വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തോളത്തിട്ട രണ്ടുപേര്‍

Indian politics

കാബൂളിവാല എന്ന സിനിമയില്‍ ശങ്കരാടി തകര്‍ത്തഭിനയിച്ച പ്രശസ്തമായ ഒരു രംഗമുണ്ട്. കടലാസിനെയും കന്നാസിനെയും തിരക്കി വന്നതാണ് ജനാര്‍ദ്ദനന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം. ഇരുവരെയും കണ്ടില്ലെന്ന്‍ ശങ്കരാടി അവതരിപ്പിച്ച ചായക്കടക്കാരന്‍ പറയുന്നതോടെ പോലീസുകാര്‍ മടങ്ങാന്‍ തുടങ്ങിയെങ്കിലും അദ്ദേഹം വഴങ്ങുന്നില്ല. അവരെ നിര്‍ബന്ധിച്ച് ഹോട്ടലിന്‍റെ മുക്കും മൂലയും പരിശോധിപ്പിക്കുന്ന അദ്ദേഹം അവസാനം ഇരുവരും ഒളിച്ചിരിക്കുന്ന സ്ഥലം അറിയാതെ തുറന്നു കാണിക്കുക കൂടി ചെയ്യുന്നു. അതോടെ ജനാര്‍ദ്ദനന്‍ കുപിതനാകുകയാണ്. ശങ്കരാടി ഇത്രയും നേരം പോലീസിനെ കുരങ്ങു കളിപ്പിക്കുകയായിരുന്നു എന്നു ധരിച്ച അദ്ദേഹം ആദ്യം വയസ്സനെ തന്നെ ജീപ്പില്‍ കേറ്റാന്‍ ആക്രോശിക്കുന്നു. മലയാളത്തിലെ ഒന്നാം നിര നടന്മാര്‍ അണി നിരന്ന രംഗവും സിനിമയും പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചു, ചിന്തിപ്പിച്ചു.

വഴിയെ പോയ വയ്യാവേലി എടുത്ത് തലയില്‍ വക്കുന്ന ആളുകളെ സിനിമയിലും ജീവിതത്തിലും നമ്മള്‍ യഥേഷ്ടം കണ്ടിട്ടുണ്ട്. അടൂര്‍ ഭാസി മുതല്‍ ജഗതിയും ഇന്നസെന്‍റും തുടങ്ങി സുരാജ് വെഞ്ഞാറമൂട് വരെയുള്ളവര്‍ ഇത്തരം രംഗങ്ങളിലൂടെ വളര്‍ന്നു വന്നവരാണ്. വെള്ളിത്തിര വിട്ട് രാഷ്ട്രീയത്തിലേക്ക് വരുമ്പോഴും അത്തരം ആളുകളെ നമുക്ക് കാണാന്‍ സാധിയ്ക്കും. വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തോളത്തിട്ട രണ്ടു പേരെ പരിചയപ്പെടാം.

1. എല്‍ കെ അദ്വാനി

Indian politics

ഒരു കാലത്ത് എല്‍ കെ അദ്വാനിയായിരുന്നു ബിജെപിയിലെ അവസാന വാക്ക്. 1984ല്‍ വെറും നാലു സീറ്റ് മാത്രമുണ്ടായിരുന്ന പാര്‍ട്ടിയെ 89ല്‍ അധികാരത്തിന്‍റെ പടിവാതില്‍ക്കലും ഒരു പതിറ്റാണ്ടിനപ്പുറം അധികാരത്തിലും എത്തിച്ച നേതാവ്. കൂടെ എ ബി വാജ്പേയി ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഗോവിന്ദാചാര്യ പറഞ്ഞത് പോലെ ബിജെപിയുടെ ഒരു മുഖംമൂടി മാത്രമായിരുന്നു. സംഘ പരിവാര്‍ രാഷ്ട്രീയത്തോട് യോജിപ്പില്ലാത്ത പാര്‍ട്ടികളെയും നേതാക്കളെയും കൂടെ നിര്‍ത്താന്‍ വാജ്പേയിയുടെ മതേതരത്വ മുഖം ബിജെപി നല്ലത് പോലെ ഉപയോഗിച്ചു.

