നീണ്ട പതിനാറ് വര്‍ഷങ്ങള്‍. പിണറായി വിജയന്‍ എന്ന നേതാവും സിപിഐഎം എന്ന രാഷ്ട്രീയ പ്രസ്ഥാനവും ലാവ്ലിന്‍ തീര്‍ത്ത അഴിമതിയുടെ പുകമറക്കുള്ളില്‍ കഴിഞ്ഞത് അത്രയും കാലമാണ്. ഒടുവില്‍ ഇപ്പോള്‍ സിബിഐ പ്രത്യേക കോടതി അദ്ദേഹം നിരപരാധിയാണെന്ന് വിധിക്കുമ്പോള്‍ അറം പറ്റുന്നത് ഡോ. സുകുമാര്‍ അഴിക്കോടിന്‍റെ വാക്കുകളാണ്. വിജയന്‍ അഗ്നിശുദ്ധി വരുത്തി നിരപരാധിത്വം തെളിയിക്കണം എന്നാഗ്രഹിച്ച മാഷ് ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെങ്കിലും ഇടതുപക്ഷം ഏറെ നാളായി കാത്തിരുന്ന വിധിയാണ് ഇന്ന്‍ പുറത്തു വന്നത്.
കേരള രാഷ്ട്രീയം ഇളക്കി മറിച്ച ലാവ്ലിന്‍ കേസിന് പിണറായി വിജയന്‍റെ മന്ത്രിസ്ഥാനത്തേക്കാള്‍ പഴക്കമുണ്ട്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനുള്ള കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനു നല്‍കിയത് 1995ല്‍ ജി കാര്‍ത്തികേയന്‍ വൈദ്യുത വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ്. സി വി പദ്മരാജന്‍ തുടങ്ങിവച്ച കരാറിന്‍റെ പ്രാരംഭ നടപടികള്‍ കാര്‍ത്തികേയന് ശേഷം വൈദ്യുത വകുപ്പ് കൈകാര്യം ചെയ്ത പിണറായിയുടെ കാലത്താണ് പൂര്‍ത്തീകരിച്ചത്. എന്നാല്‍ കരാര്‍ നല്‍കിയതിന് പകരമായി മലബാര്‍ കാന്‍സര്‍ സെന്‍ററിന് കാനഡയില്‍ നിന്ന്‍ ധനസഹായം ലഭ്യമാക്കാം എന്ന വാഗ്ദാനം പാലിക്കുന്നതില്‍ ലാവ്ലിന്‍ കമ്പനി വീഴ്ച വരുത്തി. അപ്പോഴേക്കും മന്ത്രി സ്ഥാനം ഒഴിഞ്ഞ പിണറായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദവി ഏറ്റെടുത്തിരുന്നു.
കരാറിന്‍റെ തുടര്‍ നടപടികള്‍ വിലയിരുത്തുന്നതിലും നടപ്പാക്കുന്നതിലും കെഎസ്ഇബി ദയനീയമായി പരാജയപ്പെട്ടു. വൈദ്യുത പദ്ധതികള്‍ക്ക് വേണ്ടി ലാവ്ലിന്‍ നിലവാരം കുറഞ്ഞ ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്ന് പിന്നീട് കണ്ടെത്തിയ സിഎജി തന്മൂലം സംസ്ഥാനത്തിന് ഭീമമായ നഷ്ടമാണ് ഉണ്ടായതെന്നും വിലയിരുത്തി. സിപിഐഎമ്മിലെ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയത്തെ പോലും കീഴ്മേല്‍ മറിച്ച ഒരു കേസിന്‍റെ നാള്‍വഴികള്‍ തുടങ്ങുന്നത് പ്രസ്തുത സിഎജി റിപ്പോര്‍ട്ടില്‍ നിന്നാണ്. നാലു മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസായിട്ടും പ്രതി ചേര്‍ക്കപ്പെട്ടത് പിണറായി മാത്രമാണ്.
