പാരീസ് യാത്ര

പാരീസ് യാത്ര 1

       പാരിസ് എന്നത് ചെന്നെയിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ്.ഏതു തരം സാധനങ്ങളുടെയും ഡ്യൂപ്ലിക്കേറ്റ് വില കുറച്ചു ലഭിക്കുന്ന സ്ഥലം. ഒരു അവധി ദിവസം ഞാന്‍ പാരീസില്‍ കറങ്ങാന്‍ പോയി. അന്ന് ഞാന്‍ താമസിക്കുന്നത് കൊരട്ടൂര്‍ എന്ന സ്ഥലത്താണ്. പാരീസില്‍ നിന്ന് ഏകദേശം അര മണിക്കൂര്‍ ബസ്‌ യാത്രയുണ്ട്.

അത്യാവശ്യം ഷോപ്പിംഗ് കഴിഞ്ഞ്,ഞാന്‍ തിരിച്ചു പോകാനായി ബസ് സ്റ്റാന്‍റിലെത്തി.തിരിച്ചു പോകാനായി ഏതു ബസ്സിലാണ് കയറേണ്ടതെന്ന് എനിക്ക് ശരിക്കറിയില്ല. ഞാന്‍ ചെന്നെയില്‍വന്നിട്ട് കുറച്ചു ദിവസ്സമേ ആയിട്ടുള്ളൂ. കുറച്ചു കഴിഞ്ഞപ്പോള്‍, റെഡ് ഹില്‍സ് എന്ന ബോര്‍ഡ് വെച്ച ഒരു ബസ് വരുന്നത് കണ്ടു. റെഡ് ഹില്‍സില്‍ നിന്നു വരുന്ന ബസ് ഞാന്‍ താമസിക്കുന്ന സ്ഥലത്ത് കൂടി പോകുന്നത് ഞാന്‍ പല തവണ കണ്ടിട്ടുണ്ട്. ആ ധൈര്യത്തില്‍ ഞാന്‍ അതില്‍ കയറി.

           ടിക്കറ്റ് എടുക്കുമ്പോള്‍ ഞാന്‍ കണ്ടക്ട്ടറോട് എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പിന്‍റെ പേര് പറഞ്ഞു: ശെന്തില്‍ നഗര്‍…………

അയാള്‍ തിരിച്ച് എന്നോടു ചോദിച്ചു: കൊളത്തൂര്‍ ?

അടുത്തടുത്ത സ്ഥലങ്ങളാണ് രണ്ടും. അതുകൊണ്ട് ശരി എന്ന് പറഞ്ഞു ഞാന്‍ ടിക്കറ്റ് എടുത്തു.എന്നിട്ട് പുറംകാഴ്ചകളൊക്കെ നോക്കി ഇരുന്നു.

സമയം കുറെ കടന്നു പോയി. നേരം ഇരുളാന്‍ തുടങ്ങി. അപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്, എനിക്ക് പരിചയമുള്ള സ്ഥലങ്ങളിലൂടെയൊന്നുമല്ല ബസ് പോകുന്നത്. ഏതൊക്കെയോ കുഗ്രാമങ്ങള്‍! ആകപ്പാടെ പൊടി പിടിച്ച ചേരി പ്രദേശങ്ങള്‍! എവിടെ നോക്കിയാലും വൈക്കോല്‍ മേഞ്ഞ കുടിലുകള്‍ മാത്രം. തനി പ്രാകൃതവര്‍ഗ്ഗക്കാര്‍ എന്നു തോന്നിപ്പിക്കുന്ന ആളുകള്‍. ചെന്നൈ നഗരത്തില്‍ തന്നെയാണോ ഈ സ്ഥലം എന്നു തോന്നിപ്പോയി. തമിഴ് സിനിമകളില്‍ പോലും ഞാന്‍ അങ്ങനെയുള്ള സ്ഥലങ്ങള്‍ കണ്ടിട്ടില്ല. ഈശ്വരാ!!!ഞാന്‍ അറിയാതെ വിളിച്ചു. കാരണം ഞാന്‍ താമസിക്കുന്നത് സിറ്റിക്കകത്താണ്. ഇതുപക്ഷേ ഏതോ കുഗ്രാമവും.ഞാന്‍ ഉദേശിച്ച ബസ് റൂട്ട് അല്ല.

