മിസ്റ്റര്‍ മരുമകന്‍ : ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഒരു വധേര ചരിതം

vvadra-story_650_020715044149

അഞ്ച് വച്ച് പത്ത് ഉണ്ടാക്കുന്ന വയറ്റിപ്പിഴപ്പുകാരായ കുലുക്കികുത്തുകാരെ ഉല്‍സവ പറമ്പുകളില്‍ നമ്മള്‍ യഥേഷ്ടം കണ്ടിട്ടുണ്ട്. സാധാരണക്കാരന്‍റെ ലോകം വിട്ട് കോടികളുടെ മാത്രം കണക്ക് തിരയുന്ന വ്യവസായരംഗത്തെത്തുമ്പോള്‍ അവരുടെ രൂപവും രീതികളും മാറും. അപ്പോള്‍ നേരത്തെ പറഞ്ഞ പത്തിന് ശേഷം എത്ര പൂജ്യം ഉണ്ടാകും എന്ന്‍ ആര്‍ക്കും നിശ്ചയമുണ്ടാകില്ല. ആ ഇന്ദ്രജാലക്കാരന്‍ രാജ്യത്തെ ഏറ്റവും ശക്തമായ ഒരു രാഷ്ട്രീയ കുടുംബത്തില്‍ അംഗമാകുക കൂടി ചെയ്താല്‍ പിന്നെ പറയാനുമില്ല. ഒരു സാധാരണ ബിസിനസുകാരന്‍ മാത്രമായിരുന്ന റോബര്‍ട്ട് വധേര കോടികളുടെ സാമ്രാജ്യത്തിന് അധിപനായത് അങ്ങനെയാണ്.

1997ല്‍ പ്രിയങ്ക ഗാന്ധിയെ വിവാഹം കഴിക്കുമ്പോള്‍ കരകൌശല സാധനങ്ങളും ഫാഷന്‍ ഉല്‍പന്നങ്ങളും ഇറക്കുമതി ചെയ്ത് വിപണനം നടത്തുന്ന ഒരു സാദാ ബിസിനസുകാരന്‍ മാത്രമായിരുന്നു വധേര. എന്നാല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 2007 മുതലുള്ള മൂന്ന്‍ വര്‍ഷത്തിനുള്ളില്‍ പുതുതായി അഞ്ച് കമ്പനികള്‍ സ്ഥാപിക്കുകയും ഡല്‍ഹി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വന്‍ ഭൂമി ഇടപാട് നടത്തുകയും ചെയ്ത അദ്ദേഹം അതുവഴി കോടികളുടെ അധിപനായി.

പ്രിയങ്കയുമായുള്ള വിവാഹത്തിന് റോബര്‍ട്ടിന്‍റെ അച്ഛന്‍ രാജേന്ദ്ര വധേരയ്ക്ക് തീരെ താല്‍പര്യമുണ്ടായിരുന്നില്ല. തന്‍റെ അച്ഛനും സഹോദരന്‍ റിച്ചാര്‍ഡും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ജോലി വാഗ്ദാനം ചെയ്ത് ആള്‍ക്കാരില്‍ നിന്ന്‍ പണം വാങ്ങുന്നതായി 2001ല്‍ റോബര്‍ട്ട് പോലീസിന് പരാതി നല്‍കിയിരുന്നു. വാര്‍ത്ത നിഷേധിച്ച രാജേന്ദ്ര പുത്രനെതിരെ മാനനഷ്ടക്കേസ് നല്‍കുകയും ചെയ്തു.

2009ല്‍ ഡല്‍ഹിയിലെ ഒരു ഗസ്റ്റ് ഹൌസില്‍ രാജേന്ദ്രയെ മരിച്ച നിലയില്‍ കണ്ടെത്തി. അതിനു മുമ്പ് തന്നെ അദ്ദേഹത്തിന്‍റെ മറ്റു രണ്ടു മക്കള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. മൂത്ത മകന്‍ റിച്ചാര്‍ഡ് 2003ല്‍ ആത്മഹത്യ ചെയ്തെങ്കില്‍ മകള്‍ മിഷല്‍ 2001ല്‍ ഒരു കാറപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

റോബര്‍ട്ട് വധേര അനധികൃത സ്വത്ത് സമ്പാദിച്ചതായി ആദ്യമായി ആരോപണം ഉന്നയിച്ചത് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളാണ്. പിന്നീട് നരേന്ദ്ര മോഡിയും മറ്റ് ബിജെപി നേതാക്കളും ആരോപണം ആവര്‍ത്തിച്ചെങ്കിലും സിപിഎം ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