സിപിഐഎമ്മിന്‍റെ സമുന്നതനായ നേതാവിനെ സംശയത്തിന്‍റെ പുകമറക്കുള്ളില്‍ നിര്‍ത്താനും വിചാരണ ചെയ്യാനും പാര്‍ട്ടിയിലെ എതിര്‍ വിഭാഗവും രാഷ്ട്രീയ എതിരാളികളും ഒരുപോലെ മല്‍സരിച്ചു. വിവാദ ‘ഫയല്‍ നോട്ടും’ മാധ്യമ കഥകളിലെ ‘ആഡംബര വസതി’യും പറഞ്ഞു പ്രചരിപ്പിച്ച ‘കമലാ എക്സ്പോര്‍ട്ടേസു’മെല്ലാം ചിലപ്പോഴെങ്കിലും അദ്ദേഹത്തിന് വില്ലന്‍ പരിവേഷവും നല്‍കി.
എതിരാളികളെ കള്ളക്കേസുകളില്‍ കുടുക്കുന്നത് രാഷ്ട്രീയത്തില്‍ ഒരു പുതുമയല്ല. പാമോലിന്‍ കേസിലൂടെയും ചാരക്കേസിലൂടെയും രാഷ്ട്രീയത്തിന്‍റെ വൃത്തികെട്ട മുഖം നമ്മള്‍ മുമ്പും കണ്ടിട്ടുണ്ട്. വ്യാജ ആരോപണങ്ങളില്‍ കുടുങ്ങി മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട കെ. കരുണാകരന് പിന്നീട് നീതി കിട്ടിയില്ലെങ്കിലും പിണറായിക്ക് അങ്ങനെ സംഭവിച്ചില്ലല്ലോ എന്നോര്‍ത്ത് തല്‍ക്കാലം ആശ്വസിക്കാം. പക്ഷേ ജനലക്ഷങ്ങള്‍ കൂടെയുള്ള സിപിഐഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ അമരക്കാരനായ പിണറായി വിജയനെ പോലെയല്ല നമ്പി നാരായണനെ പോലെയുള്ള സാധാരണക്കാര്‍. രാജ്യദ്രോഹി എന്ന ആരോപണത്തില്‍ ആരും തകര്‍ന്നു പോകും. രാഷ്ട്രീയമായ പക പോക്കലില്‍ ബലിയാടായി എല്ലാം നഷ്ടപ്പെട്ട അദ്ദേഹത്തെ പോലുള്ളവരെ പിണറായി ഇനിയെങ്കിലും ഓര്‍ക്കണം. ലാവ്ലിന്‍ കേസിലെ വിധിയും ഐഎസ്ആര്‍ഒയുടെ ചരിത്രദൌത്യവും ഒരേ ദിവസം തന്നെ വന്നത് അത്ഭുതകരമായ യാദൃച്ഛികതയാണ്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഒരു ഉരുക്കു മനുഷ്യനാണോ എന്ന്‍ മുന്‍ മന്ത്രി കൂടിയായ ജി.സുധാകരന്‍റെ കവിമനസ്സ് ഒരിക്കല്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കാരണം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടക്ക് പിണറായി പോലെ വേട്ടയാടപ്പെട്ട ഒരു നേതാവ് കേരളത്തില്‍ വേറെയുണ്ടാവില്ല. ദൃശ്യ-പത്ര മാധ്യമങ്ങളും രാഷ്ട്രീയ-മത മേലാളന്‍മാരും സംഘം ചേര്‍ന്ന് ആക്രമിക്കുമ്പോള്‍ ഒരാള്‍ക്ക് കാലിടറി പോകുക സ്വാഭാവികമാണ്. പക്ഷേ വിമര്‍ശനങ്ങള്‍ ഈ പഴയ കൈത്തറി തൊഴിലാളിയുടെ വാക്കിന്‍റെ മൂര്‍ച്ച കൂട്ടിയതേയുള്ളൂ. അതിന് രാഷ്ട്രീയ നേതാക്കളെന്നോ മതമേലദ്ധ്യക്ഷന്‍മാരെന്നോ വ്യത്യാസവുമുണ്ടായില്ല. വോട്ട് ബാങ്ക് മാത്രം നോക്കി അഭിപ്രായം പറഞ്ഞിരുന്ന പതിവ് രാഷ്ട്രീയക്കാരില്‍ നിന്ന്‍ പിണറായി എന്നും വേറിട്ടു നിന്നു. താമരശ്ശേരി ബിഷപ്പും കാന്തപുരവും സുകുമാരന്‍ നായരുമൊക്കെ പലപ്പോഴും ആ നാവിന്‍റെ ചൂടറിഞ്ഞു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകും എന്നു ഭയന്ന്‍ തന്‍റെ അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹം ഒരിക്കലും പണയം വച്ചില്ല.
