നരേന്ദ്ര മോദി അപ്രിയനാകുമോ ?

നരേന്ദ്ര മോദി അപ്രിയനാകുമോ ? 1

യുപിഎ സര്‍ക്കാരിന്‍റെ ഉദാരവല്‍ക്കരണനയവും അടിക്കടിയുണ്ടായ വിലക്കയറ്റവുമാണ് ബിജെപി സഖ്യത്തിന് അവര്‍ പോലും പ്രതീക്ഷിക്കാത്ത വിജയം തിരഞ്ഞെടുപ്പില്‍ സമ്മാനിച്ചത്. കഷ്ടിച്ച് കേവല ഭൂരിപക്ഷം ലഭിക്കും എന്നല്ലാതെ മുന്നൂറ്റി മുപ്പതിന് മേല്‍ സീറ്റ് ലഭിക്കുമെന്ന്‍ കടുത്ത മോദി ഭക്തര്‍ പോലും കരുതിയിരുന്നില്ല. എന്നാല്‍ മന്‍മോഹന്‍ ഭരണകാലത്തെ വിലകയറ്റവും അഴിമതി കഥകളും കണ്ടു മടുത്ത ജനസമൂഹം ജാതിമത വ്യത്യാസമില്ലാതെ കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ നിശ്ചയിച്ചപ്പോള്‍ റേസ് കോഴ്സ് വസതിയിലേക്കുള്ള മോദിയുടെ പ്രയാണം സുഗമമായി. പക്ഷേ അധികാരത്തിലെത്തി ഒരു മാസം പിന്നിടുമ്പോള്‍ മന്‍മോഹന്‍ സിങ്ങിന്‍റെ അതേ വഴിയെയാണ് മോദിയും സഞ്ചരിക്കുന്നത്.

എല്ലാ സംസ്ഥാനങ്ങള്‍ക്കും ഐഐടി, എയിംസ്, അതിവേഗ റെയില്‍ പാത, ബുള്ളറ്റ് ട്രെയിന്‍ എന്നിങ്ങനെയുള്ള ജനപ്രിയ തീരുമാനങ്ങളാണ് എന്‍ഡിഎ സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചത്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ പത്ത് വര്‍ഷം വേണ്ടിവരുമെന്ന് പറഞ്ഞ മോദി ഇത് പാവങ്ങളുടെ സര്‍ക്കാരാണെന്നും അവരെ മുന്നില്‍ കണ്ടാണ് ഓരോ തീരുമാനങ്ങളും എടുക്കുകയെന്നും അന്ന്‍ പാര്‍ലമെന്‍റില്‍ പറഞ്ഞു. കോടതിയുടെ നിര്‍ദേശപ്രകാരം വിദേശ രാജ്യങ്ങളിലെ കള്ളപ്പണം തിരികെയെത്തിക്കാന്‍ പ്രത്യേക ദൌത്യ സംഘത്തെ നിയോഗിച്ച അദ്ദേഹം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിലും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രതിപക്ഷത്തോടും അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോടും അവഗണന പാടില്ലെന്ന്‍ തത്വത്തില്‍ നിര്‍ദേശിക്കുകയും ചെയ്തു. മോദിയുടെ ഇത്തരം തീരുമാനങ്ങളെ ജനം രണ്ടു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് നഷ്ടപ്പെട്ടുപോയ ധാര്‍മിക മൂല്യങ്ങള്‍ തിരികെയെത്തുന്ന നാളുകള്‍ അവര്‍ സ്വപ്നം കണ്ടു.