ബസ് കാലിയാകാന്‍ തുടങ്ങി. അതിന്‍റെ അവസാന സ്റ്റോപ്പ് അടുത്തു എന്നെനിക്കു മനസ്സിലായി.പക്ഷെ കണ്ടക്ടറോട് ചോദിക്കാന്‍ എനിക്ക് ധൈര്യം തോന്നിയില്ല.കാരണം   എടുത്ത ടിക്കറ്റ് വെച്ച് ഞാന്‍ ഇറങ്ങേണ്ട സ്റ്റോപ്പ് പണ്ടേ കഴിഞ്ഞു. നേരത്തെ ഇറങ്ങിയില്ല എന്നു പറഞ്ഞ് അയാള്‍ വഴക്കിടുമോ എന്നാണ് ഞാന്‍ അപ്പോള്‍ സംശയിച്ചത്.അവസാനം രണ്ടും കല്‍പ്പിച്ച് ഞാന്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി. അപ്പോഴേക്കും നേരം നന്നേ ഇരുട്ടിയിരുന്നു.

താരതമ്യേന തിരക്ക് കുറഞ്ഞ ജങ്ക്ഷന്‍. ഒന്ന് രണ്ടു കടകളുണ്ട് .അവിടവിടെ ബസ്സും ഷെയര്‍ ഓട്ടോയും കാത്തു നില്‍ക്കുന്ന കുറച്ചാളുകള്‍ മാത്രം. പക്ഷേ ഏറെ നേരം അവിടെ കാത്തു നിന്നെങ്കിലും വാഹനങ്ങളൊന്നും കണ്ടില്ല. അവിടെ നില്‍ക്കുന്നവരെ കണ്ടാല്‍ തന്നെ അറിയാം,തനി തമിഴന്മാരാണ്. എനിക്കാണെങ്കില്‍ തുടക്കക്കാരനായതു കൊണ്ട് അന്ന്‍ തമിഴ് ഒട്ടും വശമില്ല. ഒരു അന്യഗൃഹ ജീവിയെ കണ്ടതു പോലെ അവരെല്ലാം എന്നെ തുറിച്ചു നോക്കാന്‍ തുടങ്ങി. എനിക്കും ഉള്ളില്‍ ചെറിയ ഒരു ഭയം തോന്നി തുടങ്ങി.

Read  സൈക്കോ കില്ലര്‍

       കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഷെയര്‍ ഓട്ടോ വന്നു നിന്നു. ഭാഗ്യം ! ഞാന്‍ ഓടി ചെന്നു.സാധാരണ യാത്രക്കാരെ നിര്‍ബന്ധിച്ച് കാന്‍വാസ് ചെയ്തു കൊണ്ട് പോകുന്നതാണ് ഷെയര്‍ ഓട്ടോകളുടെ പതിവ്. പക്ഷെ ഞാന്‍ ചെന്ന് സ്ഥലപ്പേരു പറഞ്ഞിട്ടും ഡ്രൈവര്‍ ശ്രദ്ധിച്ചതെയില്ല. അയാളുടെ മുഖഭാവത്തില്‍ നിന്ന് എന്‍റെ സ്ഥലം അയാള്‍ക്ക്‌ അപരിചിതമാണെന്ന് എനിക്കു മനസ്സിലായി.

പിന്നീടും എന്‍റെ അനുഭവം അതുതന്നെയായിരുന്നു. ഞാന്‍ പറഞ്ഞ സ്ഥലം ഏതെന്ന്‍ തുടര്‍ന്നു വന്ന ഓട്ടോക്കാര്‍ക്കും അവിടെ കൂടി നിന്നവര്‍ക്കും മനസിലായില്ല. എന്‍റെ വീടിന്‍റെ അടുത്ത് ടി.വി.എസ് കമ്പനിയും എയര്‍ഫോഴ്സിന്‍റെ പരിശീലന കേന്ദ്രവും മറ്റ് ചില ഫാക്ടറികളുമുണ്ട്.അവയുടെയൊക്കെ പേര് ഞാന്‍ പറഞ്ഞിട്ടും അവരെല്ലാം ഒന്നും മനസിലാകാത്ത മട്ടില്‍ എന്നെ തുറിച്ചു നോക്കി.