തങ്ങള്‍ക്കെതിരായ കേസുകളുടെ വിചാരണ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് തടസപ്പെടുത്തുന്ന നേതാക്കളെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ തനിക്കെതിരായ കേസില്‍ എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നേരിട്ടു സമീപിച്ച ഇന്ത്യയിലെ ഒരേ ഒരു രാഷ്ട്രീയ നേതാവ് ഒരുപക്ഷേ പിണറായി വിജയന്‍ മാത്രമായിരിക്കും.
തെറ്റു കുറ്റങ്ങള്‍ ഏതു മനുഷ്യനുമുണ്ടാകും. പക്ഷേ കേവലം അഭിപ്രായ വ്യത്യാസത്തിന്‍റെ പേരില്‍ ഒരാള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയാണോ എന്ന്‍ രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും ഇനിയെങ്കിലും ചിന്തിക്കണം. കള്ളക്കേസില്‍ കുടുക്കി ഒരാളെ തകര്‍ക്കുക എന്നത് എളുപ്പമാണ്. എല്ലാവര്‍ക്കും ഫീനിക്സ് പക്ഷിയെപ്പോലെ അതില്‍ നിന്ന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിഞ്ഞെന്നും വരില്ല. നിരപരാധികള്‍ അത്തരം വാരിക്കുഴികളില്‍ വീണ് കൈകാലിട്ടടിക്കുമ്പോള്‍ കുറ്റവാളികള്‍ രക്ഷപ്പെടുകയും നാടിന്‍റെ വികസന സങ്കല്‍പങ്ങള്‍ തച്ചുടക്കപ്പെടുകയും ചെയ്യും. നമ്പി നാരായണനെ പോലുള്ള ഇരകളുടെ കണ്ണുനീര്‍ അപ്പോഴും ബാക്കിയാകും.
കേരളത്തിന്റെ അടുത്ത മുഖ്യ മന്ത്രിയായി സഖാവ് പിണറായി വിജയന്‍ തന്നെ
വരട്ടെ .ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന നട്ടെല്ലുള്ള
ഭരണാധികാരികളെയാണ് കേരളത്തിനാവശ്യം.
സത്യമാണ്, ജോമി. ജാതി മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടു മടക്കാത്ത, വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം നോക്കി തീരുമാനം എടുക്കാത്ത പിണറായി വിജയനെ പോലുള്ള നേതാക്കളെയാണ് നാടിന് ഇന്നാവശ്യം. അഭിപ്രായത്തിന് വളരെ നന്ദി,
കേരളത്തിന്റെ അടുത്ത മുഖ്യ മന്ത്രിയായി സഖാവ് പിണറായി വിജയന്‍ തന്നെ
വരട്ടെ .ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന നട്ടെല്ലുള്ള
ഭരണാധികാരികളെയാണ് കേരളത്തിനാവശ്യം.
സത്യമാണ്, ജോമി. ജാതി മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടു മടക്കാത്ത, വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം നോക്കി തീരുമാനം എടുക്കാത്ത പിണറായി വിജയനെ പോലുള്ള നേതാക്കളെയാണ് നാടിന് ഇന്നാവശ്യം. അഭിപ്രായത്തിന് വളരെ നന്ദി,