസം തുടങ്ങിയിട്ട് അധികം ദിവസമൊന്നുമായിട്ടില്ല. കോയമ്പത്തൂരില്‍ നിന്ന് താമസം മാറിയെത്തിയ ഞങ്ങളുടെ വീട്ടു സാമാനങ്ങള്‍ ഇറക്കാനായി അടുത്തുള്ള യൂണിയന്‍കാരാണ് ആദ്യമെത്തിയത്‌. അധികം വൈകാതെ അവരുടെ മാര്‍ഗ്ഗ നിര്‍ദേശകനായി സുബ്രമണ്യനും രംഗപ്രവേശനം ചെയ്തു. തൊഴിലാളികള്‍ ആവശ്യപ്പെട്ട ഭീമമായ തുക അയാള്‍ ഇടപെട്ട് കുറച്ചതോടെയാണ് പ്രദേശത്തെ ബഹുമാന്യനായ വ്യക്തിയാണ് സുബ്രമണ്യനെന്ന കാര്യം ഞാന്‍ മനസിലാക്കിയത്.

പിന്നീട് ഞങ്ങള്‍ പലപ്പോഴും കണ്ടു. വെറും പരിചയം അടുത്ത സൌഹൃദത്തിലേക്ക് വഴി മാറുകയും ചെയ്തു. ഞങ്ങള്‍ക്ക് ഏത് കാര്യത്തിനും സമീപിക്കാവുന്ന വ്യക്തിയായി അയാള്‍ മാറി.

Read പിച്ചാത്തി പരമുവിന്‍റെ കോടാലിപ്പിടി

ഞാന്‍ മുകളിലെത്തിയപ്പോള്‍ കൌണ്ടറിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥന്‍ ചോദ്യ രൂപത്തില്‍ എന്നെ നോക്കി. ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുമ്പേ കുറച്ചകലെയായി പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന സുബ്രഹ്മണ്യനെ കണ്ടു. ഞാന്‍ വരുന്നത് അയാള്‍ ദൂരെ നിന്ന് കണ്ടുവെന്ന് ആ മുഖഭാവത്തില്‍ നിന്ന് വ്യക്തമായി. കൂടെയുള്ള ചിലരെ എനിക്ക് നേരത്തെ അറിയാമെങ്കിലും ഒരു പരിചയഭാവം ആരിലും കാണാന്‍ സാധിച്ചില്ല.

പോലീസുകാരന്‍ നോക്കിയപ്പോള്‍ സുബ്രമണ്യന്‍ എന്തോ ആംഗ്യം കാണിച്ചു. അതോടെ എന്നെ തിരിച്ചറിഞ്ഞ മട്ടില്‍ അയാളൊന്നു ചിരിച്ചു.

“അപ്പോള്‍ ഇതാണല്ലേ പ്രതി ? ” അയാള്‍ കസേരയില്‍ നിന്നെഴുന്നേറ്റ്‌ എന്‍റെ അടുത്തേക്ക് വന്നു. കെ. രാമകൃഷ്ണന്‍ എന്ന് അയാളുടെ യൂണിഫോമിന്‍റെ ബാഡ്ജില്‍ എഴുതിയത് പെട്ടെന്ന് എന്‍റെ കണ്ണിലുടക്കി.

“കണ്ടാല്‍ നീ പാവമാണെന്ന് തോന്നുമല്ലോ. കയ്യിലിരുപ്പ് ഇങ്ങനെയാണെന്ന് പറയത്തേയില്ല. അല്ലേ, ജോസേട്ടാ ? ” – എന്നെ അടിമുടി നോക്കിയതിന് ശേഷം അയാള്‍ അടുത്ത സീറ്റിലിരുന്ന് ധൃതിയില്‍ എന്തോ എഴുതുകയായിരുന്ന പ്രായം ചെന്ന പോലീസുകാരനോട് ചോദിച്ചു. ജോസ് എന്ന ആ ഉദ്യോഗസ്ഥന്‍ എന്നെ ഒന്നു നോക്കി, രാമകൃഷ്ണന്‍റെ വാക്കുകള്‍ സമര്‍ഥിക്കുന്ന മട്ടില്‍ തലയാട്ടിയതിനു ശേഷം വീണ്ടും സ്വന്തം ജോലിയിലേക്ക് മുഖം പൂഴ്ത്തി.