1998ല്‍ അധികാരത്തിലെത്തിയപ്പോള്‍ അദ്വാനി പ്രധാനമന്ത്രിയാകണമെന്നാണ് ആര്‍എസ്എസ് ഉള്‍പ്പടെയുള്ള തീവ്ര ഹിന്ദുത്വവാദികളായ സംഘടനകള്‍ ആഗ്രഹിച്ചത്. എന്നാല്‍ വാജ്പേയിയെ മുന്നില്‍ നിര്‍ത്താന്‍ തീരുമാനിച്ച അദ്വാനി ആഭ്യന്തര വകുപ്പില്‍ ഒതുങ്ങി. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്തതും അദ്ദേഹത്തെ പിന്നോട്ട് വലിച്ചു. തുടര്‍ന്നുള്ള രണ്ടു വര്‍ഷക്കാലം പാര്‍ട്ടിയിലെയും ഭരണത്തിലെയും തന്‍റെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കാന്‍ ഉപയോഗിച്ച അദ്ദേഹം 2002ല്‍ അടുത്ത പ്രധാനമന്ത്രിയാകുന്നതിനുള്ള ആദ്യ കരുക്കള്‍ നീക്കി.

വാജ്പേയിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നു ആ വര്‍ഷം അദ്ദേഹം ഉപപ്രധാനമന്ത്രി പദം ഏറ്റെടുത്തു. രണ്ടു വര്‍ഷത്തിന് ശേഷം നടക്കുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ വാജ്പേയ് എന്ന ന്യൂനപക്ഷങ്ങള്‍ക്ക് കൂടി സ്വീകാര്യനായ നേതാവിനെ തന്നെ മുന്നില്‍ നിര്‍ത്താനും തിരഞ്ഞെടുപ്പ് ജയിച്ചു കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം അധികാര കൈമാറ്റം നടത്താനുമാണ് അദ്വാനിയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും താല്‍പര്യപ്പെട്ടത്. എന്നാല്‍ തെഹല്‍ക്കയും പരസ്യ വിവാദവും വിനയായതോടെ അധികാരത്തുടര്‍ച്ച എന്ന പാര്‍ട്ടിയുടെ സ്വപ്നം പൊലിഞ്ഞു.

നരേന്ദ്ര മോദിയും ബിജെപിയും ഒരിക്കലും മറക്കാത്ത വര്‍ഷമാണ് 2002 . ആ വര്‍ഷം നടന്ന ഗുജറാത്ത് കലാപത്തില്‍ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന്‍ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന മോദിയെ മാറ്റണമെന്ന്‍ വാജ്പേയ് ആഗ്രഹിച്ചു. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ മോദിയെ അടുത്തിരുത്തിക്കൊണ്ട് ഗുജറാത്തിലെ നേതാവ് രാജധര്‍മം പാലിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. പക്ഷേ വാജ്പേയിയുടെ ശ്രമങ്ങളെ അദ്വാനി ചെറുത്തു തോല്‍പ്പിച്ചു. മുഖ്യമന്ത്രിയെ മാറ്റുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന അദ്ദേഹത്തിന്‍റെ വാദം മൂലം മോദിയെ നിലനിര്‍ത്താന്‍ വാജ്പേയ് നിര്‍ബന്ധിതനായി.

വീണുകിട്ടിയ അവസരം സമര്‍ത്ഥമായി ഉപയോഗിച്ച മോദി ഗുജറാത്തില്‍ വികസനത്തിന്‍റെ പുതിയ പാതകള്‍ തുറന്നു. സംസ്ഥാനത്ത് തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പുകളില്‍ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് അദ്ദേഹം പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ക്രമേണ ഗുജറാത്ത് മോഡല്‍ വികസനം എന്ന പ്രയോഗം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രചരിച്ചു, മോദി വികസന നായകനായി. എന്നാല്‍ മറുവശത്ത് 2009ല്‍ നടന്ന തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനാകാതെ അദ്വാനി തീര്‍ത്തും നിറം മങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഇടക്ക് ജിന്നയെ പുകഴ്ത്തി ന്യൂനപക്ഷങ്ങളുടെ കയ്യടി വാങ്ങിക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും അത് വിപരീത ഫലമുണ്ടാക്കി. പ്രസ്താവനയെ തുടര്‍ന്നു ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ അദ്ദേഹത്തില്‍ നിന്നകന്നു.

