കര്‍ഷകന്‍ – കഥ

malayalam story

കൃഷിയും കറവയുമായി അല്ലലില്ലാതെ മുന്നോട്ട് പോകുമ്പോഴാണ് പൊന്നയ്യന്‍റെ ജീവിതത്തിനു മുകളില്‍ കാലവര്‍ഷം ഇടിത്തീ പോലെ പെയ്തത്. 

വെള്ളം കയറി കൃഷി നശിച്ചതോടെ ദൈനംദിന ജീവിതത്തെ കുറിച്ചുള്ള അയാളുടെ പല കണക്കുകൂട്ടലുകളും തെറ്റി. മക്കളുടെ വിദ്യാഭ്യാസം, പ്രായമായ അമ്മയുടെ ചികിത്സ തുടങ്ങി സകലതിനും പണം കണ്ടെത്താനാവാതെ അയാള്‍ നട്ടം തിരിഞ്ഞു. 

ഗോമാതാവിന്‍റെ കാരുണ്യവും വീടിനോട് ചേര്‍ന്നുള്ള അലങ്കാര മത്സ്യക്കച്ചവടവും വഴി കാര്യങ്ങള്‍ അങ്ങനെ തള്ളി നീക്കുമ്പോഴാണ് ഒരു ദിവസം കുറേപ്പേര്‍ വന്ന് അക്വേറിയങ്ങള്‍ കൂട്ടത്തോടെ എടുത്തുകൊണ്ടു പോകുന്നത് കണ്ടത്. 

എയ്, നിങ്ങളാരാണ്‌? എന്താ ഈ ചെയ്യുന്നത്? : പൊന്നയ്യന്‍ ഓടിവരുമ്പോഴേക്കും അവര്‍ ചില്ലുക്കൂട് തുറന്ന് മത്സ്യങ്ങളെ അടുത്തുള്ള പുഴയിലേക്ക് ഒഴുക്കിക്കളഞ്ഞിരുന്നു. 

ഇങ്ങനെയുള്ള മത്സ്യങ്ങള്‍ വില്‍ക്കുന്നതിന് സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത് അറിഞ്ഞില്ലേ? നിങ്ങളത് പാലിച്ചില്ല, അതുകൊണ്ട് ഞങ്ങള്‍ അവയെ തുറന്നു വിട്ടു. : പൊന്നയ്യന്‍ തടഞ്ഞത് ഇഷ്ടപ്പെടാതെ സംഘത്തിലെ പ്രധാനി എന്ന് തോന്നിപ്പിച്ച ആള്‍ പറഞ്ഞു. 

എന്താ ഞാന്‍ ചെയ്യാതിരുന്നത് ? സമയത്ത് ഞാന്‍ തീറ്റ കൊടുക്കുന്നില്ലേ? അവയ്ക്ക് വായുവും മറ്റ് സൌകര്യങ്ങളും ചെയ്ത് കൊടുത്തിട്ടില്ലേ? : പൊന്നയ്യനിലെ കര്‍ഷകന്‍ രോഷത്തോടെ ചോദിച്ചു. 

അതുമാത്രം മതിയോ? എവിടെ സര്‍ക്കാര്‍ പറഞ്ഞ മുഴുവന്‍ സമയ ഡോക്ടറും സഹായിയും ?: നേതാവ് പരിഹാസത്തോടെ ചുറ്റും നോക്കിക്കൊണ്ട് ആക്രോശിച്ചു. 

അകത്ത് എന്‍റെ അമ്മ സുഖമില്ലാതെ കിടക്കുകയാണ്. അവരെ ചികിത്സിക്കാന്‍ കഴിയാത്ത ഞാനാണോ മീനുകള്‍ക്ക് വേണ്ടി പ്രത്യേക ഡോക്ടറെ വയ്ക്കേണ്ടത് ? : പൊന്നയ്യന്‍റെ ചോദ്യത്തിന് മറുപടി പറയാതെ പ്രധാനി ഉദ്യമം കഴിഞ്ഞ് പുഴക്കരയില്‍ നിന്ന് മടങ്ങി വരുന്ന സഹായികളെ നോക്കി. 

അത് പോട്ടെ, ഇതിനിടയില്‍ കടല്‍ജല അക്വേറിയവും ഉണ്ടായിരുന്നല്ലോ. അതിലുണ്ടായിരുന്ന മീനുകളെയും നിങ്ങള്‍ ഇവിടെ തുറന്നു വിട്ടോ ? : വേദനയോടെ കര്‍ഷകന്‍ വീണ്ടും ചോദിച്ചു. 

ഈ പുഴയാണല്ലോ അറബിക്കടലില്‍ ചെന്ന് ചേരുന്നത്. അപ്പോള്‍ അവയും അവിടെ എത്തിക്കോളും. : നിസ്സാര ഭാവത്തില്‍ അത്രയും പറഞ്ഞ് നേതാവും കൂട്ടരും റോഡിലേക്ക് തിരിഞ്ഞു. 