ഇതെവിടെയാണ്,എത്ര കിലോമീറ്ററുകള്‍ക്കപ്പുറത്താണ് എത്തിപ്പെട്ടതെന്നു എനിക്ക് തന്നെ സംശയം തോന്നി. അവര്‍ സംസാരിക്കുന്ന തമിഴ് എനിക്ക് പരിചയമുള്ളതല്ല. കുഗ്രാമങ്ങളില്‍ സംസാരിക്കുന്നത് കാടന്‍ തമിഴാണെന്നും അത് നമ്മള്‍ സാധാരണ കേള്‍ക്കുന്ന തമിഴില്‍ നിന്ന്‍ വ്യത്യസ്തമാണെന്നും ഞാന്‍ മുമ്പെവിടെയോ വായിച്ചത് എനിക്കപ്പോള്‍ ഓര്‍മ വന്നു.

ഞാന്‍ ചില തമിഴ് സുഹൃത്തുക്കളെ വിളിച്ചെങ്കിലും അവരെല്ലാം മറുനാട്ടുകാരായതു കൊണ്ട് അവിടത്തെ സ്ഥലങ്ങളൊന്നും വലിയ പിടിയില്ല.അവരും എന്നെ പോലെ   അവിടെ എത്തിയിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. കുറെ നേരം കൂടി കഴിഞ്ഞു. ഒരു ഷെയര്‍ ഓട്ടോ കൂടി വന്നു നിന്നു. ആള്‍ കുറവാണ്. ഞാന്‍ പതിവു പോലെ ഡ്രൈവറോട് സ്ഥലം പറഞ്ഞു. എല്ലാവരും കേറിയതിനു ശേഷം അവസാനം കേറാന്‍ എന്നോടയാള്‍ പറഞ്ഞു.

ഹോ !! ആശ്വാസമായി……………. ഞാന്‍ സന്തോഷത്തോടെ ആ ഓട്ടോയില്‍ കയറി.

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കാട്ടു പ്രദേശത്ത് ഓട്ടോ നിന്നു. എങ്ങും വെളിച്ചമില്ല.പരിസരത്തൊന്നും ആളുകളുമില്ല.ഞാന്‍ ചുറ്റും നോക്കി. യാതൊരു പരിചയവുമില്ല.എന്തിനാണ് ഡ്രൈവര്‍ അവിടെ നിര്‍ത്തിയതെന്ന് ഞാന്‍ ഒരു നിമിഷം ആലോചിച്ചു.

ശബരിമല മകരവിളക്ക് കത്തുന്നത് പോലെ ദൂരെ എവിടെയോ ഒരു വെളിച്ചം കണ്ടു അത് ചൂണ്ടിക്കൊണ്ട് ഡ്രൈവര്‍ എന്നോട് തമിഴില്‍ പറഞ്ഞു:

അതാണ് നിങ്ങള്‍ പറഞ്ഞ സ്ഥലം.ഒന്നര കിലോമീറ്ററുണ്ട്.നേരെ വിട്ടോ…………അതിലെ ഓട്ടോ പോകില്ല. സൂക്ഷിക്കണം, ചിലപ്പോള്‍ വഴിയില്‍           ഏതെങ്കിലും മൃഗങ്ങളുണ്ടാവും.

എന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറി ശെന്തില്‍നഗര്‍ എന്ന അതേ പേരില്‍ ഈ കുഗ്രാമത്തിലും ഒരു സ്ഥലമുണ്ടായിരുന്നു എന്ന്‍ അപ്പോഴാണ് ഞാന്‍ അറിഞ്ഞത്. ഇതിലും ഭേദം പഴയ സ്ഥലത്ത് തന്നെ നില്‍ക്കുന്നതായിരുന്നു എന്നെനിക്കു തോന്നി.

