ഇന്ത്യക്കു പുറത്തുള്ള ദുരൂഹവും വിചിത്രവുമായ ചില സ്ഥലങ്ങള്‍

പാശ്ചാത്ത്യര്‍ പുരോഗമന ചിന്താഗതിയുള്ളവരാണ് എന്നാണ് നമ്മുടെ പൊതുവേയുള്ള ധാരണ. പല കാര്യങ്ങളിലും അവരെ അനുകരിക്കാന്‍ നമ്മള്‍ ശ്രമിക്കാറുമുണ്ട്. ജോത്സ്യവും മന്ത്രവാദവുമെല്ലാം ഇന്ത്യക്കാരുടെ കുത്തകയാണെന്നാണ് വിദേശ മാധ്യമങ്ങള്‍ പലപ്പോഴും പരിഹസിക്കുന്നത്.

പണ്ട് സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്ഗിനെ ആഭിചാരത്തിലൂടെ കൊലപ്പെടുത്താനായി 101 ആടുകളുടെ കഴുത്തറുത്ത് അവയുടെ ചോര സ്വന്തം തലയിലൂടെ ഒഴുക്കി പരാജയം ഏറ്റുവാങ്ങിയ മൈക്കല്‍ ജാക്സണെ തല്‍ക്കാലം നമുക്ക് പറക്കാം. ഒരുമിച്ച് ചെയ്യാനിരുന്ന ഹോളിവുഡ് പ്രൊജക്റ്റില്‍ നിന്ന്‍ സ്പീല്‍ബര്‍ഗ് ഏകപക്ഷീയമായി തന്നേ ഒഴിവാക്കിയതാണ് അദ്ദേഹത്തിന്‍റെ സുഹൃത്തായിരുന്ന മൈക്കലിനെ പ്രകോപിപ്പിച്ചത്.

പ്രേതവും പിശാചും അരങ്ങു വാഴുന്ന കൊട്ടാരങ്ങളും പ്രദേശങ്ങളും ലോകത്തിന്‍റെ പല ഭാഗങ്ങളിലുമുണ്ട്. അഥവാ അങ്ങനെ വിശ്വസിക്കപ്പെടുന്നു. ലോകത്തെ കിടുകിടാ വിറപ്പിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ പോലും പോകാന്‍ ഭയപ്പെടുന്ന അത്തരം ചില സ്ഥലങ്ങളെ പരിചയപ്പെടാം.

1. വൈറ്റ് ഹൌസ്, അമേരിക്ക

അത്ഭുതപ്പെടേണ്ട. ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയുടെ വസതിയാണ് പിശാചുകള്‍ വാഴുന്ന പ്രദേശങ്ങളുടെ പട്ടികയില്‍ ഒന്നാമത്. ഇവിടെ പ്രേതങ്ങളെ കണ്ടിട്ടുണ്ടെന്ന് ഇതുവരെയുള്ള ഏതാണ്ടെല്ലാ പ്രസിഡന്‍റുമാരും അവരുടെ കുടുംബവും എന്തിന് ഇവിടെ തങ്ങിയിട്ടുള്ള വിശിഷ്ടാതിഥികള്‍ വരെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അടിമത്തം നിര്‍ത്തലാക്കിയ എബ്രഹാം ലിങ്കനാണ് പ്രേതങ്ങളുടെ കാര്യത്തിലും രാജാവ്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ഒരിക്കല്‍ വൈറ്റ് ഹൌസില്‍ എത്തിയപ്പോള്‍ താമസിച്ചത് പണ്ട് ലിങ്കണ്‍ ഉപയോഗിച്ചിരുന്ന കിടപ്പുമുറിയിലാണ്. കുളി കഴിഞ്ഞ് റൂമില്‍ എത്തിയ അദ്ദേഹം കണ്ടത് നേരിപ്പോടിനരികില്‍ തീ കാഞ്ഞിരിക്കുന്ന ലിങ്കനെയാണ്. പേടിച്ചു പോയ അദ്ദേഹം ആ മുറിയില്‍ തങ്ങാന്‍ വിസമ്മതിച്ചു. പിന്നീട് പലരും പലപ്പോഴും ലിങ്കനെ അതേ സ്ഥലത്തു കണ്ടതായി പറഞ്ഞിട്ടുണ്ട്.

മുന്‍ പ്രസിഡന്‍റുമാരായ ടെഡി റൂസ്വെല്‍റ്റ്, ഹെര്‍ബര്‍ട്ട് ഹൂവര്‍, ട്രൂമാന്‍, പ്രഥമ വനിത ജാക്ക്വലിന്‍ കെന്നഡി, ലേഡി ബേര്‍ഡ് ജോണ്‍സണ്‍ എന്നിങ്ങനെ അനവധി പേരാണ് ലിങ്കനെ നേരില്‍ കണ്ടതായി സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. മുന്‍ പ്രസിഡന്‍റുമാരായ തോമസ് ജെഫേഴ്സണ്‍, വില്ല്യം ഹാരിസണ്‍, ആന്‍ഡ്രൂ ജാക്ക്സന്‍, ജോണ്‍ ടൈലര്‍, ഡോളി മാഡിസണ്‍, ലിങ്കന്‍റെ പതിനൊന്നു വയസുകാരന്‍ മകന്‍ വില്ലി എന്നിവരാണ് പ്രേതങ്ങളിലെ മറ്റ് താരങ്ങള്‍.