നേരത്തെ കണ്ട വയോധികന്‍ സിവില്‍ പോലിസ് ഓഫിസറുടെ മുറിയില്‍ ഇരിക്കുന്നത് കണ്ടു. അടുത്ത് ഒരു ചെറുപ്പക്കാരനുമുണ്ട്. മുഖ സാമ്യത്തില്‍ നിന്ന് വൃദ്ധന്‍റെ മകനായിരിക്കുമെന്ന് എനിക്ക് തോന്നി. അയാള്‍ അച്ഛന്‍റെ കുറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ് മുന്നിലുള്ള ഉദ്യോഗസ്ഥനുമായി തര്‍ക്കിക്കുകയാണ്. വൃദ്ധന്‍ മുഖം കുനിച്ച് ഇരിക്കുന്നതല്ലാതെ മറുത്തൊന്നും പറയുന്നില്ല. വാര്‍ദ്ധക്യത്തില്‍ കയ്യൊഴിഞ്ഞ മകനെതിരെ പരാതിയുമായി വന്ന മറ്റൊരു അച്ഛനായിരിക്കാം അത്. ഇരുവരുടെയും ശരീര ചലനങ്ങളും ഇടയ്ക്കിടെ ഉതിര്‍ന്നു വീണ വാക്കുകളും എന്‍റെ സംശയം ഊട്ടിയുറപ്പിച്ചു.

“നീ ചെല്ല്, അകത്ത് റഫീക്ക് സാര്‍ കാത്തിരിക്കുകയാണ്. ഇത് കഴിഞ്ഞിട്ട് വേണം വില്ലേജ് ഓഫിസ് പിക്കറ്റ് ചെയ്യാന്‍ വരുന്ന മറ്റവന്മാരെ കാണാന്‍ പോകാന്‍……………… ” – അകത്ത് പോയി മടങ്ങി വന്ന രാമകൃഷ്ണന്‍ പറഞ്ഞു. അവസാനം പറഞ്ഞതില്‍ ദ്വയാര്‍ത്ഥമുണ്ടെന്ന് എനിക്ക് തോന്നി.

സുബ്രമണ്യന് എല്ലായിടത്തും നല്ല സ്വാധീനമുണ്ടെന്ന് എനിക്ക് നേരത്തെ അറിയാം. തിരുപ്പൂരില്‍ നിന്ന് വന്നതിനു ശേഷം പാലക്കാട് പലയിടത്തും ജോലി ചെയ്ത അദ്ദേഹം ഏകദേശം ഒരു പതിറ്റാണ്ട് മുമ്പാണ് മുഴുവന്‍ സമയ പൊതു പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. അയാളുടെ പേര് പറഞ്ഞാല്‍ നാട്ടില്‍ ഒട്ടുമിക്ക കാര്യവും സാധിക്കും. പക്ഷേ അതുവഴി സാമ്പത്തിക നേട്ടമൊന്നും ഉണ്ടാക്കാന്‍ അയാള്‍ ശ്രമിച്ചില്ല എന്നത് പ്രത്യേകം പറയണം. അവിവാഹിതന്‍. ഓടിട്ട പഴയ വീട്ടിലാണ് ഇപ്പോഴും താമസിക്കുന്നത്.

“നിങ്ങള്‍ അദ്ദേഹം വിളിക്കുമ്പോള്‍ പോയാല്‍ മതി. കാര്യങ്ങളൊക്കെ അവിടെ അറിയാമല്ലോ. “- ഞാന്‍ എസ്. ഐയുടെ റൂമിന് നേരെ നടക്കുമ്പോള്‍ രാമകൃഷ്ണന്‍ സുബ്രമണ്യനെ നോക്കി പറയുന്നത് പിന്നില്‍ നിന്ന് കേട്ടു.

ജോലി സംബന്ധമായ ഒരു ആവശ്യത്തിനായി രണ്ടു വര്‍ഷം മുമ്പാണ് ഞാന്‍ സുബ്രമണ്യനില്‍ നിന്ന് പണം കടം വാങ്ങിയത്. മുപ്പതിനായിരം രൂപ. ഒരു കമ്പനിക്ക് നല്‍കേണ്ട ഡിപ്പോസിറ്റ് തുകയില്‍ അത്രയും രൂപയുടെ കുറവ് വന്നപ്പോള്‍ അയാള്‍ സഹായിക്കാന്‍ തയ്യാറായി സ്വമേധയാ മുന്നോട്ട് വരുകയായിരുന്നു. പക്ഷേ ജോലി ശരിയായില്ല. എന്നാല്‍ കടക്കാരനാകുകയും ചെയ്തു. മറ്റൊരു ആവശ്യത്തിന് വച്ചിരുന്ന തുക രണ്ടു മാസത്തേക്കെടുത്ത് മറിച്ചാണ് സുബ്രമണ്യന്‍ എനിക്ക് തന്നതെന്ന് പിന്നീടറിഞ്ഞു.

