സോളാര്‍ : ഉമ്മന്‍ ചാണ്ടിയുടെ ദു:ഖവും കരുണാകരന്‍റെ ഹൃദയവേദനയും

സോളാര്‍ : ഉമ്മന്‍ ചാണ്ടിയുടെ ദു:ഖവും കരുണാകരന്‍റെ ഹൃദയവേദനയും 1

 

സംസ്ഥാന രാഷ്ട്രീയത്തില്‍ അടുത്ത കാലത്തായി നടക്കുന്ന സംഭവങ്ങള്‍ കാണുമ്പോള്‍ കാലം പുറകോട്ടു സഞ്ചരിക്കുകയാണോയെന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നും. രണ്ടു പതിറ്റാണ്ടു മുമ്പ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനും സമാനമായ സാഹചര്യത്തെയാണ് നേരിട്ടത്. ഏറെക്കുറെ സമാനമായ വിവാദങ്ങള്‍, ആരോപണശരങ്ങള്‍, സംശയത്തിന്‍റെ പുകമറ………… കഥാപാത്രങ്ങളില്‍ പക്ഷേ മാറ്റം വന്നു. കരുണാകരന്‍ മാറി ഉമ്മന്‍ ചാണ്ടിയാണ് ഇപ്പോള്‍ കുരിശില്‍ കയറാന്‍ തയാറായി നില്‍ക്കുന്നത് എന്നു മാത്രം ! ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്ന് രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പുമൊക്കെ അടക്കം പറയുന്നുമുണ്ട്. കോണ്‍ഗ്രസിലെ ആദര്‍ശ രാഷ്ട്രീയത്തിന്‍റെ അപ്പോസ്തലനായ ‘സാക്ഷാല്‍ കുഞ്ഞൂഞ്ഞ്’ പണ്ട് ചെയ്തു കൂട്ടിയതിന്‍റെ ഫലമാണോ ഇപ്പോള്‍ അനുഭവിക്കുന്നത് ? അങ്ങനെ സംശയിക്കാന്‍ കാരണമെറെയാണ്.

കോണ്‍ഗ്രസ് ഉണ്ടായ കാലം മുതലേ അതില്‍ ഗ്രൂപ്പുകളുണ്ട്. ജനങ്ങള്‍ അറിയാത്ത, ജനങ്ങളെ അറിയാത്ത പലരും പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ എത്തിയത് വെറും ഗ്രൂപ്പ് കളിയുടെ മാത്രം ബലത്തിലാണ്. മഹാന്മാരായ നേതാക്കള്‍ ജനഹൃദയങ്ങളില്‍ ജീവിക്കുമ്പോള്‍ ഇങ്ങനെയുള്ള വ്യക്തികള്‍ക്ക് ജീവന്‍ വെയ്ക്കുന്നത് ഗ്രൂപ്പ് യോഗങ്ങളിലും ശീതീകരിച്ച മുറികളില്‍ വെച്ചു നടക്കുന്ന ചാനലുകളുടെ ‘ന്യൂസ് അവര്‍’ ചര്‍ച്ചകളിലും മാത്രമാണെന്ന വ്യത്യാസം മാത്രം. അതെന്തുമാവട്ടെ, അത് ആ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം. തൊണ്ണൂറുകളിലെ കോണ്‍ഗ്രസില്‍ രണ്ടു പ്രബല ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത്. കരുണാകരന്‍റെ ‘ഐ’യും ആന്‍റണിയുടെ ‘ എ’ യും. പോരാത്തതിന് ആരെയും തിരുത്താന്‍ കഴിയാതെ പോയ കുറെ തിരുത്തല്‍ വാദികളും. ഇന്നവരെ വേണമെങ്കില്‍ ഹരിത എം.എല്‍.എ മാര്‍ എന്നു വിളിക്കാം. കാലത്തിനൊത്ത മാറ്റം ! എഴുപതുകളില്‍ ‘മള്‍ട്ടി സ്റ്റാര്‍’ എന്നു വിളിച്ചിരുന്ന സിനിമയിലെ സൂപ്പര്‍ താരത്തെ ഇപ്പോള്‍ ‘മെഗാസ്റ്റാര്‍’ എന്നു വിളിക്കുന്നത് പോലെ………. പേര് മാത്രമേ മാറുന്നുള്ളൂ, ചെയ്യുന്ന ജോലിയെല്ലാം ഒന്നു തന്നെയാണ്. മറ്റുള്ളവരെ തിരുത്തി, അവരെ നേര്‍വഴിക്ക് നയിക്കാന്‍ ശ്രമിക്കുന്ന യുവതുര്‍ക്കികള്‍ !

