കുമാര സംഭവം സീസണ്‍ 2 : കലണ്ടറാണ് താരം

കുമാര സംഭവം സീസണ്‍ 2 : കലണ്ടറാണ് താരം 1

ഒരു കലണ്ടറാണ് ഇന്നത്തെ വിഷയം. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 2017 ലെ കലണ്ടര്‍ മോദീ മയമാണെന്നത് ഇതിനകം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ചില സൂപ്പര്‍താരങ്ങളുടെ ഫാന്‍സ്‌ അസോസിയേഷനുകള്‍ പുറത്തിറക്കുന്ന കലണ്ടറുകളേക്കാള്‍ കഷ്ടമായിപ്പോയി എന്നാണ് ചില പ്രതിപക്ഷ പാര്‍ട്ടികള്‍ പരിതപിച്ചത്. പണം മുടക്കി പ്രശസ്തിയുണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രാഞ്ചിയേട്ടന്‍മാര്‍ ഇങ്ങനെയൊക്കെ ചെയ്യുക സ്വാഭാവികമാണ്. പക്ഷെ ലോകം മുഴുവന്‍ അറിയുന്ന, ടൈം മാഗസിന്‍റെ തിരഞ്ഞെടുപ്പുകളില്‍ അവസാന പത്തുകളില്‍ പതിവായെത്തി ക്ലൈമാക്സില്‍ ദക്ഷിണാഫ്രിക്കയെ പോലെ മടങ്ങാറുള്ള നമ്മുടെ പ്രധാനമന്ത്രി തന്നെ ഇതിനായി ഇറങ്ങിത്തിരിച്ചതെന്തിനാണെന്ന് ആലോചിച്ചപ്പോഴാണ് കുമാരന് മറ്റ് ചില കാര്യങ്ങള്‍ ഓര്‍മ വന്നത്. 

വ്യക്തി പൂജ ഈ രാജ്യത്ത് ആദ്യമൊന്നുമല്ല. സഹപ്രവര്‍ത്തകരേക്കാള്‍ കേമനാണ് താനെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്ന പലരും ചെയ്യുന്നതുമാണ്. സമൂഹത്തില്‍ നടക്കുന്ന സകല കൊള്ളരുതായ്മകള്‍ക്കും സിനിമകളെ പഴി ചാരുന്നതാണല്ലോ പണ്ടേ നമ്മുടെ നാട്ടുനടപ്പ്. ലോകത്തെവിടെ കൊലപാതകം നടന്നാലും ദൃശ്യം സിനിമയെയാണ് ഇന്നും നമ്മള്‍ കുറ്റപ്പെടുത്തുന്നത്. തൊണ്ണൂറുകളില്‍ കോളേജ് പെണ്‍കുട്ടികള്‍ നടത്തിയ ഒളിച്ചോട്ടങ്ങളില്‍ സംവിധായകന്‍ ഫാസിലും സൂര്യപുത്രിയും എത്രയോ വട്ടമാണ് പ്രതിക്കൂട്ടില്‍ കയറിയത്. അതുകൊണ്ട് പറയട്ടെ, ഇന്ദിര ഗാന്ധി ഒരു അപവാദമായി മുന്നിലുണ്ടെങ്കിലും എംജിആറാണ് ഇവിടെ വ്യക്തി പൂജയ്ക്ക്  തുടക്കമിട്ടത്. സിനിമയില്‍ തുടങ്ങിയ സ്വന്തം ആധിപത്യം പിന്നീട് രാഷ്ട്രീയത്തിലേക്ക് വ്യാപിപ്പിക്കാനും അദ്ദേഹം മടിച്ചില്ല. 