ഞാന്‍ ഇറങ്ങാന്‍ വേണ്ടി അക്ഷമയോടെ ഇരിക്കുകയാണ് എല്ലാവരും. പക്ഷെ ഇറങ്ങിയാല്‍ പിന്നെ എന്‍റെ പൊടി പോലും കിട്ടില്ലെന്ന് എനിക്കു മനസ്സിലായി. അത്രമാത്രം വിജനവും ഭീകരവുമാണ് ആ സ്ഥലം.

അതുകൊണ്ട് ഞാന്‍ ഡ്രൈവറോട് പറഞ്ഞു: എനിക്ക് ഇവിടെയല്ല ഇറങ്ങേണ്ടത്. അത് വേറൊരു ശെന്തില്‍നഗര്‍ ആണ്.

കറുത്തു തടിച്ച ഒരു കട്ടി മീശക്കാരന്‍. മൊത്തത്തില്‍ ഒരു ഗുണ്ടയുടെ രൂപവുംഭാവവും. അതാണ് അയാളെ കണ്ടപ്പോള്‍ എനിക്ക് തോന്നിയത്.ദേഷ്യം വന്ന്‍ അയാളുടെ മുഖഭാവം മാറുന്നത് ഞാന്‍ കണ്ടു.

ഇവിടെ ഒരേ ഒരു ശെന്തില്‍ നഗറെ ഉള്ളൂ. അതിതാണ്. നിങ്ങള്‍ ഇവിടെ തന്നെ ഇറങ്ങണം. വെറുതെ എന്നെ മിനക്കെടുത്തരുത്.

Read  സ്കൂള്‍ ഡയറി

   അങ്ങനെ പറഞ്ഞ് അയാള്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്നിറങ്ങി എന്‍റെയടുത്ത് ഇടതുവശത്ത് വന്നു നിന്നു. അത് എന്നെ പിടിച്ചിറക്കാനാണെന്ന് എനിക്കു മനസിലായെങ്കിലും ഞാന്‍ ഇറങ്ങാന്‍ കൂട്ടാക്കിയില്ല.
എനിക്ക് ഈ സ്ഥലം പരിചയമില്ല. നിങ്ങള്‍ പാഡി വഴിയാണോ പോകുന്നത് ? എങ്കില്‍ ഞാന്‍ അവിടെ ഇറങ്ങിക്കോളാം……………..: ഞാന്‍ കുറെ കൂടി   താഴ്മയോടെ പറഞ്ഞു. അത് കേട്ടിട്ടോ,അതോ മലയാളിയായ എനിക്ക് ആ കുഗ്രാമത്തില്‍ പരിചയക്കാരുണ്ടാവില്ല എന്നു തോന്നിയിട്ടോ അയാളുടെ മനസ്സൊന്നലിഞ്ഞു. ഒന്നമര്‍ത്തി മൂളിക്കൊണ്ട് അയാള്‍ വീണ്ടും ഓട്ടോയില്‍ കയറി.

ഞാനും ഡ്രൈവറും തമ്മിലുള്ള സംഭാഷണമെല്ലാം കണ്ടു കൊണ്ട് കൌതുകത്തോടെയും എന്നാല്‍ നിശബ്ദരായും ഇരിക്കുകയാണ് മറ്റു യാത്രക്കാരെല്ലാം.എത്രയും പെട്ടെന്ന് വീടെത്തണം എന്ന ചിന്തയിലാണ് എല്ലാവരുമെന്ന് എനിക്കു തോന്നി. ഞാന്‍ വാച്ചില്‍ സമയം നോക്കി. എട്ടു മണിയാകുന്നു. മൊബൈല്‍ നോക്കിയപ്പോള്‍ കവറേജ് ഇല്ലാത്ത സ്ഥലങ്ങളില്‍ കൂടിയാണ് ഓട്ടോ പോകുന്നതെന്ന് മനസിലായി. ഇടക്ക് വെളിച്ചമുള്ള ചില സ്ഥലങ്ങളില്‍ എത്തിയപ്പോള്‍ ഒന്നു രണ്ടു പേര്‍ ഇറങ്ങിപ്പോയി. അവിടെയൊക്കെ ചില ഒറ്റപ്പെട്ട വീടുകള്‍ കണ്ടു.