എങ്കില്‍ ഇവയെ മാത്രം ബാക്കി വച്ചിരിക്കുന്നതെന്തിനാ? ഇതിനെ കൂടി കൊണ്ടു പൊയ്ക്കോ. : വരാന്തയിലെ കൂട്ടില്‍ അവശേഷിച്ചിരുന്ന രണ്ടു മുയലുകളെ നോക്കി പൊന്നയ്യന്‍ രോഷത്തോടെ പറഞ്ഞു. 

ങേ ഇതിവിടെയുണ്ടായിരുന്നോ ? : സഹായികള്‍ വരാന്തയില്‍ ചാടിക്കയറി കൂട് തുറന്ന് മുയലുകളെ തൂക്കി പുറത്തേയ്ക്ക് പോയി. 

നമുക്കിവയെ അടുത്തുള്ള കാട്ടില്‍ കൊണ്ടു വിടാം. : കൂട്ടത്തിലൊരുവന്‍ പറയുന്നത് കേട്ടു. പക്ഷേ അതൊന്നുമല്ല നടക്കാന്‍ പോകുന്നതെന്ന് അടുത്തുള്ള അത്തിമരത്തില്‍ കൂടുകൂട്ടിയിരുന്ന മണ്ണാത്തിപ്പുള്ള് മനസ്സില്‍ പറഞ്ഞു. മുയലുകള്‍ക്കായി എവിടെയോ ഒരു ചീനച്ചട്ടി തയ്യാറാകുന്നത് അത് അകക്കണ്ണില്‍ കണ്ടു. 

രണ്ടു ദിവസം കഴിഞ്ഞുള്ള പ്രഭാതത്തില്‍ പൊന്നയ്യന്‍ പാല്‍ കറന്ന് തൊഴുത്തില്‍ നിന്ന് ഇറങ്ങുമ്പോഴാണ് മറ്റൊരു സംഘം അവതരിച്ചത്. എന്തൊക്കെയോ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്ത അതില്‍ ചിലര്‍ പൊന്നയ്യനെ മര്‍ദിക്കുകയും അയാളെ തലങ്ങും വിലങ്ങും ചവിട്ടുകയും ചെയ്തു. രക്ഷിക്കാനായി ഓടിയെത്തിയ അയാളുടെ ഭാര്യയേയും മക്കളെയും പ്രദേശവാസി കൂടിയായ ലാലന്‍റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു നിര്‍ത്തി. 

നിങ്ങളൊക്കെ ആരാ ? എന്തിനാ അദ്ദേഹത്തെ ഉപദ്രവിക്കുന്നത് ? : അങ്ങനെ ചോദിച്ച പൊന്നയ്യന്‍റെ ഭാര്യയെ ഒന്നു നോക്കി ലാലന്‍ പൊന്നയ്യന് നേരെ തിരിഞ്ഞു. 

സ്വന്തം അമ്മയെ വിറ്റ് കാശാക്കാന്‍ നോക്കുന്നോടാ തെണ്ടി…………… : മുന്നോട്ട് കുതിച്ച ലാലന്‍ കര്‍ഷകന്‍റെ കഴുത്തില്‍ പിടിച്ച് പുറകിലേക്ക് തള്ളി. പിന്നിലേക്ക് മലച്ച പൊന്നയ്യന്‍ തൊഴുത്തിന്‍റെ തൂണില്‍ പിടിച്ച് നിന്നു. 

നിങ്ങളെന്ത് അനാവശ്യമാണീ പറയുന്നത് ? : ഒന്നും മനസിലാകാതെ അയാള്‍ ചോദിച്ചു. 

Read ചുങ്കക്കാരും പാപികളും (കഥ)

അത് നിന്‍റെ അമ്മയല്ലേടാ. അവരുടെ മുല പിടിച്ച് തന്നെ വേണോ നിനക്ക് കാശുണ്ടാക്കാന്‍ ? : ബഹളം കേട്ട് എത്തി നോക്കിയ പൂവാലിപശുവിനെ നോക്കി ചെറുപ്പക്കാരന്‍ ചോദ്യം ആവര്‍ത്തിച്ചു. അപ്പോഴാണ്‌ പൊന്നയ്യനും കുടുംബത്തിനും കാര്യം പിടി കിട്ടിയത്. വന്നത് ചില്ലറക്കാരല്ല. ഗോ രക്ഷാ സംഘടനയുടെ ആള്‍ക്കാരാണ്. 

പിന്നെ ഞാനതിനെ വിളക്കു വച്ച് പൂജിക്കണോ? : പൂവാലിയെ ഒന്നു നോക്കി പൊന്നയ്യന്‍ ദേഷ്യത്തോടെ തിരിച്ചു ചോദിച്ചു. 