ആന്‍റണിയാണ് തലതൊട്ടപ്പനെങ്കിലും അക്കാലത്ത് ഗ്രൂപ്പിന്‍റെ കാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്നത് ഉമ്മന്‍ ചാണ്ടിയായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. മന്ത്രിസഭയില്‍ ഇരുന്നു കൊണ്ടു തന്നെ അദ്ദേഹം പലപ്പോഴും കരുണാകരനുമായി കൊമ്പു കോര്‍ത്തു. കരുണാകരനെതിരെ പാമോയില്‍ കേസ് ഉയര്‍ന്നു വന്നത് അക്കാലത്താണ്. അതിനു പിന്നില്‍ കളിച്ചത് പാര്‍ട്ടിയിലെ എതിര്‍ പക്ഷമാണെന്ന് ഐ ഗ്രൂപ്പ് അന്നു തന്നെ പറഞ്ഞിരുന്നു. എന്നാല്‍ കരുണാകരന് രാഷ്ട്രീയത്തില്‍ ചില്ലറ ക്ഷീണമുണ്ടാക്കിയ കേസ് കോടതി മുറിയിലും പത്രത്താളുകളിലും മാത്രമായി ഒതുങ്ങി. പലരും പ്രതീക്ഷിച്ചത് പോലെ അദേഹത്തിന്‍റെ മുഖ്യമന്ത്രിക്കസേരക്ക് യാതൊരു ഇളക്കവും സംഭവിച്ചില്ല. പക്ഷേ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തു വന്ന ചാരക്കേസ് കേരള രാഷ്ട്രീയത്തില്‍ ഒരു കൊടുങ്കാറ്റ് തന്നെയാണ് വിതച്ചത്. പതിറ്റാണ്ടുകളോളം കോണ്‍ഗ്രസ് കോട്ടകള്‍ക്ക് മുന്നില്‍ തലയെടുപ്പോടെ നിന്ന കെ.കരുണാകരന്‍ എന്ന വന്‍മരം അതോടെ കടപുഴകി വീണു.

സോളാര്‍ : ഉമ്മന്‍ ചാണ്ടിയുടെ ദു:ഖവും കരുണാകരന്‍റെ ഹൃദയവേദനയും 2

ചാരക്കേസിലെ പ്രതികളെ രക്ഷിക്കാനും കേസ് തേച്ചുമാച്ചു കളയാനും മുഖ്യമന്ത്രി ശ്രമിച്ചു എന്നതായിരുന്നു പ്രതിപക്ഷവും പാര്‍ട്ടിയിലെ വിമത പക്ഷവും അന്ന്‍ ഉയര്‍ത്തിയ ആരോപണം. രാജ്യദ്രോഹി എന്നുവരെ അദേഹത്തെ വിളിച്ചു. സര്‍ക്കാരിന്‍റെ രാജി ആവശ്യപ്പെട്ടു കൊണ്ട് അതിശക്തമായ പ്രക്ഷോഭ പരമ്പരകള്‍ സംസ്ഥാനത്തുടനീളം അരങ്ങേറി. കോടതി വിധിക്ക് മുമ്പേ കെ. കരുണാകരനെയും നമ്പി നാരായണനെയും ശശികുമാറിനെയും മറിയം റഷീദയെയും രമണ്‍ ശ്രീവാസ്തവയെയുമൊക്കെ പ്രതികളാക്കി ‘കുറ്റപത്രം’ സമര്‍പ്പിച്ചുകൊണ്ട് മാധ്യമങ്ങളും തങ്ങളുടെ കടമ ‘ഭംഗിയായി’ നിറവേറ്റി. പിടിച്ചു നില്‍ക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പാര്‍ട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ടു പോയ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കേണ്ടി വന്നു.