പാര്‍ക്കിന്‍സണ്‍സ് ബാധിച്ച എന്‍റെ പിതാവ് മരണപ്പെട്ടത് അടുത്തിടെയാണ്. അദ്ദേഹത്തിന്‍റെ ചികിത്സാര്‍ത്ഥം വാങ്ങിയ ഭീമമായ കടത്തിന്‍റെ ഭാരം കൂടി വന്നപ്പോള്‍ ഞാന്‍ പലര്‍ക്കും പണം തിരിച്ചു കൊടുക്കാമെന്നേറ്റ തിയതികള്‍ തെറ്റി. മുതലും പലിശയും എന്‍റെ തലയ്ക്ക് മുകളില്‍ വളര്‍ന്നു. കടക്കാര്‍ പലപ്പോഴും എന്‍റെ വീട്ടിലെ നിത്യ സന്ദര്‍ശകരായി.

ബാങ്കിലെ വലിയ ഒരു കടബാധ്യതയുടെ പേരില്‍ സുബ്രമണ്യനും ഇതിനിടയില്‍ ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചു. വീടും സ്ഥലവും നഷ്ടപ്പെടുമെന്ന നിലയില്‍ വരെയെത്തി കാര്യങ്ങള്‍. ഇടയ്ക്ക് കുറച്ചു നാള്‍ അയാളെ കണ്ടതേയില്ല. ബാങ്കുമായി നടക്കുന്ന കേസില്‍ അറസ്റ്റ് വാറന്‍റ് വന്നതുകൊണ്ട് മാറി നില്‍ക്കുകയാണെന്ന് ആരോ പറഞ്ഞു കേട്ടു.

എസ്.ഐയുടെ മുറിയുടെ വാതില്‍ തുറന്ന് കിടന്നിരുന്നു. പരുക്കന്‍ മുഖഭാവം. കട്ടി മീശ. കയ്യിലുള്ള സ്മാര്‍ട്ട് ഫോണില്‍ അയാള്‍ കാര്യമായി എന്തോ നോക്കുകയാണ്.

“സര്‍, സുബ്രമണ്യന്‍ തന്ന പരാതിയിലെ ആള്‍ ഇതാണ് “- എന്‍റെ കൂടെ വന്ന രാമകൃഷ്ണന്‍ ഭവ്യതയോടെ പറഞ്ഞിട്ട് പുറത്തേയ്ക്ക് പോയി.

എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് എസ്.ഐ ഫോണ്‍ താഴെ വച്ചു. ഇയാളെക്കുറിച്ച് പത്രത്തില്‍ പലപ്പോഴും വായിച്ചിട്ടുണ്ടെങ്കിലും നേരില്‍ കാണുന്നത് ആദ്യമായിട്ടാണല്ലോ എന്ന് ഞാനോര്‍ത്തു. ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രകടനത്തിന് നേരെ പ്രകോപനമൊന്നും കൂടാതെ കയ്യേറ്റം നടത്തിയാണ് അദ്ദേഹം അടുത്ത കാലത്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. സമാനമായ നിരവധി സംഭവങ്ങളുടെ പേരില്‍ എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും ഭരണകക്ഷിയുടെ ശക്തമായ പിന്തുണയുള്ളതുകൊണ്ട് ഒന്നും സംഭവിച്ചില്ല.

“എന്താ നിന്‍റെ പേര് ? ” – റഫീക്ക് അഹമ്മദ് ചോദിച്ചു.

ഞാന്‍ പേര് പറഞ്ഞു.

സിനിമയിലെ വില്ലന്‍ പോലിസ് ഓഫിസറുടെ മുന്നില്‍ പെട്ട ഒരു പാവം കോളേജ് വിദ്യാര്‍ഥിയുടെ അവസ്ഥയിലായി ഞാന്‍. ഏതാണ് എന്നില്‍ കൂടുതല്‍ ഭയം വിതച്ചത് ? റഫീക്ക് അഹമ്മദിന്‍റെ ഭീകര രൂപമാണോ, അതോ അവിടത്തെ അന്തരീക്ഷമോ ? അറിയില്ല. ഞാന്‍ ആദ്യമായിട്ടാണല്ലോ ഒരു പോലിസ് സ്റ്റേഷനില്‍ കയറുന്നത്. അതും ഒരു സഹായി പോലുമില്ലാതെ.