പൂജിക്കണമെടാ, പൂജിക്കണം. ഒന്നുമല്ലെങ്കിലും നിന്നെ പത്തുമാസം നൊന്തുപെറ്റ അമ്മയല്ലേടാ അവര്? ഇനി നിന്‍റെ കാര്യം അങ്ങനെയാണോയെന്ന് ഞങ്ങള്‍ക്കറിയില്ല, പക്ഷേ ഞങ്ങള്‍ക്കൊക്കെ അങ്ങനെയാണ്. അല്ലേ ? : അനുയായികളെ നോക്കിക്കൊണ്ട് ലാലന്‍ ചോദിച്ചു. 

അതേ : അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. നേരത്തെ തൊഴില്‍ രഹിതനും ഇപ്പോള്‍ നാട്ടിലെ അറിയപ്പെടുന്ന സദാചാര പോലിസുമായ യുവാവ് അത് കേട്ടപ്പോള്‍ നിറഞ്ഞ സന്തോഷത്തോടെ പൊന്നയ്യനെ നോക്കി. 

കോടതിവരെ പറഞ്ഞില്ലേ പശുവിനെ ദേശിയ മൃഗമായി, അല്ലല്ല രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന്? പിന്നെ നിനക്കെന്താടാ അനുസരിച്ചാല്? നീയെന്താ പാക്കിസ്ഥാനില്‍ നിന്നാണോ വന്നത്? : ലാലന്‍ അത്രയും പറഞ്ഞ് കര്‍ഷകനെ ആക്രമിക്കാനായി രണ്ടു ചുവട് മുന്നോട്ട് വച്ചെങ്കിലും പിന്നീട് സ്വയം നിയന്ത്രിച്ചു. പെട്ടെന്നാണ് അയാളുടെ ശ്രദ്ധ തൊഴുത്തില്‍ പതിഞ്ഞത്. 

അത് മാത്രമല്ല, നിങ്ങളീ തൊഴുത്തൊന്നു നോക്ക്. നമ്മുടെ ഓഫിസിനെക്കാളും കഷ്ടമാണ് ഇവിടെ. നല്ലൊരു ഫാനില്ല, ടിവിയില്ല. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കാത്ത ഒരിഞ്ചു സ്ഥലം കൂടിയില്ല. : ലാലന്‍ അകത്തേയ്ക്ക് കയറാന്‍ തുനിഞ്ഞെങ്കിലും വഴിയില്‍ ചാണകം കണ്ടതോടെ പിന്മാറി. 

എന്നിട്ട് കൊട്ടാരം പോലൊരു വീട് ഉണ്ടാക്കി വച്ചിരിക്കുന്നു. കൊടുത്തതൊന്നും പോര ഇവന് : തൊട്ടടുത്തുള്ള ആയിരം സ്ക്വയര്‍ ഫീറ്റിന്‍റെ വീട് നോക്കി ലാലന്‍ മുരണ്ടു. 

ഏതായാലും പൊന്നയ്യന്‍ അതോടെ ആളാകെ മാറി. ഗോമാതാവിനെ അയാള്‍ അന്നു തന്നെ വീടിനകത്തേയ്ക്ക് മാറ്റി പ്രതിഷ്ഠിച്ചു. അവര്‍ക്ക് കഴിക്കാനായി വില കൂടിയ പാനിയങ്ങളും പഴങ്ങളും മറ്റ് പലഹാരങ്ങളും ഒരുക്കി. 

സുഖമില്ലാതെ കിടന്ന അമ്മയെ അയാള്‍ തൊഴുത്തില്‍ കൊണ്ടു കെട്ടുകയും അവരുടെ മുന്നില്‍ പുല്ലും വൈക്കോലും വിതറുകയും ചെയ്തു. കപ്പലണ്ടിപ്പിണ്ണാക്ക് കലക്കിയ കാടിവെള്ളം അടുത്ത് കൊണ്ടു വയ്ക്കുക കൂടി ചെയ്തപ്പോള്‍ പൊന്നയ്യന്‍റെ നീറുന്ന രണ്ടു പ്രശ്നങ്ങള്‍ ഒരേ സമയം പരിഹരിക്കപ്പെട്ടു.

വൃദ്ധയെ മോശം സാഹചര്യത്തില്‍ പാര്‍പ്പിച്ചതിനെ ചോദ്യം ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷവും ആരും വരാത്തത് പൊന്നയ്യനെ അത്ഭുതപ്പെടുത്തി. വന്ന ചിലരെ അയാള്‍ പണം കൊടുത്ത് പാട്ടിലാക്കി മടക്കിയയക്കുകയും ചെയ്തു. അപ്പോഴും ഗോമാതാവിനെ കാണാനുള്ള യാത്രകള്‍ ലാലനും കൂട്ടരും മുടക്കിയില്ല. 

