നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 മലയാള സിനിമകള്‍

must watch malayalam movies

മികച്ച സൃഷ്ടികള്‍ കൊണ്ടും കലാകാരന്മാരെ കൊണ്ടും അനുഗ്രഹീതമാണ് മലയാള സിനിമ വ്യവസായം. 1930ല്‍ ജെസി ഡാനിയല്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച വിഗതകുമാരനില്‍ ഹരീശ്രി കുറിച്ച മലയാള സിനിമ ഇന്ന് ഏറെ മുന്നോട്ട് പോയിരിക്കുന്നു. ആയിരക്കണക്കിന് ചിത്രങ്ങളാണ് മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. 

ആദ്യകാലങ്ങളില്‍ തമിഴ് സിനിമയുടെ ഉപോല്‍പ്പന്നമായാണ് മലയാളം അറിയപ്പെട്ടിരുന്നതെങ്കിലും ഇന്നത്തെ സ്ഥിതി അതല്ല. തമിഴിലും തെലുഗുവിലും എന്നല്ല ബോളിവുഡില്‍ വരെ ഏത് വമ്പന്‍ സിനിമയ്ക്ക് പിന്നിലും മലയാളി സാന്നിധ്യം പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. നമ്മുടെ സിനിമകള്‍ മറ്റ് ഭാഷകളില്‍ പുനര്‍ നിര്‍മ്മിക്കുന്നതും ഇന്ന് നിത്യ സംഭവമാണ്. മണിച്ചിത്രത്താഴ്, ബോഡി ഗാര്‍ഡ്, ബാംഗ്ലൂര്‍ ഡെയ്സ്, തേന്മാവിന്‍ കൊമ്പത്ത്, കഥ പറയുമ്പോള്‍, ദൃശ്യം എന്നിങ്ങനെ എത്രയെത്ര ഉദാഹരണം വേണമെങ്കിലും നമുക്ക് അത്തരത്തില്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. 

സമ്പന്നമായ ചരിത്രത്തില്‍ നിന്ന് മികച്ച സിനിമകള്‍ തിരഞ്ഞെടുക്കുക എന്നത് ശ്രമകരമാണ്. അങ്ങനെ തിരഞ്ഞെടുത്ത തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 സിനിമകള്‍ ഇതാ, 

1. സന്ദേശം

ശ്രീനിവാസന്‍ എഴുതി, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം. 1991 ലാണ് പുറത്തിറങ്ങിയതെങ്കിലും ആക്ഷേപ ഹാസ്യത്തില്‍ പൊതിഞ്ഞ ഈ രാഷ്ട്രീയ കുടുംബ ചിത്രം ഉയര്‍ത്തുന്ന സന്ദേശം ഇന്നും കാലിക പ്രസക്തമാണ്. കുടുംബമാണ് എല്ലാത്തിലും വലുതെന്നും കുടുംബം നന്നായാലേ നാട് നന്നാകൂ എന്നും സിനിമ നമ്മെ പഠിപ്പിക്കുന്നു. ജയറാം, ശ്രീനിവാസന്‍, തിലകന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി, സിദ്ദിക്ക്, മാള അരവിന്ദന്‍, മാമുക്കോയ, ഇന്നസെന്‍റ്, കവിയൂര്‍ പൊന്നമ്മ, മാതു, കെപിഎസി ലളിത എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. 

സിനിമ കാണാം

2. തൂവാനത്തുമ്പികള്‍

പി. പത്മരാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം. 1987ലാണ് സിനിമ പുറത്തിറങ്ങിയത്. പക്ഷേ മണ്ണാറത്തൊടിയിലെ ജയകൃഷ്ണനെയും അയാളും ക്ലാരയും തമ്മിലുള്ള പ്രണയത്തെയുമൊന്നും മലയാളികള്‍ ഇനിയും മറന്നിട്ടില്ല. തൃശൂര്‍ ഭാഷയും പശ്ചാത്തലവും കൂടുതല്‍ പ്രശസ്തമായത്‌ ഈ സിനിമയില്‍ കൂടിയാണെന്ന് പറയാം. മോഹന്‍ലാല്‍, സുമലത, പാര്‍വതി, അശോകന്‍, ബാബു നമ്പൂതിരി, ജഗതി ശ്രീകുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. 

സിനിമ കാണാം

3. ഒരു വടക്കന്‍ വീരഗാഥ

എംടി വാസുദേവന്‍ നായര്‍ എഴുതി, ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രം. വടക്കന്‍ പാട്ടുകളെ ആസ്പദമാക്കിയെടുത്ത സിനിമ 1989ലാണ് പുറത്തിറങ്ങിയത്. പതിനാറാം നൂറ്റാണ്ടിലെ വടക്കന്‍ മലബാറിലെ ജീവിത പശ്ചാത്തലത്തെക്കുറിച്ചും ചേകവന്മാരുടെ പോരാട്ട വീര്യത്തെക്കുറിച്ചുമൊക്കെ നമ്മള്‍ ഏറെ വായിച്ചിട്ടുണ്ട്. അതില്‍ പലതിലും ചന്തുവായിരുന്നു പ്രതിനായക സ്ഥാനത്ത്. അതേ ചന്തുവിനെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ എംടി പുറത്തെടുത്ത രചനാ വൈഭവം ചലച്ചിത്ര വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയമാണ്. മമ്മൂട്ടി, ബാലന്‍ കെ നായര്‍, സുരേഷ് ഗോപി, ക്യാപ്റ്റന്‍ രാജു, മാധവി, ഗീത എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. 