ഇന്നും വ്യക്തിപൂജ ഏറ്റവും കൂടുതല്‍ നടക്കുന്നത് തമിഴകത്താണെന്ന് നിങ്ങളെ പോലെ കുമാരനും അറിയാം. അമേരിക്കയില്‍ നിന്ന് വിടുന്ന റോക്കറ്റ് പോലും പിടിച്ചെടുത്ത് തിരികെ വിടുന്നയാളാണ് രജനികാന്തെന്ന പറച്ചില്‍ പൊതുവേയുണ്ട്. ഒരുകാലത്ത് അദ്ദേഹം വലിച്ചെറിഞ്ഞ കല്ലുകളാണ് ബഹിരാകാശത്തെ ഉപഗ്രഹങ്ങളായി രൂപാന്തരപ്പെട്ടതെന്നും പറയപ്പെടുന്നു. എംജിആര്‍ തുടക്കമിട്ട അതിമാനുഷ പ്രകടനങ്ങള്‍ തുടര്‍ന്ന് വന്ന രജനിയും ആവര്‍ത്തിച്ചപ്പോള്‍ അതില്‍ നിന്ന് മാറി നിന്ന ശിവാജിയും കമലിനെയും പോലുള്ളവര്‍ താരപദവിക്ക് വേണ്ടിയുള്ള മത്സരത്തില്‍ സ്വാഭാവികമായും പിന്തള്ളപ്പെട്ടു. പുരട്ചി തലൈവരുടെ പിന്‍ഗാമിയായി രാഷ്ട്രീയത്തില്‍ വന്ന ജയലളിതയും വ്യത്യസ്ഥയായില്ല. അവരുടെ ഭരണകാലത്ത് മന്ത്രിസഭാ യോഗങ്ങള്‍ കൂടാറില്ലായിരുന്നുവെന്ന് കുമാരന്‍ കേട്ടിട്ടുണ്ട്. അവര്‍ ഓരോ വകുപ്പിലെയും കാര്യങ്ങള്‍ സ്വയം തിരുമാനിച്ച്  നിയമസഭയില്‍ പ്രഖ്യാപിക്കുമ്പോഴാണത്രേ മന്ത്രിമാര്‍ പോലും അറിഞ്ഞിരുന്നത്. 

കേന്ദ്രസര്‍ക്കാര്‍ അടുത്തകാലത്ത് നടപ്പാക്കിയ കറന്‍സി പരിഷ്ക്കരണം പോലും ഒരു സിനിമാ സൃഷ്ടിയാണെന്നാണ് കുമാരന്‍റെ പക്ഷം. സമാനമായ നിര്‍ദേശങ്ങള്‍ ശിവാജിയെയും പിച്ചൈക്കാരനെയും പോലുള്ള തമിഴ് സിനിമകള്‍ നേരത്തെ പങ്കു വച്ചിട്ടുണ്ട്. മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം ഒരു തമിഴ് നാട്ടുകാരനാണല്ലോ. മേല്‍പ്പറഞ്ഞ സിനിമകള്‍ അദ്ദേഹവും കണ്ടിട്ടുണ്ടാവും. കള്ളപ്പണം പിടിക്കാന്‍ അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ നിരോധിക്കണമെന്ന് അതിലെ നായകന്മാര്‍ പറഞ്ഞത് വെള്ളം തൊടാതെ വിഴുങ്ങിയ മോദിക്കും കൂട്ടര്‍ക്കും പണി കിട്ടിയെന്ന് മാത്രമറിയാം. തുടര്‍ന്ന് ചെയ്യേണ്ട കാര്യങ്ങളൊന്നും സിനിമയില്‍ പറയാത്തത് കൊണ്ട് ഇനി എന്താണ് വേണ്ടതെന്നറിയാതെ ഇന്ദ്രപ്രസ്ഥത്തിലെ കാരണവന്മാര്‍ തല പുകയ്ക്കുകയാണെന്നും ആ പുകയാണ് ഡല്‍ഹിയിലെ അന്തരീക്ഷത്തില്‍ ഇപ്പോള്‍ കാണപ്പെടുന്നതെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. 