2007ല്‍ അമ്പത് ലക്ഷം രൂപയുടെ മൂലധനത്തില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് തുടങ്ങിയ വധേര ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി കോടികള്‍ മൂല്യമുള്ള ആസ്തികള്‍ വാങ്ങിക്കൂട്ടി. പ്രശസ്ത പാര്‍പ്പിട നിര്‍മ്മാണ കമ്പനിയായ ഡിഎല്‍എഫ് 80 കോടി രൂപയുടെ പലിശ രഹിത വായ്പ നല്‍കി അദ്ദേഹത്തെ സഹായിച്ചു. തലസ്ഥാനത്തെ വന്‍കിട ഹോട്ടലായ ഹില്‍റ്റന്‍ ഗാര്‍ഡന്‍റെ മാതൃ സ്ഥാപനമായ സാകേത് കണ്ട്രിയാര്‍ഡില്‍ 32 കോടി മുടക്കി വധേര 50% ഷെയര്‍ കരസ്ഥമാക്കുന്നത് ഇക്കാലത്താണ്. വെളിപ്പെടുത്താനാവാത്ത ചില സേവനങ്ങള്‍ ചെയ്ത് കൊടുത്തത് കൊണ്ടാവണം ഡിഎല്‍എഫ് തങ്ങളുടെ സമുച്ചയത്തിലെ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു അപ്പാര്‍ട്ട്മെന്‍റ് അദ്ദേഹത്തിന് ഉപഹാര വിലയ്ക്ക് നല്‍കി. 25 കോടി മാര്‍ക്കറ്റ് വിലയുള്ള അപ്പാര്‍ട്ട്മെന്‍റിന് വധേര നല്‍കിയത് 89 ലക്ഷം രൂപയാണെന്ന് രേഖകള്‍ പറയുന്നു. പോരാത്തതിന് ഡിഎല്‍എഫ് മഗ്നോലിയ എന്ന മറ്റൊരു വന്‍കിട സമുച്ചയത്തിലെ ഏഴ് അപ്പാര്‍ട്മെന്‍റുകള്‍ 5.2 കോടിയ്ക്കും ഡിഎല്‍എഫ് കാപ്പിറ്റല്‍ ഗ്രീന്‍സിലെ ഫ്ലാറ്റുകള്‍ 5.06 കോടിയ്ക്കും ഡല്‍ഹിയിലെ പോഷ് എരിയയായ ഗ്രേറ്റര്‍ കൈലാഷിലെ ഡിഎല്‍എഫിന്‍റെ ഭൂമി 1.21 കോടിയ്ക്കും അദ്ദേഹം കൈക്കലാക്കി.

2008ല്‍ 7.95 കോടി രൂപയായിരുന്നു വധേരയുടെ ആസ്തിയെങ്കില്‍ 2009ല്‍ അത് 17.18 കോടിയായും 2010ല്‍ 60.53 കോടിയായും ഉയര്‍ന്നു. 2010ല്‍ മാത്രം 350 ശതമാനം അധിക വളര്‍ച്ചയാണ് അദ്ദേഹത്തിന്‍റെ സ്വത്തുവകകളില്‍ ഉണ്ടായത്. ഹരിയാനയില്‍ എക്കറു കണക്കിന് സര്‍ക്കാര്‍ ഭൂമി നിസ്സാര വിലയ്ക്ക് സ്വന്തമാക്കിയ അദ്ദേഹം മാസങ്ങള്‍ക്കുള്ളില്‍ അത് ഡിഎല്‍എഫിന് മറിച്ചു വിറ്റ് കോടികള്‍ സമ്പാദിച്ചു. ക്രമക്കേട് കണ്ടെത്തുകയും സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയ ഇടപാട് റദ്ദാക്കുകയും ചെയ്ത അശോക് കേംക എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ഭൂപീന്ദര്‍ ഹൂഡ സര്‍ക്കാര്‍ രായ്ക്കു രാമാനം സ്ഥലം മാറ്റി. ഇല്ലാത്ത കേസ് കുത്തിപ്പൊക്കി അതില്‍ കേംകയെ പ്രതി ചേര്‍ക്കുക കൂടി ചെയ്തതോടെയാണ് സംസ്ഥാന ഭരണകൂടത്തിന് കലിയൊന്നടങ്ങിയത്.

തന്‍റെ ഭര്‍ത്താവ് ഒരു വിജയിച്ച ബിസിനസുകാരനാണെന്നും അങ്ങനെയാണ് അദ്ദേഹം സ്വത്ത് സമ്പാദിച്ചതെന്നും പ്രിയങ്ക വാദിക്കുന്നുണ്ടെങ്കിലും യുപിഎ സര്‍ക്കാര്‍ വരുന്നതിന് മുമ്പ് അദ്ദേഹം എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യം പ്രസക്തമാണ്. 1996ല്‍ അധികാരത്തില്‍ നിന്ന്‍ പുറത്തായ കോണ്‍ഗ്രസ് പിന്നീട് തിരിച്ചെത്തുന്നത് 2004ലാണ്. വധേര വിജയിക്കാന്‍ തുടങ്ങിയതും അന്ന്‍ മുതലാണ്.