4. ഭാര്‍ഗ്ഗവി നിലയം

must watch malayalam movies

വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ രചനയില്‍ എ വിന്‍സന്‍റ് സംവിധാനം ചെയ്ത ചിത്രം. 1964ലാണ് സിനിമ റിലീസ് ചെയ്തത്. കാലത്തെ അതിജീവിച്ച തിരക്കഥകള്‍ കച്ചവട സിനിമയില്‍ അപൂര്‍വ്വമാണ്. കാരണം ഓരോ കാലത്തെയും പ്രേക്ഷകരുടെ അഭിരുചികള്‍ മാറിക്കൊണ്ടിരിക്കും. പക്ഷേ ഭാര്‍ഗ്ഗവി നിലയത്തിന്‍റെ തിരക്കഥ ഇന്നും നിത്യ ഹരിതമായി തന്നെ നില്‍ക്കുന്നു. മാക്റ്റയുടെ ആഭിമുഖ്യത്തില്‍ സിനിമ പുനര്‍ നിര്‍മിക്കാന്‍ പോകുകയാണെന്ന് ഇടയ്ക്ക് കേട്ടെങ്കിലും പിന്നീട് പദ്ധതി ഉപേക്ഷിച്ചു. തന്‍റെ സിനിമയേക്കാള്‍ മികച്ച രീതിയില്‍ ഭാര്‍ഗ്ഗവിനിലയം എടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് എ വിന്‍സന്‍റ് പറഞ്ഞത് വെറുതെയല്ല. പ്രേംനസീറും മധുവും ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അവരുടെ വേഷങ്ങള്‍ക്ക് ഇത്രമാത്രം ഫ്രെഷ്നസ് നമുക്ക് മുമ്പൊന്നും തോന്നിയിട്ടുണ്ടാവില്ല. ഛായാഗ്രാഹകന്‍ പി ഭാസ്ക്കര്‍ റാവുവും സംഗീത സംവിധായകന്‍ ബാബുരാജും അതിന് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. വിജയ നിര്‍മ്മല ടൈറ്റില്‍ വേഷത്തിലെത്തിയപ്പോള്‍ അടൂര്‍ ഭാസി, പി ജെ ആ൯റണി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തത്. 

5. കിലുക്കം

പ്രിയദര്‍ശന്‍ കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം. വേണു നാഗവള്ളിയാണ് തിരക്കഥ എഴുതിയത്. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടുകളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായ സിനിമ 1991ലാണ് പുറത്തിറങ്ങിയത്.  മോഹന്‍ലാല്‍, തിലകന്‍, ഇന്നസെന്‍റ്, ജഗതി ശ്രീകുമാര്‍, രേവതി എന്നിവരില്‍ ആരുടെയെങ്കിലും വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന സിനിമ ഏതാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ കിലുക്കമാണ് ആദ്യം നമ്മുടെ മനസ്സില്‍ വരുക. അവരില്‍ ആരാണ് കൂടുതല്‍ മികച്ചു നിന്നത് എന്ന് പറയുക ദുഷ്കരമാണ്. അക്കാലത്ത് വന്‍ തരംഗമായ സിനിമ മോഹന്‍ലാലിന്‍റെയും പ്രിയദര്‍ശന്‍റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായാണ് കരുതപ്പെടുന്നത്. 

സിനിമ കാണാം

Also Read  മണിച്ചിത്രത്താഴും ഇന്ത്യന്‍ സിനിമയും

6. നിര്‍മ്മാല്യം

എം ടി വാസുദേവന്‍ നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം. 1973ലാണ് സിനിമ പുറത്തിറങ്ങിയത്. സമൂഹത്തിലെ ഉച്ച നീച്ചത്ത്വങ്ങള്‍ക്കെതിരെയും ജാതി മത സമവാക്യങ്ങള്‍ക്കെതിരെയും ശക്തമായി പ്രതികരിച്ച സിനിമ പക്ഷേ ഇന്നായിരുന്നെങ്കില്‍ പുറത്തിറങ്ങുമായിരുന്നോ എന്ന് സംശയമാണ്. പി ജെ ആ൯റണി, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, സുകുമാരന്‍, രവി മേനോന്‍, കവിയൂര്‍ പൊന്നമ്മ, ശാന്ത ദേവി എന്നിവരാണ് നിര്‍മ്മാല്യത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തത്. 