ഓട്ടോ പിന്നെയും കുറെ ദൂരം ഓടിക്കൊണ്ടിരുന്നു………….. പല പല സ്ഥലങ്ങള്‍ കടന്നു പോയി. ഇരുട്ടായത് കൊണ്ട് ഒന്നും വ്യക്തമായില്ല. ചെന്നൈ മഹാനഗരത്തില്‍ ഇങ്ങനെയും സ്ഥലങ്ങളുണ്ടോ എന്നു തോന്നിപ്പോയി.

അവസാനം ദൂരെ വെളിച്ചം കണ്ടു. അത് എന്‍റെ കമ്പനിയുടെ അടുത്തുള്ള ഒരു ഫാക്ടറി കെട്ടിടവും ചുറ്റുമുള്ള തിരക്കേറിയ റോഡുമായിരുന്നു.അപ്പോഴാണ് എന്‍റെ ശ്വാസം നേരെ വീണത്‌………..
പരിചയമുള്ള സ്ഥലം. പരിചയമുള്ള ആള്‍ക്കാര്‍. പരിചിതമായ വഴികള്‍.
ഞാന്‍ അവിടെയിറങ്ങി. ആ പഴഞ്ചന്‍ ഡീസല്‍ ഓട്ടോയും അതിന്‍റെ കറുത്തുരുണ്ട സാരഥിയും എന്നെ വിട്ട് വീണ്ടും യാത്ര തുടര്‍ന്നു. ഞാനോ ഒരിക്കലും മറക്കാത്ത പാരിസ് യാത്രയും കഴിഞ്ഞ് വീട്ടിലേക്കും നടന്നു……………

 

The End

12 thoughts on “പാരീസ് യാത്ര”

  1. ചെന്നൈയിൽ പാരീസ് ഇല്ല. ഉള്ളത് പാരീസ് കോർണർ (Parry’s corner) ആണു. NSC Bose റോഡിന്റെ അവസാനം നോർത്ത് ബീച്ച് റോഡിൽ സന്ധിക്കുന്ന ആ കോർണറിൽ പാരി കമ്പനിയുടെ ഓഫീസ് കെട്ടിടം ഉണ്ട്. അത്കൊണ്ട് ആ സ്ഥലത്തിനു പാരീസ് കോർണർ എന്ന് പറഞ്ഞുവരുന്നു 🙂

    1. സര്‍,
      ശരിയാണ്. പക്ഷേ അത് പാരിസ് എന്നു തന്നെയാണ് അറിയപ്പെടുന്നത്. പാരിസ് കോര്‍ണര്‍ എന്നു പറഞ്ഞാല്‍ ആരും അറിയില്ല. ബസ്സിന്‍റെ ബോര്‍ഡില്‍ പോലും പാരിസ് എന്നാണ് പറയുക. നന്ദി, അഭിപ്രായം പറഞ്ഞതിന്…………

  2. നിങ്ങൾ ബസ്‌സ്റ്റേഷനിൽ ഏതെങ്കിലും ബസ് ജീവനക്കാരോട് ചോദിച്ചിരുന്നെങ്കിൽ ബസ് നമ്പർ കിട്ടുമായിരുന്നു..എന്ന് മാത്രവുമല്ല നിങ്ങൾ കയറിയ ബസിലെ കണ്ടക്ടർ കൊളത്തൂർ ടിക്കറ്റ് തരികയും ചെയ്തു..പിന്നെന്തിനു ഇടയ്ക്ക് ഇറങ്ങി? അയാളോട് പറഞ്ഞിരുന്നെങ്കിൽ കൃത്യമായും കൊളത്തൂർ ഇറക്കി വിടൂമായിരുന്നല്ലോ.. കൊളത്തൂർ , സെന്തിൽ നഗർ , റെട്ടേരി എല്ലാം അടുത്തടുത്ത സ്ഥലങ്ങൾ തന്നെ..