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന സോളാര്‍ കേസിലും രണ്ടു സ്ത്രീകള്‍ തന്നെയാണ് കേന്ദ്ര ബിന്ദു. മറിയം റഷീദയും ഫൌസിയ ഹസ്സനുമാണ് ചാരക്കേസിന്‍റെ വിത്തു വിതച്ചതെങ്കില്‍ ഇന്ന്‍ ആ സ്ഥാനത്ത് സരിത.എസ്.നായരും ശാലു മേനോനുമാണ്. ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ചന്വേഷിക്കണമെന്ന് കെ. മുരളീധരന്‍ ആദ്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹൈക്കമാണ്ടിന്‍റെ ഭീഷണിക്ക് മുന്നില്‍ പിന്നീട് അദ്ദേഹം മുട്ടു മടക്കി. കാരണം, അന്വേഷണം നടത്തുന്നവര്‍ ഏറ്റവും അവസാനം ചെന്നെത്തുന്നത് ഇന്ദിരാ ഭവന്‍റെ അകത്തളങ്ങളിലായിരിക്കുമെന്ന് മറ്റാരെക്കാളും നന്നായി ഡല്‍ഹിയിലുള്ള നേതാക്കന്‍മാര്‍ക്കറിയാം. വേലിയില്‍ കിടക്കുന്ന പാമ്പിനെ തോളത്തിടുന്നതെന്തിനാണെന്ന് അവരാരെങ്കിലും ചിന്തിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല.

വിവാദങ്ങളില്‍പ്പെട്ടു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഉള്ളില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് വി.എസ്സോ പിണറായിയോ അല്ല, മറിച്ച് രമേശ് ചെന്നിത്തലയാണ് എന്നതാണ് സത്യം. മന്ത്രിസഭയില്‍ ചേരാത്തത് എത്ര നന്നായെന്ന് ഇപ്പോള്‍ അദ്ദേഹം കരുതുന്നുണ്ടാവും. രണ്ടാമനെ ചൊല്ലി ആദ്യം കുറെ വിഷമിച്ചു, പക്ഷേ കാര്യങ്ങള്‍ ഈ നിലയ്ക്കാണ് പോകുന്നതെങ്കില്‍ താമസിയാതെ, മധുര പ്രതികാരത്തോടെ ഒന്നാമനായി തന്നെ അദേഹത്തിന് മന്ത്രിസഭയിലേക്ക് വരാം. അങ്ങനെ ഉമ്മന്‍ ചാണ്ടിക്ക് അധികാരം ഒഴിയേണ്ടി വന്നാല്‍ കോണ്‍ഗ്രസ്സില്‍ വീണ്ടും ചരിത്രം ആവര്‍ത്തിക്കും. രണ്ടു പതിറ്റാണ്ടിനിടക്ക് ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിയും കാലാവധി തികച്ചിട്ടില്ലെന്ന ചരിത്രം. എന്നാല്‍ ഇക്കുറി ഒരുപക്ഷേ കരുണാകരന്‍റെ ശാപമായിരിക്കും അതിന് കാരണമാകുക, ഒപ്പം രമേശിന്‍റെ മനോവേദനയും. രണ്ടായാലും ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിനും അതോടെ അന്ത്യം സംഭവിക്കും.

About The Author

Leave a Comment

Your email address will not be published. Required fields are marked *