7. നാടോടിക്കാറ്റ്

സിദ്ദിക്ക് ലാലിന്‍റെ കഥയ്ക്ക് ശ്രീനിവാസന്‍ തിരക്കഥ എഴുതി, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം. 1987ലാണ് സിനിമ റിലീസ് ചെയ്തത്. ശുദ്ധ ഹാസ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന നാടോടിക്കാറ്റ് ഓരോ വട്ടം കാണുമ്പോഴും നമ്മെ ചിരിപ്പിക്കും എന്നതില്‍ സംശയമില്ല. ദ്വയാര്‍ത്ഥ പ്രയോഗങ്ങളും വില കുറഞ്ഞ തമാശകളും അരങ്ങു തകര്‍ക്കുന്ന ഇന്നത്തെ സിനിമാ രചയിതാക്കള്‍ മാതൃകയാക്കേണ്ടത് ഇതുപോലുള്ള സിനിമകളേയാണ്. മോഹന്‍ലാലും ശ്രീനിവാസനും മത്സരിച്ചഭിനയിച്ച ചിത്രത്തില്‍ തിലകന്‍, മാമുക്കോയ, ഇന്നസെന്‍റ്, ശോഭന, മീന, ക്യാപ്റ്റന്‍ രാജു എന്നിവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

സിനിമ കാണാം

8. ട്രാഫിക്ക്

ബോബിയും സഞ്ജയും ചേര്‍ന്നെഴുതി രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രം. 2011 ലാണ് ട്രാഫിക്ക് റിലീസ് ചെയ്തത്. അവയവദാനത്തിന്‍റെ മഹത്ത്വത്തെക്കുറിച്ച് നമ്മെ പഠിപ്പിച്ച സിനിമ പിന്നീട് ഒരുപാട് യഥാര്‍ത്ഥ ജീവിതങ്ങള്‍ക്കും പ്രചോദനമായി. ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അനൂപ്‌ മേനോന്‍, സായ് കുമാര്‍, റഹ്മാന്‍, വിനീത് ശ്രീനിവാസന്‍, സന്ധ്യ, റോമ, രമ്യ നമ്പീശന്‍, ലെന എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.

9. ചെമ്മീന്‍

തകഴിയുടെ കഥയ്ക്ക് എസ് എല്‍ പുരം സദാനന്ദന്‍ തിരക്കഥ എഴുതി, രാമു കാര്യാട്ട് സംവിധാനം ചെയ്ത ചിത്രം. 1965 ലാണ് ചെമ്മീന്‍ റിലീസ് ചെയ്തത്. ആലപ്പുഴയിലെ മത്സ്യ തൊഴിലാളികളുടെ ജീവിതവും പ്രണയവും വിശ്വാസവുമൊക്കെ വെള്ളിത്തിരയിലേക്ക് പകര്‍ത്തിയ സിനിമ ദേശിയ-അന്തര്‍ദേശിയ പുരസ്ക്കാരങ്ങള്‍ക്കൊപ്പം വാണിജ്യ വിജയവും നേടി. സത്യന്‍, മധു, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, ഷീല എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

സിനിമ കാണാം 

10. കാലാപാനി

പ്രിയദര്‍ശന്‍ കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം. ടി ദാമോദരനാണ് തിരക്കഥ എഴുതിയത്. സ്വാതന്ത്ര്യ സമരത്തിന്‍റെ പശ്ചാത്തലത്തിലെടുത്ത സിനിമ 1996 ലാണ് പുറത്തിറങ്ങിയത്. ബാഹുബലിയിലെയും പുലി മുരുകനിലെയും സാങ്കേതിക തികവ് കണ്ട് അത്ഭുതം കൂറുന്ന മലയാളികള്‍ രണ്ടു പതിറ്റാണ്ട് മുമ്പ് പുറത്തിറങ്ങിയ കാലാപാനി തീര്‍ച്ചയായും കാണണം. അന്ന് രണ്ടര കോടി മുടക്കിയെടുത്ത ഈ ചിത്രം മലയാള സിനിമയുടെ പ്രശസ്തി രാജ്യമെമ്പാടും എത്തിച്ചു. ഒരുപക്ഷെ ഇന്നാണ് പുറത്തിറങ്ങിയിരുന്നതെങ്കില്‍ കാലാപാനി കൂടുതല്‍ വലിയ വാണിജ്യ വിജയം നേടുമായിരുന്നു എന്നതില്‍ സംശയമില്ല. 

സിനിമ കാണാം

 Also Read മലയാളസിനിമയിലെ 50 മികച്ച പ്രണയഗാനങ്ങള്‍


Cover Image Credit

Top Movie Rankings

Manoj is a writer, blogger from Palakkad-Kerala. He writes contents on current affairs, technology, cinema, health, social media and WordPress. His posts and stories appeared across magazines and websites since 1998. Get in touch with him via Twitter and Facebook.

Leave a Reply

Your email address will not be published. Required fields are marked *