മാക്കാച്ചിത്തുരുത്തിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലം വരാന്‍ പോകുകയാണെന്നും അതിനായി പൊന്നയ്യന്‍റെത് ഉള്‍പ്പടെയുള്ള കൃഷി സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമൊക്കെ ഏറെ നാളായി അന്തരിക്ഷത്തില്‍ കേള്‍ക്കുന്നു. 

പദ്ധതി ഉടന്‍ തുടങ്ങുമെന്നും പക്ഷേ ഏറ്റെടുക്കുന്ന ഭൂമിക്ക് നാമ മാത്രമായ തുക, അതും ഗഡുക്കളായേ ലഭിക്കൂ എന്ന വാര്‍ത്ത പൊടുന്നനെയാണ് ഗ്രാമത്തില്‍ പരന്നത്. അതുമായി ബന്ധപ്പെട്ട രൂപരേഖകള്‍ തയ്യാറാക്കാനായി മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പഞ്ചായത്ത് ഹാളില്‍ എത്തുന്നു എന്നുകൂടി അറിഞ്ഞതോടെ പ്രദേശവാസികള്‍ സംഘടിതമായി അവരെ കാണാന്‍ ഉറച്ചു. 

പോകുന്ന വഴിക്ക് വിവിധ ജീവിത സാഹചര്യങ്ങളിലൂടെ, പ്രദേശങ്ങളിലൂടെ പൊന്നയ്യനും കൂട്ടര്‍ക്കും കടന്നു പോകേണ്ടി വന്നു. 

കൂര്‍മ്മം വിഷ്ണുവിന്‍റെ അവതാരമായതുകൊണ്ട് മീന്‍പിടിത്തം നിരോധിച്ച നാട്. 

എലി വിഘ്നേശ്വരന്‍റെ വാഹനമാണെന്നും അതിനാല്‍ അവയെ ഉപദ്രവിക്കരുതെന്നും അധികാരികള്‍ കല്‍പ്പിച്ചതോടെ എലികള്‍ പെറ്റുപെരുകി നശിച്ച നാട്. 

വായുവും ജലവും ദൈവങ്ങളാണെന്നും അതിനാല്‍ അവയെ ഭുജിക്കുന്നത് പാതകമാണെന്നും വന്നതോടെ അങ്ങിങ്ങായി മരിച്ചു കിടക്കുന്ന മനുഷ്യരെയും ഇതിനിടയില്‍ കണ്ടു. 

പെട്ടെന്നാണ് എങ്ങു നിന്നില്ലാതെ തോക്കുകള്‍ കര്‍ഷകര്‍ക്ക് നേരെ തീ തുപ്പിയത്. ഡിജിറ്റല്‍ ഇന്ത്യയില്‍ അല്ലെങ്കില്‍ തന്നെ കടലാസിന്‍റെ വില പോലുമില്ലാത്ത മനുഷ്യ ജീവനുകളില്‍ ചിലത് ഇരുമ്പ് കഷണം തുളച്ചു കയറിയതോടെ നിലം പതിച്ചു. എന്നിട്ടും മതി വരാതെ പോലിസ് തോക്കുകള്‍ അടുത്ത ഇരകള്‍ക്കായി കണ്ണും നട്ടിരുന്നു. 

ആറാമനായി വീണ പൊന്നയ്യന്‍റെ ചെഞ്ചോരപൂവുകള്‍ക്ക് ചുറ്റും ശവം തീനി ഉറുമ്പുകള്‍ കളം വരച്ചു. കുറച്ചു കാലം മുമ്പ് വരെ കൃഷി ഭൂമിയായിരുന്ന പാട ശേഖരം ചുരുങ്ങിയ സമയത്തിനുള്ളില്‍ ശവപ്പറമ്പായി മാറി. അതോടെ മറ്റൊരു നാടകത്തിനും കളമൊരുങ്ങി. 

സാഹചര്യം മുതലെടുത്ത്‌ നേട്ടങ്ങള്‍ കൊയ്യാനുള്ള പതിവ് രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് വിവിധ നേതാക്കള്‍ മാറി മാറി ചായം തേച്ചു. ഒന്നും മനസിലായില്ലെങ്കിലും നിരക്ഷരകുക്ഷികളായ അനുയായികള്‍ നിര്‍ലോഭം കയ്യടിച്ച് പാസാക്കിയതോടെ നാടകം സമ്പൂര്‍ണ്ണ വിജയമായി. 

ചുരുക്കത്തില്‍ അങ്ങനെ ഡിജിറ്റല്‍ ഇന്ത്യ നിലവില്‍ വന്നു. 

The End

 

 

 

Leave a Comment

Your email address will not be published. Required fields are marked *