3. ഓള്‍ഡ് ചാങ്കി ഹോസ്പിറ്റല്‍, സിംഗപ്പൂര്‍
1935ലാണ് ഈ ഹോസ്പിറ്റല്‍ പണി കഴിപ്പിക്കുന്നത്. പിന്നീട് ജാപ്പനീസ് അധിനിവേശ കാലത്ത് അവരുടെ ജയിലായി മാറിയ കെട്ടിടം അനവധി പേരുടെ മരണങ്ങള്‍ക്കും ദാരുണ പീഡനങ്ങള്‍ക്കും സാക്ഷിയായി. ലോക മഹായുദ്ധത്തിലെ ജപ്പാന്‍റെ തോല്‍വിയോടെ അവര്‍ ഇവിടെ നിന്ന്‍ പിന്‍മാറുകയും കെട്ടിടം വീണ്ടും ഹോസ്പിറ്റലാകുകയും ചെയ്തു. പിന്നെ കുറെനാള്‍ പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നു പോയി. 1997ല്‍ ഹോസ്പിറ്റല്‍ ഇവിടെ നിന്ന്‍ മാറ്റിയതോടെ പ്രദേശം ഉപേക്ഷിക്കപ്പെട്ട നിലയിലായി.
ഇന്ന്‍ ആരും താമസിക്കുന്നില്ലെങ്കിലും ഒരു മേല്‍നോട്ടക്കാരനെ പോലെ കെട്ടിടത്തില്‍ കൂടി പതിവായി നടക്കുന്ന ഒരു വൃദ്ധനെയും മുറികള്‍ വൃത്തിയാക്കുന്ന മധ്യവയസ്ക്കയായ ഒരു സ്ത്രീയെയും പലരും കാണാറുണ്ട്. പഴയകാല ജപ്പാന്‍ സൈനികര്‍ എന്നു തോന്നിപ്പിക്കുന്ന ചിലരാണ് മട്ടുപ്പാവിലെ സ്ഥിരം കാഴ്ച. കുട്ടികളുടെ പഴയ വാര്‍ഡിന്‍റെ ഭാഗത്ത് ചില കുട്ടികളുടെ നിലവിളികള്‍ കൂടി കേള്‍ക്കാന്‍ തുടങ്ങിയതോടെ ആരും ആ പ്രദേശത്ത് ഇന്ന്‍ പോകാറില്ല.
4. ബാന്‍ഫ് സ്പ്രിങ്സ് ഹോട്ടല്‍, കാനഡ
ആഡംഭര യാത്രികര്‍ക്കായി 125 വര്‍ഷം മുമ്പ് കാനഡ റെയില്‍വേ നിര്‍മ്മിച്ച ഹോട്ടല്‍. പ്രകൃതി രമണീയമായ ചുറ്റുപാടും മനം മയക്കുന്ന സുഖ സൌകര്യങ്ങളും നിറഞ്ഞ ഹോട്ടല്‍ ദുരൂഹതകളുടെയും വിചിത്രമായ അനുഭവങ്ങളുടെയും കൂടാരം കൂടിയാണെന്ന് പലര്‍ക്കും അറിയില്ല.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ നടന്ന ഒരു വിവാഹ ചടങ്ങിനിടെ വധുവിന്‍റെ ഗൌണിന് തീ പിടിക്കുകയും തുടര്‍ന്നു സ്റ്റെയര്‍കേയ്സില്‍ നിന്നു താഴെ വീണ അവള്‍ മരണപ്പെടുകയും ചെയ്തു. പക്ഷേ വിവാഹ വേഷത്തില്‍ നൃത്തം ചെയ്യുന്ന ഒരു യുവതിയെ പഴയ അതേ മുറിയില്‍ ഇന്നും പലരും കാണാറുണ്ട്. അവളുടെ വസ്ത്രം തീ പിടിച്ച നിലയിലാണെന്നും ചിലര്‍ പറയുന്നു.