മിസ്റ്റര്‍ മരുമകന്‍ : ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഒരു വധേര ചരിതം 1

കച്ചവടകാര്യങ്ങളില്‍ മാത്രമല്ല, വിമാന യാത്രകളുടെ പേരിലും എന്തിന് പ്രഭാത സവാരിയുടെ കാര്യത്തില്‍ പോലും റോബര്‍ട്ട് വധേര വാര്‍ത്തകള്‍ സൃഷ്ടിച്ചു. പ്രഭാതങ്ങളിലെ അദ്ദേഹത്തിന്‍റെ പതിവ് സൈക്കിള്‍ സവാരിയുടെ പേരില്‍ കേന്ദ്രം കോടികളാണ് ഓരോ വര്‍ഷവും പൊടിക്കുന്നത്. സൈക്കിളില്‍ പോകുന്ന വധേരയുടെ പുറകെ ഓടുന്ന സുരക്ഷാ സൈനികരും അവരെ അനുഗമിക്കുന്ന എസ്പിജി വാഹനവും പലപ്പോഴും ഡല്‍ഹി വിഐപി മേഖലയിലെ സ്ഥിരം കാഴ്ചയാണ്. ഡല്‍ഹി കൂട്ട മാനഭംഗ സമയത്ത് തലസ്ഥാനത്ത് ആവശ്യത്തിന് സുരക്ഷ ഒരുക്കാന്‍ പോലീസില്ല എന്നു പറഞ്ഞ സര്‍ക്കാരാണ് ഇത്തരം കോപ്രായങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നത് എന്നതാണ് ഏറ്റവും വിചിത്രം.

മിസ്റ്റര്‍ മരുമകന്‍ : ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഒരു വധേര ചരിതം 2

ഇതൊന്നും പോരാഞ്ഞിട്ട് രാജ്യത്തെ മുന്‍പ്രധാനമന്ത്രിമാര്‍ക്ക് പോലുമില്ലാത്ത ഒരു വിശേഷാധികാരവും റോബര്‍ട്ട് വധേരയ്ക്ക് പതിച്ചുകൊടുത്തു കഴിഞ്ഞ സര്‍ക്കാര്‍. 2005ല്‍ ഇറങ്ങിയ ഉത്തരവനുസരിച്ച് രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ അംഗരക്ഷകരോടൊപ്പം യാത്ര ചെയ്യുമ്പോള്‍ അദ്ദേഹം സുരക്ഷാ നടപടികള്‍ക്ക് വിധേയനാകേണ്ടതില്ല. എസ്പിജി തയാറാക്കിയ അതീവ സുരക്ഷാ ഭീഷണി നേരിടുന്നവരുടെ ലിസ്റ്റില്‍ പ്രിയങ്ക ഉള്ളത് കൊണ്ടാണ് അവരുടെ ഭര്‍ത്താവിന് അങ്ങനെയൊരു സൌജന്യം അനുവദിച്ചതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. എന്നാല്‍ എസ്പിജി സംരക്ഷണമുള്ള മറ്റാരുടെയെങ്കിലും ഭര്‍ത്താവിനോ ഭാര്യയ്ക്കോ എന്തിന് പ്രിയങ്കയ്ക്ക് പോലും ആ സൌജന്യമില്ല. അവരും നാളെ അധികാരമൊഴിയുമ്പോള്‍ മന്‍മോഹന്‍ സിങ്ങും വരെ വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ക്ക് നിന്ന്‍ കൊടുക്കുമ്പോള്‍ വധേര യാതൊരു കൂസലുമില്ലാതെ നടന്നുപോകും. ദലൈലാമ കഴിഞ്ഞാല്‍ പ്രസ്തുത ഒഴിവാക്കല്‍ പട്ടികയിലുള്ള ഏക വ്യക്തി റോബര്‍ട്ട് വധേരയാണ്. ഇതൊക്കെയാണ് ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഒരു ഉന്നത രാഷ്ട്രീയ കുടുംബത്തില്‍ വലതു കാല്‍ വച്ച് കയറിച്ചെന്നാലുള്ള ഗുണങ്ങള്‍.

 

The End

[My article originally published in Britishpathram on 06.05.2014]

Leave a Comment

Your email address will not be published. Required fields are marked *