“നീ ഈ പറഞ്ഞ സുബ്രമണ്യന്‍റെ കയ്യില്‍ നിന്ന് പണം കടം വാങ്ങിയിട്ടുണ്ടോ ? “- സീറ്റില്‍ ചാരിയിരുന്നുകൊണ്ട് അദ്ദേഹം അലസമായി ചോദിച്ചു.

“ഉവ്വ്”

“എത്ര ?”

“മുപ്പതിനായിരം”

“എത്ര നാളായി വാങ്ങിയിട്ട് ? ” – വാക്കുകള്‍ക്ക് ഒരു മയവുമില്ല. ഇടയ്ക്ക് മൊബൈല്‍ ശബ്ദിച്ചപ്പോള്‍ നമ്പര്‍ നോക്കിയതിന് ശേഷം അദ്ദേഹം കട്ട് ചെയ്തു.

“രണ്ടു വര്‍ഷത്തോളമായി “- ഞാന്‍ പറഞ്ഞു.

“എന്നിട്ട് തിരിച്ചു കൊടുത്തില്ലേ ? ”

“ഇല്ല, കുറച്ചു ബുദ്ധിമുട്ടിലാണ്. ഞാന്‍ അത് അദ്ദേഹത്തോട് പറഞ്ഞിരുന്നു. ” – ഞാന്‍ വിനയാന്വീതനായി പറഞ്ഞു.

“അതോ, എല്ലാം വെറുതെ കിട്ടിയതാണെന്ന് വിചാരിച്ചോ ? ” – കുറച്ച്  ശബ്ധമുയര്‍ത്തിക്കൊണ്ട് എസ്.ഐ ചോദിച്ചു. ആ വാക്കുകളിലെ പരിഹാസവും ധാര്‍ഷ്ട്യവും തിരിച്ചറിഞ്ഞ ഞാന്‍ വല്ലാതെയായി.

മറുപടിയൊന്നും പറയാത്തത് കണ്ട് അദ്ദേഹം പുരികം വളച്ച് ചോദ്യഭാവത്തില്‍ വീണ്ടും എന്നെ നോക്കി. ഫോണ്‍ വീണ്ടും വൈബ്രേറ്റ്‌ ചെയ്യുന്നത് കണ്ടപ്പോള്‍ റഫീക്ക് കാള്‍ ബട്ടണില്‍ പ്രസ് ചെയ്തുകൊണ്ട് ചെവിയോടു ചേര്‍ത്തു.

“എന്താടീ ? ” – പതുക്കെയാണ് ചോദിച്ചതെങ്കിലും ആ വാക്ക് കേട്ടപ്പോള്‍, ഫോണ്‍ വീട്ടില്‍ നിന്നായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. മറുവശത്തെ പ്രതികരണത്തില്‍ നിന്ന് വിഷയം ഗൌരവമുള്ളതാണെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും. എന്നോട് പുറത്തേയ്ക്ക് മാറി നില്‍ക്കാന്‍ അദ്ദേഹം ആംഗ്യം കാണിച്ചു. ഞാന്‍ പുറത്ത് വരാന്തയിലേക്ക് നടന്നു.

“പണമോ എന്തിന് ? ” ഫോണിലേക്ക് ശ്രദ്ധ തിരിച്ച റഫീക്ക് ഭാര്യയോടു ചോദിച്ചു. ഭീമന്‍ രഘുവിന് സമാനമായ ശബ്ധമായത് കൊണ്ട് സ്വല്‍പ്പം ചെവിയോര്‍ത്താല്‍ പറയുന്നതെല്ലാം വ്യക്തമായി കേള്‍ക്കാം. മറ്റുള്ളവരുടെ കാര്യങ്ങള്‍ അറിയാന്‍ നമ്മള്‍ മലയാളികള്‍ക്ക് പൊതുവേ താല്പര്യം കൂടുതലാണല്ലോ. ഏത് ? അതുകൊണ്ട് വാതില്‍ക്കല്‍ നിന്ന് മാറാന്‍ പെട്ടെന്ന് എനിക്ക് തോന്നിയില്ല.