Also Read   കുമാര സംഭവം സീസണ്‍ 1: Last Episodes

നമ്മള്‍ പറഞ്ഞു വന്നത് കലണ്ടറിനെ കുറിച്ചാണ്. കലണ്ടര്‍ മനോരമ തന്നെയെന്ന് പണ്ട് തിലകന്‍ ചേട്ടനാണ് എല്ലാവരെയും പഠിപ്പിച്ചത്. അതുപോലെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മോദിജിയുടെ ഫോട്ടോ ആല്‍ബം, സോറി കലണ്ടര്‍ മാത്രമേ ഉപയോഗിക്കാവൂയെന്ന സര്‍ക്കുലര്‍ പുറത്തിറക്കുമോ എന്ന് വരും ദിവസങ്ങളിലെ അറിയാനാവൂ. ധീര ദേശാഭിമാനിയായ മോദിജി ഗാന്ധിജിയെയും പട്ടേലിനെയും ബോസിനെയും പോലുള്ളവരെ വച്ച്  കലണ്ടര്‍ ഇറക്കാതെ എന്തുകൊണ്ട് സ്വന്തം പടം വച്ചിറക്കി എന്നുമാത്രം ചോദിക്കരുത്. സെല്‍ഫ് പ്രമോഷന്‍ ഇക്കാലത്ത് എല്ലാ മേഖലകളിലും പതിവാണ്. സൂപ്പര്‍താര നായകന്മാരെ പുകഴ്ത്തിക്കൊണ്ട് മറ്റ് കഥാപാത്രങ്ങള്‍ സ്ഥാനത്തും അസ്ഥാനത്തും പറയുന്ന ഡയലോഗുകള്‍ നമ്മള്‍ സിനിമകളില്‍ എത്രയോ വട്ടം കേട്ടിരിക്കുന്നു. അയാള്‍ മല മറിക്കുമെന്നും ആയിരം പേരെ നേരിടാന്‍ അയാള്‍ ഒരാള്‍ മാത്രം മതിയെന്നുമൊക്കെ ഇക്കൂട്ടര്‍ തട്ടി വിടും. തോക്കും ബോംബും മുതല്‍ മിസൈലുകള്‍ വരെ വെള്ളിത്തിരയിലെ സിങ്കങ്ങള്‍ക്ക് മുന്നില്‍ നിഷ്പ്രഭമാകുന്ന കാഴ്ച കണ്ട് യഥാര്‍ത്ഥ സിംഹങ്ങള്‍ പോലും മൃഗശാലകളിലെ ഇരുമ്പ് കൂട്ടിലിരുന്ന് കോരിത്തരിച്ചിട്ടുണ്ടാകും. അതൊക്കെ വച്ച് നോക്കുമ്പോള്‍ ഈ കലണ്ടര്‍ എത്ര നിസ്സാരം. പക്ഷെ പൊതുമുതല്‍ ഉപയോഗിച്ച് ഓരോരോ സര്‍ക്കാരുകള്‍ നടത്തുന്ന സ്വന്തം പ്രമോഷനുകളുടെയും പരസ്യങ്ങളുടെയും ഔചിത്യമാണ് കുമാരനെ അലട്ടുന്നത്. 

ഒരു വശത്ത് കലണ്ടര്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ മറുവശത്ത് കടലില്‍ ചരിത്ര പുരുഷന്മാരെ പ്രതിഷ്ടിക്കാനും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മൂവായിരം കോടി രൂപ മുടക്കി ഗുജറാത്തില്‍ നിര്‍മ്മിക്കുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രതിമയ്ക്ക് പിന്നാലെ മൂവായിരത്തി അറുന്നൂറു കോടി രൂപയുടെ ശിവാജി സ്മാരകവുമായി മഹാരാഷ്ട്രയും പുതിയ ടൂറിസം സംസ്‌കാരത്തിന്‍റെ ഭാഗമായി. ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ പുതിയ ബ്രാന്‍റ് അംബാസഡറായി മോദിജി വന്നത് വെറുതെയാവില്ലെന്നാണ് കുമാരന് തോന്നുന്നത്. ചരിത്രത്തെയും സാങ്കേതിക വിദ്യയെയും ഒന്നിച്ചുകൊണ്ടു പോകുന്ന സര്‍ക്കാര്‍ ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. സഹസ്ര കോടികള്‍ കൊണ്ട് ചരിത്രങ്ങള്‍ പുന:സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളപ്പോള്‍ കടക്കെണിയില്‍ പെട്ടുലയുന്ന കര്‍ഷകരെയും പട്ടിണിപ്പാവങ്ങളെയും നമുക്ക് സൌകര്യപൂര്‍വ്വം മറക്കാം. ഒന്നു ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ എന്നാണല്ലോ. പഴയ ആള്‍ക്കാരെ ഓരോരോ സ്ഥലങ്ങളില്‍ പ്രതിഷ്ടിക്കാന്‍ ഉത്സാഹം കാണിക്കുന്ന മോദിജി പാര്‍ട്ടിയിലെ പഴമക്കാരനായ അദ്വാനിജിയെയും എവിടെയെങ്കിലും അവരോധിക്കണമെന്നാണ് കുമാരന്‍റെ അപേക്ഷ. ഇല്ലെങ്കില്‍ ഒരിക്കല്‍ കപ്പിനും ചുണ്ടിനുമിടയ്ക്ക് പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടത് പോലെ രാഷ്ട്രപതി സ്ഥാനവും അദ്ദേഹത്തിന് എന്നന്നേക്കുമായി നഷ്ടപ്പെടും. 

The End

Leave a Comment

Your email address will not be published.