2004ലും 2009ലും അദ്വാനിയെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ഫലം കാണാതെ വന്നതോടെ ബിജെപി പുതിയ നേതാവിനെ തിരഞ്ഞ് തുടങ്ങിയിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ രണ്ടാം നിര നേതാക്കള്‍ക്കിടയില്‍ നില നിന്ന മൂപ്പിളമ തര്‍ക്കം അതിന് തടസം സൃഷ്ടിച്ചു. അരുണ്‍ ജെറ്റ്ലിയും സുഷമ സ്വരാജും രാജ്നാഥ് സിങ്ങും മുരളി മനോഹര്‍ ജോഷിയുമൊക്കെ അദ്വാനിയുടെ ഉറച്ച അനുയായികള്‍ ആയിരുന്നെങ്കിലും പരസ്പരം നേതാവായി അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. അവസരം മുതലെടുത്ത നരേന്ദ്ര മോദി അദ്വാനി പക്ഷത്തെ പിളര്‍ത്തുകയും ജെറ്റ്ലിയെയും രാജ്നാഥിനെയും തന്‍റെ കൂടെ കൂട്ടുകയും ചെയ്തു.

ഗുജറാത്തിലെ തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് ജയങ്ങള്‍ കൂടിയായപ്പോള്‍ മോദി ഒരു ദേശീയ ബ്രാന്‍റ് ആയി. വികസന മുദ്രാവാക്യം റേസ്കോഴ്സ് വസതിയിലേക്കുള്ള അദ്ദേഹത്തിന്‍റെ മാര്‍ഗ്ഗം സുഗമമാക്കിയതോടെ വെറും കാഴ്ചക്കാരനായി ഇരിക്കാനേ അദ്വാനിക്ക് കഴിഞ്ഞുള്ളൂ.

ഒരു പക്ഷേ വാജ്പേയ് പറഞ്ഞത് പോലെ ചെയ്തിരുന്നെങ്കില്‍ മോദിയുടെ നിയോഗം മറ്റൊന്നാകുമായിരുന്നു. ഗുജറാത്തില്‍ വികസന മാതൃകകള്‍ സൃഷ്ടിക്കാനും അത് ഉയര്‍ത്തിക്കാണിച്ചുക്കൊണ്ട് ദേശീയ രാഷ്ട്രീയത്തിലെ താരമായി മാറാനും അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ചുരുക്കത്തില്‍ അദ്വാനിയുടെ പിന്തുണ മോദി എന്ന ഇന്നത്തെ നേതാവിനെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചു. എന്നാല്‍ ആ സഹായം വഴി സ്വന്തം ഭാവി കൂടിയാണ് കുറിക്കുന്നതെന്ന് പാവം അദ്വാനി അറിഞ്ഞില്ല.

2. വി എസ് അച്യുതാനന്ദന്‍

Indian politics

വിഎസ്പിണറായി പോര് ഇന്ന്‍ മാധ്യമങ്ങളില്‍ മുഖ്യ വാര്‍ത്തയാകാറുണ്ട്. ഇരുവരും പരസ്പരം പറയുന്നതെന്തും എതിരാളികള്‍ ആഘോഷമാക്കുന്നു. മറ്റേത് പാര്‍ട്ടിയെയും പോലെ സിപിഎമ്മിലും തുടക്കം മുതലേ ഗ്രൂപ്പിസം ഉണ്ടായിരുന്നെങ്കിലും അടുത്തകാലം വരെ എല്ലാം രഹസ്യമായിട്ടാണ് നടന്നത്. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ വിഭാഗീയത വ്യക്തമാക്കിക്കൊണ്ടുള്ള വിവിധ പരസ്യ പ്രസ്താവനകള്‍ക്കും ശക്തി പ്രകടനങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിച്ചു.