“കാര്യമൊക്കെ ശരി, നിന്‍റെ അപ്പനാണ്. പക്ഷേ ചോദിക്കുമ്പോ ചോദിക്കുമ്പോ എടുത്തു തരാന്‍ ഞാന്‍ പണം കായ്ക്കുന്ന മരമൊന്നും വീട്ടില്‍ വച്ചിട്ടില്ല എന്ന് പറഞ്ഞേക്ക്. ഒരോരുത്തന്മാരോട് ഇരന്നും കൈ നീട്ടിയുമൊക്കെ ഇക്കാണുന്നത് തന്നെ ഉണ്ടാക്കാന്‍ പെടുന്ന പാട് എനിക്കറിയാം. ” – വാതില്‍ക്കലേക്ക് നോക്കി, സ്വരം താഴ്ത്തി എസ്.ഐ പറഞ്ഞു.

“അതൊക്കെ വൈകുന്നേരം ഞാന്‍ വീട്ടില്‍ വന്നിട്ട് സംസാരിക്കാം. പിന്നെ പഴയ കേസും കുത്തിപ്പൊക്കി എന്നെ വീണ്ടും ബ്ലാക്ക് മെയില്‍ ചെയ്യാനാണ് പുറപ്പാടെങ്കില്‍, അന്ന് എല്ലാം കണ്ടു പേടിച്ച്  നിന്‍റെ കഴുത്തില്‍ താലി കെട്ടിയ സര്‍വീസിലെ പുതുമോടിക്കാരനല്ല ഇപ്പോള്‍ കൂടെയുള്ളതെന്ന് ഒന്നു പറഞ്ഞു മനസിലാക്കി കൊടുക്ക്. കൂടുതല്‍ കളിച്ചാല്‍ അയാളെയും ഏതെങ്കിലും കേസില്‍ കുടുക്കി അകത്തിടും ഞാന്‍. ” – റഫീക്ക് കാള്‍ കട്ട് ചെയ്തെന്ന് മനസിലായപ്പോള്‍ ഞാന്‍ വാതിലിന്‍റെ അടുത്തു നിന്ന് മാറി നിന്നു.

ജനലില്‍ കൂടി പുറംകാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്ന എന്നെ അകത്തേയ്ക്ക് വിളിക്കുന്നുവെന്ന് ഒരു പോലീസുകാരന്‍ വന്നു പറഞ്ഞപ്പോഴാണ് ഞാന്‍ തിരിച്ചു വന്നത്.

 

“എന്താ, കടം വാങ്ങിയാല്‍ തിരിച്ചു കൊടുക്കണമെന്ന് അറിയില്ലേ ? അതോ വെറുതെ കിട്ടിയതാണെന്ന് വിചാരിച്ചോ ? “- എന്നെ കണ്ടപ്പോള്‍ അയാള്‍ പഴയ ചോദ്യം ആവര്‍ത്തിച്ചു. നേരത്തേതില്‍ നിന്ന് വ്യത്യസ്ഥമായി, അപ്പോള്‍ എനിക്ക് വലിയ പേടിയൊന്നും തോന്നിയില്ല. അറിയാതെയാണെങ്കിലും ഒരു ചിരി മുഖത്ത് വരുന്നുണ്ടോയെന്നു സംശയം തോന്നിയപ്പോള്‍ തന്നെ ഞാനത് നിയന്ത്രിച്ചു. അല്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും.

വേലി തന്നെ വിളവ്‌ തിന്നുന്ന നാട്ടില്‍ ഇതും ഇതിനപ്പുറവും നടക്കുമെന്നാണ് അടുത്ത കാലത്ത് നിയമപാലനവുമായി ബന്ധപ്പെട്ട ചില പത്ര വാര്‍ത്തകള്‍ കൂടി തദവസരത്തില്‍ മനസിലേക്ക് വന്നപ്പോള്‍ എനിക്ക് തോന്നിയത്. ഇത് സുബ്രമണ്യപുരം ദേശത്തെ മാത്രമല്ല നമ്മുടെ രാജ്യത്തിലെ പോലിസ് സ്റ്റേഷനുള്ളതും ഇല്ലാത്തതുമായ ഏതൊരു നാട്ടിലെയും നേര്‍ക്കാഴ്ചയാണ്‌.

 The End

 

 

Leave a Comment

Your email address will not be published. Required fields are marked *