പ്രതിരോധ മേഖലയില്‍ നൂറു ശതമാനം നിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാര്‍ തിരുമാനം ഇടത് ഇതര രാഷ്ട്രീയകക്ഷികള്‍ കാര്യമായി എതിര്‍ത്തില്ല. മുമ്പ് കോണ്‍ഗ്രസും സമാനമായ നീക്കം നടത്തിയിരുന്നെങ്കിലും പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുയര്‍ന്നപ്പോള്‍ ശ്രമം ഉപേക്ഷിച്ചു. ആയുധങ്ങള്‍ വാങ്ങാനായി ഓരോ വര്‍ഷവും കോടിക്കണക്കിന് ഡോളറാണ് പ്രതിരോധ വകുപ്പ് ചിലവഴിക്കുന്നത്. ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ആയുധ വിപണി ഇന്ത്യയാണ്. യുദ്ധ വിമാനങ്ങള്‍, വെടിക്കോപ്പുകള്‍, അന്തര്‍വാഹിനികള്‍ എന്നിവക്കായി രാജ്യം ചെലവിടുന്ന പണം അധികവും എത്തുന്നത് റഷ്യ, ഇറ്റലി,ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളിലാണ്. സൈന്യത്തിന് വേണ്ട സാമഗ്രികള്‍ ഇവിടെ തന്നെ നിര്‍മിച്ച് വിദേശത്തേക്കുള്ള പണമൊഴുക്ക് തടയാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓര്‍ഡറുകള്‍ ലഭിക്കാനായി വിദേശ കമ്പനികള്‍ നടത്തുന്ന കോഴഇടപാടുകള്‍ മൂലം രാജീവ് ഗാന്ധിയുടെ കാലം മുതല്‍ വിവിധ സര്‍ക്കാരുകള്‍ക്കുണ്ടായ മാനക്കേട് ഇതിന് പുറമേയാണ്. ഇതിനെല്ലാം തടയിടാനാണ് പ്രതിരോധത്തില്‍ 100% ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ ബിജെപി തിരുമാനിച്ചത്.

നരേന്ദ്ര മോദി അപ്രിയനാകുമോ ? 2

നല്ല നാളുകള്‍ വരാനിരിക്കുന്നു എന്നാണ് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ മോദി പറഞ്ഞത്. മുന്‍സര്‍ക്കാരിന്‍റെ കാലത്തെ പെട്രോളിയം ഉല്‍പന്നങ്ങളുടെ കൂടെക്കൂടെയുള്ള വിലവര്‍ധനവിനെ അദ്ദേഹം പലപ്പോഴും രൂക്ഷമായി ആക്രമിച്ചിട്ടുണ്ട്. പക്ഷേ സര്‍ക്കാരിന്‍റെ മധുവിധു കാലം കഴിഞ്ഞപ്പോള്‍ അപ്രിയ നടപടികള്‍ വരാനിരിക്കുന്നു എന്നതിന്‍റെ ചില സൂചനകള്‍ അദ്ദേഹം നല്‍കി. മന്‍മോഹന്‍ സര്‍ക്കാര്‍ ഖജനാവ് കാലിയാക്കിയിട്ടാണ് പോയതെന്ന് കുറ്റപ്പെടുത്താനും അദ്ദേഹം മറന്നില്ല. പെട്രോള്‍, ഡീസല്‍ വിലവര്‍ധനവാണ് രാജ്യം പിന്നിടു കണ്ടത്. വാജ്പേയ് സര്‍ക്കാരാണ് പെട്രോളിയം കമ്പനികള്‍ക്ക് രാജ്യാന്തര വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് പെട്രോളിന്‍റെ വില നിശ്ചയിക്കാന്‍ അധികാരം നല്‍കിയത്. പഴയ തിരുമാനം പുന: പരിശോധിക്കില്ലെന്ന് വിലവര്‍ധനവിലൂടെ ജനത്തിന് മനസിലായി.

പാചകവാതകത്തിന്‍റെ വിലയില്‍ പ്രതിമാസം 10 രൂപയുടെ വീതം വര്‍ദ്ധനവ് വരുത്താനും മന്ത്രാലയം ആലോചിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന സാധാരണ ജനത്തിന് ഗ്യാസിന്‍റെ വില കൂടുന്നത് ഇരുട്ടടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനിടയില്‍ കൂനിന്മേല്‍ കുരു എന്നുപറഞ്ഞത് പോലെ റെയില്‍വേ യാത്ര നിരക്കും കൂടി. വിവിധ യാത്ര ക്ലാസുകളില്‍ 14.2 ശതമാനവും ചരക്കു കൂലിയില്‍ 6.5 ശതമാനവുമാണ് വര്‍ദ്ധനവ് വരുത്തിയത്. സീസണ്‍ യാത്ര നിരക്കുകള്‍ ഇരട്ടിയാകും. പെട്രോളിയം വില വര്‍ദ്ധനവിന്‍റെ മാതൃകയില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് റെയില്‍ യാത്ര നിരക്കുകള്‍ നിശ്ചയിക്കാന്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കാനും ആലോചനയുണ്ട്. റെയില്‍വേയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനവും വൈകാതെയുണ്ടാകും.