1960കളില്‍ ഹോട്ടലില്‍ ജോലിചെയ്തിരുന്ന സാം മകൌലി എന്ന വെയ്റ്ററാണ് മറ്റൊരു ശ്രദ്ധാ കേന്ദ്രം. പുതിയ സന്ദര്‍ശകര്‍ക്കു മുന്നില്‍ സഹായിയായി പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും അയാളാണ്. പഴയ കാല വേഷത്തില്‍ വരുന്ന സാം മുറിയിലെ സൌകര്യങ്ങള്‍ പരിചയപ്പെടുത്തുകയും പൂട്ടിയ റൂം തുറക്കുകയും ചെയ്യും. എന്തെങ്കിലും മറുത്ത് ചോദിക്കാനോ ടിപ്പ് കൊടുക്കാനോ തുനിഞ്ഞാല്‍ അയാള്‍ പൊടുന്നനെ അപ്രത്യക്ഷനാകും.
5. അഓകിഗഹര വനപ്രദേശം, ജപ്പാന്‍
ശ്വാസമടക്കി പിടിച്ചല്ലാതെ ഈ കൊടും വനത്തില്‍ കൂടി നിങ്ങള്‍ക്ക് സഞ്ചരിക്കാനാവില്ല. ജീവനൊടുക്കാനായി അനവധി പേരാണ് ഓരോ ദിവസവും ഇവിടെയെത്തുന്നത്. പ്രതിവര്‍ഷം കുറഞ്ഞത് നൂറു പേരെങ്കിലും ഇവിടെ ആത്മഹത്യ ചെയ്യാറുണ്ടെന്ന് കണക്കാക്കുന്നു. ആത്മഹത്യയെ പ്രോല്‍സാഹിപ്പിക്കുന്നു എന്ന കാരണം പറഞ്ഞ് ഓരോ വര്‍ഷത്തെയും കണക്ക് പുറത്തു വിടുന്നത് പോലീസ് അടുത്തിടെ അവസാനിപ്പിച്ചു.
ദുരാത്മാക്കളില്‍ വിശ്വസിക്കാത്തവര്‍ പോലും ഇവിടെയെത്തിയാല്‍ നിലപാട് മാറ്റുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. “വൃക്ഷങ്ങളുടെ കടല്‍” എന്നു കൂടി അറിയപ്പെടുന്ന ഈ വനപ്രദേശം അതിനിബിഡവും വിചിത്രങ്ങളായ ചില മനുഷ്യശബ്ദങ്ങളും കാലടിയൊച്ചകളും നിറഞ്ഞതാണ്. ഒരിക്കല്‍ കാട്ടിലകപ്പെട്ടാല്‍ പുറത്തേയ്ക്കുള്ള വഴി കണ്ടെത്തുക ശ്രമകരമാണ്. അങ്ങനെ വഴി തെറ്റിയലഞ്ഞ് കൂടുതല്‍ ഉള്‍പ്രദേശങ്ങളിലേക്ക് പോകുകയും മരണപ്പെടുകയും ചെയ്തവര്‍ നിരവധിയാണ്.
പണ്ട് ക്ഷാമകാലത്ത് വയസായ ആളുകളെ ഇവിടെ കൊണ്ടുവിടുന്നത് ജപ്പാനില്‍ പതിവായിരുന്നു. ദിവസങ്ങളോളം വെള്ളമോ ഭക്ഷണമോ കിട്ടാതെ അവര്‍ മരണപ്പെടും. അങ്ങനെയുള്ളവരുടെ ആത്മാക്കളും ഇവിടെ അലഞ്ഞു തിരിയുന്നുണ്ടെന്ന് ജപ്പാന്‍കാര്‍ പറയുന്നു.
Read ഇന്ത്യക്കു പുറത്തുള്ള ദുരൂഹവും വിചിത്രവുമായ ചില സ്ഥലങ്ങള്‍– ഭാഗം രണ്ട്