ഒരിക്കല്‍ വൈറ്റ്ഹൌസില്‍ തങ്ങിയ നെതര്‍ലണ്ട്സ് രാജ്ഞി പാതിരാത്രിയില്‍ വാതിലില്‍ ആരോ തട്ടുന്ന ശബ്ദം കേട്ടു. തുറന്നപ്പോള്‍ പുറത്തു നില്‍ക്കുന്ന സാക്ഷാല്‍ ലിങ്കനെയാണ് അവര്‍ കണ്ടത്.

മുന്‍ പ്രസിഡണ്ട് ആന്‍ഡ്രൂ ജാക്ക്സന്‍ ഉച്ചത്തില്‍ ചിരിക്കുന്ന ശബ്ദം റോസ് റൂം എന്നറിയപ്പെടുന്ന മുറിയില്‍ നിന്ന്‍ കേട്ടതായി പലരും പറയുന്നു. മുന്‍ പ്രഥമ വനിത അഭിഗൈല്‍ ആഡംസ് തന്‍റെ ലോണ്ട്രി ബക്കറ്റുമായി അലക്കുവസ്ത്രം വിരിക്കാനായി ഈസ്റ്റ് റൂമിന് മുന്നിലുള്ള ഇടനാഴിയിലൂടെ പോകുന്ന കാഴ്ച കണ്ട് ചില ജീവനക്കാര്‍ ബോധം കെട്ടുവീണ സംഭവം വരെയുണ്ടായി. ചുരുക്കത്തില്‍ ഉത്തരമില്ലാത്ത അനവധി ചോദ്യങ്ങളുടെ കേന്ദ്രം കൂടിയാണ് പെന്‍സില്‍വാനിയ അവന്യൂവിലുള്ള ഈ കൊട്ടാരം.

2. ക്വീന്‍ മേരി ഹോട്ടല്‍, കാലിഫോര്‍ണിയ

1930 നും 1960നും ഇടയ്ക്ക് അറ്റ്ലാന്‍റിക്കിലെ സഞ്ചാരപഥത്തിന്‍റെ നെടുനായകത്വം വഹിച്ചിരുന്ന ക്വീന്‍ മേരി ഒരു ഹോട്ടലായി മാറിയത് 1970ലാണ്.

അമേരിക്കയിലെ പ്രേത സാന്നിധ്യമുള്ള ഹോട്ടലുകളില്‍ മുന്‍പന്തിയിലാണ് ഇതിന്‍റെ സ്ഥാനം. കപ്പലിന്‍റെ വിവിധ ഭാഗങ്ങളില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള വേഷവിധാനങ്ങളില്‍ ചില ആളുകളെ സന്ദര്‍ശകര്‍ കണ്ടിട്ടുണ്ട്.

കപ്പലിലെ ഫസ്റ്റ് ക്ലാസ് നീന്തല്‍ കുളത്തില്‍ രണ്ടു സ്ത്രീകള്‍ മുങ്ങി മരിച്ചത് 1930കളിലാണ്. പക്ഷേ അപരിചിതരായ രണ്ടു സ്ത്രീകളെ നീന്തല്‍ വേഷത്തില്‍ അവിടെ കണ്ടതായി പിന്നീട് വര്‍ഷങ്ങളോളം പലരും പറഞ്ഞിട്ടുണ്ട്.

അതുപോലെ തന്നെയാണ് ക്വീന്‍സ് സലൂണ്‍ എന്നറിയപ്പെടുന്ന ബ്യൂട്ടി പാര്‍ലറിന്‍റെ കാര്യവും. വെള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീയും മാന്യമായി വേഷം ധരിച്ച ഒരു മദ്ധ്യവയസ്ക്കനും അവിടത്തെ പതിവ് സാന്നിധ്യമാണ്. ഒരു യുവതിയുടെയും രണ്ടു കുട്ടികളുടെയും പ്രേതങ്ങള്‍ സ്റ്റോര്‍ റൂമിന് പരിസരത്ത് അലഞ്ഞു തിരിയാറുണ്ടെന്ന് പറയപ്പെടുന്നു. എല്ലാവരും ധരിച്ചിരിക്കുന്നത് 1930കളിലെ വേഷവും അന്നത്തെ ചമയങ്ങളുമാണ്. ആളുകളെ ഭീതിജനകമായി തുറിച്ചു നോക്കും എന്നല്ലാതെ അവര്‍ സംസാരിക്കുകയോ ആരെയും ദേഹോപദ്രവം ഏല്‍പ്പിക്കുകയോ ചെയ്തിട്ടില്ല.

ഏതായാലും പരാതികള്‍ എറിവന്നതോടെ ഹോട്ടല്‍ അടച്ചു പൂട്ടി ഉടമകള്‍ സ്ഥലം വിട്ടു.

അടുത്ത പേജിലേക്ക് പോകാം

Manoj is a writer, blogger from Palakkad-Kerala. He writes contents on current affairs, technology, cinema, health, social media and WordPress. His posts and stories appeared across magazines and websites since 1998. Get in touch with him via Twitter and Facebook.

Leave a Reply

Your email address will not be published. Required fields are marked *