വന്‍ വ്യവസായികള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുക്കുകയും പാവപ്പെട്ടവരുടെ മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കുകയുമാണ് യുപിഎ സര്‍ക്കാര്‍ ചെയ്തു വന്നത്. അതേ നയം കൂടുതല്‍ ശക്തമായി നടപ്പാക്കാനാണ് മോദി ഇപ്പോള്‍ ശ്രമിക്കുന്നത്. ലോക്സഭയിലെ ഭീമമായ ഭൂരിപക്ഷം ഇക്കാര്യത്തില്‍ അദ്ദേഹത്തിന് തുണയാകും. തങ്ങളുടെ തന്നെ നയങ്ങളായത് കൊണ്ട് കോണ്‍ഗ്രസ് എതിര്‍ക്കാനും സാധ്യതയില്ല. വിരലിലെണ്ണാവുന്നവര്‍ മാത്രമുള്ള ഇടതുപക്ഷത്തിന്‍റെ എതിര്‍പ്പ് തീരെ ദുര്‍ബലമാകുക കൂടി ചെയ്യുമ്പോള്‍ എന്തും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരായി പൊതുജനം മാറും. നല്ല നാളേയ്ക്ക് വേണ്ടി ഭാരം ചുമക്കാന്‍ അവര്‍ തയ്യാറാകുമെങ്കിലും പ്രതിപക്ഷമില്ലാതെ ഭരിച്ച ചില മുന്‍ഗാമികളെക്കുറിച്ചും മോദി ഇടക്ക് ഓര്‍ക്കണം.

രാജ്യത്ത് മാറ്റത്തിന് തുടക്കമിട്ട ഇന്ദിര ഗാന്ധിക്കു ഏകാധിപത്യ പ്രവണതകള്‍ മൂലമാണ് പിന്നീട് അധികാരത്തില്‍ നിന്ന്‍ പുറത്തുപോകേണ്ടി വന്നത്. 1984ല്‍ വന്‍ ഭൂരിപക്ഷത്തോടെ സര്‍ക്കാരുണ്ടാക്കിയ രാജീവ് ഗാന്ധിക്കു അഞ്ചു വര്‍ഷത്തിന് ശേഷം പ്രതിപക്ഷ നേതാവിന്‍റെ കസേരയില്‍ ഒതുങ്ങേണ്ടി വന്നു. നരസിംഹ റാവുവിന്‍റെയും വാജ്പേയുടെയും മന്‍മോഹന്‍റെയും അവസ്ഥ ഏതാണ്ട് സമാനമാണ്. സംസ്ഥാനത്തെ സ്മാര്‍ട്ട്ആക്കാനായി പാവപ്പെട്ടവരെയും കര്‍ഷകരെയും അവഗണിച്ച ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവിനും കര്‍ണ്ണാടകയിലെ എസ്എം കൃഷ്ണക്കും ബംഗാളിലെ ബുദ്ധദേവിനും പലപ്പോഴായി ജനങ്ങളുടെ അപ്രീതിയുടെ കയ്പ്പുനീര് കുടിക്കേണ്ടി വന്നു. മോദി അങ്ങനെ അപ്രിയനാകാതിരിക്കാന്‍ രാജ്യം ഒന്നടങ്കം ആഗ്രഹിക്കുന്നു. കാരണം മാറ്റിപരീക്ഷിക്കാന്‍ പറ്റുന്ന നല്ല നേതാക്കളൊന്നും ഇന്ന്‍ ദേശീയ രാഷ്ട്രീയത്തില്‍ ബാക്കിയില്ല.


[My article published in Kvartha on 21.06.2014]

Leave a Comment

Your email address will not be published. Required fields are marked *