ഒരിക്കല്‍ വിഎസിന്‍റെ ഉറച്ച അനുയായിയായിരുന്നു പിണറായി വിജയന്‍. പാര്‍ട്ടി സമ്മേളനങ്ങളില്‍ ശക്തി തെളിയിച്ച് വിഎസ് സര്‍വ്വ പ്രതാപിയായി വാഴുന്ന കാലം. സാക്ഷാല്‍ ഇഎംഎസിനെ പോലും അദ്ദേഹം വെട്ടിനിരത്തി എന്നു പറയുമ്പോള്‍ പാര്‍ട്ടിയില്‍ അക്കാലത്ത് വിഎസ് ആരായിരുന്നു എന്ന്‍ മനസിലാക്കാന്‍ സാധിയ്ക്കും. 1996 ല്‍ നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം എല്‍ഡിഎഫ് കണ്‍വീനറും പിണറായി വൈദ്യുത വകുപ്പ് മന്ത്രിയുമായിരുന്നു. പിന്നീട് വിവാദമായ ലാവ് ലിന്‍ കരാര്‍ സംസ്ഥാനം ഒപ്പിടുന്നത് ഇക്കാലത്താണ്.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്‍ മരിച്ചപ്പോള്‍ ആ സ്ഥാനം വിഎസിനെ തേടിയെത്തിയെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. 1980 മുതലുള്ള ഒരു വ്യാഴവട്ടക്കാലം പ്രസ്തുത സ്ഥാനം അലങ്കരിച്ച അദ്ദേഹം ഇക്കുറി പിണറായിയെ ആ പദവിയില്‍ ഇരുത്താനാണ് താല്‍പര്യപ്പെട്ടത്. അദ്ദേഹം ആഗ്രഹിച്ചത് പോലെ മന്ത്രി സ്ഥാനം രാജിവച്ച് പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറി പദം ഏറ്റെടുക്കുകയും ചെയ്തു. നായനാരെയും സിഐടിയു വിഭാഗത്തെയും നിലയ്ക്ക് നിര്‍ത്താന്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും കടിഞ്ഞാണ്‍ ഒരേ സമയം കയ്യില്‍ വേണമെന്ന്‍ വിഎസിന് അറിയാമായിരുന്നു. വിഎസ് എന്ന മുന്നണി കണ്‍വീനറും പിണറായി എന്ന സംസ്ഥാന സെക്രട്ടറിയും ചേര്‍ന്ന് മുഖ്യമന്ത്രിയെയും ഭരണത്തെയും നിയന്ത്രിക്കുന്ന നാളുകള്‍ അദ്ദേഹം സ്വപ്നം കണ്ടു. എന്നാല്‍ അധികം താമസിയാതെ പിണറായിയും നായനാരും ഒറ്റക്കെട്ടായി. സിഐടിയു കൂടി അവരുടെ കൂടെ ചേര്‍ന്നതോടെ വിഎസ് മറുപക്ഷത്ത് ഒറ്റപ്പെട്ടു. പിന്നീട് പലപ്പോഴായി ഈ സമയം വരെ പിണറായിയെ പാര്‍ട്ടിയുടെ അമരത്ത് നിന്നു മാറ്റാന്‍ വിഎസ് ആവുന്നത്ര ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.

പിണറായിയുമായി പരസ്യമായി പോരടിച്ച വിഎസിന് പക്ഷേ അതുവഴി സിപിഎമ്മിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ നഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായത്. പിബിയില്‍ നിന്ന്‍ പുറത്തായി, നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടു. കൂടെ ഉണ്ടായിരുന്നവരെല്ലാം എതിര്‍പക്ഷത്തുമായി. പാര്‍ട്ടി സമ്മേളനത്തില്‍ ഏറ്റവും കുറഞ്ഞ വോട്ട് നേടി സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവ് എന്ന നാണക്കേടും അദ്ദേഹം ഇതിനിടയില്‍ സമ്പാദിച്ചു. പാര്‍ട്ടിക്കതീതമായ ജനപിന്തുണയുടെ ബലത്തില്‍ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചെങ്കിലും പഴയ തീരുമാനത്തെ കുറിച്ചോര്‍ത്ത് വിഎസ് ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാകണം.


The End

[ My article originally published in British Pathram on 11.06.2014]

Leave a Comment

Your email address will not be published. Required fields are marked *