    1. ഇന്‍ഫൊര്‍മേഷന്‍ സെന്‍ററില്‍ ചോദിച്ചു. പക്ഷേ അവര്‍ക്ക് ഞാന്‍ പറഞ്ഞ സ്ഥലം അറിയില്ല. അവസാനം ഞാന്‍ കൊരട്ടൂറിന് അടുത്താണ് എന്നു പറഞ്ഞപ്പോഴാണ് അവര്‍ ആ ബസില്‍ കയറാന്‍ പറഞ്ഞത് . (കൊരട്ടൂരും കൊളത്തൂരും രണ്ടു സ്ഥലങ്ങളാണെന്ന് ഞാന്‍ കുറെ കഴിഞ്ഞാണ് അറിഞ്ഞത് ). കണ്ടക്ടര്‍മാരോട് പറയുന്നതും പറയാത്തതും കണക്കാണ്. ചിലര്‍ ഓര്‍മയോടെ പറഞ്ഞ സ്ഥലത്ത് ഇറക്കിവിടും. പക്ഷേ നേരെ തിരിച്ചാണ് കൂടുതലും എന്‍റെ അനുഭവം. റെഡ് ഹില്ല്സ് ഭാഗത്തേക്കുള്ളവര്‍ മാത്രം ബാക്കി വന്നപ്പോഴാണ് ഞാന്‍ ഇറങ്ങിയത്. നന്ദി

  3. ഇത്തിരി പേടിച്ചലെന്താ, നല്ല കിടിലനൊരു യാത്രാനുഭവം സ്വന്തമാക്കിയില്ലേ ? യഥാര്‍ഥപാരീസില്‍ പോയും ഇങ്ങനെ ഭയക്കാനും പിന്നെ ആശസിക്കാനും കഴിയട്ടെ.

    ബ്ലോഗിലെ അക്ഷരങ്ങളുടെ ലേയൗട്ട് ഒന്നുകൂടി ശ്രദ്ധിക്കാവുന്നതാണ്.

      1. ഞാനോര്‍ത്തു ‘പാരീസി‘ല്‍ പോയ കഥയായിരിയ്ക്കുമെന്ന്. ചെന്നൈയിലെ പാരിസിന് തമിഴില്‍ പറയുന്നത് “പാരിമുനൈ” എന്നായിരുന്നു. (പണ്ട്, എന്നുവച്ചാല്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടെ അങ്ങനെയായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നെ ചെന്നൈ വിട്ടു. പാരിസ് എന്ന് അന്നൊന്നും പറഞ്ഞുകേട്ടിട്ടില്ല) എന്തായാലും ഇരുട്ടുവീണ നേരത്ത് അന്യസ്ഥലത്ത് വഴിയറിയാതെ പെട്ടുപോവുക എന്നുവച്ചാല്‍ ഇത്തിരി കുഴപ്പം തന്നെ

        1. അങ്ങനെ ഒരു ധാരണ ഉണ്ടാക്കാന്‍ വേണ്ടി തന്നെയാണ് “പാരീസ് യാത്ര ” എന്ന പേര് നല്‍കിയത്. “പാരിമുനൈ” എന്നാല്‍ പാരീസ് കോര്‍ണര്‍ എന്നാണ് അര്‍ത്ഥം. പിന്നീട് അത് ചുരുങ്ങി പാരീസ് എന്നായി മാറുകയായിരുന്നു. നന്ദി അഭിപ്രായം പറഞ്ഞതിന്…………….

  4. Jithin Chandrababu

    ഒന്ന് ടെന്‍ഷന്‍ ആക്കി, ഒന്ന് രണ്ടു ഇങ്ങനത്തെ ചെറിയ പെടലുകള്‍ ഞാനും പെട്ടിട്ടുണ്ട്…

    1. ജീവിതത്തിന്‍റെ ഏതെങ്കിലും ഘട്ടത്തില്‍ പലര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. താങ്കളുടെ അഭിപ്രായത്തിന് വളരെ നന്ദി, ജിതിന്‍

  5. Jithin Chandrababu

    ഒന്ന് ടെന്‍ഷന്‍ ആക്കി, ഒന്ന് രണ്ടു ഇങ്ങനത്തെ ചെറിയ പെടലുകള്‍ ഞാനും പെട്ടിട്ടുണ്ട്…

    1. ജീവിതത്തിന്‍റെ ഏതെങ്കിലും ഘട്ടത്തില്‍ പലര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. താങ്കളുടെ അഭിപ്രായത്തിന് വളരെ നന്ദി, ജിതിന്‍

Leave a Comment

Your email address will not be published. Required fields are marked *